Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറിയിൽ നിന്നും പുഴയിൽ തള്ളാൻ കൊണ്ടുപോയ കാറിൽ നിന്നും സുപ്രധാന തെളിവുകൾ; ഡി.എൻ.എ സാമ്പിളുകളായ രക്തക്കറയും മുടി ഉൾപ്പടെയുള്ള തെളിവുകളും കിട്ടി; നിലമ്പൂർ കൊലക്കേസിൽ ഷൈബിന് പൂട്ടിടാൻ പൊലീസ്

മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറിയിൽ നിന്നും പുഴയിൽ തള്ളാൻ കൊണ്ടുപോയ കാറിൽ നിന്നും സുപ്രധാന തെളിവുകൾ; ഡി.എൻ.എ സാമ്പിളുകളായ രക്തക്കറയും മുടി ഉൾപ്പടെയുള്ള തെളിവുകളും കിട്ടി; നിലമ്പൂർ കൊലക്കേസിൽ ഷൈബിന് പൂട്ടിടാൻ പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂരിൽ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിനെ പൂട്ടാനുള്ള തെളിവുകൾ ശേഖരിച്ച് പൊലീസ്. കേസിൽ നിർണായക തെളിവുകളാണ് ഇന്നു ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസിന് ലഭിച്ചത്. കൊലപാതകം തെളിയിക്കുന്നതിന് ആവശ്യമായ ഡി.എൻ.എ സാമ്പിളുകളായ രക്തക്കറയും മുടി ഉൾപ്പടെയുള്ള നിർണായക തെളിവുകളാണ് ലഭിച്ചത്.

കൊല നടന്ന മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ മുക്കട്ടയിലെ വീട്ടിൽ രണ്ടു ദിവസങ്ങളിലായി ഫോറൻസിക് വിദഗ്ദ്ധർ നടത്തിയ പരിശോധനയിലാണ് രക്തക്കറ, മുടി ഉൾപ്പടെയുള്ള നിർണായക തെളിവുകൾ ലഭിച്ചത്. കൊല്ലപ്പെട്ട സാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറിയിൽ നിന്നും കൊലപാതക ശേഷം മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറിയിൽ നിന്നും മൃതഹേം പുഴയിൽ തള്ളാൻ കൊണ്ടുപോയ കാറിൽ നിന്നുമായാണ് സുപ്രധാന തെളിവുകൾ ലഭിച്ചത്.

ഫോറൻസിക് പരിശോധനക്ക് ശേഷം ഡി എൻ എ സാമ്പിളുകൾ കൊല്ലപ്പെട്ട സാബാ ഷെരീഫിന്റെതാണെന്ന് തെളിയിക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ തൃശ്ശൂർ ഫോറൻസിക് ലാബ് ഡി എൻ എ അനാലിസിസ് ഡയറക്ടർ കെ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. നവീകരണത്തിന്റെ ഭാഗമായി വീടിന്റെ ശുചി മുറിയിൽ നിന്നും മാറ്റിയ ടൈൽ, സിമിന്റ്, മണ്ണ്, ശുചി മുറിയുടെ പൈപ്പ് തുടങ്ങിയവയും പരിശോധക്ക് എടുത്തിട്ടുണ്ട്. തിൽ നിന്നും തെളിവുകൾ ലഭിക്കുമെന്നതാണ് കണക്കുകൂട്ടൽ.

മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി ആഡംബര കാറിൽ നിന്നും ലഭിച്ച മുടി നിർണയക തെളിവാകുമെന്നാണ് ഫോറൻസിക്ക് വിദഗ്ധരുടെ വിലയിരുത്തൽ. ഡി എൻ എ സാമ്പിളുകൾ താരതമ്യ പരിശോധന നടത്തി ഒരു മാസത്തിനകം ഫലം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. കൊല്ലപ്പെട്ട സാബാശരീഫിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങടങ്ങിയ പെൻഡ്രൈവും പൊലീസ് ഫോറൻസിക് സംഘത്തിന് കൈമാറിയിട്ടുണ്ട്. പെൻഡ്രൈവിൽ നിന്ന് ഡിലീറ്റാക്കിയ ദൃശ്യങ്ങൾ തിരിച്ചെടുക്കാൻ സാധിക്കുമെന്നും ഫോറൻസിക് വിദഗ്ദ്ധർ പറഞ്ഞു.

ഫോറൻസിക്ക് ലാബിലെ സയന്റിഫിക് അസിസ്റ്റുമാരായ ഡോ വി മിനി, എ ഇസഹാഖ് എന്നിവരും പരിശോധനകൾക്ക് നേതൃത്വം നൽകി. നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷറഫിന്റെ വീട്ടിൽ രണ്ടാം ദിവസവും മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദ്‌നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം പ്രതി നൗഷാദുമായി ഏറെ നേരം തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും ഇന്ന് നൗഷാദിനെ തെളിവെടുപ്പിനെത്തിച്ചിരുന്നില്ല. സാബാ ശരീഫിനെ താമസിപ്പിച്ചിരുന്ന മുകൾ നിലയിലെ മുറിയിലും കൊലപാതക ശേഷം മൃതദേഹം കഷ്ണങ്ങളായി വെട്ടി നുറുക്കിയ തായി കരുതുന്ന ശുചി മുറിയിലും ഫോറൻസിക് സംഘം പരിശോധന നടത്തി. മൃതദേഹം കൊണ്ടുപോകാനുപയോഗിച്ചതായി കരുതുന്ന കാറിലും വിശദമായ പരിശോധന നടത്തി.

ശുചി മുറി നവീകരിച്ചപ്പോൾ എടുത്ത് മാറ്റിയ ടൈലും മറ്റു അവശിഷ്ടങ്ങളും കൂട്ടിയിട്ട റോഡിനു എതിർവശത്തെ ഭാഗത്തും ഫോറൻസിക് പരിശോധന നടത്തിയ ടൈൽ, സിമന്റ്, മണ്ണ് എന്നിവയുടെ അവശിഷ്ടങ്ങളും വിശദമായ പരിശോധനക്ക്ഖരിച്ചിട്ടുമുണ്ട്. അതേ സമയം കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയ കടയിലും പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിലും പൊലീസ് പരിശോധന നടത്തി. ഷൈബിനുമായി ബന്ധമുള്ളവരുടെ വീടുകളിലും പരിശോധന തുടരുകയാണ്. റയിൽവെ പോസ്റ്റോഫീസ് റോഡിലെ ഒരാളുടെ ഒരു വീട്ടിലും പൊലീസ് പരിശോധന നടത്തി.

നിലമ്പൂരിൽ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫ് ലോറി ക്ലീനറിൽ നിന്ന് 350 കോടി രൂപയുടെ ആതിയുടമയായ കഥ ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽ നിന്നാണ് ഷൈബിൻ അഷ്റഫിന്റെ തുടക്കം. ബത്തേരിയിൽ ലോറിയിലെ ക്ലീനറായിരുന്ന ഷൈബിൻ ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. പിന്നീട് മാതാവ് ജോലി തേടി ഗൾഫിലേക്കു പോയി. ഇതിനു ശേഷമാണ് ഷൈബിനും ഗൾഫിലെത്തിയത്. പിന്നീട് പൊടുന്നനെയായിരുന്നു സാമ്പത്തിക വളർച്ച.

നിലമ്പൂർ കൊലപാതകക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകൾ തങ്ങളുടെ സംശയം ശരിവയ്ക്കുന്നതാണെന്ന് അബുദാബിയിൽ കയ്യിലെ ഞരമ്പ് മുറിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയ ഹാരിസിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. നിർണ്ണായക തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഷൈബിൻ അഷ്റഫിന്റെ അബുദാബിയിലെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. ഷൈബിനുമായി ഉണ്ടായ തർക്കവും മറ്റും ഹാരിസിനെ വകവരുത്താൻ കാരണമായിട്ടുണ്ടാകാമെന്നു ബന്ധുക്കൾ പറയുന്നു. അബുദാബിയിലെ ഫ്ളാറ്റിലാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മൽ കുറുപ്പൻതൊടികയിൽ ഹാരിസിന്റെ (35) മൃതശരീരം 2020 മാർച്ച് അഞ്ചിനു കണ്ടെത്തിയത്. ഹാരിസിന്റെ മാനേജരായ സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി.

ഏഴു വർഷം മുൻപ് ബത്തേരി പുത്തൻകുന്നിൽ ഊട്ടി റോഡരികിൽ ആഡംബരവസതിയുടെ നിർമ്മാണം ഷൈബിൻ ആരംഭിച്ചത്. അബുദാബിയിൽ അറബിക്കൊപ്പം ഡീസൽ കച്ചവടമെന്നാണു അറിയുന്നവരോട് പറഞ്ഞിരുന്നത്. ഇതെല്ലാം പല സംശയങ്ങൾക്കും ഇടനൽകിയിരുന്നു. ഹൂതി വിമതർക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു. അതോടൊപ്പം നാട്ടുകാരെ സഹായിക്കാനും എത്തി. യുവാക്കളെ ഗൾഫിൽ കൊണ്ടു പോയി. വിശ്വസ്തർക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലർക്ക് വയനാട്ടിൽ മീൻകടകളും സജ്ജീകരിച്ചു നൽകി. ഇവരെ ചേർത്ത് ഗുണ്ടാ സംഘമുണ്ടാക്കി. ബത്തേരി പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിൻ ക്വട്ടേഷൻ ബന്ധങ്ങളും തുടങ്ങി. നാട്ടിൽ ഷൈബിന്റെ ഉറ്റവരായി 30 ഓളം പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏൽപിച്ചു.

ഇഞ്ചിക്കൃഷിയിലും കുരുമുളക്, മീൻ, തുണി കച്ചവടത്തിലും പണം ഇറക്കി. ബെംഗളൂരുവിൽനിന്നു തുണി വയനാട്ടിൽ എത്തിച്ച് മറ്റു ജില്ലകളിലേക്കു റീട്ടെയ്ലായി നൽകാൻ ബത്തേരിയിൽ ഓഫിസ് തുടങ്ങി. സംഘത്തിൽ ഭിന്നതയുമുണ്ടായി. വില്ലനായി ഷൈബിനെ വൃക്കരോഗം അലട്ടി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ബിസിനസിൽ സജീവമായപ്പോഴാണ് അബുദാബിയിൽ കേസിൽപെടുന്നത്. തുടർന്നു രണ്ടു വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞു. കേസിൽ കുടുങ്ങിയതോടെ വയനാട്ടിലെ വീടുപണി നിലച്ചു.
ജയിൽ വിട്ടു കേരളത്തിലെത്തിയ ഷൈബിൻ നിലമ്പൂരിൽ പുതിയ വീടു വാങ്ങി താമസമാക്കി. പറഞ്ഞ തുക നൽകാതെ ജോലിയിൽനിന്നു പിരിച്ചുവിട്ടതു ചോദ്യം ചെയ്യാൻ തങ്ങളകത്ത് നൗഷാദും കൂട്ടരും നിലമ്പൂരിലെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതോടെയാണു ഷൈബിന്റെ ക്രൂരമുഖം വെളിച്ചത്തുവന്ന സംഭവങ്ങളുടെ തുടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP