Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടന്നത് പീഡനം അല്ല; ഉഭയ സമ്മതപ്രകാരമായിരുന്നു എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ പരാമർശം; ഡിവൈ.എസ്‌പി സോജനെതിരെ സ്വമേധയാ കേസെടുത്ത് പോക്‌സോ കോടതി; നടപടി, ഇരകളെ അപകീർത്തിപ്പെടുത്തിയെന്ന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ

നടന്നത് പീഡനം അല്ല; ഉഭയ സമ്മതപ്രകാരമായിരുന്നു എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ പരാമർശം; ഡിവൈ.എസ്‌പി സോജനെതിരെ സ്വമേധയാ കേസെടുത്ത് പോക്‌സോ കോടതി; നടപടി, ഇരകളെ അപകീർത്തിപ്പെടുത്തിയെന്ന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വാളയാർ പീഡനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ എസ്‌പി എം ജെ സോജനെതിരെ ക്രിമിനൽ കേസെടുക്കാൻ പോക്‌സോ കോടതിയുടെ ഉത്തരവ്. പാലക്കാട് പോക്സോ കോടതിയാണ് ഉത്തരവിട്ടത്. പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന മോശം പരാമർശം നടത്തിയെന്ന കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കോടതി ഉത്തരവ്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമർശം. തുടർന്ന് കുട്ടികളുടെ അമ്മ കോടതിയിൽ പരാതിയുമായി സമീപിക്കുകയായിരുന്നു. പരാമർശത്തിൽ സോജൻ വിചാരണ നേരിടണമെന്ന് കോടതി നിർദ്ദേശിച്ചു. സോജനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അന്വേഷണം വേണമെന്നാണ് വാളയാർ സമരസമിതി ആവശ്യപ്പെടുന്നത്.

പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പോക്‌സോ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പെൺകുട്ടികളെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് ഡിവൈഎസ്‌പി സോജനെതിരെ നടപടി. നടന്നത് പീഡനം അല്ല, ഉഭയ സമ്മതപ്രകാരമായിരുന്നു എന്നായിരുന്നു സോജന്റെ പരാമർശം. ഇതിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയാണ് പരാതി നൽകിയത്. സർവീസിൽ നിന്ന് പുറത്താക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.

ഡിവൈഎസ്‌പിയായിരുന്ന സോജനെതിരെ നടപടിയെടുക്കുന്നതിന് പകരം എസ്‌പിയായി സ്ഥാനക്കയറ്റം നൽകിയതിനെതിരെ സാറ ജോസഫ്, റിട്ട. ജസ്റ്റിസ് കെമാൽ പാഷ, അഡ്വ പി എ പൗരൻ തുടങ്ങി മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകർ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.

2017 ജനുവരി 13 നാണ് വാളയാറിലെ 13കാരിയായ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് മാർച്ച് നാലിന് നാലാംക്ലാസ്സുകാരി അനുജത്തിയേയും ഇതേരീതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ വീട്ടിലേക്ക് വരുമ്പോൾ മുഖം മറച്ച് രണ്ടുപേർ വീട്ടിൽ നിന്നും പോകുന്നത് കണ്ടെന്ന് ഇളയപെൺകുട്ടി മൊഴി നൽകിയിരുന്നു. പെൺകുട്ടികൾ രണ്ടുപേരും ലൈംഗികചൂഷണത്തിന് വിധേയരായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അട്ടിമറികളേറെക്കണ്ട സമാനതകളില്ലാത്ത കേസാണ് വാളയാറിലെ പെൺകുട്ടികളുടെ മരണം. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാർച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ ഉത്തരത്തിൽ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.

മാർച്ച് ആറിന് അന്നത്തെ എഎസ്‌പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയർന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി.

അന്വേഷണ സംഘം പുനഃസംഘടിപ്പിക്കുകയും ചെയ്തു പ്രാരംഭ അന്വേഷണത്തിൽ വീഴ്ച വരുത്തിയ വാളയാർ എസ്‌ഐ പി സി ചാക്കോയെ സംഘത്തിൽ നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല അന്നത്തെ പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം ജെ സോജനും നൽകി. തൊട്ടുപിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി.

പാമ്പാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാളയാർ എസ്‌ഐ പി സി ചാക്കോയ്ക്ക് സസ്പൻഷനും ഡിവൈഎസ്‌പി വാസുദേവൻ, സിഐ വിപിൻ ദാസ് എന്നിവർക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവായി. മാർച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. എം മധു, ചേർത്തല സ്വദേശി പ്രദീപ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം കേസിൽ ഒരു പതിനാറുകാരൻ കൂടി അറസ്റ്റിലായി.

കേസന്വേഷണം നടക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രവീൺ എന്ന 29 കാരൻ തൂങ്ങിമരിച്ചു. ഒടുവിൽ ജൂൺ 22 ന് കോടതിയിൽ പൊലീസ് സമർപ്പിച്ചത് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം. പതിനാറുകാരന്റെ ഒഴികെ മറ്റ് നാല് പ്രതികളുടെ പേരിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പോക്‌സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്കെതിരായ അതിക്രമം തുടങ്ങി വകുപ്പുകളാണ് ഉണ്ടായിരുന്നത്.

പതിനാറുകാരന്റെ വിചാരണ ജുവനൈൽ കോടതിയിലേക്കും മാറ്റി. 2019 ഒക്ടോബർ ഒമ്പതിന് കേസിലെ ആദ്യ വിധി. മൂന്നാം പ്രതിയായി ചേർത്ത ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താൽ വെറുതെവിട്ടു. പിന്നാലെ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.

വിധി റദ്ദാക്കണമെന്നും പുനർ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തതിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടർന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ സംസ്ഥാന സർക്കാർ കമ്മീഷനായി വച്ചു 2020 മാർച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷൻ കണ്ടെത്തി. അതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാർ ആത്മഹത്യ ചെയ്തു. ഇക്കൊല്ലം ജനുവരിയിൽ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP