Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാർത്തോമ സഭ ഡൽഹി ഭദ്രാസനാധിപനായിരിക്കുമ്പോൾ സ്‌കൂൾ വാങ്ങിയതിൽ അടക്കം സാമ്പത്തിക ക്രമക്കേട്; ഏകാധിപത്യമായ പെരുമാറ്റം; ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പയ്ക്ക് ഇനി മാരാമൺ ഹെർമിറ്റേജിൽ വിശ്രമ ജീവിതം; സഭാധ്യക്ഷന്റെ അനുമതിയോടെ കുർബാന മാത്രം നടത്താം; മറ്റ് ശുശ്രൂഷകൾക്ക് വിലക്ക്

മാർത്തോമ സഭ ഡൽഹി ഭദ്രാസനാധിപനായിരിക്കുമ്പോൾ സ്‌കൂൾ വാങ്ങിയതിൽ അടക്കം സാമ്പത്തിക ക്രമക്കേട്; ഏകാധിപത്യമായ പെരുമാറ്റം; ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പയ്ക്ക് ഇനി മാരാമൺ ഹെർമിറ്റേജിൽ വിശ്രമ ജീവിതം; സഭാധ്യക്ഷന്റെ അനുമതിയോടെ കുർബാന മാത്രം നടത്താം; മറ്റ് ശുശ്രൂഷകൾക്ക് വിലക്ക്

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ഡൽഹി ഭദ്രാസനാധിപൻ ആയിരുന്ന ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പയ്ക്ക് വിലക്കേർപ്പെടുത്തി മാർത്തോമ്മ സഭ. മാർ സ്തേഫാനോസ് ഇനി മാരാമൺ ഹെർമിറ്റേജിൽ കഴിയണമെന്നും മെത്രാപ്പൊലീത്ത ചുമതലപ്പെടുത്തുന്ന ശുശ്രൂഷകൾ മാത്രം നിർവഹിച്ചാൽ മതിയെന്ന് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ശെമ്മാശന്മാരെയും കശീശമാരെയും പട്ടം കെട്ടുന്നതിനും പള്ളികളും മദ്ബഹകളും കൂദാശ ചെയ്യുന്നതിനും മെത്രാപ്പൊലീത്ത അനുവദിക്കുന്നത് വരെ പറ്റില്ല. നിലവിൽ നിരണം ഭദ്രാസനത്തിൽ സഹായ മെത്രാൻ ആയിരുന്ന എപ്പിസ്‌കോപ്പ കഴിഞ്ഞ സഭാ സിനഡിൽ ഹാജരായി തന്റെ വീഴ്ചകൾ ഏറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിച്ചിരുന്നു. അതിന് ശേഷം തന്റെ അപാകതകളും വീഴ്ചകളും പരിഹരിക്കുന്നതിന് സഹകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് നടപടിയെടുത്തു കൊണ്ട് മാർത്തോമ്മ മെത്രാപ്പൊലീത്ത സർക്കുലർ പുറപ്പെടുവിച്ചത്.

2016 ഏപ്രിൽ ഒന്നിനാണ് ഡൽഹി ഭദ്രാസനത്തിന്റെ എപ്പിസ്‌കോപ്പയായി മാർ സ്തേഫാനോസ് ചുമതലയേറ്റത്. 2021 ന് ജനുവരി 27 ന് കൂടിയ എപ്പിസ്‌കോപ്പൽ സിനഡിന്റെ തീരുമാന പ്രകാരം നിരണം-ഭദ്രാസന സഹായ എപ്പിസ്‌കോപ്പയായി സ്തേഫാനോസിനെ നിയമിച്ചു. ഡൽഹി ഭദ്രാസനത്തിന്റെ ചുമതല മെത്രാപ്പൊലീത്ത നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. സ്തേഫാനോസ് ഡൽഹി ഭദ്രാസന എപ്പിസ്‌കോപ്പയായിരിക്കുമ്പോൾ സഭയുടെ നടത്തിപ്പിലും നിർമ്മാണ പ്രവർത്തനങ്ങളിലും ആസ്തി ബാധ്യതകളുടെ ക്രയവിക്രയത്തിലും സുതാര്യതക്കുറവുണ്ടായി.

ഭദ്രാസനത്തിനും നോർത്തേൺ ഇന്ത്യാ സോണൽ അസംബ്ലിക്കും (നിസ) സാമ്പത്തിക നഷ്ടം വരുത്തി വച്ചു. പൊതുതീരുമാനങ്ങൾ എടുക്കുന്നതിൽ ഭദ്രാസനാധ്യക്ഷൻ എന്ന നിലയിൽ ഏകാധിപത്യ പ്രവണതകൾ കാട്ടി. ഭദ്രാസന ചുമതലക്കാരുമായി കൂടിയാലോചനകൾ നടത്താതിരുന്നത് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. കോവിഡ് കാലയളവിൽ ഓൺലൈൻ സൗകര്യം ഉണ്ടായിരുന്നിട്ടും ഒരു വർഷത്തോളം ഭദ്രാസന കൗൺസിൽ വിളിച്ചു ചേർക്കാതെ കൃത്യവിലോപം കാണിച്ചു. ഇത് ഭരണ ഘടനാപരമായ കൃത്യവിലോപമാണെന്ന് മെത്രാപ്പൊലീത്ത സർക്കുലറിൽ പറയുന്നു.

ഭദ്രാസന കൗൺസിലിന്റെയോ നിസ കൗൺസിലിന്റെയോ അനുമതിയോ ആലോചനയോ ഇല്ലാതെ രാജസ്ഥാനിൽ ഭരത്പൂരിലെ സ്‌കൂൾ വാങ്ങുന്നതിന് അഡ്വാൻസ് നൽകി. നാലു വർഷത്തോളം ഇടപാടുകൾ നടത്തിയിട്ടും സ്‌കൂളും അതിന്റെ ഭരണ നിർവഹണവും പൂർണമായി നിസ സൊസൈറ്റിയുടെ നിയന്ത്രണത്തിലാക്കാൻ സാധിക്കാതിരുന്നത് വളരെ ഗൗരവകരമായ അപാകതകളാണ്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി ഭദ്രാസനത്തിലെ വിശ്വാസികളിൽ നിന്നും പരാതികൾ ഉയരുകയും കോടതി കേസുകൾ ഉണ്ടാവുകയും ചെയ്തു. ഏതാനും ചില പട്ടക്കാർക്കും അത്മായർക്കും ഭദ്രാസനാധ്യക്ഷൻ കൂടുതൽ ആനുകൂല്യങ്ങളും അവസരങ്ങളും നൽകി. പട്ടക്കാർക്കിടയിൽ ധ്രുവീകരണത്തിന് ഇതു കാരണമായി.

സഭയോടും അതിന്റെ മെത്രാപ്പൊലീത്തയോടും വിശ്വസ്തതയും ഭക്തിയും അനുസരണയും കാണിക്കേണ്ട എപ്പിസ്‌കോപ്പ 2021 ജനുവരി 27 ന് അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള നിർദേശങ്ങൾ നിരസിച്ചു കൊണ്ട് നിസയുടെ പൊതുയോഗം വിളിച്ചു ചേർത്തു. നിസയുടെ ഭരണ ഘടന നിർദേശിക്കുന്ന തരത്തിൽ ആവശ്യത്തിന് നോട്ടീസ് സമയം നൽകാതെയാണ് പൊതുയോഗം വിളിച്ചത്. നിയമാനുസരണമല്ലാതെ ചേർന്ന യോഗത്തിന്റെ മിനുട്സ് അന്നേ ദിവസം തന്നെ സൊസൈറ്റി രജിസ്ട്രാറുടെ ഓഫീസിൽ നൽകി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഭദ്രാസനാധ്യക്ഷനും ചുമതലക്കാരും കാണിച്ച തിടുക്കം ആശാസ്യമായില്ലെന്ന് മെത്രാപ്പൊലീത്ത പറയുന്നു. ഇതേ തുടർന്നാണ് എപ്പിസ്‌കോപ്പൽ സിനഡ് ചേർന്ന് മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പയെ തിരികെ വിളിക്കാൻ തീരുമാനിച്ചത്.

2018 സെപ്റ്റംബർ 14 ന് നടന്ന ഡൽഹി ഭദ്രാസന കൗൺസിലിൽ അന്നത്തെ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർത്തോമ്മ അധ്യക്ഷത വഹിക്കുകയും സ്‌കൂൾ വാങ്ങുന്ന വിഷയത്തിൽ വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. അത് പാലിക്കപ്പെടാതിരുന്നപ്പോൾ ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഏകാംഗ കമ്മിഷനെ നിയോഗിച്ചു. അതിന്റെ റിപ്പോർട്ട് ലഭിച്ചുവെങ്കിലും സമഗ്രാന്വേഷണം ആവശ്യമാകയാൽ സീനിയർ സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷനായുള്ള ഒരു അഞ്ചംഗ കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി മാർ സ്തേഫാനോസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എപ്പിസ്‌കോപ്പ നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. അതിനാൽ ഒരു മൂന്നംഗ കമ്മിഷനെ കൂടി അന്വേഷണത്തിന് നിയോഗിച്ചു. ഇവരെല്ലാം ഭദ്രാസനത്തിൽ വന്നിട്ടുള്ള അപാകതകൾ രേഖാമൂലം റിപ്പോർട്ട് ചെയ്തു.

2021 ജനുവരി 27 ന് ശേഷം 15 പ്രാവശ്യം സിനഡ് ചേരുകയും പല പ്രാവശ്യം ഡൽഹി വിഷയം ചർച്ച ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 21 മുതൽ 23 വരെ ചേർന്ന എപ്പിസ്‌കോപ്പൽ സിനഡിൽ സ്തേഫാനോസ് എപ്പിസ്‌കോപ്പ പരിഹാരം തേടേണ്ടതായ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി. ഏപ്രിൽ 19 ന് ചേർന്ന സിനഡിൽ മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പ, മെത്രാപ്പൊലീത്തയോട് അനുസരണക്കേട് കാട്ടിയെന്നും ഭരണ പരവും സാമ്പത്തികവുമായ ഇടപാടുകളിൽ പോരായ്മ വന്നിട്ടുണ്ടെന്നും കൂട്ടായ പ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചെന്നും സിനഡ് തീരുമാനങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധയുണ്ടായെന്നും സമ്മതിച്ച് ഖേദം അറിയിച്ചു. അവ ഇനി മേലിൽ ആവർത്തിക്കുകയില്ലെന്നും നിസാ സൊസൈറ്റിയുടെ കീഴിലുള്ള കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിൽ ഇപ്പോഴത്തെ ഭദ്രാസന എപ്പിസ്‌കോപ്പയെ സഹായിക്കാമെന്നും ഫെബ്രുവരിയിലെ സിനഡിൽ നൽകിയ 10 കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കാമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് നൽകിയ കത്തുകളിലൂടെ എപ്പിസ്‌കോപ്പ തന്റെ നിലപാടുകൾ മാറ്റി. വാക്കുകളിലും പ്രവർത്തിയിലും പൊരുത്തക്കേടുണ്ടായി. സിനഡിന്റെ നിർദേശപ്രകാരം അപാകതകൾ പരിഹരിക്കുന്നതിന് പരമാവധി സമയം നൽകിയിട്ടും എപ്പിസ്‌കോപ്പ സഹകരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സർക്കുലർ പ്രസിദ്ധീകരിക്കേണ്ടി വന്നതെന്ന് മെത്രാപ്പൊലീത്ത പറയുന്നു. മെത്രാപ്പൊലീത്തയെ അനുസരിച്ചും സിനഡ് തീരുമാനങ്ങൾ പാലിച്ചും സഭയുടെയും ഡൽഹ ഭദ്രാസനത്തിന്റെയും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും അത് സിനഡിന് ബോധ്യമാവുകയും ചെയ്യുന്നത് വരെ മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പയെ സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കുലറിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP