Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി; തീരുമാനം നിമയസഭകക്ഷി യോഗത്തിൽ; പാർട്ടിയിൽ പടലപിണക്കം രൂക്ഷമായതോടെ സമവായ നീക്കവുമായി ബിജെപി നേതൃത്വം; ഭരണവിരുദ്ധവികാരം മറികടക്കുക വെല്ലുവിളി

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി; തീരുമാനം നിമയസഭകക്ഷി യോഗത്തിൽ; പാർട്ടിയിൽ പടലപിണക്കം രൂക്ഷമായതോടെ സമവായ നീക്കവുമായി ബിജെപി നേതൃത്വം;  ഭരണവിരുദ്ധവികാരം മറികടക്കുക വെല്ലുവിളി

ന്യൂസ് ഡെസ്‌ക്‌

അഗർത്തല: മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രിയാകും. ബിപ്ലവ് കുമാർ ദേബ് രാജിവച്ചതിനെ തുടർന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം.

ത്രിപുര ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ അംഗവുമാണ് മണിക് സാഹ. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്‌ളവ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസമാണ് സാഹ രാജ്യസഭാ എംപിയായി ചുമതലയേറ്റത്. കോൺഗ്രസ് നേതാവായിരുന്ന സാഹ, 2016ലാണ് ബിജെപിയിൽ ചേർന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ബിപ്ലവ് കുമാർ ദേവിന്റെ അപ്രതീക്ഷിത രാജി. ഗവർണറുമായി രാജ്ഭവനിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ബിപ്ലവ് രാജി പ്രഖ്യാപിച്ചത്.

ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ പടലപിണക്കം രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് രാജി. പാർട്ടിയിലെ എതിർപ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം. ഇന്നലെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അമിത് ഷായാണ് നേതൃമാറ്റത്തിനുള്ള തീരുമാനം ബിപ്‌ളവ് ദേബിനെ അറിയിച്ചത്. ഇന്ന് നാലു മണിക്ക് ഗവർണ്ണർ എസ്എൻ ആര്യയെ കണ്ട് ദേബ് രാജി നൽകി.

പദവിയല്ല പാർട്ടിയാണ് വലുതെന്ന് ദേബ് പറഞ്ഞു. ത്രിപുരയിലെ ജനങ്ങളുടെ വികസനത്തിനായുള്ള ശ്രമം തുടരും എന്ന് ദേബ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപിക്കു തന്നെ ആവശ്യമാണെന്നും അതിനാലാണ് രാജിയെന്നും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബിപ്ലവ് അറിയിച്ചിരുന്നു.

ഇന്ത്യയിലെ വലിയ അട്ടിമറികളിലൊന്നാണ് 2018 ൽ ബിജെപി ത്രിപുരയിൽ നടപ്പാക്കിയത്. സംസ്ഥാനത്ത് ചെങ്കൊടി താഴ്‌ത്തി താമര വിരിയിക്കാനുള്ള നീക്കത്തിൽ മുന്നിലുണ്ടായിരുന്നത് ബിപ്‌ളവ് കുമാർ ദേബ് എന്ന നാല്പത്തിയേഴുകാരൻ ആയിരുന്നു. എന്നാൽ ത്രിപുര മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള ബിപ്‌ളവ് കുമാർ ദേബിന്റെ യാത്ര കാറും കോളും നിറഞ്ഞതായിരുന്നു. ദേബിനെ മാറ്റണമെന്ന് 12 എംഎൽഎമാർ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.

രണ്ടുപേർ രാജിക്കത്ത് കേന്ദ്രനേതാക്കൾക്ക് അയച്ചു. സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായും ബിപ്‌ളവ് തെറ്റി. കഴിഞ്ഞ നവംബറിൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപി എന്നാൽ വൻ വിജയം നേടിയതോടെ ബിപ്‌ളവ് ദേബ് തുടരും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അടുത്തവർഷം നടക്കേണ്ട നിയമസഭ പോരാട്ടം ലക്ഷ്യമാക്കി തൃണമൂൽ കോൺഗ്രസ് വൻ നീക്കം സംസ്ഥാനത്ത് നടത്തുകയാണ്. ഇത് നേരിടാൻ ദേബിനാവില്ല എന്ന് പാർട്ടി വിലയിരുത്തി. മുഖം മാറ്റി ഭരണവിരുദ്ധവികാരം നേരിടുക എന്ന ഉത്തരാഖണ്ഡിലുൾപ്പടെ പരീക്ഷിച്ച തന്ത്രമാണ് ത്രിപുരയിലും ബിജെപി പുറത്തെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP