Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷ്യം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വാഗ്ദാനപ്പെരുമഴ; രാജസ്ഥാൻ സർക്കാരിന് 39000 കോടി നിസാര തുകയല്ല; ആട്ടിൻ തോലിട്ട ചെന്നായുടെ സംരക്ഷണ വാഗ്ദാനം; പങ്കാളിത്ത പെൻഷൻ - ഭൂതം, വർത്തമാനം, ഭാവി ഇങ്ങനെ

ലക്ഷ്യം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വാഗ്ദാനപ്പെരുമഴ;  രാജസ്ഥാൻ സർക്കാരിന് 39000 കോടി നിസാര തുകയല്ല; ആട്ടിൻ തോലിട്ട ചെന്നായുടെ സംരക്ഷണ വാഗ്ദാനം;  പങ്കാളിത്ത പെൻഷൻ - ഭൂതം, വർത്തമാനം, ഭാവി ഇങ്ങനെ

രാംദാസ്

പഞ്ചാബി ഹൗസ് എന്ന സിനിമയിൽ ഗംഗാധരൻ മുതലാളിയോട് പഞ്ചാബികൾ കൊണ്ട് പോയ ബോട്ട് തിരിച്ചെടുക്കുന്നതിനെപറ്റി ഒരു തീരുമാനമെടുക്കുന്നതിന് മുതലാളിയുടെ വിശ്വസ്ത സന്തത സഹചാരിയായ രമണൻ ബുദ്ധി ഉപദേശിക്കുന്ന രംഗമുണ്ട്. അത് ഏകദേശം ഇപ്രകാരമാണ്.

മുതലാളിയും രമണനും നേരെ നെഞ്ചുവിരിച്ച് പഞ്ചാബികളുടെ അടുത്ത് ചെന്ന് മര്യാദക്ക് ബോട്ട് വിട്ടുതരാൻ പറയുന്നു. അപ്പോൾ അവർ തരില്ല എന്നു പറയുന്നു. അപ്പോ അതിൽ ഒരു തീരുമാനമായി.
ഏകദേശം ഈ അവസ്ഥയിൽ എത്തിയിരിക്കുകയാണ് രാജ്യമാകെയുള്ള മാധ്യമങ്ങളിൽ പണം കൊടുത്തു ഫുൾപേജ് പരസ്യം നൽകിയും അല്ലാതെ മാധ്യമങ്ങളിലൂടെ പരോക്ഷ വാർത്തകളിലൂടെയും ചർച്ചകളിലൂടെയും കൊണ്ടാടിയ രാജസ്ഥാൻ മോഡൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ.

ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് രാജ്യത്തെ പ്രധാന പത്രങ്ങളിലെന്നപോലെ മലയാള പത്രങ്ങളിലും രാജസ്ഥാൻ സർക്കാരിന്റെ ഫുൾ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്. 2004 മുതൽ ആ സംസ്ഥാനത്തെ സർക്കാർ സർവ്വീസിൽ നടപ്പാക്കിവരുന്ന പങ്കാളിത്ത പെൻഷൻ നിറുത്തലാക്കി പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് പരസ്യത്തിൽ. പഴയ പെൻഷൻ സംവിധാനത്തിന്റെ മേന്മയും പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ദൂഷ്യങ്ങളും പരസ്യത്തിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. (പരസ്യത്തിന്റെ കോപ്പി ചുവടെ കൊടുത്തിട്ടുണ്ട്). സംഗതി ഫെബ്രുവരി മാസം മുതൽ തന്നെ രാജസ്ഥാൻ സർക്കാർ NPS ൽ നിന്നും പിന്മാറുന്നു എന്ന രീതിയിലുള്ള വാർത്തകൾ നിരന്തരമായി പ്രചരിച്ചു വരുന്നതായതിനാലും ബഡ്ജറ്റിൽ പ്രഖ്യാപിച്ചതായതിനാലും പരസ്യം ഒരു പ്രചരണം എന്നതിനപ്പുറം പുതിയ ഇൻഫർമേഷൻ ഒന്നും ആയിരുന്നില്ല. എങ്കിലും ഫെബ്രുവരി മുതൽ നടക്കുന്ന ചർച്ചകൾക്ക് ഒരു ആക്കം കൂട്ടാൻ ഈ പരസ്യത്തിനു കഴിഞ്ഞു എന്നത് വാസ്തവമാണ്.

ഇനി ആദ്യം പരസ്യത്തിലേക്ക് വരാം. എന്തുകൊണ്ട് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുന്നു എന്നതാണ് പരസ്യത്തിൽ വ്യക്തമാക്കാൻ ശ്രമിച്ചിട്ടുള്ളത്. സത്യത്തിൽ പങ്കാളിത്ത പെൻഷനെ എതിർക്കുന്ന എല്ലാവരും 2004 മുതൽ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ കൂടുതലായി ഒന്നും തന്നെ പരസ്യത്തിലും പറയുന്നില്ല. പങ്കാളിത്ത പെൻഷൻ കൊണ്ട് ആകെ ഗുണം ഉള്ളത് ഷെയർമാർക്കറ്റിലേക്ക് എല്ലാ മാസവും വലിയൊരു തുക കൃത്യമായി പമ്പ് ചെയ്യപ്പെടുന്നതിലൂടെ ലിസ്റ്റ് ചെയ്യപ്പെട്ട കോർപറേറ്റ് കമ്പനികൾക്ക് തങ്ങളുടെ മാർക്കറ്റ് വാല്യു ഇടിയാതെ നിലനിർത്താൻ കഴിയുമെന്നത് മാത്രമാണ്.

രാജസ്ഥാൻ പങ്കാളിത്ത പെൻഷൻ സ്വീകരിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ്. 2004 ൽ അവിടെ ഭരിച്ചിരുന്ന വസുന്ധര രാജ സിന്ധ്യെ നേതൃത്വം നൽകുന്ന ബിജെപി സർക്കാരാണ് NPS പ്രാബല്യത്തിലാക്കിയത്. തുടർന്ന് 2008 ൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസും 2013 ൽ വസുന്ധരയുടെ നേതൃത്വത്തിൽ ബിജെപി യും മാറി മാറി ഭരിച്ചു. 2018 ൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുകയും ഗെഹ്ലോട്ട് തന്നെ മുഖ്യമന്ത്രി ആവുകയും ചെയ്തു. 2022 ൽ രാജസ്ഥാനിൽ പങ്കാളിത്ത പെൻഷൻ പ്രാബല്യത്തിൽ വരുത്തി 18 വർഷങ്ങളാവുകയാണ്. ഇതുവരെ ഒരു സർക്കാരും അതായത് ഇതിനിടയിൽ രണ്ടു തവണ മുഖ്യമന്ത്രി ആയ ഗെഹ്ലോട്ടു പോലും ഈ പദ്ധതിയിൽ നിന്നും പിന്മാറാനുള്ള യാതൊരു നീക്കവും ആലോചനയിൽ പോലും കൊണ്ടുവന്നിരുന്നില്ല. ഇത് ഊന്നിപറയാനുള്ള കാരണം 2021 ഒക്ടോബറിൽ പോലും NPS നെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ച സംസ്ഥാനമാണ് രാജസ്ഥാൻ എന്നതാണ്. (അത്തരം ഒരു ഉത്തരവ് താഴെ ചേർത്തിട്ടുണ്ട്)

വസ്തുതകൾ ഇതായിരിക്കെ എന്താണ് പെട്ടെന്ന് രാജസ്ഥാൻ സർക്കാരിന് ഒരു വീണ്ടുവിചാരമുണ്ടായത്. പരസ്യത്തിൽ പറയുന്നത് പോലെ ജീവനക്കാർക്ക് കൂടുതൽ പ്രചോദനവും ആത്മാർത്ഥതയും ഉണ്ടായി അതുവഴി സദ്ഭരണം ഉണ്ടാവുമെന്ന പ്രതീക്ഷയും കൂടുതൽ മികച്ച കഴിവുള്ള യുവാക്കൾ സർക്കാർ സർവ്വീസിലേക്ക് വരും എന്ന കണക്കുകൂട്ടലുമാണോ. 18 വർഷവും ഇതിന്റെ പ്രശ്‌നങ്ങൾ ഇടത് പാർട്ടികളും സംഘടനകളും പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാരും നിരന്തരം തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടും സാമ്പത്തികമായി പ്രായോഗികമല്ല എന്ന കാരണം പറഞ്ഞാണ് 18 വർഷവും ഇതിന്മേൽ യാതൊരു പുനർവിചിന്തനവും നടത്താതിരുന്നത്.

ദീർഘകാലം പിന്തുടർന്ന നിലപാടുകളിൽ നിന്ന് നേരെ പുറകോട്ട് നടക്കണമെങ്കിൽ എന്തായാലും അതിനു തക്ക കാരണം ഉണ്ടായേ തീരൂ. 2022 ൽ രാജസ്ഥാനിൽ അതിനുമാത്രം എന്താണ് ഉണ്ടായത്. സർക്കാർ പ്രവർത്തനങ്ങളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സർവ്വീസ് സംഘടനകളുടെ സമരങ്ങളോ ശക്തമായ പ്രക്ഷോഭങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. എന്നിട്ടും ജീവനക്കാരുടെ ക്ഷേമത്തിന് NPS പിൻവലിക്കണമെന്ന് ഒരു സുപ്രഭാതത്തിൽ തോന്നാൻ എന്താണ് കാരണം. മാത്രമല്ല അതുവരെ സാമ്പത്തികമായി പ്രായോഗികമല്ല എന്ന് വാദമുയർത്തിയിരുന്നവർ പരസ്യത്തിൽ വ്യക്തമാക്കിയത് സർക്കാരിന്റെ മറ്റു ജനക്ഷേമ വികസന പ്രവർത്തനങ്ങളിൽ നിന്നും ഒരു പൈസ പോലും കുറക്കാതെയാണ് പഴയ പെൻഷൻ സംവിധാനം തിരിച്ചു കൊണ്ടുവരുന്നതെന്നാണ്. അതെന്ത് മാജിക്കാണ്? അവിടെയാണ് പഴയ പദ്ധതി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്ത സമയം പ്രസക്തമാവുന്നത്. 2021 ഒക്ടോബറിൽ ഇല്ലാത്ത നീക്കം 2022 ഫെബ്രുവരിയിൽ പ്രാവർത്തികമാവുന്നതിനിടക്ക് അവിടെ എന്താണ് നടന്നത്.

അവിടെയാണ് രാജസ്ഥാൻ മോഡൽ ആട്ടിൻതോലിട്ട ചെന്നായ ആവുന്നത്. ഈ പറയുന്ന സമയപരിധിക്കുള്ളിൽ നടന്ന പ്രധാന സംഭവം ഒന്നു മാത്രമാണ്. 2022-23 വർഷത്തെ ബഡ്ജറ്റ് തയ്യാറാക്കൽ. അതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് നിശ്ചയമായും പറയാൻ കഴിയും. അതിനെക്കുറിച്ചാണ് ഇനി പറയാനുള്ളതും.
2023 ഡിസംബറിൽ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് വരികയാണ്. കോൺഗ്രസിന് ഭരണം അവശേഷിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണ്. GST കോമ്പൻസേഷന്റെ കാലാവധി അവസാനിച്ചു കഴിഞ്ഞു. കോവിഡ് മുതലായ പ്രതിസന്ധികൾ പൊതുജനങ്ങളുടെവരുമാനം എന്നപോലെ തന്നെ സർക്കാരുകളുടെ നികുതിയിലും വലിയ കുറവാണ് വരുത്തിയത്. അടുത്ത സാമ്പത്തികവർഷത്ത ബഡ്ജറ്റ് മിക്കവാറും ഗെഹ്ലോട്ട് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനപ്പെരുമഴ ആവേണ്ടതുണ്ട്.

പക്ഷേ കേന്ദ്രം ഭരിക്കുന്ന ബിജെപി രാജസ്ഥാനിലും ഭരണം ലക്ഷ്യമിടുന്നതിനാൽ രാജസ്ഥാൻ സർക്കാരിന് വലിയ സഹായങ്ങളൊന്നും നൽകാനിടയില്ല എന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ ശതഗുണീകരിക്കാനിടയാക്കുന്നതാണ്. അതിനിടയിലാണ് കൂടുതൽ സാമ്പത്തിക ബാധ്യത രാജസ്ഥാൻ സർക്കാർ പെൻഷനിലൂടെ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. ഒരുനിലക്കും യുക്തിസഹമല്ലാത്ത തീരുമാനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറയാം. അതാണ് ആ തീരുമാനം ആട്ടിൻ തോലിട്ട ചെന്നായുടെ സംരക്ഷണ വാഗ്ദാനമാണോ എന്ന ചിന്തയിലേക്കു നയിക്കുന്നത്. ആ ചിന്തകളെ സാധൂകരിക്കുന്ന തുടർ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതും. പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ വാർത്തകൾ വെണ്ടക്കയും മത്തങ്ങയും നിരത്തിയ മലയാള മാധ്യമങ്ങൾ ഇത് ഇനിയും കണ്ടില്ല എന്നത് അവരുടെ അജണ്ടകളെക്കുറിച്ചറിയുന്നവർക്ക് ഒട്ടും തന്നെ ആശ്ചര്യമുളവാക്കുന്നതല്ല.

ബഡ്ജറ്റിലെ കണക്കുകൾ പ്രകാരം 2021-22 വർഷം ശമ്പള ഇനത്തിൽ ചെലവായിരിക്കുന്നത് 60000 കോടിയോളം രൂപയാണ്. നിലവിൽ അതിന്റെ 14 % സർക്കാരും 10 % ജീവനക്കാരും NPS ലേക്ക് നിസ്‌ഷേപിക്കണം. അതായത് 9000 കോടിയോളം രൂപ സർക്കാരിന്റെയും 6000 കോടിയോളം രൂപ ജീവനക്കാരുടേയും വിഹിതമായി 15000 കോടിയിൽ താഴെ രൂപ പെൻഷൻ ഫണ്ടിലേക്ക് നിർബന്ധമായും നൽകണം. നിലവിലെ പഴയ പെൻഷൻ പദ്ധതി പ്രകാരം റിട്ടയർ ആയിക്കൊണ്ടിരിക്കുന്നവർക്ക് നൽകുന്ന പെൻഷൻ 2021-22 ൽ 25000 കോടിയിലധികം രൂപയാണ്. ഫലത്തിൽ പെൻഷന്റെ ഇനത്തിൽ മൊത്തം 40000 കോടി രൂപ രാജസ്ഥാൻ ട്രഷറിയിൽ നിന്നും പോകുന്നു.

അത് ശമ്പളത്തിന്റെ 66 % ത്തോളം വരും. പഴയ പെൻഷൻ സംവിധാനത്തിലുള്ളവർ ഇനിയും വിരമിക്കാനുള്ളതിനാലും അവരുടെ ജീവിതകാലവും ആശ്രിത പെൻഷനും ഉൾപ്പെടെ 30 ലധികം വർഷം ആ പെൻഷൻ നൽകേണ്ടതുള്ളതിനാലും ഈ രീതിയിൽ മുന്നോട്ടു പോവുക ഏകദേശം അസാധ്യം തന്നെയാണ്. വളരെ കുറച്ച് പേർക്ക് ലഭിക്കുന്ന ഫുൾ പെൻഷൻ പോലും ശമ്പളത്തിന്റെ 50% മാത്രമാണെന്നിരിക്കെ ഇപ്പോൾ 66% പെൻഷനുവേണ്ടി നീക്കിവക്കാൻ മാത്രം സാമ്പത്തിക ഭദ്രത ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരിനും ഉണ്ടാവാനിടയില്ല. ഇന്നത്തെ ചെലവ് കഴിഞ്ഞല്ലേ നാളേക്ക് മാറ്റി വക്കാനാവൂ. ആ തീരുമാനമാണ് രാജസ്ഥാൻ സർക്കാർ എടുത്തത്. അല്ലാതെ മാതൃകാപരമായ ജീവനക്കാരെ പ്രചോദിപ്പിക്കലൊന്നും ആയിരുന്നില്ല. അവർക്ക് ഇപ്പോൾ അതേ ചെയ്യാനാവൂ എന്നതാണ് യാഥാർത്യം. 2030-35 കാലഘട്ടത്തിൽ കേരളവും സമാന സാഹചര്യത്തിലേക്കെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നുമുണ്ട്.

പങ്കാളിത്ത പെൻഷൻ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയ രാജസ്ഥാൻ സർക്കാർ ആദ്യം ചെയ്തത് 18 വർഷം സർക്കാരിന്റെ വിഹിതമായി അടച്ച തുക തിരികെ ആവശ്യപ്പെട്ടുകൊണ്ട് PFRDA യെ സമീപിക്കുകയായിരുന്നു. ഏകദേശം 39000 കോടിയിലധികം വരുന്ന തുക സർക്കാർ നിക്ഷേപമായി കണക്കാക്കി തിരികെ സർക്കാരിന് നൽകണമെന്നാണ് ആവശ്യം. എങ്ങനുണ്ട്. അതെ, അത് മാത്രമായിരുന്നു രാജസ്ഥാൻ സർക്കാരിന്റെ മോട്ടീവ്. ഒരു വർഷം തള്ളിനീക്കാൻ ഒന്നേകാൽ ലക്ഷം കോടിയോളം കടമെടുക്കേണ്ടി വരുന്ന സർക്കാരിന് 39000 കോടി എന്നത് നിസാര തുകയല്ല. അതിന്റെ വിശദാംശങ്ങളിലേക്കായി രാജസ്ഥാൻ സർക്കാരിന്റെ ബഡ്ജറ്റ് ഒന്ന് പരിശോധിക്കാം.

സാധാരണ ബഡ്ജറ്റിലെ മുൻകൂട്ടി കാണുന്ന കണക്കുകളും യാഥാർത്ഥ്യവും തമ്മിൽ ചെറിയ വ്യത്യാസം ഒക്കെ ഉണ്ടാവാറുണ്ട്. അത് സ്വാഭാവികവുമാണ്. എന്നാൽ രാജസ്ഥാൻ സർക്കാർ ബഡ്ജറ്റും യാഥാർത്ഥ്യങ്ങളും തമ്മിൽ പുലബന്ധം പോലുമില്ല എന്നാണ് ബഡജ്റ്റ് വിശകലനം ചെയ്യുമ്പോൾ അതിലെ രേഖകളിൽ നിന്നു തന്നെ മനസിലാവുന്നത്. രണ്ടു ഉദാഹണങ്ങൾ മാത്രം ചൂണ്ടിക്കാട്ടട്ടെ.

1. കഴിഞ്ഞ വർഷത്തെ കടം തിരിച്ചടവിലേക്കായി ബഡ്ജറ്റിൽ നീക്കി വച്ചത് 17000 കോടിയാണ്. എന്നാൽ യഥാർത്ഥത്തിൽ തിരിച്ചടക്കാനുണ്ടായിരുന്നത് 62000 കോടിയാണ്. മൂന്നിരട്ടി!
2. കടമെടുക്കാനായി ഉദ്ദേശിച്ചിരുന്നത് 62000 കോടിയോളം രൂപയാണ്. എന്നാൽ എടുക്കേണ്ടി വന്നത് ഒരലക്ഷത്തി പതിനെട്ടായിരം കോടിയിലധികമാണ്. ഏകദേശം ഇരട്ടിയോളം !

2020-21 ലെ യാഥാർത്യവും ബഡ്ജറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ താഴെ പട്ടികയായി കൊടുക്കുന്നുണ്ട്. ഇത്തരം കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകളുമായി തെരഞ്ഞെടുപ്പിലേക്ക് എത്താനാവില്ല എന്നും എവിടെ നിന്നെങ്കിലും തൽക്കാലത്തേക്ക് കുറച്ചധികം പണം കണ്ടെത്തിയേ മതിയാവൂ എന്നും ബഡ്ജറ്റ് തയ്യാറാക്കുന്ന വേളയിൽ ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി ഗഹ്ലോട്ടിന് മനസിലായിക്കാണണം. കാരണം ബഡ്ജറ്റിൽ പറയുന്നതിന്റെ ഇരട്ടിയിലധികം ചെലവു കൂടുതലും പകുതിയോളം വരവു കുറയലുമായി വരുന്ന സാഹചര്യത്തിൽ ട്രഷറി അടച്ചിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് ആത്മഹത്യാപരമാണ്.

കേന്ദ്ര സർക്കാരിന് വിൽക്കാനായി പൊതുമേഖലാസ്ഥാപനങ്ങൾ ഉണ്ടായിരുന്നതുപോലെ രാജസ്ഥാൻ സർക്കാരിന് അത്തരം സംവിധാനങ്ങളൊന്നുമില്ലായിരുന്നു. ഇനി ആകെ ഉള്ളത് പെൻഷൻ കൊടുക്കാനായി നിക്ഷേപിച്ച തുകമാത്രമാണെന്ന് കണ്ടെത്താൻ വലിയ വിശകലനമൊന്നും വേണ്ടി വന്നില്ല. ഏത്, ഭാവിയിൽ പെൻഷൻ കൊടുക്കാൻ കഴിയില്ല എന്ന കാരണത്താൽ അതിനായി നിക്ഷേപിച്ച തുക എടുത്ത് തൽക്കാലത്തേക്ക് മറിക്കാൻ പോകുന്നത്. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ ഈ ബുദ്ധിക്കുമുന്നിൽ സാഷ്ടാംഗം പ്രണമിക്കും!
രാജസ്ഥാൻ മോഡൽ പങ്കാളിത്തപെൻഷൻ പിൻവലിക്കലിന്റെ പാശ്ചാത്തലമാണ് ഇതുവരെ പറഞ്ഞത്. എന്നാൽ അതിനേക്കാൾ ഗൗരവതരവും ഭീതിതവുമാണ് അത് നടപ്പാക്കാൻ ശ്രമിച്ച രീതിയും അതുണ്ടാക്കാൻ പോകുന്ന നെഗറ്റീവ് ഇംപാക്ടുകളും. ഈ കുറിപ്പ് അൽപം നീണ്ടു പോയതിനാൽ അടുത്ത കുറിപ്പായി അത് വിശദമാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP