Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന ആളുകളെ വിളിച്ച് കോലിയക്കോട് കൃഷ്ണൻ നായർ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നു; എന്താ മുരളീ രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ചോ എന്ന് ചോദിച്ച് എകെജി സെന്ററിലേക്ക് വിളിച്ച് വരുത്തി വി എസ് ക്ഷോഭിച്ചെന്നും മുൻ ജില്ലാ സെക്രട്ടറി; കോലിയക്കോടിനെ വീണ്ടും വെല്ലുവളിച്ച് പിരപ്പിൻകോട് മുരളി; 1997ലെ പാർട്ടി രഹസ്യരേഖയും പുറത്ത്

ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന ആളുകളെ വിളിച്ച് കോലിയക്കോട് കൃഷ്ണൻ നായർ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നു; എന്താ മുരളീ രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ചോ എന്ന് ചോദിച്ച് എകെജി സെന്ററിലേക്ക് വിളിച്ച് വരുത്തി വി എസ് ക്ഷോഭിച്ചെന്നും മുൻ ജില്ലാ സെക്രട്ടറി; കോലിയക്കോടിനെ വീണ്ടും വെല്ലുവളിച്ച് പിരപ്പിൻകോട് മുരളി; 1997ലെ പാർട്ടി രഹസ്യരേഖയും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഎമ്മിനെ പിടിച്ചു കുലുക്കി പിരപ്പിൻകോട് മുരളിയുടെ ആത്മകഥയിൽ ചർച്ച. ഈ വിവാദത്തിൽ ആരും പക്ഷം പിടിക്കരുതെന്ന നിർദ്ദേശം സിപിഎം സംസ്ഥാന നേതൃത്വം തിരുവനന്തപുരത്തെ നേതാക്കൾക്ക് നൽകി കഴിഞ്ഞു. നാടക പ്രവർത്തകനും സാസ്‌കാരിക മുഖവുമായ പിരപ്പിൻകോട് രാഷ്ട്രീയത്തിന് അതീതമായ സമ്മതിയുള്ള നേതാവാണ്. എന്നും അച്ചടക്കത്തിന് പ്രാധാന്യം നൽകിയ നേതാവിന്റെ തുറന്നുപറച്ചിൽ സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

അതിനിടെ കോലിയക്കോട് കൃഷ്ണൻ നായർക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി പിരപ്പൻകോട് മുരളി രംഗത്തുവന്നു. താൻ എംഎ‍ൽഎ ആയിരുന്ന പത്തുവർഷവും കോലിയക്കോട് വികസനപ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചെന്ന് പിരപ്പൻകോട് മുരളി പറഞ്ഞു. കോലിയക്കോടിനെതിരെ ആത്മകഥയിൽ പറഞ്ഞ കാര്യങ്ങൾക്കെല്ലാം പാർട്ടി രേഖകൾ തെളിവായുണ്ടെന്നും നിയമനടപടി നേരിടാൻ തയ്യാറാണെന്നും പിരപ്പൻകോട് മുരളി വെല്ലുവിളിച്ചു. ഇതേസമയം കോലിയക്കോടിനെതിരായ പരാമർശങ്ങളടങ്ങിയ സിപിഎമ്മിന്റെ 1997ലെ പ്രവർത്തനറിപ്പോർട്ടും പുറത്തു വന്നു.

വാമനപുരത്ത് 1996ലെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്നതടക്കം പിരപ്പൻകോട് മുരളിയുടെ ആത്മകഥയിൽ തനിക്കെതിരെ പറഞ്ഞതെല്ലാം കള്ളമെന്നായിരുന്നു തിരുവനന്തപുരത്തെ മുതിർന്ന സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻനായർ പറഞ്ഞത്. പറഞ്ഞതെല്ലാം പാർട്ടിരേഖകളുടെ പിൻബലത്തോടെയെന്ന് പിരപ്പൻകോട് മുരളി തിരിച്ചടിച്ചു. ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന ആളുകളെ വിളിച്ച് കോലിയക്കോട് കൃഷ്ണൻ നായർ ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ്. താൻ എംഎ‍ൽഎ ആയിരുന്ന കാലയളവിൽ മത്തനാട് പാലം പണിയടക്കമുള്ള വികസനപദ്ധതികൾ തടസപ്പെടുത്താനും ശ്രമിച്ചു.

കരംതീരുവയുടെ അടിസ്ഥാനത്തിലാണ് പാർട്ടി അംഗത്വമെന്ന് കരുതുന്നില്ലെന്നും ആത്മകഥയിലെ തുറന്നുപറച്ചിലിന്റെ പേരിൽ നടപടിയുണ്ടായാൽ കുഴപ്പമില്ലെന്നും പിരപ്പൻകോട് മുരളി തുറന്നടിച്ചു. വഞ്ചിയൂർ ഏരിയകമ്മറ്റിയംഗമാണ് പിരപ്പൻകോട് മുരളി. കോലിയക്കോട് കൃഷ്ണൻനായർ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവും. ഇതേസമയം കോലിയക്കോടിനെതിരായ കുറ്റപത്രമുള്ള 1997ൽ ബാലരാമപുരത്തു നടന്ന ജില്ലാ സമ്മേളനത്തിലെ പ്രവർത്തനറിപ്പോർട്ട് പുറത്തുവന്നു. 96ലെ തിരഞ്ഞെടുപ്പിൽ കോലിയക്കോട് ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമെന്നാണ് പ്രവർത്തനറിപ്പോർട്ടിൽ പറയുന്നത്.

സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രചാരണ വേദിയിൽ വരെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനും പാർട്ടി വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിയിലേക്ക് എത്തിക്കാനും കോലിയക്കോട് കൃഷ്ണൻ നായർ പരിശ്രമിച്ചെന്നാണ് പിരപ്പൻകോട് മുരളിയുടെ തുറന്ന് പറച്ചിൽ. പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിച്ച് വരുന്ന ആത്മകഥയിലാണ് ഇത്തരം പരാമർശങ്ങളുള്ളത്. എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ എന്ന പേരിലാണ് പിരപ്പൻകോട് മുരളി ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. 1996 വാമനപുരം മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയപ്പോൾ നേരിട്ട പ്രതിസന്ധികളാണ് പുതിയ ലക്കത്തിന്റെ ഉള്ളടക്കം.

'സുശീലാ ഗോപാലന്റെ പേരായിരുന്നു വാമനപുരം മണ്ഡലത്തിലേക്ക് സിപിഎം സംസ്ഥാന സമിതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ബഹുമാന്യയായ സുശീല ഗോപാലൻ മണ്ഡലത്തിലേക്ക് പരിഗണിക്കാവുന്ന ആളല്ലെന്നായിരുന്നു തന്റെ അഭിപ്രായം എന്നും അത് പാര്ട്ടി വേദിയിൽ പറഞ്ഞു. ഗീനാ കുമാരിയുടെ പേരാണ് പകരം പറഞ്ഞെതെങ്കിലും അവർക്ക് മത്സരിക്കാനുള്ള പ്രായമായിട്ടില്ലെന്ന് മനസിലായത് പിന്നീടാണ്. കല്ലറ രമേശൻ നായരുടെ പേര് പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും ആനത്തലവട്ടം ആനന്ദനും കടകംപള്ളി സുരേന്ദ്രനും ചേർന്നാണ് തന്റെ പേര് നിർദ്ദേശിച്ചതെന്നും പിരപ്പൻകോട് മുരളി ഓർക്കുന്നു.

'പ്രാഥമിക ചർച്ചകൾക്ക് ശേഷമാണ് സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് അണിയറയിൽ നടന്ന പല നാടകങ്ങളും ഞാൻ മനസിലാക്കിയത്. കേന്ദ്ര കൺട്രോൾ കമ്മീഷന്റെ ഔദാര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സഹായിക്കാനായി പാർട്ടി മെമ്പർഷിപ്പിൽ കയറിപ്പറ്റിയ കൃഷ്ണൻ നായർ പാർട്ടിയിലെ ഉന്നതനായ നേതാവിന്റെ സഹായത്തോടെ അന്ന് തിരുവനന്തപുരത്തിന്റെ ചുമതല ഉണ്ടായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ചടയൻ ഗോവിന്ദനെ നേരിൽ കണ്ട് ചില വസ്തുതകൾ ബോധിപ്പിച്ചു. പിരപ്പിൻകോട് മുരളിക്ക് ഏറെ നാളായി വാമനപുരം മണ്ഡലത്തിൽ യാതൊരു ബന്ധവും ഇല്ല. വാമനപുരം ഉൾപ്പെടുന്ന വെഞ്ഞാറമൂട് ഏര്യാകമ്മിറ്റി മുരളിയുട സ്ഥാനാർത്ഥിത്വം എതിർക്കുന്നു.

തന്നെയുമല്ല മുരളിക്ക് സ്ഥാനാർത്ഥിയാകാൻ വേണ്ടിയാണ് കൃഷ്ണൻ നായരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്ന ധാരണയാണ് ജനങ്ങൾക്കിടയിലുണ്ട്. എംഎൽഎ എന്ന നിലയിൽ കൃഷ്ണൻ നായർ ബഹുജന സമ്മതനാണ്. ഈ പശ്ചാത്തലത്തിൽ സുശീലാ ഗോപാലനെ പോലൊരാളെ സ്ഥാനാർത്ഥിയാക്കിയാൽ മുരളിയും കൂടെ നിൽക്കുന്നവരും എതിർക്കില്ല. ഒരു തെരഞ്ഞെടുപ്പ് നേരിടാനുള്ള പണം മുരളിക്കില്ല. പണം ഉണ്ടാക്കാൻ മുരളിക്ക് അറിയില്ല. അതുകൊണ്ട് സുശീലാ ഗോപാലനെ തന്നെ സ്ഥാനാർത്ഥിയാക്കണം.' ഇത്രയും കാര്യങ്ങൾ കോലിയക്കോട് കൃഷ്ണൻ നായർ ചടയൻ ഗോവിന്ദനെ ബോധ്യപ്പെടുത്തിയെന്നും പിരപ്പൻകോട് മുരളി ആത്മകഥയിൽ പറയുന്നു.

എന്താ മുരളീ രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ചോ എന്ന് ചോദിച്ച് എകെജി സെന്ററിലേക്ക് വിളിച്ച് വരുത്തി വി എസ് ക്ഷോഭിച്ചെന്നും തുടർന്നാണ് സ്ഥാനാർത്ഥിയാകുന്നതെന്നും പിരപ്പൻകോട് മുരളി പറയുന്നു. ഏറെ അടുപ്പക്കാരയായിരുന്ന സികെ സീതാറാമായിരുന്നു എതിർ സ്ഥാനാർത്ഥി. ഔദ്യോഗിക പാർട്ടി നേതൃത്വം പക്ഷെ നിഷ്‌ക്രിയമായി ഇരുന്നില്ല, പാങ്ങോട് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശികലയുടെ വീട്ടിലും കല്ലറ പഞ്ചായത്ത് പ്രസിഡന്റ് മീനാംബികയുടെ വീട്ടിലും പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള യോഗം കോലിയക്കോട് കൃഷ്ണൻനായരുടെ നേതൃത്വത്തിൽ ചേർന്നെന്നും പിരപ്പൻകോട് മുരളി പറയുന്നു. വിവരം മീനാംബിക തന്നെ പാർട്ടി ജില്ലാ സെക്രട്ടറിയെ അറിയിച്ചതോടെയാണ് കോലിയക്കോടിന്റെ അട്ടിമറി നീക്കം പൊളിഞ്ഞതെന്നും പിരപ്പൻകോട് മുരളി പറയുന്നു.

2018 വരെ സിപിഎം സംസ്ഥാന സമിതിയിൽ അംഗമായിരുന്നു പിരപ്പൻകോട് മുരളി. തൃശ്ശൂർ സമ്മേളനത്തിൽ പ്രായം പറഞ്ഞാണ് മുരളിയെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കുന്നത്. എന്നാൽ മുരളിയേക്കാൾ പ്രായക്കൂടുതലുള്ള കോലിയക്കോടിനെ നിലനിർത്തിയതിൽ അതൃപ്തനായിരുന്നു. കഴിഞ്ഞ വർഷം വരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്നു. കടുത്ത വി എസ് അനുകൂലി കൂടിയാണ് പിരപ്പിൻകോട് മുരളി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP