Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വികസനത്തിന്റെ ലാസ്റ്റ് ബസെന്ന് പറയുമ്പോഴും തൃക്കാക്കരയിൽ കെ റെയിൽ ചർച്ചയാക്കാൻ സിപിഎമ്മിന് പേടി! തിരിച്ചടി ഭയന്ന് സിൽവർലൈൻ കല്ലിടൽ മരവിപ്പിച്ചു; ഫേസ്‌ബുക്കിൽ കെ റെയിൽ ന്യായീകരണ പോസ്റ്റുകൾ കൂട്ടത്തോടെ ഹൈഡ് ചെയ്തു സഖാക്കൾ; ആയുധമാക്കാൻ പ്രതിപക്ഷം

വികസനത്തിന്റെ ലാസ്റ്റ് ബസെന്ന് പറയുമ്പോഴും തൃക്കാക്കരയിൽ കെ റെയിൽ ചർച്ചയാക്കാൻ സിപിഎമ്മിന് പേടി! തിരിച്ചടി ഭയന്ന് സിൽവർലൈൻ കല്ലിടൽ മരവിപ്പിച്ചു; ഫേസ്‌ബുക്കിൽ കെ റെയിൽ ന്യായീകരണ പോസ്റ്റുകൾ കൂട്ടത്തോടെ ഹൈഡ് ചെയ്തു സഖാക്കൾ; ആയുധമാക്കാൻ പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃക്കാക്കരയിൽ വികസനം പ്രധാന ചർച്ചയാകുമെന്നാണ് സിപിഎം തുടക്കത്തിൽ പറഞ്ഞിരുന്നത്. സ്ഥാനാർത്ഥിയായി അരുൺകുമാർ വരുമെന്ന കണക്കുകൂട്ടലിൽ കെ റെയിൽ പോസ്റ്ററുകൾ പോലും അടിച്ചിറക്കി. ഇതിനിടെയാണ് ജോ ജോസഫിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ വികസനമല്ല, മറിച്ച സഭാ രാഷ്ട്രീയമാണ് മണ്ഡലത്തിൽ ചർച്ചയായത്.

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു വേണ്ടിയുള്ള സർവേക്കല്ലിടൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മരവിപ്പിച്ചെന്നു സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നശേഷം സംസ്ഥാനത്ത് എവിടെയും കല്ലിടൽ നടന്നിട്ടില്ല. കല്ലിടൽ പ്രദേശത്തെ സംഘർഷവും അതു തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സർക്കാരിനുണ്ടാക്കുന്ന ക്ഷീണവും മുന്നിൽ കണ്ടാണു പിന്മാറ്റം. സോഷ്യൽ മീഡിയയിൽ അടക്കം കെ റെയിൽ പിന്തുണ പോസ്റ്ററുകൾ കുറഞ്ഞിട്ടുണ്ട്. ചിലർ കെ റെയിൽ കവർ ഇമേജ് ആക്കിയത് മാറ്റി. മറ്റു ചില സഖാക്കളാകട്ടെ വിവാദമായ കെ റെയിൽ പോസ്റ്റുകളും ഹൈഡ് ചെയ്തു.

വ്യാപകമായി തന്നെ നേതാക്കൾ കെ റെയിൽ പോസ്റ്റുകൾ കുറച്ചിട്ടുണ്ട്. ഔദ്യോഗികമായി എവിടെയും കല്ലിടൽ നിർത്തിയിട്ടില്ലെന്നാണു കെ റെയിൽ അവകാശപ്പെടുന്നത്. എന്നാൽ എവിടെയാണ് അടുത്ത ദിവസം കല്ലിടുന്നതെന്നോ, കല്ലിടൽ എപ്പോൾ പുനരാരംഭിക്കുമെന്നോ ഉള്ള ചോദ്യങ്ങൾക്കു വ്യക്തമായ മറുപടിയില്ല. സംഘർഷ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ഏജൻസികൾ കല്ലിടൽ നടത്തുമെന്നാണു കെറെയിലിന്റെ മറുപടി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ജനരോഷം ഭയന്നാണു കല്ലിടൽ നിർത്തിവച്ചതെന്നും എവിടെ കല്ലിട്ടാലും പിഴുതെടുക്കുമെന്നുമാണു പ്രതിപക്ഷത്തിന്റെ നിലപാട്.

അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സിൽവർലൈൻ കല്ലിടൽ തുടരണമെന്ന് സിപിഎമ്മിൽ അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ, കല്ലിടൽ നിർത്തിയാൽ യുഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കും എന്നതിനാൽ അത് ഒഴിവാക്കുകയായിരുന്നു. അതേസമയം,സിൽവർലൈൻ കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യചർച്ചാ വിഷയവും അതു തന്നെയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടായില്ലെങ്കിൽ അത് സിൽവർലൈൻ നടപ്പാക്കാനുള്ള ജനങ്ങളുടെ സമ്മതമായി വ്യാഖ്യാനിക്കപ്പെടാം. അതിനാൽ കെ റെയിൽ ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ടയായി തന്നെ മുന്നോട്ടു വയ്ക്കും. ഗ്രാമവാസികളെക്കാൾ ഗൗരവത്തോടെയാണ് നഗരവാസികൾ സിൽവർലൈനിനെ എതിർക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇഥിനിടെ സിൽവർ ലൈൻ സംവാദത്തിൽ അനുകൂലിക്കാനെത്തിയ വിദഗ്ധരും 'കല്ലിടലിൽ' കൈമലർത്തിയതോടെ കെ-റെയിൽ പ്രതിരോധത്തിലായിട്ടുണ്ട്. പൊലീസിനെ ഉപയോഗിച്ചു ബലപ്രയോഗത്തിലൂടെ കല്ലിടൽ നീക്കം തുടരുമ്പോഴാണ് 'സാമൂഹികാഘാതത്തിന്റെ ഭാഗമായി അടയാളമിടണമെന്നല്ലാതെ കല്ലിടൽ നിർബന്ധമില്ലെന്ന' മുൻ റെയിൽവേ ബോർഡംഗം സുബോധ് ജെയിന്റെ തുറന്നുപറച്ചിൽ അധികൃതരെ തിരിഞ്ഞുകുത്തുന്നത്.

കേന്ദ്രാനുമതിയോ പദ്ധതി നിർവഹണത്തിനാവശ്യമായ വായ്പയോ ലഭ്യമാകാതിരിക്കെ കെ- റെയിലെന്ന് പേരെഴുതിയ കല്ലുകൾ പാകുന്നതിലെ സർക്കാർ ശാഠ്യം നേരത്തേതന്നെ വിമർശനത്തിനിടയാക്കിയിരുന്നു. കല്ലിടൽ തൽക്കാലം നിർത്തിയതിനെതുടർന്ന് വിവാദങ്ങൾ കെട്ടടങ്ങിയെങ്കിലും സുബോധ് ജെയിന്റെ പരാമർശങ്ങൾ വീണ്ടും ചൂടേറിയ ചർച്ചക്ക് വഴിതുറക്കുകയാണ്. സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിൽ കല്ലിടലിനെതിരെയുള്ള കടുത്ത ചെറുത്തുനിൽപുകളുടെ പശ്ചാത്തലത്തിൽ വിശേഷിച്ചും.

ഏതു നിയമത്തിന്റെ പിൻബലത്തിലാണ് കല്ലിടൽ എന്ന ചോദ്യം തുടക്കം മുതലേ ഉയർന്നിരുന്നുവെങ്കിലും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. മാത്രമല്ല പല പ്രതികരണങ്ങളും ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. പദ്ധതിക്കുള്ള ഭൂമി സർവേക്കായി അതിരുകല്ല് സ്ഥാപിക്കണമെന്ന് കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ടിലും പരാമർശമില്ല. ഭൂമി അടയാളപ്പെടുത്തി എന്തെങ്കിലും മാർക്കിങ് വേണമെന്നുമാത്രം നിയമത്തിൽ പറയവെയാണ് ഭൂമിയേറ്റെടുക്കൽ പ്രതീതി സൃഷ്ടിച്ചുള്ള കല്ലിടൽ നീക്കം. ഏതു പദ്ധതിയുടെയും സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം നടത്തി സർക്കാറിന് സർവേ നടത്താമെന്ന് ഈ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. സാമൂഹികാഘാത പഠനം നടത്തേണ്ട പ്രദേശം അതിര് തിരിച്ച് മാർക്ക് ചെയ്താൽ മതിയെന്നാണ് നിയമത്തിലുള്ളത്. അതിന് മഞ്ഞ നിറത്തിലുള്ള ഗുണനചിഹ്നമോ വരകളോ മതിയാകും.

സ്വകാര്യഭൂമിയിൽ കല്ലിടൽ നീക്കം തകൃതിയാണെങ്കിലും പദ്ധതിക്കായുള്ള റെയിൽവേ ഭൂമിയിൽ കല്ലിടൽ ഇനിയും തുടങ്ങിയിട്ടില്ല. റെയിൽവേയുടെ 2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന ഭൂമിയും ചേർത്ത് 3125 കോടിയാണ് സിൽവർ ലൈനിൽ റെയിൽവേ വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയായതിനാൽ 2180 കോടി റെയിൽവേയിൽനിന്ന് കിട്ടുന്നതിൽ അനിശ്ചിതത്വമുണ്ട്. ഭൂമിയുടെ കാര്യത്തിൽ സംയുക്ത പരിശോധനക്ക് ശേഷമാകാം തീരുമാനമെന്നാണ് റെയിൽവേ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP