Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് കരാർ നൽകിയതിൽ വൻ അഴിമതി; കരാർ നൽകിയത് യോഗ്യതയും പ്രവർത്തന പരിചയവും ഇല്ലാത്ത സ്റ്റാർ കൺസ്ട്രക്ഷൻസ് കമ്പനിക്ക്; ഗിരീഷ് ബാബുവിന്റെ ഹർജിയിൽ വിജിലൻസ് കോടതി വിശദീകരണം തേടി

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് കരാർ നൽകിയതിൽ വൻ അഴിമതി; കരാർ നൽകിയത് യോഗ്യതയും പ്രവർത്തന പരിചയവും ഇല്ലാത്ത സ്റ്റാർ കൺസ്ട്രക്ഷൻസ് കമ്പനിക്ക്; ഗിരീഷ് ബാബുവിന്റെ ഹർജിയിൽ വിജിലൻസ് കോടതി വിശദീകരണം തേടി

ആർ പീയൂഷ്

കൊച്ചി: കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവർത്തന കരാറിൽ അഴിമതി ആരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചു. (CMP:350/2022) ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാർ അഭിഭാഷകന്റെ വിശദമായ വാദം കേൾക്കുന്നതിന് കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി.

പ്രതിദിനം 250 ടൺ ഖര മാലിന്യം സംസ്‌കരിക്കുന്ന കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് 2 വർഷ കാലാവധിക്ക് പരിപാലിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും മുനിസിപ്പൽ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് മേഖലയിൽ സമാന പ്ലാന്റിന് തുല്യമായ കപ്പാസിറ്റിയുള്ള ഖര മാലിന്യ സംസ്‌കരണ പ്ലാന്റ് മിനിമം 3 വർഷമെങ്കിലും നടത്തി പ്രവർത്തി പരിചയമുള്ള കരാറുകാരിൽ നിന്നും കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷൻ 2021 ഏപ്രിൽ 21 ന് ടെണ്ടർ ക്ഷണിച്ചിരുന്നു.

സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി 4 സ്ഥാപനങ്ങൾ ടെണ്ടറിൽ പങ്കെടുത്തു. എന്നാൽ മലപ്പുറം നഗരസഭയിലും ഒറ്റപ്പാലം നഗരസഭയിലും സമാന രീതിയിലുള്ള ഖര മാലിന്യ സംസ്‌കരണ പ്ലാന്റ് വിവിധ ഘട്ടങ്ങളിലായി പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നുള്ള അവകാശ വാദവുമായി ടെണ്ടറിൽ പങ്കെടുത്ത കളമശ്ശേരി ആസ്ഥാനമായ സ്റ്റാർ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിനെയാണ് കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് 2 വർഷ കാലാവധിക്ക് പ്രവർത്തിപ്പിക്കുന്നതിനും നടത്തുന്നതിനുമായി കരാർ നൽകാൻ തെരഞ്ഞെടുത്തത്.

പ്രതിദിനം 10 ടൺ ഖര മാലിന്യം സംസ്‌കരിക്കുന്നതിന് കപ്പാസിറ്റിയുള്ള ഖര മാലിന്യ സംസ്‌കരണ പ്ലാന്റ് പോലും ഇല്ലാത്ത മലപ്പുറം നഗരസഭയിലും ഒറ്റപ്പാലം നഗരസഭയിലും ഖര മാലിന്യ സംസ്‌കരണ പ്ലാന്റ് 3 വർഷം പ്രവർത്തിപ്പിച്ച പരിചയസമ്പത്തുണ്ടെന്ന് കാണിച്ച് സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനി സമർപ്പിച്ചിട്ടുള്ള രേഖകൾ വ്യാജമാണെന്നും വർഷങ്ങളായി പ്രവർത്തന രഹിതമായ കിടക്കുന്ന ടെക്നോ ഗ്രൂപ്പെന്ന യോഗ്യതയില്ലാത്ത ഒരു കൺസ്ട്രക്ഷൻ കമ്പനിയുമായുള്ള പ്രവർത്തന പങ്കാളിത്ത കരാറുണ്ടാക്കി ടെണ്ടറിൽ പങ്കെടുത്ത സ്റ്റാർ കൺസ്ട്രക്ഷൻസ് കമ്പനിക്ക് പ്രതിദിനം 250 ടൺ ഖര മാലിന്യം സംസ്‌കരിക്കുന്നതിന് കരാർ നൽകുന്നത് വൻ അഴിമതിയുടെ ഭാഗമാണെന്നും ഈ അഴിമതികരാർ റദ്ദ് ചെയ്ത് റീടെണ്ടർ ചെയ്യണമെന്നും കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷനിലെ ഭരണ സമിതിയിലെ ഘടകകക്ഷിനേതാക്കൾ തന്നെ ആവശ്യപ്പെട്ട് രംഗത്തെത്തിയത് നഗരസഭ ഭരണ നേതൃത്വത്തെ ഏറെ പ്രതിസന്ധിയിലാക്കി.

ഖര മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നും നിർഗമിക്കുന്ന ദുർഗന്ധത്തെക്കാൾ രൂക്ഷമായി ഖര മാലിന്യ സംസ്‌കരണ പ്ലാന്റ് കരാർ അഴിമതിയിലെ ദുർഗന്ധം ഭീകരമായി ഉയർന്നതോടെ പ്രശ്ന പരിഹാരത്തിനായി നഗരസഭ ഭരണസമിതി മുതിർന്ന അഭിഭാഷകനായ രഞ്ജിത് തമ്പാനിൽ നിന്നും നിയമോപദേശം തേടിയെങ്കിലും നിയമോപദേശം അട്ടിമറിച്ചുകൊണ്ട് വിവാദ വിഷയത്തിൽ നഗരസഭ ഒത്തു തീർപ്പിലെത്തുകയായിരുന്നു.

ഖര മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പ് കരാർ വിവാദമായതോടെ നഗരസഭ ഭരണകർത്താക്കളും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ക്രിമിനൽ ഗൂഢാലോചന നടത്തി ഉണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനിക്ക് 2 വർഷത്തേക്ക് നൽകാൻ തീരുമാനിച്ച കരാർ 1 വർഷമായി കുറച്ച് നൽകി വിവാദ വിഷയം ഒതുക്കി തീർത്തുകൊണ്ട് 2022 മാർച്ച് 2 ന് വിവാദ കരാറിൽ കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി ഒപ്പിട്ടു നൽകി എന്നാണ് ഹർജിക്കാരന്റെ ആരോപണം.

കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി എ.എസ് നൈസാം, കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷൻ സൂപ്രണ്ടിങ്ങ് എഞ്ചിനീയർ കെ.ബോബൻ, കരാർ കമ്പനിയായ സ്റ്റാർ കൺസ്ട്രക്ഷൻസ്, സ്റ്റാർ കൺസ്ട്രക്ഷൻസ് കമ്പനി ഉടമകളായ കളമശ്ശേരി സ്വദേശി സേവി ജോസഫ്, ആലുവ മുട്ടം സ്വദേശി യു.എം സക്കീർ ബാബു എന്നിവരെ ഒന്നു മുതൽ അഞ്ചു വരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP