Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

26 വർഷം മുമ്പുള്ള പാർട്ടി രേഖ പുറത്തു വന്നത് ഗുരുതര അച്ചടക്ക ലംഘനം; പിരപ്പൻകോട് മുരളിയെ പുറത്താക്കാൻ സിപിഎമ്മിൽ പടയൊരുക്കം; തുറന്നെഴുത്തിനെതിരെ എകെജി സെന്ററിന് പരാതി നൽകി കോലിയക്കോട്; വിഎസിന്റെ വിശ്വസ്തന്റെ ആത്മകഥയെ പിണറായി എടുക്കുന്നത് ഗൗരവത്തിൽ; പിരപ്പൻകോടിന് പാർട്ടി മെമ്പർഷിപ്പ് നഷ്ടമാകും

26 വർഷം മുമ്പുള്ള പാർട്ടി രേഖ പുറത്തു വന്നത് ഗുരുതര അച്ചടക്ക ലംഘനം; പിരപ്പൻകോട് മുരളിയെ പുറത്താക്കാൻ സിപിഎമ്മിൽ പടയൊരുക്കം; തുറന്നെഴുത്തിനെതിരെ എകെജി സെന്ററിന് പരാതി നൽകി കോലിയക്കോട്; വിഎസിന്റെ വിശ്വസ്തന്റെ ആത്മകഥയെ പിണറായി എടുക്കുന്നത് ഗൗരവത്തിൽ; പിരപ്പൻകോടിന് പാർട്ടി മെമ്പർഷിപ്പ് നഷ്ടമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പിരപ്പൻകോട് മുരളിയ്‌ക്കെതിരെ പാർട്ടി അച്ചടക്ക നടപടി എടുക്കും. പിരപ്പൻകോട് മുരളിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയേക്കും. സിപിഎമ്മിന്റെ ഉൾപാർട്ടി രഹസ്യങ്ങൾ പുറത്തു പറഞ്ഞതാണ് പാർട്ടിയെ പ്രകോപിപ്പിക്കുന്നത്. സിപിഎം സംസ്ഥാന കമ്മറ്റി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത അനുയായിയുമായ കോലിയക്കോട് കൃഷ്ണൻനായർക്കെതിരെ അതിഗുരുതര ആരോപണമാണ് പിരപ്പൻകോട് മുരളി ഉയർത്തുന്നത്. സിപിഎം സംസ്ഥാന നേതൃത്വത്തിന് കോലിയക്കോട് പരാതി നൽകിയിട്ടുണ്ട്. പിരപ്പിൻകോടിനെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

സിപിഎമ്മിൽ ആത്മകഥാ വിവാദം കത്തുന്നു സാഹചര്യത്തിൽ ഒരു നേതാവിനോടും പ്രതികരണം അരുതെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ വികസനം തടസപ്പെടുത്താൻ കോലിയക്കോട് കൃഷ്ണൻനായർ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി പിരപ്പൻകോട് മുരളി രംഗത്തുവന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി തലസ്ഥാനത്തെ മുതിർന്ന നേതാക്കൾ തമ്മിലുള്ള കുടിപ്പക പുറത്തുവന്നത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. കടുത്ത വി എസ് അനുകൂലി കൂടിയായ പിരപ്പൻകോട് മുരളിയുടെ ആത്മകഥയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

വികസനം തടസപ്പെടുത്താനും തന്നെ തോൽപ്പിക്കാനും കോലിയക്കോട് കൃഷ്ണൻ നായർ ശ്രമിച്ചതിന്റെ പാർട്ടി രേഖകൾ തെളിവുകളായി ഉണ്ടെന്നും നിയമനടപടി ഉണ്ടായാൽ നേരിടാൻ തയാറാണെന്നും പിരപ്പൻകോട് മുരളി പറഞ്ഞു. താൻ എംഎൽഎയായിരുന്ന കാലത്ത് വികസനം തടസപ്പെടുത്താൻ കോലിയക്കോട് കൃഷ്ണൻനായർ ശ്രമിച്ചെന്ന് പിരപ്പൻകോട് മുരളി തുറന്നടിച്ചു. ആത്മകഥയിലെ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോലിയക്കോട് കൃഷ്ണൻ നായർ പിരപ്പൻകോട് മുരളിക്കെതിരെയും രംഗത്തെത്തി. പിരപ്പൻകോടിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് കോലിയക്കോട് കൃഷ്ണൻ നായർ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് പി്രപ്പൻകോടിനെതിരെ കോലിയക്കോട് സിപിഎം നേതൃത്വത്തിന് പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി നിർദ്ദേശ പ്രകാരമാണ് ഇതെന്നാണ് സൂചന. കടുത്ത അച്ചടക്കലംഘനമാണ് പിരപ്പിൻകോട് നടത്തിയതെന്നാണ് പിണറായിയുടേയും വിലയിരുത്തൽ. അതുകൊണ്ട് തന്നെ പിരപ്പൻകോടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും സാധ്യത ഏറെയാണ്. മുമ്പ് സ്ഥാനാർത്ഥി നിർണയ സമയത്ത് തന്നെ വെട്ടാൻ കരുനീക്കങ്ങൾ നടത്തിയതിന് പുറമേ പ്രചാരണ സമയത്ത് തോൽപ്പിക്കാൻ ലക്ഷ്യമിട്ട് യോഗങ്ങൾ വിളിച്ചെന്നും പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ നേരത്തെ മുരളി പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോലിയക്കോട് കൃഷ്ണൻനായരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കി. അതേസമയം, മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാനകമ്മിറ്റി അംഗവുമായ പിരപ്പൻകോട് മുരളിയെ പാർട്ടി ഉൾപ്പെടുത്തിയത് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലാണ്. അഞ്ചു വട്ടം എംഎൽഎ ആയിരുന്ന കോലിയക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. രണ്ടു തവണ എംഎൽഎ ആയിട്ടുള്ള പിരപ്പൻകോട് മുന്മുഖ്യമന്ത്രി വിഎസിന്റെ ഉറ്റ അനുയായിയും. കവിയും നാടകകൃത്തുമായ പിരപ്പൻകോടിനെ 2018 ലെ തൃശൂർ സമ്മേളനത്തിൽ വച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. പ്രായക്കൂടുതൽ കാരണമായി ചൂണ്ടിക്കാട്ടിയപ്പോൾ തന്നെക്കാൾ പ്രായമുള്ള കോലിയക്കോടിനെ എന്തുകൊണ്ട് സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തുന്നുവെന്ന് പിരപ്പൻകോട് ചോദിച്ചിരുന്നു. അന്നു മുതൽ പിരപ്പൻകോട് പാർട്ടി വേദികളിൽ നിന്നു പിൻവാങ്ങി. 84ാം വയസ്സിലും കോലിയക്കോട് സജീവം.

കുതികാൽ വെട്ടികളും കമ്യൂണിസ്റ്റുകാരും എന്റെ സ്ഥാനാർത്ഥിത്വവും; എന്ന അധ്യായത്തിലാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ സിപിഎമ്മിലെ വിഭാഗീയ പ്രവർത്തനങ്ങൾ തുറന്നുപറയുന്നത്. പാർട്ടി ഔദ്യോഗിക സംവിധാനം തനിക്കെതിരെ നന്നായി പ്രവർത്തിച്ചു. വോട്ടെടുപ്പ് ദിവസം ബൂത്ത് സന്ദർശന ചുമതലയുണ്ടായിരുന്ന വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ആലിയാട് മാധവൻപിള്ളയെ കോലിയക്കോട് കൃഷ്ണൻനായർ നിർബന്ധിച്ച് ആശുപത്രിയിൽ അഡ്‌മിറ്റാക്കിയെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ഇതെല്ലാം നേതൃത്വത്തേയും ഞെട്ടിച്ചു.

1996 ലെ വാമനപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎമ്മിലെ മുതിർന്ന നേതാക്കളായ കോലിയക്കോട് കൃഷ്ണൻ നായരും പിരപ്പൻകോട് മുരളിയും ഏറ്റുമുട്ടുമ്പോൾ പിരപ്പൻകോടിന്റെ ആരോപണങ്ങൾ പാർട്ടി രേഖകൾ ശരിവയ്ക്കുന്നു. പച്ചക്കള്ളമെന്ന് കോലിയക്കോട് തള്ളിക്കളഞ്ഞ ആക്ഷേപങ്ങൾ പക്ഷേ, 26 വർഷങ്ങൾ മുൻപുള്ള സിപിഎം രേഖകളിൽ ഇടം പിടിച്ചതാണ്. കോലിയക്കോടിനു പകരം വാമനപുരത്ത് സിപിഎം സ്ഥാനാർത്ഥി ആക്കിയതോടെ തന്നെ പരാജയപ്പെടുത്താൻ എല്ലാ അടവും കോലിയക്കോട് പയറ്റിയെന്ന പിരപ്പൻകോടിന്റെ ആരോപണവും അതിന്റെ പേരിൽ ഇരു നേതാക്കളും തമ്മിലെ വാക്‌പോരും വാർത്തകളിൽ നിറയുമ്പോഴാണു പാർട്ടി രേഖകൾ വീണ്ടും പ്രസക്തമാകുന്നത്.

അന്ന് പാർട്ടിക്കുള്ളിലാണ് പിരപ്പൻകോട് ആക്ഷേപം ഉന്നയിച്ചത്. തുടർന്ന് സി.ജയൻ ബാബു, ആനാവൂർ നാഗപ്പൻ, എസ്.കെ.ആശാരി എന്നിവർ ഇക്കാര്യം അന്വേഷിച്ചു. മാപ്പർഹിക്കാത്ത കുറ്റമാണ് കൃഷ്ണൻനായർ ചെയ്തതെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. എൽഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ച് അസംതൃപ്തി ഉളവാക്കുന്ന വിധത്തിൽ പ്രചാരണം ഇളക്കി വിട്ടതിൽ പാർട്ടി നേതാക്കൾക്കുള്ള പങ്ക്, കോലിയക്കോട് കൃഷ്ണൻനായർ പാർട്ടി ധാരണയ്ക്ക് വിരുദ്ധമായ പ്രവർത്തനം നടത്തി എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി എന്നിവയാണ് കമ്മിഷൻ അന്വേഷിച്ചത്.

സിപിഎം ജില്ലാക്കമ്മിറ്റിയുടെ അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ 147-ാം പേജിൽ കമ്മിഷന്റെ നിഗമനം ഇങ്ങനെ വ്യക്തമാക്കുന്നു: 'അസംബ്ലി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കോലിയക്കോട് കൃഷ്ണൻനായർ ഗൂഢമായി പ്രവർത്തിച്ചെന്ന് സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ സംശയരഹിതമായി തെളിഞ്ഞിരിക്കുകയാണ്. പരസ്യമായി കൃഷ്ണൻനായർ പാർട്ടിക്കൊപ്പമാണെന്നു വരുത്തിത്തീർക്കുകയും രഹസ്യമായി മണ്ഡലത്തിൽ തനിക്ക് സ്വാധീനിക്കാൻ കഴിയുന്ന മേഖലകളിൽ ഒറ്റയ്ക്കും തന്നോടു വിധേയത്വമുള്ളവരെ ഉപയോഗപ്പെടുത്തിയും പിരപ്പൻകോട് മുരളിക്കെതിരെ പ്രവർത്തിക്കുകയുമാണു ചെയ്തത്. പാർട്ടി സഖാവിന് ഒരിക്കലും യോജിക്കാത്ത നടപടി വഴി മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം ചെയ്തത്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP