Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്ത് വെഞ്ഞാറമൂട്ടിൽ, സദാചാര ഗൂണ്ടായിസം ആരോപിച്ച് പൊലീസ് ക്രൂരമായി പീഡിപ്പിച്ച യുവാവ് കിണറ്റിൽ ചാടി ജീവനൊടുക്കി; മരണമടഞ്ഞത് മൂന്നാം പ്രതി സുബിൻ; അർദ്ധരാത്രി യുവാവിന്റെ വീട്ടിലെത്തി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; കേസെടുത്തത് ദമ്പതികളുടെ പരാതിയിൽ

തലസ്ഥാനത്ത് വെഞ്ഞാറമൂട്ടിൽ, സദാചാര ഗൂണ്ടായിസം ആരോപിച്ച് പൊലീസ് ക്രൂരമായി പീഡിപ്പിച്ച യുവാവ് കിണറ്റിൽ ചാടി ജീവനൊടുക്കി; മരണമടഞ്ഞത് മൂന്നാം പ്രതി സുബിൻ; അർദ്ധരാത്രി യുവാവിന്റെ വീട്ടിലെത്തി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; കേസെടുത്തത് ദമ്പതികളുടെ പരാതിയിൽ

എം.എസ്.സനിൽ കുമാർ

 തിരുവനന്തപുരം: തിരുവനന്തപുരത്ത് സദാചാര ഗൂണ്ടായിസം ആരോപിച്ച് പൊലീസ് ക്രൂരമായി പീഡിപ്പിച്ച യുവാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. വെഞ്ഞാറമൂട് കരിഞ്ചാത്തി സ്വദേശിയായ മൂന്നാം പ്രതി സുബിനാണ്(35) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പൊലീസ്, ഒളിവിൽ പോയ സുബിനെ തേടി വീട്ടിലെത്തി, ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതറിഞ്ഞ് കടുത്ത മനോവേദനയിലാണ് സുബിൻ കടുംകൈ ചെയ്തത്. മെയ് രണ്ട് രാത്രി വെഞ്ഞാറമൂട്ടിൽ, സദാചാര ഗുണ്ടായിസം ആരോപിക്കുന്ന സംഭവത്തിൽ, സുബിന് യാതൊരു പങ്കും ഇല്ലെന്ന് വീട്ടുകാർ പറയുന്നു. സംഭവം ഒത്തുതീർപ്പാക്കാൻ ചെന്ന സുബിനോട് പൊലീസ് കയർക്കുകയും, പ്രതിയാക്കുകയും ആയിരുന്നു എന്നാണ് ആരോപണം.

സദാചാര ഗൂണ്ടായിസം ആരോപിക്കുന്ന സംഭവം ഇങ്ങനെ:

മെയ് രണ്ടിന് രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജിന് സമീപം വച്ചാണ് സംഭവം. ആനാട് സ്വദേശികളായ ദമ്പതികൾ കീഴായിക്കോണത്ത് വാടക വീട്ടിൽ താമസിച്ചു വരികയാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്‌സായ യുവതിയെ ഭർത്താവായ അർജുൻ കൂട്ടിക്കൊണ്ട് പോകാൻ എത്തിയിരുന്നു. ഇരുചക്രവാഹനത്തിൽ പോകുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് വാഹനം തടയുകയും സദാചാരം ആരോപിച്ച് ചോദ്യം ചെയ്തു എന്നുമാണ് ദമ്പതികൾ ആരോപിച്ചത്.

തങ്ങൾ ഭാര്യാ ഭർത്താക്കന്മാരാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഇവർ കൂട്ടാക്കാതെ ചോദ്യം ചെയ്യൽ തുടരുകയും ഇത് എതിർത്ത ഭർത്താവിനെയും തടയാൻ ശ്രമിച്ച യുവതിയേയും മർദ്ദിക്കുകയായിരുന്നു. ഈ സമയം അവിടേയ്ക്ക് പൊലീസ് പട്രോളിങ് വാഹനം എത്തുകയും സംഘത്തിൽപ്പെട്ട ഒരാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതിനിടയിൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് ദമ്പതികൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.

പ്രതികൾക്കെതിരേ 294(ബി ), 323, 324,354 , 354എ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ വെഞ്ഞാറമൂട് കരിഞ്ചാത്തി സ്വദേശികളായ ഒന്നാംപ്രതി സ്മൃതിൻ, മൂന്നാംപ്രതി സുബിൻ എന്നിവരെ കണ്ടെത്തുന്നതിനായി വെഞ്ഞാറമൂട് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

സദാചാര ഗുണ്ടായിസം അല്ലെന്ന് വാദം

ദമ്പതികൾ ഉന്നയിച്ചത് വ്യാജ ആരോപണം എന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്കുകൾ തമ്മിൽ കടന്നുപോകുമ്പോൾ ഉണ്ടായ ചെറിയ തർക്കം വലുതായതാണെന്നും, അത് യുവതിയുടെ ഭർത്താവ് തന്ത്രപൂർവം സദാചാര ആക്രമണം ആയി ചിത്രീകരിക്കുക ആയിരുന്നു എന്നുമാണ് ആരോപണം. സംഭവ സ്ഥലത്തെത്തിയ പൊലീസ് കേട്ടപാതി കേൾക്കാത്ത പാതി, നിരപരാധിയായ യുവാവിനെ ക്രൂശിക്കുകയായിരുന്നു.

സുബിന്റെ വീട്ടിൽ പൊലീസ് സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം

പാതിരാത്രി മൂന്നുതവണയാണ് ഏഴോളം പൊലീസുകാർ സുബിന്റെ വീട്ടിൽ ഇരച്ചുകയറിയത്. രാത്രി 11.45 ഓടെ എത്തിയ പൊലീസ് സുബിന്റെ ഫോട്ടോ ആവശ്യപ്പെട്ടാണ് വീട്ടുകാരെ ആദ്യം മാനസികമായി പീഡിപ്പിച്ചത്. ഫോട്ടോ കിട്ടാതെ വന്നപ്പോൾ, സുബിന്റെ അമ്മയുടെ നേർക്കായി കയർക്കൽ. വിരട്ടി, മൊബൈൽ തട്ടിപ്പറിച്ചു. സുബിൻ അമ്മയെ വിളിച്ചോ എന്ന് പരിശോധിക്കാൻ ആയിരുന്നു സാഹസം. തുടർന്ന്‌ അമ്മയുടെ ഫോണിലെ ഡാറ്റയെല്ലാം പൊലീസിന്റെ ഫോണിലേക്ക് മാറ്റി. 'പൊലീസിനോട് കയർത്തു സംസാരിച്ചാൽ, ഇങ്ങനെയിരിക്കും. മോനെ ഹാജരാക്കിയാൽ, എണീറ്റുനടക്കാവുന്ന രീതിയിൽ പോകാം. അല്ലാതെ നമ്മൾ പിടിച്ചാൽ നന്നായിരിക്കും, മോഹനോട് ചോദീര്, മോഹനന് എന്താണ് കിട്ടിയതെന്ന്...', പൊലീസ് വീട്ടുകാരോട് പറഞ്ഞത് ഇങ്ങനെ. കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയ രണ്ടാം പ്രതി മോഹനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണമുണ്ട്.

സുബിനെ സമ്മർദ്ദം ചെലുത്തി പുറത്തുകൊണ്ടുവരാൻ പൊലീസ് രാത്രി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഹൈക്കോടതിയിൽ, മുൻകൂർ ജാമ്യത്തിനായി സുബിൻ അപേക്ഷ നൽകാനിരിക്കെയാണ്, മാനസിക സമ്മർദ്ദം താങ്ങാൻ വയ്യാതെ, ആത്മഹത്യ ചെയ്തത്. കൊലക്കേസ് പ്രതിയോട് എന്ന രീതിയിലായിരുന്നു സുബിന്റെ വീട്ടുകാരോടുള്ള പൊലീസിന്റെ പെരുമാറ്റം. ഇതറിഞ്ഞ മനോവിഷമത്തിലാണ് സുബിൻ കിണറ്റിൽ ചാടി ജീവനൊടുക്കിയത്.

മോഹനൻ പറയുന്നത്

' ഞാൻ വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പുറത്ത് ബഹളം കേട്ടിറങ്ങി ചെന്നത്. രണ്ടുപേർ പരസ്പരം ഏറ്റുമുട്ടുന്നതാണ് കണ്ടത്. സമീപത്തായി പെൺകുട്ടിയും നിൽപ്പുണ്ടായിരുന്നു. വീടിന് അടുത്ത് താമസിക്കുന്ന സ്മൃതിനും, യുവതിയുടെ ഭർത്താവും തമ്മിലായിരുന്നു വാക്കേറ്റവും ഏറ്റുമുട്ടലും. പൊലീസ് വന്നപാടെ സ്മൃതിൻ സ്ഥലം വിട്ടു. അവിടെ പ്രശ്‌നത്തിൽ ഇടപെടാൻ എത്തിയ എന്നെയാണ് പൊലീസുകാർ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയത്. പത്ത്-നാൽപത് ആൾക്കാർ അവിടെ കൂടി ആകെ സംഘർഷാന്തരീക്ഷമായിരുന്നു. എന്റെ ചേട്ടന്റെ മകനായ സുബിൻ സംഭവം എല്ലാം കഴിഞ്ഞാണ് അവിടെ എത്തിയത്'. തർക്കത്തിന്റെ കാര്യം എന്താണെന്ന് തനിക്ക് അറിയില്ലെന്നും മോഹനൻ പറഞ്ഞു.

പൊലീസ് സ്റ്റേഷനിലും മോഹനന് ക്രൂര മർദ്ദനമേറ്റു. ചികിത്സയ്ക്ക് പോകാനിരിക്കുമ്പോഴാണ് സംഭവം നടക്കുന്നതെന്ന് മോഹനൻ പറഞ്ഞു. തലയിലും മുഖത്തും എല്ലാം ഇടിച്ചു. ദേഹമാകെ മർദ്ദിച്ചു. ഷർട്ടൂരി നോക്കിയാൽ കാണാം പാടുകൾ, മോഹനൻ സങ്കടത്തോടെ പറഞ്ഞു.

ഏതായാലും, പൊലീസ് പീഡനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വെഞ്ഞാറമൂട്ടിൽ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP