Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോലി വീണ്ടും ഗോൾഡൻ ഡക്ക്; കരകയറ്റി ഫാഫ് ഡുപ്ലെസി - രജത് പാട്ടിദാർ സഖ്യം; ഫിനിഷിങ് മികവുമായി കാർത്തികും; സൺറൈസേഴ്സിന് 193 റൺസ് വിജയലക്ഷ്യം കുറിച്ച് ബാംഗ്ലൂർ

കോലി വീണ്ടും ഗോൾഡൻ ഡക്ക്; കരകയറ്റി ഫാഫ് ഡുപ്ലെസി - രജത് പാട്ടിദാർ സഖ്യം; ഫിനിഷിങ് മികവുമായി കാർത്തികും; സൺറൈസേഴ്സിന് 193 റൺസ് വിജയലക്ഷ്യം കുറിച്ച് ബാംഗ്ലൂർ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ 193 റൺസ് വിജയലക്ഷ്യം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 192 റൺസിലെത്തിയത്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ആർസിബിക്ക് ഫാഫ് ഡു പ്ലെസിസ് (പുറത്താവാതെ 70) രജത് പടിദാർ (48) എന്നിവരുടെ ഇന്നിങ്സാണ് മാന്യമായ സ്‌കോർ സമ്മാനിച്ചത്. എട്ട് പന്തിൽ പുറത്താവാതെ 30 നേടിയ ദിനേശ് കാർത്തികും നിർണായക സംഭാവന നൽകി. ജഗദീഷ സുജിത് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

വിരാട് കോലി ഒഴികെയുള്ള ബാറ്റർമാരെല്ലാം ബാംഗ്ലൂരിനായി തിളങ്ങി. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ കോലിയെ (0) ജഗദീഷ സുജിത്ത് പുറത്താക്കുകയായിരുന്നു. ഇത്തവണത്തെ സീസണിൽ ഇത് മൂന്നാം തവണയാണ് കോലി നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങുന്നത്.

കോലി പുറത്തായതിനു പിന്നാലെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി - രജത് പാട്ടിദാർ സഖ്യം 105 റൺസാണ് ബാംഗ്ലൂർ സ്‌കോറിലേക്ക് ചേർത്തത്. 38 പന്തിൽ നിന്ന് രണ്ടു സിക്സും നാല് ഫോറുമടക്കം 48 റൺസെടുത്ത രജത്തിനെ 13-ാം ഓവറിൽ സുജിത്ത് തന്നെയാണ് പുറത്താക്കിയത്. 50 പന്തിൽ നിന്ന് രണ്ട് സിക്സും എട്ട് ഫോറുമടക്കം 73 റൺസുമായി പുറത്താകാതെ നിന്ന ഡുപ്ലെസിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ.

രജത്ത് പുറത്തായ ശേഷം മൂന്നാം വിക്കറ്റിൽ ഗ്ലെൻ മാക്സ്വെല്ലിനെ കൂട്ടുപിടിച്ച് ഡുപ്ലെസി 54 റൺസ് കൂട്ടിച്ചേർത്തു. മാക്സ്വെൽ 24 പന്തുകൾ നേരിട്ട് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 33 റൺസെടുത്ത് മടങ്ങി.

പിന്നാലെ 19-ാം ഓവറിൽ ക്രീസിലെത്തിയ ദിനേഷ് കാർത്തിക്ക് തന്റെ പതിവ് ഫിനിഷിങ് മികവ് പുറത്തെടുത്തതോടെയാണ് ബാംഗ്ലൂർ സ്‌കോർ 190 കടന്നത്. വെറും എട്ട് പന്തിൽ നിന്ന് നാലു സിക്സും ഒരു ഫോറുമടക്കം ഡി.കെ 30 റൺസോടെ പുറത്താകാതെ നിന്നു. ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിൽ ഒരു ഫോറും മൂന്ന് സിക്സും പറത്തിയ ഡി.കെയുടെ മികവിൽ ബാംഗ്ലൂർ അടിച്ചെടുത്തത് 25 റൺസാണ്.

കഴിഞ്ഞ മത്സരം കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. ഹൈദരാബാദ് ടീമിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇടം കൈയൻ പേസർ ഫസലാഖ് ഫാറൂഖി അരങ്ങേറ്റം കുറിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ശ്രേയസ് ഗോപാലിന് പകരം ജെ സുജിത്തും ഹൈദരാബാദ് ടീമിലെത്തി. എന്നാൽ മലയാളി താരം വിഷ്ണു വിനോദിന് ഇന്നും ബാറ്റിങ് നിരയിൽ അവസരം ലഭിച്ചില്ല. അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ ബാംഗ്ലൂർ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്നിറങ്ങുന്നത്.

11 കളിയിൽ 12 പോയിന്റുള്ള ബാംഗ്ലൂരിനും 10 കളിയിൽ 10 പോയിന്റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമാണ്. ആദ്യ ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂരിനെ 100 പന്തുകൾ പോലും തികച്ച് കളിപ്പിക്കാതെ 68 റൺസിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു.

മറുവശത്ത് രണ്ട് തോൽവികളോടെ സീസൺ തുടങ്ങിയ ഹൈദരാബാദ് പിന്നീട് തുടർച്ചയായി അഞ്ച് കളികൾ ജയിച്ച് അത്ഭുതം കാട്ടി. എന്നാൽ അവസാനം കളിച്ച മൂന്ന് കളികളിലും ഹൈദരാബാദിന് തോൽവിയായിരുന്നു ഫലം. ഇന്ന് ജയിച്ചില്ലെങ്കിൽ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP