Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന് മികച്ച അദ്ധ്യാപക പരിശീലനം അനിവാര്യമെന്ന് മന്ത്രി വി.ശിവൻകുട്ടി; അവധിക്കാല അദ്ധ്യാപക സംഗമങ്ങൾക്ക് തുടക്കം

മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന് മികച്ച അദ്ധ്യാപക പരിശീലനം അനിവാര്യമെന്ന് മന്ത്രി വി.ശിവൻകുട്ടി; അവധിക്കാല അദ്ധ്യാപക സംഗമങ്ങൾക്ക് തുടക്കം

സ്വന്തം ലേഖകൻ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2022-23 അക്കാദമിക വർഷത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള സമഗ്രശിക്ഷാ കേരളം സംഘടിപ്പിക്കുന്ന അദ്ധ്യാപക സംഗമങ്ങൾക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ നടക്കുന്ന അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. മികച്ച നിലവാരമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിന് അദ്ധ്യാപകർക്ക് കൃത്യമായ പരിശീലനങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അതിന് അദ്ധ്യാപക സംഗമങ്ങൾ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ അക്കാദമിക വർഷത്തിലേക്ക് അവതരിപ്പിക്കുന്ന പരിശീലന പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ധ്യാപകരുടെ അനുഭവങ്ങളും അറിവുകളും കൂടി പങ്കു വയ്ക്കപ്പെടുമ്പോൾ ശാസ്ത്രീയമായ ശാക്തീകരണം അക്കാദമിക മേഖലയിൽ നടപ്പിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എൽ.പി, യു.പിതലം മുതൽ തന്നെ എല്ലാ വിഷയങ്ങളിലും അടിസ്ഥാന ശേഷി കൈവരിക്കാൻ കഴിയുന്നവരായി വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്നതിനും കോവിഡനന്തര പ്രശ്‌നങ്ങളെ തരണം ചെയ്യാൻ പ്രാപ്തരാക്കുന്നതിനും അദ്ധ്യാപകർ ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്നും സംഗമങ്ങൾ അതിനുള്ള ക്രിയാത്മക വേദിയായി മാറട്ടെയെന്നും മന്ത്രി അദ്ധ്യാപകർക്ക് ആശംസയറിയിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ ഐ.എ.എസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്, സമഗ്രശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, കൈറ്റ് സിഇഒ അൻവർ സാദത്ത് തുടങ്ങി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അദ്ധ്യാപക സംഗമത്തിൽ സന്നിഹിതരായി.

കോവിഡ് കാലം കുട്ടികളിൽ സൃഷ്ടിച്ച സാമൂഹിക പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിന് ആവശ്യമായ ധാരണകളും ശേഷികളും അദ്ധ്യാപകരിൽ എത്തിക്കുക എന്നതിൽ അടിസ്ഥാനപ്പെടുത്തിയാണ് അദ്ധ്യാപക സംഗമങ്ങൾ നടന്നു വരുന്നത്. പുതിയ അക്കാദമിക വർഷത്തിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ജ്ഞാന നിർമ്മിതിക്ക് പ്രാധാന്യം നൽകുന്ന ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ബ്ലൻഡഡ് ലേണിങ്, അക്കാദമിക മാസ്റ്റർ പ്ലാൻ, ഉൾച്ചേർക്കൽ വിദ്യാഭ്യാസ ജീവിത നൈപുണി, കുട്ടിയെ അറിയൽ, പാഠ്യപദ്ധതി പരിഷ്‌കരണം, ഡിജിറ്റൽ ശേഷി കൈവരിക്കൽ തുടങ്ങിയവ ആസൂത്രണം ചെയ്യും. സംസ്ഥാനത്തെ 163 സബ് ജില്ലകളിലായി 1061 കേന്ദ്രങ്ങളിലാണ് അദ്ധ്യാപക സംഗമം ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ യു.പി വിഭാഗത്തിൽ 40,626 അദ്ധ്യാപകർക്കാണ് പരിശീലനം ലഭിക്കുന്നത്. തുടർന്ന് എൽ.പി. വിഭാഗത്തിലും, ഹൈസ്‌കൂൾ തലത്തിലുമുള്ള അദ്ധ്യാപക സംഗമങ്ങൾ നടക്കും. സംഗമത്തിന്റെ നിർവഹണ ചുമതല സമഗ്രശിക്ഷാ കേരളയ്ക്കാണ്. സംഗമങ്ങൾ മെയ് അവസാന ആഴ്ചയോടെ സമാപിക്കും.

88,000പ്രൈമറി സ്‌കൂൾ അദ്ധ്യാപകർക്കുള്ള ഇ-ലാംഗ്വേജ് ലാബ്
ഐടി പരിശീലനത്തിന് തുടക്കം

സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ഹൈടെക് സ്‌കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്‌കൂളുകളിൽ പ്രയോജനപ്പെടുത്തുന്നതിനായി 88,000
അദ്ധ്യാപകർക്ക് അവധിക്കാലത്ത് നൽകുന്ന ദ്വിദിന ഐടി പരിശീലനത്തിന് തുടക്കമായി. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതുവാനും അനുഭവങ്ങൾ പങ്കുവെയ്ക്കാനും രസകരമായ കഥകൾ കേൾക്കാനും വായിക്കാനും ധാരാളം പഠനപ്രവർത്തനങ്ങൾ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ചെയ്യാനും ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. നിലവിൽ വിദ്യാലയങ്ങളിൽ ലഭ്യമായ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഇന്റർനെറ്റ് സൗകര്യം പോലും ആവശ്യമില്ലാത്തവിധം നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ. പത്ത് സെഷനുകളിലായാണ് ദ്വിദിന ഐ.ടി പരിശീലനം പ്രൈമറി അദ്ധ്യാപകർക്കായി ക്രമീകരിച്ചിരിക്കുന്നത്.

88,000 അദ്ധ്യാപകർക്ക് ഫീൽഡ്തല പരിശീലനത്തിനായി 96 സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സൺമാരുടെ (എസ്.ആർ.ജി) നേതൃത്വത്തിൽ 990 ജില്ലാതല റിസോഴ്‌സ് പേഴ്‌സൺമാരെ (ഡി.ആർ.ജി) സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനം മുഴുവനായി 349 പരിശീലന കേന്ദ്രങ്ങളുണ്ട്. അദ്ധ്യാപക പരിശീലനത്തിന് ഇപ്രാവശ്യം സമഗ്രമായ ഓൺലൈൻ ട്രെയിനിങ് മാനേജ്‌മെന്റ് സിസ്റ്റവും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിനുള്ള രജിസ്‌ട്രേഷൻ , ഷെഡ്യൂളിങ് , ബാച്ച് തിരിച്ചുള്ള അറ്റൻഡൻസ്, അക്വിറ്റൻസ്, സർട്ടിഫിക്കറ്റ് തയ്യാറാക്കലുമെല്ലാം ഇതുവഴിയാണ് നൽകുന്നത്. മെയ് 31 വരെ നീളുന്ന ഐടി പരിശീലനത്തിന് വിവിധ ബാച്ചുകളിലായി ഇതുവരെ 66,000 അദ്ധ്യാപകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പരിശീലനകേന്ദ്രം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ച് അദ്ധ്യാപകരുമായി ആശയവിനിമയം നടത്തി. കൈറ്റ് സിഇഒ കെ. അൻവർ സാദത്ത്, എസ്.എസ്.കെ ഡയറക്ടർ ഡോ.സുപ്രിയ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP