Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാപറ്റൻ മാറിയിട്ടും ലക്ഷ്യം കണാതെ ചെന്നൈ; പ്ലേ ഓഫിലേക്ക് വഴി തുറക്കാൻ ഡൽഹി; പ്ലേ ഓഫ് പ്രതീക്ഷ നിലനിനിർത്താൻ ജീവന്മരണപ്പോരിന് ബാംഗ്ലൂരും ഹൈദരാബാദും; ഐപിഎല്ലിൽ ഇന്നും രണ്ട് പോരാട്ടങ്ങൾ

ക്യാപറ്റൻ മാറിയിട്ടും ലക്ഷ്യം കണാതെ ചെന്നൈ; പ്ലേ ഓഫിലേക്ക് വഴി തുറക്കാൻ ഡൽഹി; പ്ലേ ഓഫ് പ്രതീക്ഷ നിലനിനിർത്താൻ ജീവന്മരണപ്പോരിന് ബാംഗ്ലൂരും ഹൈദരാബാദും; ഐപിഎല്ലിൽ ഇന്നും രണ്ട് പോരാട്ടങ്ങൾ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള ജീവന്മരണപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സൺറൈസേഴ്‌സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മത്സരം.11 കളിയിൽ 12 പോയിന്റുള്ള ബാംഗ്ലൂരിനും 10 കളിയിൽ 10 പോയിന്റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമാണ്.

ആദ്യ ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂരിനെ 100 പന്തുകൾ പോലും തികച്ച് കളിപ്പിക്കാതെ 68 റൺസിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ബാംഗ്ലൂരിന് ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ ഇറങ്ങുന്നത്.

മറുവശത്ത് രണ്ട് തോൽവികളോടെ സീസൺ തുടങ്ങിയ ഹൈദരാബാദ് പിന്നീട് തുടർച്ചയായി അഞ്ച് കളികൾ ജയിച്ച് അത്ഭുതം കാട്ടി. എന്നാൽ അവസാനം കളിച്ച മൂന്ന് കളികളിലും ഹൈദരാബാദിന് തോൽവിയായിരുന്നു ഫലം. ഇന്ന് ജയിച്ചില്ലെങ്കിൽ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങും. ഓപ്പണറായി എത്തുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ ഫോമാണ് ഹൈദരാബാദിന്റെ തലവേദനകളിലൊന്ന്. ഇതേ അവസ്ഥയിലാണ് ബാംഗ്ലൂരും.

ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസി മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും മുൻ നായകൻ വിരാട് കോലിയുടെ മെല്ലെപ്പോക്ക് ടീമിനെ ബാധിക്കുന്നുണ്ട്. പേസർമാർ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റൺസേറെ വഴങ്ങിയതും ഹൈദരാബാദിന്റെ തലവേദനയാണ്. ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഉംറാൻ മാലിക്ക് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിക്കറ്റ് വീഴ്‌ത്തിയില്ലെന്ന് മാത്രമല്ല റൺസേറെ വഴങ്ങുകയും ചെയ്തു.

മധ്യനിരയിൽ ഏയ്ഡൻ മാർക്രം ഹൈദരാബാദിന് പ്രതീക്ഷ നൽകുമ്പോൾ ഗ്ലെൻ മാക്‌സ്വെൽ ഫോമിലാവുമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂർ. മുഹമ്മദ് സിറാജ് പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിലും ജോഷ് ഹേസൽവുഡിന്റെയും വാനിനന്ദു ഹസരങ്കയുടെയും ബൗളിംഗും ബാംഗ്ലൂരിന്റെ പ്രതീക്ഷ കൂട്ടുന്നു.

ഐപിഎല്ലിൽ രണ്ടാം മത്സരത്തിൽ ഡൽഹി ചെന്നൈയെ നേരിടും.പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്.
തലമാറിയിട്ടും താളംകണ്ടെത്താനാവാത്ത ചെന്നൈ സൂപ്പർ കിങ്‌സ് പത്ത് കളിയിൽ പത്ത് പോയിന്റുള്ള ഡൽഹിക്ക് ഇനിയെല്ലാം ജീവന്മരണ പോരാട്ടം. പത്തിൽ ഏഴിലും തോറ്റ ചെന്നൈയുടെ വഴികളെല്ലാം അടഞ്ഞുകഴിഞ്ഞു. പ്ലേ ഓഫിലേക്കുള്ള സാധ്യത സാങ്കേതികമായി അവസാനിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണമെന്ന് മാത്രം.

ദുർബലമായ ബൗളിങ് നിരയാണ് നിലവിലെ ചാമ്പ്യന്മാരെ പിന്നിലാക്കിയത്. ബാറ്റർമാരിൽ വമ്പന്മാരുണ്ടെങ്കിലും സ്ഥിരതയില്ല. ക്യാപ്റ്റൻസി ഒഴിഞ്ഞിട്ടും ഫോം കണ്ടെത്താനാവാതെ രവീന്ദ്ര ജഡേജ. ഫിനിഷിംഗിൽ ധോണിക്കും പഴയ ഊർജ്ജമില്ല. റൺമെഷീൻ ഡേവിഡ് വാർണറിനൊപ്പം പൃഥ്വി ഷോ തിരിച്ചെത്തുന്നത് ഡൽഹിക്ക് കരുത്താവും.

ക്യാപ്റ്റൻ റിഷഭ് പന്തിനൊപ്പം റോവ്മാൻ പവലിന്റെ കൂറ്റൻ ഷോട്ടുകൾ മധ്യനിരയുടെ ദൗർബല്യങ്ങൾക്ക് പരിഹാരമാവും. ഷാർദുൽ താക്കൂറും, കുൽദീപ് യാദവും, ആന്റിച് നോർകിയയും ഉൾപ്പെട്ട ബൗളിങ് നിരയും ചെന്നൈയ്ക്ക് ഭീഷണിയാവും. ഇരുടീമും മുൻപ് ഏറ്റുമുട്ടിയത് 26 കളിയിൽ. ചെന്നൈ പതിനാറിലും ഡൽഹി പത്തിലും ജയിച്ചു.

കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ ഉൾപ്പടെ ഇരുടീമും ഏറ്റുമുട്ടിയത് മൂന്ന് തവണ. ലീഗ് റൗണ്ടിൽ രണ്ടിലും ഡൽഹി ജയിച്ചപ്പോൾ പ്ലേ ഓഫിൽ ജയം ചെന്നൈയ്‌ക്കൊപ്പം. ഇത് തന്നെയാണ് ഡൽഹിയുടെ ചങ്കിടിപ്പ് കൂട്ടുന്ന കാര്യവും. മുൻ സീസണുകളിലും നിർണായക പോരാട്ടങ്ങളിൽ ചെന്നൈക്ക് മുന്നിൽ ഡൽഹിക്ക് കാലിടറിയിട്ടുണ്ട്.

ഈ സീസണിൽ കളിച്ച പത്തിൽ ഏഴ് കളികളിലും തോറ്റ ചെന്നൈക്ക് നഷ്ടപ്പെടാൻ ഇനി അധികൊമുന്നുമില്ല. അതുകൊണ്ടുതന്നെ ഇന്ന് ജയിക്കാനുള്ള സമ്മർദ്ദം മുഴുവൻ റിഷഭ് പന്തിന്റെ തലയിലാവും. സീസണിൽ ചെന്നൈ ജയിച്ച മൂന്ന് കളികളിൽ രണ്ടും ഇന്ന് മത്സരം നടക്കുന്ന ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ്. ഡൽഹി ഇവിടെ ഒരു തവണ മാത്രമെ തോറ്റിട്ടുള്ളു. ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP