Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കാന്താ.. വേഗം പോകാം.. സിൽവർലൈനിൽ... പൂരം കാണാൻ...'; ടിക്കറ്റ് നിരക്ക് പങ്കുവെച്ച് കെ റെയിലിന്റെ പരസ്യം; 'ഞങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഉണ്ട്; കേരളത്തെ നശിപ്പിക്കാൻ സമ്മതിക്കില്ല'; സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ പൂരം

'കാന്താ.. വേഗം പോകാം.. സിൽവർലൈനിൽ... പൂരം കാണാൻ...'; ടിക്കറ്റ് നിരക്ക് പങ്കുവെച്ച് കെ റെയിലിന്റെ പരസ്യം; 'ഞങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഉണ്ട്; കേരളത്തെ നശിപ്പിക്കാൻ സമ്മതിക്കില്ല'; സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ പൂരം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: തൃശൂർ പൂരം കാണാൻ ഇനി അതിവേഗം എത്താമെന്ന പരസ്യവുമായി കെ റെയിൽ. പൂരങ്ങളുടെ നാടായ തൃശൂരിലേക്ക് സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്ററാണ് കെ റെയിൽ പങ്കുവെച്ചിരിക്കുന്നത്. 'കാന്താ വേഗം പോകാം പൂരം കാണാൻ സിൽവർലൈനിൽ' എന്നാണ് പരസ്യ വാചകം.

തൃശ്ശൂർ പൂരം നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തൃശ്ശൂരിലേക്കുള്ള സിൽവർലൈൻ ടിക്കറ്റ് നിരക്ക് പങ്കുവച്ചാണ് കെ റെയിൽ പരസ്യം പുറത്തിറക്കിയത്. പൂരങ്ങളുടെ നാടായ തൃശ്ശൂരിലേക്ക് സഞ്ചരിക്കാൻ എടുക്കുന്ന സമയം, ദൂരം, ടിക്കറ്റ് നിരക്ക് എന്നിവയാണ് കെ റെയിൽ കോർപ്പറേഷൻ പങ്കുവെച്ചത്.

സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും തൃശ്ശൂരിലേക്ക് 260 കിലോമീറ്ററാണ് സിൽവർലൈൻ ദൂരം. ഒരു മണിക്കൂർ 56 മിനിട്ടുകൊണ്ട് തലസ്ഥാനത്ത് നിന്നും തൃശ്ശൂരിൽ എത്താൻ 715 രൂപയാണ് ടിക്കറ്റ് നിരക്കായി കെ റെയിൽ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് 64 കിലോമീറ്റർ സഞ്ചരിക്കാൻ 31 മിനിറ്റ് സമയത്തിന് 176 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോടു നിന്ന് 98 കിലോമീറ്ററും കാസർഗോഡ് നിന്നും 270 കിലോമീറ്ററുമാണ് ദൂരം. യഥാക്രമം ഇവിടെ നിന്നും ടിക്കറ്റ് നിരക്കുകൾ 269 രൂപയും 742 രൂപയുമാണ്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് 44 മിനിറ്റും കാസർഗോഡ് നിന്നും തൃശ്ശൂരിലേക്ക് 742 രൂപയാണിത്.

നേരത്തെ, സമാനമായ രീതിയിൽ കേരളത്തിന്റെ വിവധ നഗരങ്ങളിൽ നിന്നും കോഴിക്കോടേക്കുള്ള സമാനവിവരങ്ങൾ കെ റെയിൽ പങ്കുവെച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ബിരിയാണിയുമായി ബന്ധപ്പെടുത്തിയിറക്കിയ പരസ്യത്തിന് അന്ന് കടുത്ത പരിഹാസമായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായിരുന്നത്. പദ്ധതിയുടെ ഡിപിആർ പ്രകാരം കിലോമീറ്ററിന് രണ്ട് രൂപ 75 പൈസയാണ് ടിക്കറ്റ് നിരക്കായി സൂചിപ്പിക്കുന്നത്. ഈ കണക്കുകൾ പ്രകാരമാണ് കെ റെയിൽ ഇപ്പോൾ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.

ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് കെ-റെയിലിലൂടെ അതിവേഗത്തിൽ തൃശൂരിലെത്താൻ കോർപറേഷൻ പൂരപ്രേമികളെ ക്ഷണിച്ചിരിക്കുന്നത്. കെ-റെയിൽ വന്നാൽ സമയത്തിലും ട്രെയിൻ നിരക്കിലും വരാൻ പോകുന്ന മാറ്റം ചൂണ്ടിക്കാട്ടിയാണ് ഫേസ്‌ബുക്ക് കുറിപ്പ്.

കുറിക്കുകൊള്ളുന്ന മറുപടികളാണ് പരസ്യം പുറത്തിറക്കിയതിന് പിന്നാലെ കെ റെയിലിന് ലഭിക്കുന്നത്. 'ഇത്രയും കാലം കെ റെയിൽ ഉണ്ടായിട്ട് ആണോ പൂരം കാണാൻ പോയിരുന്നത്', 'ഞങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഉണ്ട് കേരളത്തെ നശിപ്പിക്കാൻ സമ്മതിക്കില്ല' തുടങ്ങി നീളുന്നു കമന്റുകൾ.

 

അതേ സമയം തൃശൂർ പൂരത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് ഇന്ന് പൂരം പുറപ്പാട് നടന്നു. രാവിലെ കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽനിന്ന് ഭഗവതി എഴുന്നള്ളി വടക്കുംനാഥ ക്ഷേത്രത്തിലെത്തി. പിന്നീട് തെക്കേഗോപുര നട തള്ളിത്തുറന്ന് പുറത്തേക്ക് വന്നു. നിലപാട് തറയിൽ എത്തി പൂരം വരവറിയിച്ചതോടെ 36 മണിക്കൂർ നീളുന്ന പൂരത്തിന് ഔദ്യോഗികമായി തുടക്കമാകുകയായിരുന്നു.

ഇന്നലെ രാത്രി നടന്ന സാംപിൾ വെടിക്കെട്ട് പൂരത്തിന്റെ മുഴുവൻ ആവേശവും ഉണർത്തുന്നതായിരുന്നു. രാത്രി എട്ടിന് പാറമേക്കാവ് വിഭാഗവും 8.45ന് തിരുവമ്പാടി വിഭാഗവും ദൃശ്യവിസ്മയത്തിന് തിരികൊളുത്തി. ബുധനാഴ്ച നടക്കാനിരിക്കുന്ന വെടിക്കെട്ട് ഗംഭീരമാകുമെന്ന സൂചന നൽകുന്നതായിരുന്നു സാംപിൾ വെടിക്കെട്ട്.

കഴിഞ്ഞ രണ്ട് കൊല്ലത്തെ ക്ഷീണം തീർക്കാൻ വരാനിരിക്കുന്നത് വൻ ആകാശ വിസ്മയമാകുമെന്ന സൂചന നൽകിക്കൊണ്ടാണ് സാംപിൾ വെടിക്കെട്ട് നടന്നത്. അമിട്ടുകളും കുഴിമിന്നലും ഡൈനയും എല്ലാം ചേർന്ന് പാറമേക്കാവ് ആദ്യം വരവറിയിച്ചു. ആറു മിനുട്ട് നീണ്ട കരിമരുന്ന് പ്രയോഗം. വെടിക്കെട്ട് ആസ്വാദകർക്കുള്ള വിഭവങ്ങൾ ഒരുക്കി പിന്നാലെ തിരുവമ്പാടിയുടെ ആകാശ വിസ്മയം.

വെടിക്കെട്ട് കൃത്യമായി കാണാൻ ആളുകൾക്ക് അവസരമൊരുക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്വരാജ് റൗണ്ടിലേക്ക് വരുന്ന വഴികളിൽനിന്നാണ് ഇത്തവണ ആളുകൾ വെടിക്കെട്ട് കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP