Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപതിരഞ്ഞെടുപ്പ് ഇടതിന് അസുലഭ അവസരം; പറ്റിയ അബദ്ധം തിരുത്തി തൃക്കാക്കര നിറഞ്ഞ നൂറിലെത്തും; സിൽവർ ലൈനും ചർച്ചയാക്കി മുഖ്യമന്ത്രി; കെ വി തോമസ് ഇടത് വേദിയിൽ; ഷാൾ അണിയിച്ച് ഇ പി ജയരാജൻ

ഉപതിരഞ്ഞെടുപ്പ് ഇടതിന് അസുലഭ അവസരം; പറ്റിയ അബദ്ധം തിരുത്തി തൃക്കാക്കര നിറഞ്ഞ നൂറിലെത്തും; സിൽവർ ലൈനും ചർച്ചയാക്കി മുഖ്യമന്ത്രി; കെ വി തോമസ് ഇടത് വേദിയിൽ; ഷാൾ അണിയിച്ച് ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് വലിയ മാനങ്ങളുണ്ടെന്നും കേരളം ആഗ്രഹിക്കുന്ന തരത്തിൽ തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങൾ പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് അസുലഭ അവസരമാണ് ഇതെന്നും യുഡിഎഫിന് അതിന്റെ വേവലാതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേവലം ഒരു മണ്ഡലത്തിലെ നിയമസഭാ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള മത്സരമാണിതെങ്കിലും അതിനപ്പുറം മാനങ്ങളുള്ള ഒന്നായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫിന്റെ 99 സീറ്റുകൾ തൃക്കാക്കര തിരഞ്ഞെടുപ്പോടെ 100 -ലേക്ക് എത്തും. കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണ് തൃക്കാക്കരയിലെ ജനങ്ങൾക്ക് കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എൽഡിഎഫിന് 100 സീറ്റിലേക്ക് എത്താനുള്ള അവസരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടാകെ ആഗ്രഹിക്കുന്നതാണിത്. തൃക്കാക്കരയ്ക്ക് അബദ്ധം തിരുത്താനുള്ള അവസരം കൂടിയാണ് ഉപതിരഞ്ഞെടുപ്പ്. കെ.വി.തോമസ് നാടിന്റെ വികസന പക്ഷത്ത് നിൽക്കുന്നുവെന്നും ഇതാണ് അദ്ദേഹം എൽഡിഎഫ് പക്ഷത്തേക്ക് വരാൻ ഇടയാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരേ നിരന്തരം അക്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാനല്ല മറിച്ച് പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തെ മതനിരപേക്ഷ ചിന്താഗതിക്കാർ ഈ കാടത്തത്തിതിരേ അണിനിരക്കണം. എന്നാൽ ഈ ആക്രമണങ്ങളെ വാക്കാൽ പോലും നേരിടാൻ കോൺഗ്രസിനാകുന്നില്ല. അവർ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ദുഷ്ചെയ്തികൾ ചെയ്യുന്നവരുടെ 'ബി' ടീമായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിസമ്പന്നർ കൂടുതൽ സമ്പന്നരാകുകയും മറ്റുള്ളവരെല്ലാം പരമ ദരിദ്രരായി മാറുകയും ചെയ്യുന്ന സാമ്പത്തിക നയമാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഈ നയത്തെ രാജ്യമാകെ എതിർക്കുകയാണ്. ബിജെപി.യുടെ അതേ നയമാണ് കോൺഗ്രസും മുമ്പ് സ്വീകരിച്ചിരുന്നത്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന അതിതീവ്രമായ ജനദ്രോഹ നയങ്ങളെ എതിർക്കാൻ കോൺഗ്രസിന് കഴിയില്ല. കാരണം തങ്ങളുടെ കുഞ്ഞാണ് അത് എന്നതാണ് അവരെ അലട്ടുന്ന കാര്യം. രണ്ടു കൂട്ടരുടെയും സാമ്പത്തിക നയം ഒന്നാണ്. ഈ സാമ്പത്തിക നയംവെച്ച് രാജ്യത്തെ രക്ഷപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പുരോഗതിക്കായി കൊണ്ടു വരുന്ന ഒരു പദ്ധതിയേയും അനുകൂലിക്കാൻ പ്രതിപക്ഷത്തിനായില്ല. കൊച്ചി മെട്രോ വികസനത്തിന് കേന്ദ്രത്തിൽ നിന്നും വേണ്ട ഒരു സഹായവുമില്ല. വികസനത്തിന് വേഗത ഇല്ല. എന്നാൽ ഇക്കാര്യത്തിൽ എറണാകുളത്ത് നിന്നും പോയ എംപിക്ക് ഒരു പ്ലാകാർഡ് ഉയർത്തി പോലും പ്രതിഷേധിക്കാൻ കഴിഞ്ഞില്ല.

നാടിന് ഗുണമുള്ള ഒരു പദ്ധതിയെയും പ്രതിപക്ഷം അനുകൂലിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യു.ഡി.എഫ്. എംപി.മാർ നാട്ടിൽ എന്ത് വികസനമാണ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. വികസനത്തിനെതിരായ ശബ്ദം ഉയർത്താൻ അവർക്ക് ഒരു മടിയുമില്ലെന്നും വികസനം വരാതിരിക്കാനാണ് കോൺഗ്രസ് എംപി.മാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള കെ.വി. തോമസ് വികസന പക്ഷത്ത് നിൽക്കുന്നതുകൊണ്ടാണ് ഇടതുവേദിയിലെത്തിയതെന്നും അദ്ദേഹം കൺവൻഷൻ വേദിയിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമായി എവിടെനിന്നാലും വികസനത്തിൽ ഒന്നിച്ചുനിൽക്കണമെന്നും പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വേദിയിലേക്കെത്തിയ കെ.വി തോമസിനെ 'സഖാവ്' വിളികളോടെയാണ് പ്രവർത്തകർ സ്റ്റേജിലേക്ക് ആനയിച്ചത്. എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്തു. തൃക്കാക്കരയിൽ ഇടതു സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനായി പ്രചാരണരംഗത്തിറങ്ങുമെന്നു കെ.വി.തോമസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP