Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്; ചുമതലയേൽക്കുന്നത്, അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരൻ; തിരഞ്ഞെടുത്തത് ഏഴ് എമിറേറ്റ്‌സുകളിലെ ഭരണാധിപന്മാർ ഉൾപ്പെട്ട സുപ്രീം കൗൺസിൽ; പദവിയിൽ എത്തുന്നത് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത്

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്; ചുമതലയേൽക്കുന്നത്,  അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരൻ; തിരഞ്ഞെടുത്തത് ഏഴ് എമിറേറ്റ്‌സുകളിലെ ഭരണാധിപന്മാർ ഉൾപ്പെട്ട സുപ്രീം കൗൺസിൽ; പദവിയിൽ എത്തുന്നത് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത്

ന്യൂസ് ഡെസ്‌ക്‌

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎഇ സുപ്രീം കൗൺസിൽ തെരഞ്ഞെടുത്തു. ശൈഖ് ഖലീഫയുടെ മരണത്തെ തുടർന്ന് ഏഴ് എമിറേറ്റ്‌സുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീം കൗൺസിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (73) പിൻഗാമിയായാണ് ഇദ്ദേഹം രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാകുന്നത്.

യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ്. വെള്ളിയാഴ്ച അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

2004 നവംബർ മുതൽ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് മുഹമ്മദ്, അബുദാബിയുടെ 17ാമത്തെ ഭരണാധികാരി കൂടിയാകും. പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഫെഡറൽ സുപ്രീം കൗൺസിൽ ഇന്നു വിളിച്ചുചേർക്കുകയായിരുന്നു.

വീണ്ടും തിരഞ്ഞെടുപ്പിനു യോഗ്യത നേടുന്നതിനു മുൻപ് അഞ്ചു വർഷത്തേയ്ക്ക് ഷെയ്ഖ് മുഹമ്മദ് അധികാരം വഹിക്കും. 2005 ജനുവരി മുതൽ യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനായും ഷെയ്ഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘാടക മികവ്, പ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ യുഎഇ സായുധസേനയെ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നു. ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ, യുഎഇ സായുധസേന രാജ്യാന്തര സൈനിക സംഘടനകൾ പരക്കെ പ്രശംസിക്കുന്ന പ്രമുഖ പ്രസ്ഥാനമായി ഉയർന്നു.

പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ഇൽ മക്തൂമൂം അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദിന് വികാരനിർഭരമായ ആദരാഞ്ജലികൾ അർപ്പിച്ച് ഇന്നു പുലർച്ചെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ ഒരു കവിത പോസ്റ്റ് ചെയ്തിരുന്നു. ഷെയ്ഖ് ഖലീഫയുടെ പിൻഗാമിയായ ഷെയ്ഖ് മുഹമ്മദിന് ആശംസ അറിയിക്കുന്നതാണ് കവിത.

'ദൈവം മുഹമ്മദ് ബിൻ സായിദിന് ക്ഷമ നൽകട്ടെ, അദ്ദേഹത്തിന്റെ പാത ലഘൂകരിക്കട്ടെ, കാരണം ഷെയ്ഖ് ഖലീഫയുടെ പാരമ്പര്യത്തിന്റെ യഥാർഥ വാഹകനാണ് അദ്ദേഹം' എന്നാണ് വരികൾ അർഥമാക്കുന്നത്. ഭരണാധികാരിയെ അനുസരിക്കുന്നത് കടമയായതിനാൽ സ്‌നേഹത്തോടെയും സത്യസന്ധതയോടെയും താൻ അദ്ദേഹത്തോട് കൂറും പിന്തുണയും പ്രതിജ്ഞ ചെയ്യുന്നുവെന്ന് കവിത ഉപസംഹരിക്കുന്നു

ഇന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുക്കലിനു സമാനമായ രീതിയിൽ, 2004 നവംബർ രണ്ടിനാണ് യുഎഇയുടെ പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വേർപാടിനു ശേഷം ഒരു ദിവസം കഴിഞ്ഞ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടത്.

ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെതുടർന്ന് യുഎഇ 40 ദിവസത്തെ ദുഃഖാചരണം നടത്തിവരികയാണ്. എല്ലാ സ്ഥാപനങ്ങൾക്കും ഇന്നുമുതൽ മൂന്നു ദിവസമാണ് ഔദ്യോഗിക അവധി. 17ന് ഓഫിസുകൾ തുറന്നു പ്രവർത്തിക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് രാഷ്ട്രത്തലവന്റെ നിര്യാണ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. രാഷ്ട്രത്തലവന്റെ മരണത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

2004 നവംബർ മൂന്നിനാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബർ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.

1948ൽ ജനിച്ച ശൈഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു. രാഷ്ട്ര സ്ഥാപകൻ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറൽ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങൾക്ക് ശൈഖ് ഖലീഫ നേതൃത്വം നൽകി. വൻ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്ത ഭരണാധികാരിയാണ് വിടപറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP