Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷൈബിൻ അഷ്റഫിന്റെ കൂട്ടാളികൾ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ സംഭരിച്ചു; ലക്ഷ്യം വെച്ചത് രാഷ്ട്രീയ നേതാവിനെയും; ഒമ്പത് ജലാറ്റിൻ സ്റ്റിക്കുകളും, അഞ്ചരമീറ്റർ ഫ്യൂസ് വയറും പൊലീസ് പിടികൂടിയത് നൗഷാദിന്റെ സഹോദരന്റെ വീട്ടിൽ നിന്നും; അഷറഫിന് ഒപ്പമുണ്ടായിരുന്നത് എന്തിനും പോന്ന ക്രിമിനൽ സംഘം

ഷൈബിൻ അഷ്റഫിന്റെ കൂട്ടാളികൾ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ സംഭരിച്ചു; ലക്ഷ്യം വെച്ചത് രാഷ്ട്രീയ നേതാവിനെയും; ഒമ്പത് ജലാറ്റിൻ സ്റ്റിക്കുകളും, അഞ്ചരമീറ്റർ ഫ്യൂസ് വയറും പൊലീസ് പിടികൂടിയത് നൗഷാദിന്റെ സഹോദരന്റെ വീട്ടിൽ നിന്നും; അഷറഫിന് ഒപ്പമുണ്ടായിരുന്നത് എന്തിനും പോന്ന ക്രിമിനൽ സംഘം

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻബത്തേരി: നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷൈബിൻ അഷറഫിന് കൂട്ടാളികളായി ഉണ്ടായിരുന്നത് എന്തിനും പോന്ന ക്രിമിനൽസംഘം. ബത്തേരി സ്വദേശികളായ ക്രിമിനൽ സംഘത്തമായിരുന്നു ഷൈബിനൊപ്പം ഉണ്ടായിരുന്നത്. ഇവർ കൈപ്പഞ്ചേരിയിൽ സ്‌ഫോടക വസ്തുക്കളും ശേഖരിച്ചു വെച്ചിരുന്നു. ജില്ലയിലെ ഒരു രാഷ്ട്രീയ നേതാവിനെ ഉദ്ദേശിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

പ്രതികൾ മുമ്പ് സഹകരിച്ചിരുന്ന രാഷ്ട്രീയപ്പാർട്ടിയിലെ ജില്ലാനേതാവിനെയാണ് അപായപ്പെടുത്താൻ ഉദ്ദേശിച്ചതെന്നാണ് അറിയുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് പ്രതികൾ പാർട്ടി മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണോ, അതോ ക്വട്ടേഷനെടുത്തതാണോ എന്നതിൽ വ്യക്തതയില്ല. നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ നടന്ന കവർച്ചാകേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.

നിലമ്പൂരിലെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഷൈബിന്റെ കൂട്ടുപ്രതിയായ കൈപ്പഞ്ചേരി തങ്ങളകത്ത് വീട്ടിൽ നൗഷാദിന്റെ സഹോദരൻ അഷ്‌റഫിന്റെ വീട്ടുവളപ്പിൽനിന്നാണ് ഒമ്പത് ജലാറ്റിൻ സ്റ്റിക്കുകളും, അഞ്ചരമീറ്റർ ഫ്യൂസ് വയറും പൊലീസ് പിടികൂടിയത്. കവർച്ചക്കേസിൽ പിടിയിലായ അഷ്‌റഫിനെ ഏപ്രിൽ 28-ന് നിലമ്പൂർ പൊലീസ് കൈപ്പഞ്ചേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് വീടിന്റെ പിറകുവശത്തുള്ള വാഴത്തോട്ടത്തിൽ കുഴിച്ചിട്ടനിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. ഇതിന് തൊട്ടടുത്തുള്ള മറ്റൊരു കുഴിയിൽനിന്നും ഷൈബിന്റെ വീട്ടിൽനിന്നും അപഹരിച്ച നാല് മൊബൈൽഫോണുകളും കണ്ടെടുത്തിരുന്നു.

സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ഷൈബിന്റെ വീട്ടിലെ കവർച്ചയ്ക്കുശേഷം, സഹോദരൻ നൗഷാദ് ഒളിപ്പിച്ചുവെക്കാൻ പറഞ്ഞുതന്ന രണ്ടുപൊതികൾ കുഴിച്ചിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇതിൽ സ്ഫോടകവസ്തുക്കളുണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് അഷ്റഫ് മുമ്പ് പൊലീസിന് മൊഴി നൽകിയത്.

അതേസമയം സിനിമാക്കഥയെയും വെല്ലുന്ന കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നതിലേക്ക് വഴിവെച്ചത് ചതിയിലും ക്രൂരതയിലും കൂട്ടായിനിന്ന് ഒടുവിൽ 'വഞ്ചന' സഹിക്കാനാകാതെയായിരുന്നു ആ ആത്മഹത്യാ നാടകത്തിലായിരുന്നു. പക്ഷേ, അതിന് പിന്നാലെപോയ പൊലീസ് ചുരുളഴിച്ചത് ഞെട്ടിക്കുന്ന കൊലപാതക കഥ. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ സംഭവം പുറംലോകമറിയാൻ വഴിവെച്ചത് കൂട്ടുപ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ആത്മഹത്യാ നാടകമായിരുന്നു.

വ്യവസായിയെ വീട്ടിൽ ബന്ദിയാക്കി ഏഴുലക്ഷം രൂപ കവർന്ന കേസിലെ പ്രതികളും സുൽത്താൻ ബത്തേരി സ്വദേശികളുമായ സലീം, സക്കീർ, നൗഷാദ്, നിഷാദ്, സൈറസ് എന്നിവർ കഴിഞ്ഞ 30-നാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ദേഹത്ത് പെട്രോൾ ഒഴിച്ച് പൊലീസിനെ മുൾമുനയിലാക്കിയായിരുന്നു നാടകീയ രംഗങ്ങൾ.

തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും കവർച്ചക്കേസിലെ പരാതിക്കാരൻ തങ്ങളെ ചതിച്ചതാണെന്നും വിളിച്ചുപറഞ്ഞായിരുന്നു ഇവർ ബഹളം വെച്ചത്. ''പരാതിക്കാരനായ ഷൈബിൻ അഷറഫിന്റെ കീഴിൽ നിരവധി കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുണ്ട്. കൊലക്കേസുമായി ബന്ധപ്പെട്ട തെളിവ് തങ്ങളുടെ കൈയിലുണ്ട് ''-ഒരു പെൻഡ്രൈവ് ഉയർത്തിക്കാട്ടി അവർ പറഞ്ഞു.

അതേസമയം സഹായിച്ചത് മുൻ എസ്ഐയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മുൻ എസ്ഐ നിയമസഹായം നൽകിയെന്ന് ഷൈബിൻ അഷ്റഫ് മൊഴി നൽകിയതായി പൊലീസ് പറയുന്നു. കേസിലെ പ്രതികൾ മറ്റ് രണ്ടു കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തതിന്റെ തെളിവുകൾ ലഭിച്ചതായി പൊലീസ് പറയുന്നു. പ്രതികളുടെ ലാപ്ടോപ്പിൽ നിന്നാണ് നിർണായക വിവരങ്ങൾ കിട്ടിയത്. പദ്ധതി തയ്യാറാക്കി പകർപ്പെടുത്തി പ്രതികൾ ഭിത്തിയിൽ ഒട്ടിച്ചതായും പൊലീസ് പറയുന്നു.

ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഭവം. ഇത് ആത്മഹത്യ എന്നു തോന്നുന്ന തരത്തിൽ നടന്ന കൊലപാതകളാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയിൽ ഒട്ടിച്ചതിന്റെ ചില ഭാഗങ്ങൾ വീഡിയോയിൽ നിന്ന് പൊലീസിന് ലഭിച്ചു.

'ഷഫീക്ക് അജ്മൽ നൗഷാദ് എന്നിവർ ഹാരീസിനെ കെട്ടുക. അധികം മുറുക്കി കെട്ടരുത്. രണ്ടു കാലിന്റെയും ഇടയിൽ വെൽവെറ്റ് പീസ് വയ്ക്കാൻ മറക്കരുത്. ഷഹീം, ഹാരിസിന്റെ അടുത്ത് നിൽക്കുക. നൗഷാദ് പെണ്ണിന്റെ അടുത്തേക്കു വരിക. മൂക്ക് പൊത്തിപ്പിടിക്കൽ ടെക്നിക് ഉപയോഗിച്ച് വായയുടെ കെട്ടഴിക്കുക. എന്നാൽ പൂർണമായും അഴിക്കാതെ.. നൗഷാദ് ബാക്കിൽ വലിച്ചു പിടിച്ച് ..അജ്മൽ പാഡുകൾ പൂർണമായും അഴിക്കുക. വായ വീണ്ടും കെട്ടുക. അവളുടെ കാലിലെ കെട്ടഴിച്ച് പാഡ് മാറ്റുക...ഇനി കെട്ടണ്ട...' -ഭിത്തിയിൽ ഒട്ടിച്ച പേപ്പറിൽ എഴുതിയിരിക്കുന്ന ചില ഭാഗങ്ങൾ ഇങ്ങനെയാണ്.

'കയ്യിലെ കെട്ടഴിച്ച് പാഡുകൾ മാറ്റുക. അജ്മൽ പോക്കറ്റിലുള്ള പ്ലാസ്റ്റിക് വിരിച്ച് വയറിൽ കയറിയിരിക്കുക...കാൽ പിടിക്കണ്ട. വായിൽ കെട്ടഴിച്ച് മൂക്ക് പൊത്തിപ്പിടിക്കുക.. അഴിക്കുമ്പോൾ തന്നെ അജ്മൽ വായ പൊത്തിപ്പിടിക്കുക.. ഷബീബ് അവളുടെ മൂക്ക് അടച്ച് ശ്വാസം മുട്ടിക്കുക. ഈ ഗ്യാപ്പിൽ അജ്മൽ കഴുത്തിൽ അമർത്തുക..ഷബീബ് വായ പൊത്തിപ്പിടിക്കുക... തീർന്നുവെന്ന് ഉറപ്പായാൽ അജ്മൽ കുറച്ചു നേരം മൂക്കും വായും പൊത്തിപ്പിടിക്കുക. തീർന്നിട്ടില്ല എന്ന് തോന്നുകയാണെങ്കിൽ വീണ്ടും കഴുത്ത് അമർത്തുക. അവളെ കെട്ടാനുള്ളതൊക്കെ കെട്ടി അവളെ തീർത്ത ബെഡ്ഡിൽ കിടത്തി ഷമീം കാവൽ നിൽക്കുക. '

'സ്റ്റീൽ ടൂൾ ഉപയോഗിച്ച് അവളുടെ വായിൽ തുണിക്കഷ്ണമോ നൂലോ ഉണ്ടോയെന്ന് നോക്കുക..ഉണ്ടെങ്കിൽ എടുത്ത് ട്രിപ്പിൾ പാക്കിങ് ചെയ്യുക. അവനെ ചുമന്നു കൊണ്ടുവന്ന് അവളുടെ ഒരു സൈഡിൽ കിടത്തുക. അവൾ അടുത്തു കിടക്കുന്നത് അവന് ആദ്യം മനസ്സിലാവരുത്.'- പേപ്പറിൽ എഴുതിയിരിക്കുന്ന മറ്റു ഭാഗങ്ങൾ ഇങ്ങനെയാണ്.

2020ൽ അബുദാബിയിലാണ് കൊലപാതകങ്ങൾ നടന്നതെന്ന് സൂചന. സംഘത്തലവൻ ഷൈബിൻ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയെന്നാണ് വിവരം. ഇവർ പദ്ധതിയുടെ ബ്ലൂപ്രിന്റ് ഭിത്തിയിൽ പതിപ്പിച്ചതിന്റെ വിഡിയോ പ്രതികളിൽ ഒരാളായ നൗഷാദ് തന്നെയാണ് വിഡിയോയിൽ ചിത്രീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP