Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മദ്രസ പീഡനവാർത്തകൾ ഒക്കെ കേൾക്കുമ്പോൾ, അയാൾക്ക് എങ്ങനെയാണ് അതിനു കഴിയുക എന്ന്.. ചിന്തിച്ചിട്ടുണ്ടോ? തെറ്റായ മെസ്സേജുകൾ ആണ് അയാളുടെ ബ്രെയിനിൽ വർക്ക് ചെയ്യുന്നത്': ഇസ്സാം ഉപേക്ഷിച്ചതിനെ തുടർന്ന് ഭീഷണി നേടിടുന്ന അസ്‌കർ അലി കൂടുതൽ വെളിപ്പെടുത്തലുകളുമായി നാളെ കൊച്ചിയിൽ

'മദ്രസ പീഡനവാർത്തകൾ ഒക്കെ കേൾക്കുമ്പോൾ, അയാൾക്ക് എങ്ങനെയാണ് അതിനു കഴിയുക എന്ന്.. ചിന്തിച്ചിട്ടുണ്ടോ? തെറ്റായ മെസ്സേജുകൾ ആണ് അയാളുടെ ബ്രെയിനിൽ വർക്ക് ചെയ്യുന്നത്': ഇസ്സാം ഉപേക്ഷിച്ചതിനെ തുടർന്ന് ഭീഷണി നേടിടുന്ന അസ്‌കർ അലി കൂടുതൽ വെളിപ്പെടുത്തലുകളുമായി നാളെ കൊച്ചിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക്ക് യൂണിവേഴ്‌സിറ്റിയിൽ 13 വർഷം മതം പഠിച്ച് ഹുദവി പട്ടം നേടിയ അസ്‌ക്കർ അലി എന്ന 24കാരൻ ഇസ്ലാം ഉപേക്ഷിച്ചതിനെ തുടർന്ന് ഭീഷണി നേരിടുകയാണ്. അസ്‌ക്കർ സ്വതന്ത്രചിന്തയിലേക്ക് വന്നതിന്റെ പേരിൽ ദിവസങ്ങൾക്ക് മുമ്പ്, കൊല്ലത്ത് വച്ച് ബന്ധുക്കളുടെ ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നത് വാർത്തയായിരുന്നു. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ കൊല്ലത്ത് സംഘടിപ്പിച്ച 'ലിബറോ' എന്ന സെമിനാറിൽ പങ്കെടുക്കാൻ എത്തിയ അസ്‌ക്കർ അലിയെയാണ് കൊല്ലം ബീച്ചിലിട്ട് ബന്ധുക്കളും നാട്ടുകാരും മർദിച്ചത്. ആ സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയിരുന്നു. കാര്യങ്ങൾ വിശദീകരിക്കാൻ, അസ്‌കർ നാളെ മാധ്യമങ്ങളെ കാണും. കൊച്ചി പത്തടിപ്പാലം പിഡബ്ല്യുഡി റെസ്റ്റ്ഹൗസിൽ ഉച്ചയ്ക്ക് 3.00 മണിക്കാണ് അലി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

ഇസ്ലാമിക മതപഠന ശാലകളിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണം ആയിട്ടാണ് അസ്‌ക്കർ അലിയുടെ 'മതം കടിച്ചിട്ടവർ' എന്ന വീഡിയോ പലരും ചുണ്ടിക്കാട്ടുന്നത്.

ഇസ്ലാമിക മതപഠന ശാലകളിലുടെ വിദ്യാർത്ഥികളെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്ത്, അന്യമതസ്ഥരോടുള്ള വെറുപ്പ് കുത്തിവെക്കുകയാണെന്ന് അസ്‌ക്കർ അലി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇന്ത്യൻ സൈന്യത്തിൽ ചേരുരത് തുടങ്ങിയ അപകടകരമായ കാര്യങ്ങളും ഇതോടൊപ്പം കിട്ടുന്നുവെന്ന് അസ്‌ക്കർ തന്റെ പ്രസംഗത്തിൽ പറയുന്നുണ്ട്. ഈ വീഡിയോ പുറത്തുവന്നതോടെ മതപഠനശാലകളുടെ പ്രവർത്തനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

'ഇന്ത്യൻ സൈന്യത്തിൽ ചേരരുത്'

അതീവ അപകടകരമായ പല ധാരണകളുമാണ് ഇസ്ലാമിക മതപഠന ശാലകളിലുടെ കിട്ടുന്നതെന്ന് അസ്‌ക്കർ അലി തന്റെ പ്രസംഗത്തിന്റെ പറയുന്നു. അതിന്റെ പ്രസ്തകഭാഗങ്ങൾ ഇങ്ങനെയാണ്. -'എന്റെ കൂടെ ജനിച്ചവൻ ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യുമ്പോൾ, എന്നെ പഠിപ്പിച്ചിരുന്നു നിങ്ങൾ ആരും ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യരുത് എന്ന്. അയാം വെരി സീരിയസ്. എന്നെ പഠിപ്പിച്ചിരുന്നു. നിങ്ങൾ ആരും ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യരുത് എന്ന്. കാരണം എന്താണ്, പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും, നുഴഞ്ഞുകയറുന്ന തീവ്രവാദികളെ നിങ്ങൾക്ക് വെടിവെക്കേണ്ടിവരും. അവരെല്ലാം വിശ്വാസികൾ അല്ലേ. അവരെക്കുറിച്ച് മറ്റുള്ളവർ പറയും അവർ ടെററിസ്റ്റുകൾ ആണെന്ന്. പക്ഷേ നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കിയേ. അവർ അല്ലേ യഥാർഥ വിശ്വാസികൾ. അവർ മുസ്ലീങ്ങൾ അല്ലേ. അവർ ഇവിടെ ആക്രമണിക്കപ്പെട്ട കശ്മീരികൾക്ക് വേണ്ടി ചോദിക്കാൻ വരുന്നവർ അല്ലേ. അവർ ഷഹാദത്ത് കലിമ ചൊല്ലിയവർ അല്ലേ. നമ്മുടെ മതം എന്താണ് പഠിപ്പിക്കുന്നത്. ഒരു മുസ്ലിം മറ്റൊരു മുസ്ലീമിനെ കൊല്ലാൻ പാടില്ല. അപകടകരമാണ് ഈ വിദ്യാഭ്യാസം. എന്നിട്ട് പഠിപ്പിച്ചത് എന്താണ്. നിങ്ങൾ ഇത് ചെയ്യാൻ പാടില്ല എന്ന് മാത്രമല്ല, നിങ്ങൾക്ക് ഫേസ് ചെയ്യുന്ന കമ്യൂണിറ്റിയെ ഇത് പഠിപ്പിക്കുയും കൂടി വേണമെന്ന്. അപകടകരമാണ് ഈ വിദ്യാഭ്യാസം.''

ഏതെങ്കിലും ഒരു തീവ്രസംഘടനയെ നിരോധിക്കുന്നതുകൊണ്ട് അവസാനിക്കാൻ പോകുന്നതല്ല ഇതൊന്നും. ഈ എജുക്കേഷൻ സിസ്റ്റം തന്നെയാണ് നാം അവസാനിപ്പിക്കേണ്ടത്. ഇസ്ലാം ആസ് ഇറ്റ് ഇസ് ദ റിയൽ ഫാസിസം. ഐ ആം വെരി ഷുവർ എബൗട്ട് ഇറ്റ്. ഐ ആം വെരി ക്ലിയർ. അതിൽ വേറെ ഒരു സാധനം ആഡ് ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല. അതുതന്നെ ഫാസിസമാണ്. പക്ഷേ നമ്മൾ ഒരു കാര്യം നോട്ട് ചെയ്യണം. 99.9 ശതമാനം മുസ്ലീങ്ങളും ഇസ്ലാമിന്റെ ഇരകൾ മാത്രമാണ്. അവർക്ക് അറിയില്ല സത്യത്തിൽ എന്താണ് നടക്കുന്നതെന്ന്. കാരണം ബൈ ബർത്ത് അവന് ഈ സാധനം കിട്ടിക്കഴിഞ്ഞു.

ഒരു കുട്ടി ജനിച്ചുവീണാൽ ആദ്യം അവന്റെ ചെവികളിൽ എന്ത് കേൾപ്പിക്കണം എന്ന് മുകളിൽനിന്നുള്ള ഇൻസ്ട്രക്ഷൻ ഉണ്ട്. എന്നാൽ ബൈ ബർത്ത് കിട്ടിയ ഈ സാധനത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ട്. ഇതിൽ ശൈശവ വിവാഹം ഉണ്ട്, ഇതിൽ അടിമത്തം ഉണ്ട്, ഇതിൽ പല്ലിയെ കൊല്ലൽ ഉണ്ട്... ഇതൊക്കെ തെറ്റാണ്, എന്ന് പറഞ്ഞ് അവന് മാറിനിൽക്കാൻ കഴിയുമോ. അപ്പോൾ എന്താണ് മതത്തിന്റെ നിയമം. അവന്റെ തലയങ്ങ് അറുത്തുകളയണം എന്നാണ്''- അസ്‌ക്കർ അലി ചൂണ്ടിക്കാട്ടുന്നു.

'ലൈംഗിക പീഡനം പതിവ്'

അതുപോലെ തന്നെ ഇത്തരം മതപാഠശാലകളിൽ ലൈംഗിക പീഡനങ്ങൾ പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആധുനിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞുകൊണ്ടുള്ള മത വിദ്യാഭ്യാസം വ്യക്തിയെയും സമൂഹത്തെയും പിറകോട്ട് അടിപ്പിക്കുകയാണെന്നും അസ്‌ക്കർ അലി ചൂണ്ടിക്കാട്ടുന്നു.

വീഡിയോയിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ- 'ചെമ്മാട് ദാറുൽ ഹുദ യൂണിവേഴ്‌സിറ്റിയിലെ ഹുദവി എന്ന പട്ടം കിട്ടാൻ 12 വർഷം ദൈർഘ്യമുള്ള ഒരു കോഴ്‌സാണ് ചെയ്യേണ്ടത്. അവിടെ എസ്എസ്എൽസിയും പ്ലസ്ടുവും ഒന്നും അവർ പ്രൊവൈഡ് ചെയ്യുന്നില്ല. ഡിസ്റ്റ്ൻസ് എജുക്കേഷൻ ഡിഗ്രി മാത്രമാണ് ഉള്ളത്്. ഞാൻ അവിടെ ഹുദവി പട്ടം കിട്ടുന്നതിനുള്ള സനദ് വാങ്ങാൻ പോയില്ല. ഓഫീസിൽനിന്ന് എന്നെ അറിയിച്ചിരുന്നു. ഇതിന് കാരണം ഞാൻ കഴിഞ്ഞ ഒന്നരവർഷം കൊണ്ട് ഇസ്ലാം വിട്ട് മാനവികതയുടെ പാതയിലേക്ക് വന്നു എന്ന് മാത്രമല്ല, ഞാൻ അവിടെ പഠിച്ചപ്പോൾ അനുഭവിച്ച പീഡനങ്ങളും ഇതിന് ഒരു കാരണം ആയിരുന്നു.

ഈ പൊതുസമൂഹം, ഒരിക്കലും ചർച്ച ചെയ്യാത്ത ഒരു വിഭാഗം ഉണ്ട് ഇവിടെ. മദ്രാസാ പീഡനങ്ങളൊക്കെ നാം ചർച്ച ചെയ്യാറുണ്ട്. നൂറിൽ ഒന്നാണെങ്കിൽ പോലും. പക്ഷേ അറബികോളജിൽ അല്ലെങ്കിൽ ദർസിൽ പഠിക്കുന്ന, മുസ്ലിം പയ്യന്മാർ നേരിടുന്ന ടോർച്ചറിങ്ങുകൾ, പ്രധാനമായും അവർ നേരിടുന്ന സെക്ഷ്വൽ ഹറാസ്‌മെന്റുകൾ, അതെന്നും ഇവിടെ പബ്ലിക്ക് അധികമൊന്നും ചർച്ചചെയ്യാറില്ല. അത് പബ്ലിക്കിൽ എത്താറുപോലുമില്ല. അപ്പോൾ ഞാൻ പഠിക്കുന്ന സമയത്തുതന്നെ എനിക്കുണ്ടായ ചില സെക്ഷ്വൽ ഹറാസ്‌മെന്റുകൾ, അതും ഞാനൊക്കെ വളരെ ബഹുമാനിച്ചിരുന്ന ചില അദ്ധ്യാപകർ,....ആ സമയത്ത് തന്നെ ഞാൻ ഉറപ്പിച്ചിരുന്നു, എന്നോടു തന്നെയുള്ള ഒരു ബാധ്യതയായിരുന്നു. ഞാൻ ഈ സനദ് വാങ്ങില്ല എന്നത്. അന്ന് ഞാൻ നല്ല വിശ്വാസിയായിരുന്നു. പക്ഷേ ആ സമയത്ത് എനിക്ക് മതം വിടാനുള്ള അവസരം ഇല്ലായിരുന്നു. മാത്രമല്ല എസ്എസ്എൽസിയും പ്ലസ്ടുവും ഒന്നുമില്ലാതെ ഞാൻ എങ്ങോട്ട് പോകാനാണ്. ഈ പഠനം പൂർത്തിയാക്കിയിട്ടും സനദ് സ്വീകരിക്കാതിരുന്നത് ഞാൻ എനിക്ക് കൊടുത്ത ഒരു സെൽഫ് ഡിഗ്‌നിറ്റിയാണ്.

ഈ മതസ്ഥാപനത്തിൽ പഠിക്കുന്ന സമയത്തുതന്നെ ഞാൻ മതപ്രഭാഷണ വേദികളിലുമെത്തി. 12കാരനായ അത്ഭുത ബാലൻ, 13കാരനായ അത്ഭുത ബാലൻ എന്നെല്ലാം പറഞ്ഞാണ് പല വേദികളിലും രംഗപ്രവേശനം നടത്തിയിട്ടുണ്ട്. എന്റെ 18ാംമത്തെ വയസ്സിലൊക്കെ 13കാരനായ അത്ഭുതബാലൻ എന്ന് പറഞ്ഞായിരുന്നു, ചില വേദികളിൽ മതപ്രഭാഷണത്തിന് കയറിയത്. എന്റെ അവിടുത്തെ അവസാനത്തെ രണ്ടുവർഷം, 21, 22 വയസ്സുള്ളപ്പോൾ എറണാംകുളത്തെ ഒരു പള്ളിയിൽ, ഇമാമായി വർക്ക് ചെയ്തിരുന്നു.

ഈ മതപഠനം കൊണ്ട് യുവാക്കളെ ഒന്നിനും കൊള്ളാത്തവർ ആക്കുകയാണെന്നും അസ്‌ക്കർ അലി ചൂണ്ടിക്കാട്ടുന്നു. ''ഇവിടെ നിന്നുള്ള ബിരുദത്തിൽ പ്ലസ്ടുവും ഡിഗ്രിയും ഒന്നുമില്ല. ഈ സനദ് വെച്ച് എവിടെയും അപേക്ഷിക്കാൻ കഴിയില്ല. പിന്നെ കള്ള സർട്ടിഫിക്കേറ്റ് വെച്ചൊക്കെയാണ് പലരും അപേക്ഷിക്കുന്നത്. എന്റെ സുഹൃത്തുക്കളിൽ പലരും പഠിച്ച് നല്ല നിലയിൽ എത്തി. എന്റെ കുടെയുള്ള ഒരാൾ സോഷ്യോളജിയിൽ എംഎ എടുക്കുമ്പോൾ എന്റെ പണി എന്തായിരുന്നു. ഈ ശൈശവ വിവാഹത്തിന് പുട്ടി അടിക്കാൻ പഠിക്കുക. എന്റെ കൂടെ ജനിച്ചവൻ സിവിൽ എഞ്ചിനീയറിങ്ങ് ഒക്കെ പഠിക്കുമ്പോൾ എന്റെ പണി ഇതാണ്, ഈ പല്ലിയെ എങ്ങനെ അടിച്ചുകൊല്ലാം എന്ന് പഠിക്കുക. ഒരു പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയാത്ത രീതിയിൽ പോലും അത് ഞങ്ങളെ പിന്നോട്ടടിപ്പിച്ചു. ഇപ്പോൾ ഞാൻ പ്ലസ്ടു മുതലുള്ള നഷ്ടപ്പെട്ട വിഷയങ്ങൾ പഠിച്ച് അറിവ് സമ്പാദിക്കാൻ ശ്രമിക്കയാണ്. '' -അസ്‌ക്കർ ചൂണ്ടിക്കാട്ടി.

ബാലപീഡനത്തിന് പ്രേരണ മതം

മദ്രസകളിലും ദറസുകളിലുമൊക്കെ നടക്കുന്ന ബാലപീഡനങ്ങൾക്ക്, ഇസ്ലാമിന്റെ മതപരമായ പ്രേരണയുണ്ടെന്ന അതിഗുരുതരമായ ആരോപണവും അസ്‌ക്കർ വീഡിയോയിൽ ഉന്നയിക്കുന്നു. -'നല്ല വായനാശീലം ഉള്ളതുകൊണ്ട് മതം വിടാൻ സുഖമായിരുന്നു . പക്ഷേ മതം പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് എന്റെ ഈ ബ്രെയിനിലേക്ക് ഇഞ്ചക്ട് ചെയ്തിരിക്കുന്ന ഒരുപാട് തെറ്റായ മെസേജുകൾ... അതിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ഒത്തിരി കഷ്ടപ്പെടേണ്ടി വന്നു. പിന്നെ ഒരുപാട് ഫൈറ്റ് ചെയ്താണ് ഞാനത് റീപ്ലേസ് ചെയ്തത്. ഉദാഹരണത്തിന് സ്ത്രീകൾ എന്ന് കേൾക്കുമ്പോൾ എന്റെ ബുദ്ധിയിലേക്ക് ഒരു ദുഷിച്ച പിക്ചർ ഇങ്ങനെ വരുമായിരുന്നു. ബുദ്ധിശൂന്യരായ ,അധികാരത്തിന് കഴിവില്ലാത്ത ഒരു വിഭാഗം ആയിട്ടാണ് സ്ത്രീകളെ കണ്ടിരുന്നത് .ഇത് അങ്ങ് അടിച്ചേൽപ്പിക്കുകയാണ്. ഇത് ആൺകുട്ടികളെ മാത്രമല്ല പെൺകുട്ടികളെയും പഠിപ്പിക്കും.. നിങ്ങൾ ദുർബലർ ആണെന്നും കഴിവില്ലാത്തവരാണെന്നും ഈ കുഞ്ഞു പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. നിങ്ങൾ വീക്ക് ആണ്..നിങ്ങൾ വീക്ക് ആണ്..നിങ്ങൾക്ക് അധികാരത്തിനുള്ള അർഹതയില്ല. ഇങ്ങനെ പഠിപ്പിക്കും.

മുഹമ്മദും ആയിഷയും തമ്മിലുള്ള ശൈശവവിവാഹം ,അതിനെ ന്യായീകരിക്കാൻ വേണ്ടി എന്തൊക്കെയാണ് ഈ മദ്രസകളിൽ പഠിപ്പിക്കുന്നത്. അറിയണം ഈ സമൂഹം ..വളരെ അപകടകരമായ വിദ്യാഭ്യാസമാണ് നിങ്ങളുടെ അനിയന്മാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അവിടെ പഠിപ്പിക്കുകയാണ് ഷി വാസ് മച്ച്വേർഡ്, ആയിഷ 9 വയസിൽ പക്വത ഉള്ളവർ ആയിരുന്നു എന്ന്. അതുകൊണ്ടാണ് മുഹമ്മദുമായുള്ള വിവാഹം നടന്നത് എന്ന്. പത്രങ്ങളിലൂടെ മദ്രസ പീഡനവാർത്തകൾ ഒക്കെ കേൾക്കുമ്പോൾ, 55 അറുപതും വയസ്സ് പ്രായമുള്ള ഒരു ഉസ്താദ് ,എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിക്കുമ്പോൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അയാൾക്ക് എങ്ങനെയാണ് അതിനു കഴിയുക എന്ന്.. ചിന്തിച്ചിട്ടുണ്ടോ?. അതിന്റെ കാരണം എന്താണെന്ന്..? മുകളിൽ പറഞ്ഞത് പോലെയുള്ള തെറ്റായ മെസ്സേജുകൾ ആണ് അയാളുടെ ബ്രെയിനിൽ വർക്ക് ചെയ്യുന്നത്. അവളെ കാണുമ്പോൾ അയാളുടെ തലച്ചോറിൽ എന്താണ് ഓടുന്നത്? ഷി വാസ് മച്ച്വേർഡ്. ഇവന്റെ ഉള്ളിലുള്ള ഡാറ്റകൾ വച്ചുനോക്കുമ്പോൾ ആ പെണ്ണിനെ വേണമെങ്കിൽ ഇപ്പോൾ കെട്ടിച്ചു വിടാം. ഈ രാജ്യത്തിന്റെ നിയമം മാത്രമേ തടസ്സം ഉള്ളൂ .അവൾ വളർന്നുകഴിഞ്ഞു. ഇതിലും കൂടിയ തരത്തിലുള്ള റിസർച്ചുകൾ ഉണ്ട്. സ്ത്രീകളുടെ ഹോർമോൺ എല്ലാം വേറെ ലെവലാണ് ,അത് പെട്ടെന്നങ്ങ് വളരും.. ഈ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ്.

അറബിക് കോളജുകളിൽ അല്ലെങ്കിൽ ദർസ് സംവിധാനങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്ന ആൺകുട്ടികളുടെ കാര്യം ഈ ലോകം അറിയുന്നത് പോലുമില്ല. മാതാപിതാക്കൾ കുഞ്ഞു നാളുകളിൽ കൊണ്ടുപോയി കുട്ടികളെ അങ്ങ് ചേർക്കും. അവർക്ക് പുറത്തു പറയാൻ പറ്റുമോ. ഇല്ല. നിനക്ക് പൊരുത്തക്കേടുകൾ വരും, കുരുത്തക്കേടുകൾ വരും എന്നു പറഞ്ഞു ഭയപ്പെടുത്തും. അവർക്ക് എവിടെയും പറയാനുള്ള അവസരം ഇല്ല .വീട്ടിൽ പോലും. ഇനി അവൻ അവിടെ നിന്ന് എങ്ങാനും പുറത്തേക്കിറങ്ങിയാലോ ? സാധാരണക്കാർക്ക് ഉണ്ടാകുന്നതിനേക്കാൾ വലിയ ഒരു അറ്റാക്ക് ആയിരിക്കും അവനു നേരെ ഉണ്ടാകുക . കാരണം എന്താ അവൻ മത സ്ഥാപനത്തിൽ പഠിച്ച ആളാണ്. അവനു നേരെ എല്ലാവരുംകൂടി പാഞ്ഞടുക്കും. പേടിച്ച് ഒളിച്ചു ജീവിക്കണം. കുഞ്ഞുനാളിലെ ചിറകുകൾ ഇങ്ങനെ വെട്ടി കളയും. ഇവനോട് വികാരം തോന്നാൻ എന്താ കാരണം. അവിടെ അങ്ങ് സ്വർഗ്ഗത്തിൽ ഈ പാനപാത്രം ഒക്കെയായി ഓടി നടക്കുന്നത് 12 ഉം 13 ഉം വയസുള്ള ഈ ചെറിയ ആൺകുട്ടികളാണ്. ''- അസ്‌ക്കർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP