Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രത്തിൽ ഇടപെടുമ്പോൾ

ചരിത്രത്തിൽ ഇടപെടുമ്പോൾ

ഷാജി ജേക്കബ്‌

'Literature is not a discourse that can or must be false... it is a discourse that, precisely, cannot be subjected to the test of truth; it is neither true nor false, to raise this question has no meaning: this is what defines its very status as 'fiction'.'

- Tzvetan Todorov 

മിഗ്വെൽ സെർവാന്റിസിന്റെ 'ഡോൺ ക്വിക്‌സോട്ട്' മുതൽ ഇന്നുവരെ, നോവലും ചരിത്രവും തമ്മിലുള്ള ബന്ധംപോലെ ഇത്രമേൽ സിദ്ധാന്തവൽക്കരിക്കപ്പെട്ടിട്ടുള്ള മറ്റൊരു ഭാവുകത്വപ്രശ്‌നമില്ല. ഇക്കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലം രൂപം കൊണ്ട കഥാസാഹിത്യസൗന്ദര്യശാസ്ത്രങ്ങളും ചരിത്രവിജ്ഞാനീയതത്വങ്ങളും മുൻപെന്നത്തെക്കാളുമധികം ഈ വിഷയത്തെ പലനിലകളിൽ അഭിസംബോധന ചെയ്തിട്ടുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായ പരികല്പനകളിലൊന്നാണ് ലിൻഡാഹച്ചിയൺ മുന്നോട്ടുവച്ച Historiographic Metafiction - ചരിത്രവിജ്ഞാനീയപരമായ അതികഥനം.

          ഹെയ്ഡൻ വൈറ്റ് തൊട്ടുള്ളവർ അവതരിപ്പിച്ച അധിചരിത്ര(Meta history)സമീപനങ്ങളും വില്യംഗസ്സ് തൊട്ടുള്ളവർ വിശദീകരിച്ച അധികഥാ(Meta fiction)സങ്കല്പനവും സ്വെറ്റൻ ടൊഡറൊവിനെപ്പോലുള്ളവർ ഉന്നയിച്ച ഘടനാവാദസിദ്ധാന്തങ്ങളും ഫ്രെഡറിക് ജയിംസണുൾപ്പെടെയുള്ളവർ പിൻപറ്റുന്ന നവമാർക്‌സിയൻ പ്രത്യയശാസ്ത്രതത്വങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് ഹച്ചിയൺ തന്റെ സംജ്ഞ രൂപപ്പെടുത്തുന്നത്. 'നോവൽ ചരിത്രത്തോട് ചെയ്യുന്നതെന്താണ്?' എന്ന അടിസ്ഥാനപരമായ ചോദ്യത്തിനുള്ള വിശദീകരണമായി ഇയാൻ വാട്‌സൺന്റെ 'Chekhov's Journey' എന്ന രചനയിൽ നിന്നുള്ള ഒരു ഭാഗം ഹച്ചിയൻ ഉദ്ധരിക്കുന്നു. 'Past events can be altered. History gets rewritten. Well, we've just found that this applies to the real world too... Maybe the real history of the world is changing constantly? And why? Because history is a fiction. It's a dream in the mind of humanity, forever striving... towards what? Towards perfection'.

          തുടർന്ന്, ചരിത്രം ഒരു സ്വപ്നം മാത്രല്ല, ഓഷ്‌വിറ്റ്‌സും മറ്റും തെളിയിക്കുന്നതുപോലെ ഒരു ദുഃസ്വപ്നം കൂടിയാണ് എന്ന ജയിംസ് ജോയ്‌സിന്റെ വാക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചരിത്രത്തെ നോവലുകളിൽ പ്രശ്‌നവൽക്കരിക്കുന്നതിന്റെ നിരവധിയായ സാധ്യതകൾ അവർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

നോവൽ ചരിത്രം പോലെ എഴുതുകയും ചരിത്രം നോവൽ പോലെ വായിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കലാവിദ്യയാണ് ചരിത്രവിജ്ഞാനീയപരമായ അതികഥനം. സാഹിത്യഭാവനയെ ചരിത്രവിജ്ഞാനീയത്തോടും രാഷ്ട്രീയവ്യവഹാരത്തോടും കൂട്ടിയിണക്കുന്ന മാന്ത്രികത. നോവലിലാണ് നില. ചരിത്രത്തിലേക്കാണ് നോട്ടം. രാഷ്ട്രീയമാണ് കാഴ്ച. സാഹിത്യഭാവനക്കു കൈവരുത്തുന്ന അപൂർവമായ ഉൾക്കാഴ്ചകളിലൂടെ ചരിത്രവ്യവഹാരത്തെ നോവൽപാഠവുമായും തിരിച്ചും സമീകരിക്കുന്ന ആധുനികാനന്തരതയുടെ കാവ്യശാസ്ത്രപദ്ധതി.

മലയാളനോവലിൽ ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടിലധികം കാലം ചരിത്രത്തെ ഭാവനാത്മകമായി പുനർനിർണയിച്ചും നോവലിനെ ചരിത്രാത്മകമായി പുനർനിർവചിച്ചും നടക്കുന്ന ആഖ്യാനപരീക്ഷണങ്ങളുടെ ഇങ്ങേയറ്റത്ത് സംഭവിച്ച ശ്രദ്ധേയമായ രചനയാണ് എസ്. ഹരീഷിന്റെ ഓഗസ്റ്റ് 17. അ-ചരിത്ര(A-history)ഭാവന, അപചരിത്ര(de-historicisation)വൽക്കരണം, വ്യാജചരിത്ര(pseudo history)നിർമ്മിതി എന്നൊക്കെ വിമർശിക്കപ്പെടാവുന്ന മട്ടിൽ മലയാള നോവൽവായനക്കാരെ അമ്പരപ്പിക്കുന്ന കൃതി. ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യാചരിത്രത്തെ പൊതുവിലും തിരുവിതാംകൂർ ചരിത്രത്തെ സവിശേഷമായും പുനർവിഭാവനം ചെയ്തുകൊണ്ടും സംഭവിച്ച ചരിത്രത്തെ ഭാവിതചരിത്രംകൊണ്ട് മാറ്റിപ്രതിഷ്ഠിച്ചും അധികഥയുടെയും ചരിത്രവിജ്ഞാനീയത്തിന്റെയും ആഖ്യാനസാധ്യതകളെ 'ഗോവർധന്റെ യാത്രകൾ'ക്കുശേഷം അടിമുടി നവീകരിച്ചും രചിക്കപ്പെട്ട നോവൽ. ചരിത്രബോധം, ജാതിവിമർശനം, രാഷ്ട്രീയബുദ്ധി എന്നീ മൂന്നു മണ്ഡലങ്ങളിലും തന്റെ തലമുറയിലെ മറ്റെഴുത്തുകാർക്കാർക്കുമില്ലാത്ത ഭാവബലം കൈവന്ന കഥാകൃത്താണ് ഹരീഷ്. 'ഓഗസ്റ്റ് 17', ഈ മൂന്നു ഭാവമണ്ഡലങ്ങളെയും സാമൂഹ്യവൽക്കരിച്ചും പ്രത്യയശാസ്ത്രവൽക്കരിച്ചും രചിക്കപ്പെട്ട കൃതിയാണ്.

          ചരിത്രം, സാഹിത്യം എന്നീ വ്യവഹാരങ്ങളെ രാഷ്ട്രീയവൽക്കരിച്ചും അപഗൂഢവൽക്കരിച്ചും മലയാളഭാവനയിൽ ആധുനികതാവിമർശനത്തിന് തുടക്കമിട്ട വൈക്കം മുഹമ്മദ് ബഷീറിനെ നായകസ്ഥാനത്തു സങ്കല്പിച്ച് രാഷ്ട്രീയ-ചരിത്രത്തെയും ഭാവനാത്മക-സാഹിത്യത്തെയും അധികഥാവൽക്കരിക്കുന്നു, ഓഗസ്റ്റ് 17. എന്തുകൊണ്ട് ബഷീർ? രാഷ്ട്രീയസാഹിത്യകാരൻ എന്ന നിലയിലും അധി-കഥകളുടെ കർത്താവ് എന്ന നിലയിലും ചരിത്രത്തെ ഭാവനാത്മകതയിൽ പുനർനിർവചിച്ച എഴുത്തുകാരൻ എന്ന നിലയിലും ബഷീർ പുലർത്തിയ ഭാവപരമായ മൗലികതകൾ മലയാളത്തിൽ ഒരനന്വയമാണ്.

          'ചരിത്രരേഖകളോടെന്നതിനെക്കാൾ സത്യത്തോടു ചേർന്നുനിൽക്കേണ്ടിവന്നതിന്റെ ധർമ്മസങ്കടങ്ങളാണ് ബഷീർ ഏറ്റുപറയുന്നത്. സത്യങ്ങളെ ചരിത്രമായി സ്ഥാപിച്ചെടുക്കുകയാണ് ബഷീറിന്റെ സർഗകർമം. കൃതിയുടെ എഴുത്തുകാരനും കൃതിയിലെ ആഖ്യാതാവും ഒരാളാകുന്ന ആത്മകഥകളുണ്ട്. അല്ലാത്തവയുമുണ്ട്. ആത്മകഥ എന്ന പേരിൽ ഒന്നുമെഴുതാതെ തന്നെ ബഷീർ തന്റെ കൃതികളിൽ ആഖ്യാതാവായി നിരന്തരം കടന്നുവന്നു. ഇത് കൃതിയിൽ ഒളിഞ്ഞിരിക്കുന്ന''അയാളോ ഞാനോ' ഒന്നുമല്ല ബഷീർ തന്നെയാണ്. കഥയും ആത്മകഥയും തമ്മിലും കഥയും ചരിത്രവും തമ്മിലും വേർപിരിയുന്നത് എവിടെയാണെന്ന് ബഷീർ ഒരിക്കലും ചോദിച്ചിട്ടില്ല. എഴുത്തും അനുഭവവും തമ്മിലും എഴുത്തും ജീവിതവും തമ്മിലും വേർപിരിയുന്നില്ല എന്നതിരിച്ചറിവാണ് ഇങ്ങനെ ചോദിക്കാതിരിക്കാൻ ബഷീറിനെ പ്രാപ്തനാക്കിയത്.''ആത്മത്തിന്റെ ചരിത്രകാരരാണ്' (Historians of the Self) ആത്മകഥാകൃത്തുക്കൾ എന്ന ലിൻഡാ ആൻഡേഴ്‌സൺന്റെ നിരീക്ഷണം ഓർത്താൽ മതി. മറ്റുപല ആത്മാഖ്യാനങ്ങളെയും പോലെ Pseudo- autobiography കളല്ല ബഷീർ കൃതികൾ. ബോർഹെസിന്റെ കഥകളെക്കുറിച്ചു പറയുന്നതുപോലെ Pseudo -history കളാണ് അവ എന്നുവേണമെങ്കിൽ പറയാമെന്നുമാത്രം. ആഖ്യാതാവിന്റെ സ്വത്വം, പ്രതിനിധാനം, കഥയും യാഥാർത്ഥ്യവും തമ്മിലുള്ള വിഭജനം തുടങ്ങിയവയൊക്കെ പ്രശ്‌നവൽക്കരിക്കുന്ന ഘടകങ്ങളാണ് എഴുത്തിലെ ആത്മാംശവും ആത്മകഥാംശവും. ആത്മകഥ, ജീവചരിത്രം, കഥ, ചരിത്രം എന്നിവക്കു തമ്മിൽതമ്മിലുള്ള സമാനതകളാണ് ആഖ്യാനപരമായ മറ്റൊരു പ്രശ്‌നം. എഴുത്തിലെ ഞാൻ ജീവിതത്തിലെ ഞാൻ തന്നെയായി മാറുന്ന (തിരിച്ചും) എക്കാലത്തെയും വലിയ ആഖ്യാനമാന്ത്രികതയുടെ മണ്ഡലമാണ് ഇവിടെ പ്രശ്‌നവൽക്കരിക്കപ്പെടുന്നത്.

          ആത്മനിഷ്ഠതയെക്കാൾ പറയുന്ന കാര്യങ്ങളുടെ വസ്തുതാപരതയും, ഭാവനയിൽ രൂപപ്പെട്ടതല്ല അവയൊന്നും എന്ന നിലപാടും തെളിയിക്കലാണ് ബഷീറിന്റെ രീതി. അടിമുടി സംഭവ്യത സൃഷ്ടിക്കലാണ്  ബഷീറിന്റെ രചനാതന്ത്രം. ഇത് സാഹിത്യത്തെ ചരിത്രത്തിൽനിന്നു ഭിന്നമായി കാണാതിരിക്കുന്നതുകൊണ്ടാണ്. ചരിത്രത്തിൽ തന്നെത്തന്നെ പ്രതിഷ്ഠിക്കുന്നതിലൂടെ ചരിത്രത്തെ സാധാരണ മനുഷ്യരിലേക്കിറക്കിക്കൊണ്ടുവരുന്ന പ്രക്രിയയിലാണ് ബഷീർ പങ്കുപറ്റുന്നത്. അഥവാ, സാമാന്യ ജീവിതത്തെ ചരിത്രമാക്കി അവതരിപ്പിക്കുന്ന പ്രക്രിയയിലുള്ള പങ്കുപറ്റൽ.

ബഷീറിന്റെ രചനകളിൽ ഏതാണ്ട് മൂന്നിലൊന്നെങ്കിലും തന്റെ സാഹിത്യ രചനകളുടെ പശ്ചാത്തലത്തെയും രചനാ പ്രക്രിയയെയും പ്രസാധനചരിത്രത്തെയുമൊക്ക വിവരിക്കുന്ന അധി - ആഖ്യാന (meta- narrative) ങ്ങളാണെന്നു കാണാം. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നിരന്തരം കടന്നുവരുന്ന ഈ രചനകളും സാഹിത്യ രചനകളുമായി വാസ്തവത്തിൽ ആഖ്യാനപരമായോ അനുഭവവാദപരമായോ യാതൊരു വ്യത്യാസവുമില്ല എന്നതാണ് ശ്രദ്ധേയമായ സംഗതി. ഓർമയുടെ അറകൾ, ഭൂമിയുടെ അവകാശികൾ, എം. പി. പോൾ, നേരും നുണയും തുടങ്ങിയ കൃതികളിലെ ഓരോ രചനയും ഇതിനുദാഹരണമാണ്. 'എഴുത്തി'ന്റെ സാങ്കേതികവും സങ്കല്പനപരവുമായ സാന്നിധ്യം ഒരു രാഷ്ട്രീയമായി മാറുകയാണ്''അനുരാഗത്തിന്റെ ദിനങ്ങൾ',''നേരും നുണയും' തുടങ്ങിയ കൃതികളിൽ. എഴുത്തിൽ തന്നെത്തന്നെ എഴുന്നള്ളിക്കുന്നതിന്റെ ആത്മരതി അനുഭവിക്കുകയായിരുന്നില്ല ബഷീർ. മറിച്ച്, അനുഭവങ്ങളുടെ ആത്മനിഷ്ഠതയ്ക്കപ്പുറം ചരിത്രം നിലനിൽക്കുന്നില്ല എന്ന ഏറ്റവും പ്രസക്തമായ നിലപാട് ആവർത്തിച്ചുറപ്പിക്കുകയായിരുന്നു. തന്റെതന്നെ കുടുംബത്തിലും ചുറ്റുവട്ടത്തും ഒതുങ്ങിനിന്നവയായിരുന്നില്ല, ലോകം മുഴുവൻ പടർന്നുകിടന്നവയായിരുന്നു ഈ അനുഭവമണ്ഡലങ്ങൾ. ആത്മാനുഭവങ്ങൾകൊണ്ടുതന്നെ രാഷ്ട്രീയത്തെയും ചരിത്രത്തെയും വിലയിരുത്തുന്നതിന്റെ ആർജ്ജവം നിരവധി ബഷീർ കൃതികളിലുണ്ട്.

          കേരളീയനവോത്ഥാനത്തിന്റെയും  ആധുനികീകരണത്തിന്റെയും മൂല്യങ്ങൾ ഏറ്റെടുക്കുന്ന സാമൂഹ്യബോധത്തിന്റെയും രാഷ്ട്രീയ വിശ്വാസത്തിന്റെയും ചരിത്രധാരണയുടെയും തലം ഒരുദാഹരണമാണ്. ബഷീർ കൃതികളിലെ രാഷ്ട്രീയ സങ്കല്പങ്ങൾ, സാഹിത്യചർച്ചകൾ, സാംസ്‌കാരിക വിമർശനങ്ങൾ, വിദ്യാഭ്യാസ വിചാരങ്ങൾ, മതജീവിതം, സ്ത്രീവാദം തുടങ്ങിയ ഏതുഘടകവും  രൂപം കൊള്ളുന്നത് ഇത്തരമൊരു അവബോധത്തിൽ നിന്നാണ്.

സി. പി. രാമസ്വാമി അയ്യർക്കെതിരെ എഴുതിയ ലഘുലേഖയുടെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലായ ബഷീർ ആ കാലത്തെ തന്റെ ഒരു ജീവിതാനുഭവം ഇങ്ങനെ വിവരിക്കുന്നു. 'അന്നു തിരുവിതാംകൂർ ഭരിച്ചിരുന്നത് മഹാബ്രാഹ്മണനായ സചിവോത്തമൻ സർ സി പി. രാമസ്വാമി അവർകൾ. അദ്ദേഹത്തിന്റെ പൊലീസുകാരും പൊലീസ് ഇൻസ്‌പെക്ടരും മജിസ്‌ട്രേട്ടും വൈക്കം തലയോലപ്പറമ്പിലുള്ള എന്റെ വീടുവളഞ്ഞ് എന്റെ ബാപ്പയെയും ഉമ്മയെയും സഹോദരിമാരെയും സഹോദരന്മാരെയും വീട്ടിൽനിന്നു പുറത്തിറക്കി മഴയത്തുനിർത്തി 'വൈക്കം മുഹമ്മദ് ബഷീർ' എന്ന പുലയാടിമോൻ രാജദ്രോഹം എഴുതിയ വലതുകൈ ഇഞ്ചിഞ്ചായി ചതച്ചൊടിച്ച് ആ കൂത്തിശ്ശീടെ മകന്റെ നട്ടെല്ല് ചവിട്ടി ഒടിക്കും, എന്നുള്ള മഹത്തായ സന്തോഷവാർത്ത അറിയിച്ചിരുന്നു. അതുകൊണ്ട്  ബഹുമാനപ്പെട്ട സചിവോത്തമൻ സർ സി.പി. രാമസ്വമി അവർകളുടെ മഹനീയ ഓർമക്കായി (എവിടെ നിന്നോ തെണ്ടിത്തിരിഞ്ഞുവന്ന്) എന്റെ കൂടെ താമസിച്ചിരുന്ന ഒരു ഈഴവപയ്യനെ''എടാ സ്വാമി' എന്നു (ഞാൻ) വിളിച്ചിരുന്നു.'''

          കേവലം ഒരു പ്രസ്താവത്തിനപ്പുറത്ത് ബഷീർ ധീരമായി പുലർത്തിയ രാഷ്ട്രീയാവബോധത്തിന്റെ കൗതുകകരമായൊരു പ്രയോഗ മാതൃകയാണ് ഇത്. എഴുത്തിലേക്ക് പരകായ പ്രവേശം നേടിയ സാമൂഹ്യ വിമർശനത്തിന്റെയും രാഷ്ട്രീയ വിമർശനത്തിന്റെയും അധികാരത്തിനെതിരെയുള്ള നിരന്തരമായ സമരത്തിന്റെയും സത്യവാങ്മൂലം.

          1951 ലെഴുതിയ 'മുച്ചിട്ടുകളിക്കാരന്റെ മകൾ' എന്ന രചനയിലാണെന്നുതോന്നുന്നു, ബഷീർ ആദ്യമായി''വിനീതനായ ചരിത്രകാരൻ' എന്ന് സ്വയം വിളിക്കുന്നത്.''മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ഈ ചരിത്രകഥയുടെ സുന്ദരമായ ഗുണപാഠം നേരത്തേ അങ്ങു പറഞ്ഞേക്കാം' എന്നാരംഭിക്കുന്ന ഈ കഥയിൽ സാഹിത്യത്തെ ചരിത്രമാക്കി മാറ്റുന്നതിന്റെ മുഴുവൻ ആഖ്യാന കലകളും ബഷീർ പരീക്ഷിക്കുന്നു. സസ്‌പെൻസ് ചരിത്രത്തിന്റെ വിഷയമല്ലല്ലോ, സാഹിത്യത്തിന്റെ മാത്രം വിഷയമാണ്. ബഷീർ കഥയുടെ ഗുണപാഠം ആദ്യം പറയുന്നത്, അതൊരു കഥയല്ല ചരിത്രമാണ് എന്നതുകൊണ്ടാണ്. എന്നു മാത്രമല്ല, ആഖ്യാനത്തിലുടനീളം കഥയിലോ ചരിത്രത്തിലോ ഇടപെടാൻ എഴുത്തുകാരനെന്ന നിലയിൽ തനിക്കാവുകയില്ല, കാരണം, ഒരോ കഥാപാത്രവും ചരിത്രത്തിൽ സംഭവിച്ചവരും അവരെക്കുറിച്ചെഴുതുന്നതെല്ലാം ചരിത്രത്തിൽ സംഭവിച്ചവയുമാകയാൽ അവയിൽ തനിക്കൊരു പങ്കുമില്ലെന്നു കൂടി ബഷീർ സൂചിപ്പിക്കുന്നു. സംശയങ്ങൾ നീക്കാൻ അടിക്കുറിപ്പുകളും ഇതര ചരിത്ര ഗ്രന്ഥങ്ങളായ 'ആനവാരിയും പെൻകുരിശും', 'എട്ടുകാലിമമ്മൂഞ്ഞ്' തുടങ്ങിയവയുടെ പേരുകളും ഇതേ കൃതിയിൽ സൂചനകളായി നൽകുന്നു. വായനക്കാരെ ചരിത്ര വിദ്യാർത്ഥികൾ എന്നു തന്നെ ബഷീർ വിളിക്കുന്നു.

ആഖ്യാനത്തിന്റെ ഇതേ തന്ത്രങ്ങൾ തന്നെയാണ് 'സ്ഥലത്തെ പ്രധാന ദിവ്യൻ' എന്ന സമാഹാരത്തിലെ കഥകളിലും ആനവാരിയും പെൻകുരിശും, എട്ടുകാലിമമ്മൂഞ്ഞ് എന്നീകഥകളിലും  ആവർത്തിക്കുന്നത്. 'വിശ്വവിഖ്യാതമായ മൂക്കി'ലെ കഥകളും അങ്ങനെ തന്നെ. വസ്തുതകളും യാഥാർഥ്യങ്ങളും ചരിത്രകഥാപാത്രങ്ങളും പരാമർശിക്കപ്പെടുന്നതുകൊണ്ടല്ല  ഈ കഥകളോരോന്നും ചരിത്രമാകുന്നത്. ചരിത്രമെന്നനിലയിൽ തന്നെ ഇവയുടെ ആഖ്യാനത്തെ ബഷീർ സങ്കല്പിക്കുന്നതുകൊണ്ടാണ്. ഈ സങ്കല്പത്തിന്റെ രാഷ്ട്രീയമാകട്ടെ, ചരിത്രത്തെക്കുറിച്ചു ബഷീർ പുലർത്തുന്ന നിലപാടിന്റെ രാഷ്ട്രീയവുമാണ്. അത്, ചരിത്രം ആരുടേതാണ് എന്ന മുഴങ്ങുന്ന ഒരു ചോദ്യമാണ്. മഹാന്മാരുടെ മാത്രം ജീവിതമോ മഹാസംഭവങ്ങളുടെ മാത്രം രേഖയോ അല്ല ചരിത്രമെന്ന് ബഷീർ തെളിയിക്കുന്നു. ഒപ്പം ആ ധാരണകളോടെ എഴുതപ്പെട്ട ചരിത്രങ്ങൾക്ക് ഗംഭീരങ്ങളായ പാരഡികൾ നിർമ്മിക്കുകയും ചെയ്യുന്നു. ചരിത്രം എന്ന പ്രസ്താവത്തോടെ ബഷീർ അവതരിപ്പിക്കുന്ന കൃതികളിലെ കഥാപാത്രങ്ങളെ നോക്കുക: ആനവാരിരാമൻ നായർ, പെൻകുരിശു തോമ, എട്ടുകാലിമമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പ. മുച്ചീട്ടുകളിക്കാരും കള്ളന്മാരും സ്ഥലത്തെ പ്രധാന ദിവ്യന്മാരായി മാറുന്ന ചരിത്രത്തിന്റെ ഈ പാരഡി മുന്നോട്ടുവയ്ക്കുന്നത് ചരിത്രത്തെക്കുറിച്ചുള്ള ഒരു ജനകീയ രാഷ്ട്രീയാവബോധത്തിന്റെ യുക്തി രേഖകളാണ്. കഥകളെ വ്യാജചരിത്രത്തിന്റെ കലാരേഖകളാക്കി മാറ്റിയ ബോർഹെസിന്റെ രചനകൾ ബഷീർ പരിചയപ്പെട്ടിരുന്നോ എന്നറിയില്ല. 1946 - ൽ പുറത്തിറങ്ങിയിരുന്നു, ബോർഹെസിന്റെ കഥാസമാഹാരമായ 'Ficciones'.'

          'ഓർമ്മക്കുറി'പ്പിലെ കഥകൾ ചരിത്രത്തിന്റെ നേരിട്ടുള്ള ആഖ്യാനങ്ങളാണെങ്കിൽ ഒരു ഭഗവത് ഗീതയും കുറെ മുലകളും പോലുള്ള കഥകൾ ചരിത്രത്തെ സ്വന്തം ജീവിതവും അതിനെത്തന്നെ കഥയുമാക്കി മാറ്റുന്ന അസാധാരണമായ രചനയാണ്. മുണ്ടശ്ശേരിയും കുറ്റിപ്പുഴയും ചങ്ങമ്പുഴയും ഏ കെ ടി കെ എമ്മും എ. ബാലകൃഷ്ണപിള്ളയും എം. പി പോളും കടന്നുവരുന്ന ഈ രചനയിൽ ഒരിടത്തു പറയും പോലെ 'സത്യമായ ചരിത്രം കഥയായെഴുതുന്ന'യാളത്രെ ബഷീർ.''എം. പി പോൾ' എന്ന നീണ്ട കഥയിലേക്ക് കടന്നാൽ ഈയവസ്ഥ കുറെക്കൂടി വ്യക്തമാകും. ബഷീറിന്റെ രാഷ്ട്രീയ ജീവിതം, ദേശീയപ്രസ്ഥാനം, സ്വാതന്ത്ര്യസമരം, ജയിൽ അനുഭവങ്ങൾ,  സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങൾ, കുടുംബജീവിതം എന്നിങ്ങനെ എന്തും ഏതും കടന്നുവരുന്ന കഥകളിലൊന്നും നാം ചരിത്രത്തിനു വെളിയിലുള്ള കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നില്ല. ചരിത്രത്തെ കഥയാക്കുന്നതിലും കഥയെ ചരിത്രമാക്കുന്നതിലും ബഷീറിനുള്ള പാടവം മലയാളത്തിൽ മറ്റൊരെഴുത്തുകാരനുമില്ല. യഥാർഥ സംഭവങ്ങളും വ്യക്തികളും അനുഭവങ്ങളും കഥകളിൽ തുടർച്ചയായി കടന്നുവരുന്നുവെന്നതിലല്ല, അത്തരം കാര്യങ്ങൾ മാത്രം കോർത്തിണക്കിയാലും ഒന്നാന്തരം കഥയായി മാറുമെന്നു തെളിയിച്ചതിലാണ് ബഷീറിന്റെ പ്രതിഭ മൗലികമായി വേറിട്ടുനിൽക്കുന്നത്.

          എഴുത്തിനെയും ചരിത്രത്തെയും ഈ വിധം പ്രശ്‌നവൽക്കരിച്ചും കഥാവൽക്കരിച്ചും അവതരിപ്പിക്കുന്നതിൽ ബഷീർ സ്വീകരിച്ച ആഖ്യാനകലയുടെ മറ്റൊരു സവിശേഷത ഭാഷയിൽ അദ്ദേഹം സൃഷ്ടിച്ച വിപ്ലവങ്ങളാണ്. എഴുത്തിനെത്തന്നെ അപഗൂഢവൽക്കരിച്ചു (de- mystify) കൊണ്ടാണ് ബഷീറിന്റെ ഭാഷ സാഹിത്യത്തെ അപനിർമ്മിക്കുന്ന ഈ മാന്ത്രിക വിദ്യ സ്വായത്തമാക്കിയത്.''മുച്ചീട്ടുകളിക്കാരന്റെ മകൾ'ക്കെഴുതിയ മുഖവുരയിൽ കെ. കേളപ്പൻ പറയുന്നു:''കലയുടെ പാരമ്യം, അതൊരു കലാ സൃഷ്ടിയാണെന്ന പരമാർഥം മറച്ചുവയ്ക്കുക എന്നതാണ്. നമ്മുടെ നാട്ടിൽ എങ്ങുമുള്ള ആഴ്ചച്ചന്തയാണ് നമ്മുടെ കൺമുൻപിൽ കാണുന്നത്. അവിടെ സമുദായത്തിന്റെ പല അട്ടികളിലുമുള്ള ഏതാനും വ്യക്തികളുണ്ടായി എന്നുവരാം. എന്നാൽ അതിന്റെ ഊടും പാവും ഭൂരിപക്ഷം വരുന്ന ഒരട്ടിയാണ്. ആ സമുദായവിഭാഗത്തെയാണ് ബഷീർ ചിത്രീകരിക്കുന്നത്. ബഷീർ അവരിലൊരാളായി മാറിയിരിക്കുകയാണ്. അതാണ് അദ്ദേഹത്തിന്റെ പാടവം. അതാണ് സാധാരണ കലാകാരനു സാധിക്കാത്തത്'.

ബഷീറിനെ നായകനാക്കുക മാത്രമല്ല, കാലത്തെ എഴുത്തുകൊണ്ടു മറികടന്ന ബഷീറിയൻ സാഹിത്യഭാവനകൾക്കും ചരിത്രബോധങ്ങൾക്കും ഒരു കാലാന്തരപാഠം നിർമ്മിക്കുകകൂടിയാണ് ഹരീഷ്.

          സംഭവിച്ചത് മറ്റൊരു വിധമായിരുന്നെങ്കിൽ; രണ്ടാമതൊരവസരം കിട്ടിയിരുന്നെങ്കിൽ; കാലം കുഴമറിഞ്ഞിരുന്നെങ്കിൽ; ഭ്രാന്തിനും ഓർമകൾക്കും ആഖ്യാനപദവി കൈവന്നിരുന്നെങ്കിൽ.... എന്നിങ്ങനെ ചരിത്രത്തെക്കുറിച്ചുണ്ടായിട്ടുള്ള അംഗീകൃതവും വ്യവസ്ഥാപിതവുമായ ആഖ്യാനങ്ങളുടെ വിപരീതങ്ങൾ തേടാനുള്ള സാധ്യതകളന്വേഷിക്കുകയാണ് ഹരീഷിന്റെ ഭാവന. 'ചരിത്രം ശരിക്കും ഒരു നോവൽ തന്നെയാണ്' എന്ന ഹെയ്ഡൻവൈറ്റിന്റെ നിരീക്ഷണത്തെ നോവലിന്റെ കലയിൽ സാക്ഷാത്കരിച്ച റുഷ്ദിയെപ്പോലുള്ളവരെ ഓർമ്മിപ്പിക്കുംവിധം ഹരീഷ് മലയാള നോവൽഭാവനയെ സങ്കല്പനപരമായും സാങ്കേതികമായും ബഹുദൂരം മുന്നോട്ടുകൊണ്ടുപോകുന്നു.

          ബ്രിട്ടീഷ് ഭരണത്തിൽനിന്ന് 1947ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ആ രാജ്യത്തിന്റെ ഭാഗമായി മാറാതെയും ഐക്യകേരളത്തിൽ ലയിക്കാതെയും തിരുവിതാംകൂർ സ്വതന്ത്ര റിപ്പബ്ലിക്കായി നിലനിന്നു എന്ന ഒരു ഭിന്ന ചരിത്രപാഠം നിർമ്മിക്കുകയാണ് ഓഗസ്റ്റ് 17. 1947 ഓഗസ്റ്റ് 17 നാണ് തിരുവിതാംകൂർ രാജ്യം പ്രഖ്യാപിക്കപ്പെടുന്നതും സി. പി. രാമസ്വാമി അയ്യർ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നതും. അതിനു മുൻപും പിൻപുമുള്ള തിരുവിതാംകൂർ രാഷ്ട്രീയത്തിന്റെ സമാന്തരവും ഭാവിതവുമായ പ്രതിചരിത്രങ്ങളിലൂടെയാണ് നോവൽ രൂപം കൊള്ളുന്നത്; ചരിത്രം നോവലല്ലാതെ മറ്റൊന്നുമല്ല എന്നു തെളിയിച്ചുകൊണ്ട്.

          1939ലാണ് കഥാരംഭം. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഉത്തരവാദഭരണപ്രക്ഷോഭത്തിന്റെ സന്ദർഭം. നാടുഭരിക്കുന്ന മഹാരാജാവിനെക്കാൾ രാജാവിനെ ഭരിക്കുന്ന ദിവാൻ സി.പി.യായിരുന്നു സമരക്കാരുടെ മുഖ്യ എതിരാളിയും നോവലിലെ (ചരിത്രത്തിലെയും) പ്രതിനായകനും. പ്രക്ഷോഭകരുടെ നീക്കങ്ങൾ മനസ്സിലാക്കി ദിവാനെ അറിയിക്കാൻ നിയോഗിക്കപ്പെട്ട ചാരനാണ് നോവലിന്റെ ആഖ്യാതാവും ഒരർഥത്തിൽ അർധനായകനും. ഊരും പേരും വേഷവും ഭാഷയും പ്രകൃതവും മാറ്റി തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും അയാൾ നടത്തുന്ന യാത്രകളും കണ്ടറിയുന്ന കാഴ്ചകളും പങ്കെടുക്കുന്ന രാഷ്ട്രീയപ്രവർത്തനങ്ങളുമാണ് നോവലിന്റെ ഇതിവൃത്തവും നോവലിലെ രഹസ്യചരിത്രവും. ആ ചാര-ചരിത്രത്തിന് അയാൾ നിർമ്മിച്ചുകൊടുക്കുന്ന നായകനാണ് ബഷീർ. ആലപ്പുഴ, കൊച്ചി, കൊല്ലം, തൃശൂർ, തിരുവനന്തപുരം, തിരുവമ്പാടി എന്നിങ്ങനെ ചാരൻ ഏറെക്കാലം പാർക്കുന്ന ഇടങ്ങളിലെല്ലാം ബഷീറാണ് അയാളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മനുഷ്യൻ. സമാന്തരമായി ബഷീറിയൻസാഹിത്യഭാവനയെ ആദ്യന്തം പിന്തുടരുന്ന രാഷ്ട്രീയവായനയുമാകുന്നു, ഓഗസ്റ്റ് 17. കഥയും ജീവിതവും ഉടലും നിഴലും പോലെ ഇഴപിരിയുന്ന ആഖ്യാനം. മെറ്റഫിക്ഷന്റെ സൗന്ദര്യസാധ്യതകൾ ഇത്രമേൽ രാഷ്ട്രീയസൂക്ഷ്മമായി ആനന്ദും മുകുന്ദനുമല്ലാതെ മറ്റാരും മലയാളത്തിലാവിഷ്‌ക്കരിച്ചിട്ടില്ല.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സമരപ്രക്ഷോഭങ്ങൾ, സമ്മേളനങ്ങൾ, നേതൃനീക്കങ്ങൾ, ഉത്തരവാദഭരണപ്രക്ഷോഭത്തിന്റെ അലയിളക്കങ്ങൾ തുടങ്ങിയവ ഒരു വശത്ത്. അവയെല്ലാം രഹസ്യമായി നിരീക്ഷിക്കുന്ന ചാരന്റെ കണ്ടറിയലുകൾ മറുവശത്ത്. ഭാസി, അവറാച്ചൻ, ചക്രപാണി, ലാസർ, ജോൺ തുടങ്ങിയ പേരുകളിൽ പല നാടുകളിലും പാർട്ടിഓഫീസുകളിലും ജയിലിൽപോലും അയാൾ ജീവിക്കുന്നു. കോൺഗ്രസ് നേതാക്കളുടെ വിശ്വസ്തനും പല സമരങ്ങളുടെയും ആസൂത്രകനും ചിലതിൽ പങ്കാളിയുമായി മാറുന്നു, ഭാസി. ഏ.കെ. പിള്ള, പൊന്നറ ശ്രീധർ, കെ. ബാലകൃഷ്ണൻ, സി. കേശവൻ, പട്ടം താണുപിള്ള, ടി.എം. വർഗീസ്, കുമ്പളത്തു ശങ്കുപ്പിള്ള, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ്, കെ.സി. ജോർജ്, ടി.വി. തോമസ്, പി.ടി. പുന്നൂസ്, പി.ടി. ചാക്കോ, എം.എൻ. ഗോവിന്ദൻനായർ, വർഗീസ് വൈദ്യൻ, ടി.കെ. ദിവാകരൻ, എൻ. ശ്രീകണ്ഠൻനായർ, എ.എം. വർക്കി, വി.വി. വർക്കി, മത്തായി മാഞ്ഞൂരാൻ, കെ.സി.എസ്. മണി, ജി. ജനാർദ്ദനക്കുറുപ്പ്, ഏ.കെ. ഗോപാലൻ, ഇ.എം.എസ്, കെ.വി. പത്രോസ്, ഫ്രാങ്കോ രാഘവൻപിള്ള.... തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നിരവധി നേതാക്കളുടെ സജീവരാഷ്ട്രീയപ്രവർത്തനങ്ങളാണ് നോവലിന്റെ ഇതിവൃത്തത്തിന്റെ സിംഹഭാഗം. സമാന്തരമായി ഗാന്ധിയും നെഹ്രുവും ഇന്ദിരയും സി.പി.യും സോമർസെറ്റ്‌മോമും സവർക്കറും ഗോഡ്‌സെയും.

          ഐക്യകേരളപ്രസ്ഥാനം, സി.പി.യെ വധിക്കാൻ നടത്തിയ ശ്രമം തുടങ്ങിയവക്കു പുറമെ സ്വതന്ത്രതിരുവിതാംകൂറിലെ സി.പി.ഭരണം, സി.പി.യുടെ ഭരണം അവസാനിപ്പിച്ച ജനമുന്നേറ്റം, അക്കാമ്മ ചെറിയാൻ പ്രധാനമന്ത്രിയായത്, അവരെ അട്ടിമറിച്ച കമ്യൂണിസ്റ്റ് നീക്കം തുടങ്ങിയവയിലൂടെ മൂന്നുപതിറ്റാണ്ടുകാലത്തെ തിരുവിതാംകൂറിന്റെ പ്രതിചരിത്രരചന പൂർത്തിയാക്കുന്നു, ഹരീഷ്. ഇതിനിടയിൽ ചാരന് സംഭവിക്കുന്ന മൂന്നു ജീവിതവ്യതിയാനങ്ങളുമുണ്ട്. ഒന്ന്, മലബാർ കുടിയേറ്റക്കാർക്കൊപ്പം ചേർന്ന് നടത്തിയ ഒരു യാത്രയിൽ കണ്ടുമുട്ടുന്ന ദേവസ്യ, ഏലിക്കുട്ടി എന്നിവരുമായുണ്ടാകുന്ന ആത്മബന്ധം. രണ്ട്, ഗാന്ധിവധത്തിന്റെ ഗൂഢാലോചനയിൽ പങ്കുചേരാൻ സവർക്കറെയും ഗോഡ്‌സെയെയും കണ്ടുമുട്ടുന്നതും സി.പി.യുടെ ബന്ധമുപയോഗിച്ച് ഗ്വാളിയർ രാജകുടുംബത്തിൽനിന്ന് ഗോഡ്‌സെക്ക് തോക്ക് വാങ്ങിനൽകുന്നതും. മൂന്ന്, ഗാന്ധിവധത്തെത്തുടർന്ന് ആദ്യം ബഷീറിനും പിന്നെ ചാരനും ഭ്രാന്തുപിടിക്കുന്നത്.

          കോൺഗ്രസ് സമ്മേളനങ്ങളിൽ ഗുസ്തിക്കാരനായി രംഗപ്രവേശം ചെയ്യുന്ന ബഷീറുമായി ഭാസി ഗുസ്തിപിടിക്കുക മാത്രമല്ല, ജീവിതാന്ത്യം വരെ നീളുന്ന ഒരാത്മബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഭാസിയുടെ ജീവിതമൂല്യങ്ങളും തൊഴിലും തമ്മിലുള്ള അസാധ്യസംഘർഷത്തിനടിസ്ഥാനം ബഷീർ സൃഷ്ടിക്കുന്ന അപാരമായ മാനവികതാബോധ്യങ്ങളാണ്. ചാരപ്പണിയിലും എഴുത്തിലും രതിയിലും ഭ്രാന്തിലും ഗൂഢാലോചനകളിലും ഹിംസകളിലുമൊക്കെ അയാളെ ബഷീർ ഉടലിനുമുന്നിൽ സദാനടക്കുന്ന നിഴൽപോലെ നിയന്ത്രിക്കുന്നു.

          സ്വതന്ത്രതിരുവിതാംകൂറായതിനുശേഷം ചാരന് ചാരജീവിതം സാധ്യമല്ലാതാകുന്നു. അതോടെ അയാളും ഒരു ബഷീർകഥാപാത്രത്തെപ്പോലെ തന്റെ വിധിയന്വേഷിച്ച് പലായനം തുടങ്ങുന്നു. ഒടുവിൽ ആർക്കും വേണ്ടാതെ കാലത്തിന്റെ തമോഗർത്തത്തിൽ മാഞ്ഞുമറയുന്നു.

അസാധാരണമായ ഭാവധ്വനികൾ പേറുന്ന നിരവധി കഥാലോകങ്ങൾ ഓഗസ്റ്റ് 17ൽലുണ്ട്. ഈ നോവലിന്റെ കഥാപ്രപഞ്ചത്തെ മൗലികമാക്കുന്ന സവിശേഷസന്ദർഭങ്ങളും ഇവതന്നെയാണ്. എഴുതപ്പെട്ട ചരിത്രങ്ങളിൽ നാം കാണാത്തവരല്ല മേല്പറഞ്ഞ കഥാപാത്രങ്ങളാരും. അവർ തമ്മിലുള്ള ബന്ധങ്ങളിലും അവർ നിർവഹിക്കുന്ന ചരിത്രധർമ്മങ്ങളിലും അതിലൂടെ അവർ ചരിത്രത്തിനു നിർമ്മിച്ചുനൽകുന്ന പാഠഭേദങ്ങളിലുമാണ് ഹരീഷിന്റെ ഇടപെടൽ.

          സി.പി.വധശ്രമത്തിൽ വർഗീസ് എന്ന കഥാപാത്രത്തെ കൊണ്ടുവന്ന് കെ.സി.എസ്. മണിയുടെ അതിജീവനത്തെ മാത്രമല്ല തിരുവിതാംകൂർ രാഷ്ട്രീയത്തിന്റെ സാമുദായിക സമവാക്യങ്ങളിലും ഭാവിയിലേക്കുള്ള ഒരു രക്തരേഖ നീട്ടിവരയ്ക്കുന്നത്, സി.പി.യും സോമർസെറ്റ്‌മോമും തമ്മിലുള്ള കൂടിക്കാഴ്ചയിലൂടെ തിരുവിതാംകൂർ രാഷ്ട്രീയത്തിനു സൃഷ്ടിച്ചുനൽകുന്ന രാജ്യാന്തര മാനങ്ങൾ, ഫ്രാങ്കോ രാഘവൻപിള്ള നയിച്ച കടയ്ക്കൽ സമരം, ചരിത്രത്തിൽ കൊട്ടിഘോഷിക്കപ്പെട്ട പല സമരങ്ങളെക്കാൾ ചരിത്രപ്രാധാന്യം നേടുന്നത്, മലബാർ കുടിയേറ്റത്തിന്റെ നരവംശചരിത്രത്തെ മൂന്നുമനുഷ്യർക്കിടയിലെ വൈകാരികചരിത്രമായി പരാവർത്തനം ചെയ്യുന്നത്, ഗാന്ധിവധത്തെത്തുടർന്ന് ബഷീറിനുണ്ടാകുന്ന ഭ്രാന്തിനെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ മഹാവികല്പമായി സമീകരിച്ചവതരിപ്പിക്കുന്നത്, പിന്നീട് അതേ വഴിയിൽ തന്നെ ഭാസിയെയും ഭ്രാന്ത് കീഴ്‌പ്പെടുത്തുന്നത്, 'മതിലുകൾ' എന്ന കഥയ്ക്കുപിന്നിൽ സങ്കല്പിക്കപ്പെടുന്ന അനുപമം എന്നുതന്നെ വിളിക്കാവുന്ന രാഷ്ട്രീയഭാവന, 'കാമുകന്റെ ഡയറി' പോലുള്ള രചനകൾക്കു കൈവരുന്ന അതീവ ഹൃദ്യമായ മെറ്റഫിക്ഷണൽ-ജൈവലോകജീവിതം, കമ്യൂണിസ്റ്റുകൾ അധികാരത്തിൽ വരുന്നതോടെ തിരുവിതാംകൂറിൽ സംഭവിക്കുന്ന പ്രഹസനതുല്യമായ സെൽഭരണവ്യവസ്ഥിതി എന്നിങ്ങനെ ഓഗസ്റ്റ് 17ന്റെ സാഹിതീയവും ചരിത്രപരവുമായ ഭാവവിപര്യയങ്ങൾ നിരവധിയാണ്.

          മൂന്നു ഭാഗമായാണ് നോവലിന്റെ ഘടന. 1947 വരെയുള്ള ചാരക്കഥകൾ ഒന്നാം ഭാഗത്ത് റിപ്പോർട്ടാഷ് ശൈലിയിൽ അവതരിപ്പിക്കപ്പെടുന്നു. ഒരുപതിറ്റാണ്ടോളം തുടർന്ന സ്വതന്ത്രതിരുവിതാംകൂറിലെ സി.പി.യുടെ ഭരണവും പതനവും രണ്ടാംഭാഗം. ദൃക്‌സാക്ഷിത്വത്തിലൂടെ രേഖപ്പെടുത്തപ്പെടുന്ന ഭരണകൂടവിരുദ്ധസമരങ്ങളുടെ കഥകളാണിവിടെ. സി.പി.ക്കുശേഷമുള്ള രണ്ടു ഭരണകൂടങ്ങളുടെ കഥയാണ് മൂന്നാം ഭാഗം. വിശേഷിച്ചും, അക്കാമ്മ ചെറിയാനെ അട്ടിമറിച്ചു രൂപംകൊണ്ട കമ്യൂണിസ്റ്റ് സർക്കാർഭരണ(സറ്റയർ എന്നും അലിഗറി എന്നും വ്യാഖ്യാനിക്കാവുന്ന)കാലത്തിന്റെ കഥ.

നോവലിന്റെ ആഖ്യാനത്തെ അടിസ്ഥാനതലത്തിൽ നിർണയിക്കുന്ന മൂന്നു പ്രത്യയശാസ്ത്രധാരകളാണ് 'ചരിത്രവിജ്ഞാനീയപരമായ അതികഥന'മെന്ന നിലയിൽ ഓഗസ്റ്റ് 17ന്റെ കലയും രാഷ്ട്രീയവും വെളിപ്പെടുത്തുന്നത്. അധീശചരിത്രഭാവന, ജാതി-ഹിന്ദുത്വദേശീയത, കമ്യൂണിസ്റ്റ്-സർവാധിപത്യവ്യവസ്ഥ എന്നിവയോട് ഹരീഷ് പുലർത്തുന്ന ആധുനികാനന്തരവും മാനവികവും ജനായത്തപരവുമായ വിമർശനബോധ്യങ്ങളുടെ സൂക്ഷ്മപാഠങ്ങളായി അവ നോവലിന്റെ ഭാവമണ്ഡലത്തിൽ സമൂലം വ്യാപിച്ചുനിൽക്കുന്നു. നന്നേ ചുരുക്കി അവയെക്കുറിച്ച് സൂചിപ്പിക്കുക മാത്രമേ ഇവിടെ ചെയ്യുന്നുള്ളു.

1. ചരിത്രം:

          ആധുനികതിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രം ഏതാണ്ടതേപടിതന്നെ നോവലിലുണ്ട്. വ്യക്തികൾ, സംഭവങ്ങൾ, പ്രക്ഷോഭങ്ങൾ എന്നിങ്ങനെയെല്ലാം. പ്ലസ്, ഭാവിത ചരിത്രത്തിന്റെ അപാരസാധ്യതകളും. അവ ഒന്നടങ്കം കുഴഞ്ഞുമറിഞ്ഞു കലങ്ങിക്കിടക്കുകയാണ് നോവലിലാകെ. ദേശീയപ്രസ്ഥാനത്തോടും ഐക്യകേരളപ്രസ്ഥാനത്തോടും സ്വാതന്ത്ര്യസമരത്തോടും സ്വയംഭരണത്തോടും ദിവാൻ ഭരണത്തോടും രാജവാഴ്ചയോടും തെരഞ്ഞെടുപ്പുകളോടും മറ്റും മറ്റും കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാംപകുതിയിൽ തിരുവിതാംകൂറിൽ നടന്ന പ്രതികരണങ്ങളുടെ രാഷ്ട്രീയം അസാധാരണമായ ഒരു പരിണതിയിലേക്കു കൂപ്പുകുത്തുകയാണ് 1947 ഓഗസ്റ്റ് 17ന്. സി.പി. രാമസ്വാമി അയ്യരെ നഷ്ടചരിത്രത്തിൽ നിന്നു തിരിച്ചുപിടിച്ച് ഹരീഷ് തിരുവിതാംകൂർ എന്ന സ്വതന്ത്രരാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുന്നു. മതേതര ദേശീയഭരണകൂടമായ ഇന്ത്യയോട് കലഹിച്ചു നിൽക്കുന്ന ഹിന്ദുരാഷ്ട്രമായി തിരുവിതാംകൂർ മാറുന്നു. സോവിയറ്റ് ചേരിയിൽ ചുവടുറപ്പിച്ച ഇന്ത്യക്കെതിരെ അമേരിക്കയുടെ പിന്തുണ തിരുവിതാംകൂർ നേടിയെടുക്കുന്നു. ബ്രിട്ടീഷ്ഭരണകാലത്തെന്നപോലെ ഇക്കാലത്തും സി.പി.ക്കെതിരെ നടക്കുന്ന പുതിയ സ്വാതന്ത്ര്യസമരത്തിന്റെ ആസൂത്രകരിലൊരാളായി ബഷീറിനെ സ്ഥാനപ്പെടുത്തുകയും ബഷീറിനെ ചുറ്റിപ്പറ്റി നടക്കുന്ന ചാരപ്പണിയിലൂടെ ഈ ചരിത്രം ആഖ്യാനം ചെയ്യുകയുമാണ് നോവൽ. വ്യവസ്ഥാപിതവും രേഖീകൃതവും ആധികാരികവുമായ ചരിത്രത്തിന്റെ വഴിവിട്ട സംഭവങ്ങൾ മറ്റൊരു വിധമായിരുന്നു രൂപം കൊണ്ടതെങ്കിൽ എന്നു വിചാരിക്കുന്ന ഒരു പ്രതിചരിത്രം വിഭാവനം ചെയ്യുന്നു ഹരീഷ്. ഇതാകട്ടെ എഴുതപ്പെട്ട ചരിത്രങ്ങളോടുള്ള ഏറ്റവും നിശിതമായ വിയോജിപ്പും അതിൽ നിന്നുള്ള വഴിമാറിനടപ്പുമാണ്. സാഹിത്യത്തിൽ അസംഭാവ്യമായി ഒന്നുമില്ലെന്നും ടൊഡറോവ് പറഞ്ഞതുപോലെ ഭാവന സ്വയം ഒരു തികഞ്ഞ യാഥാർഥ്യമാണെന്നും തെളിയിക്കുന്ന രചന. ചരിത്രമെന്നല്ല ഏതു വ്യവഹാരവും ഭാവനാത്മകമായി അപനിർമ്മിക്കാനുള്ള കലയുടെ സ്വാതന്ത്ര്യത്തിലേക്കാണ് ഓഗസ്റ്റ് 17 വിരൽ ചൂണ്ടുന്നത്. സ്ഥല, കാലങ്ങളെയും വ്യക്തികളെയും സ്വതന്ത്രമായ ചരിത്രഭാവനക്കു വിട്ടുകൊടുത്തുകൊണ്ട് മുന്മാതൃകകളില്ലാത്ത ഒരു നോവൽസ്വരൂപം മലയാളത്തിലവതരിപ്പിക്കുകയാണ് ഹരീഷ്. ബഷീറിനെ നായകസ്ഥാനത്തെത്തിക്കുന്നുവെന്നതാണ് ഒരുപക്ഷെ ഈ ഭാവനയുടെ ഏറ്റവും സയുക്തികമായ രാഷ്ട്രീയതലം. വായിക്കൂ:

'പിറ്റേന്ന് ഉച്ചകഴിഞ്ഞ് ബഷീർ കാരണം പറയാതെ എന്നെയും കൂട്ടി മട്ടാഞ്ചേരിക്കുള്ള ബോട്ടിൽ കയറി.

          കൊച്ചീരാജ്യത്തെ പ്രധാന കച്ചവടകേന്ദ്രമാണ് അന്ന് അവിടം. കഴിക്കുഭാഗം നമ്മുടെ രാജ്യത്തെ നദികൾ വെള്ളമെത്തിക്കുന്ന വേമ്പനാട്ട് കായൽ. അതിനപ്പുറം ഒരു സായിപ്പ് നിർമ്മിച്ചെടുത്ത കൃത്രിമദ്വീപുണ്ട്. പടിഞ്ഞാറുവശം കൊച്ചിക്കപ്പുറം അറബിക്കടൽ. വടക്കേ അറ്റം അഴിമുഖം. നമ്മുടെ രാജ്യത്തിന്റെ അതിർത്തിയോട് ചേർന്നുകിടക്കുന്നതുകൊണ്ടും കപ്പലുകൾക്ക് ചരക്കിറക്കാനും കയറ്റാനുമുള്ള പ്രകൃതിദത്ത ആനുകൂല്യം ലഭ്യമായതുകൊണ്ടും ഇവിടത്തെ തുറമുഖം വികസിപ്പിക്കാൻ എല്ലാ സഹായവും ദിവാൻജി വാഗ്ദാനം ചെയ്തതാണ്. എന്നാൽ ഷൺമുഖം ചെട്ടിയുടെ കുത്സിതനീക്കങ്ങൾ മൂലം അത് നടക്കാതെ പോയി.

          ധാരാളം മുസ്‌ലിങ്ങളും യഹൂദികളും മറ്റ് വിജാതീയരും തിങ്ങിപ്പാർക്കുന്ന പട്ടണമാണ് മട്ടാഞ്ചേരി. മലയാളികളായ ത്രൈവർണ്ണികർ തിരെക്കുറവ്. പാണ്ടികശാലകളും അടച്ചുറപ്പുള്ള സംഭരണകേന്ദ്രങ്ങളും ധാരാളമുണ്ട്. അവിടങ്ങളിലെ കണക്കെഴുത്തുകാരും നടത്തിപ്പുകാരുമായി കൊങ്ങിണികളെയും പട്ടന്മാരെയും കാണാം. ജോലിയിലെ സൗകര്യം പ്രമാണിച്ച് അവരും ശുദ്ധി, തീണ്ടൽ തുടങ്ങിയ ആചാരപരമായ കാര്യങ്ങൾ പരിഗണിക്കാറില്ല. ബോട്ടിറങ്ങി കുര്യച്ചന്റെ നടവഴി ഞങ്ങൾ ചന്തയിലേക്ക് നടന്നു. വൈകുന്നേരത്തെ തിരക്കുകാരണം സാമാന്യേന വീതികുറവായ വഴികളിൽക്കൂടി അരിച്ചരിച്ചുവേണം മുന്നോട്ടു പോകാൻ. കടകളിൽ അട്ടിയിട്ടിരിക്കുകയും നനവ് നീക്കാനായി പായകളിൽ വിരിച്ചിട്ടിരിക്കുകയും ചെയ്തിരിക്കുന്ന ജാതിക്ക, കറുവ, ഏലം തുടങ്ങിയവയുടെ സമ്മിശ്രഗന്ധമാണ് എമ്പാടും. ഇതിൽ മിക്കതും പീരുമേട്, ദേവികുളം ഭാഗത്തുനിന്ന് വന്നതുകൊണ്ട് നമുക്ക് ഈ തുറമുഖത്തിലുള്ള താത്പര്യം എന്താണെന്നൂഹിക്കാമല്ലോ. ബഷീറിന് ഇവിടെ പലരെയും പരിചയമുള്ളതായി തോന്നി. കടയിൽ ധൃതിപ്പണി ചെയ്തുകൊണ്ടിരുന്ന ഒരു പാഴ്‌സി അയാളെക്കണ്ട് ഓടിയിറങ്ങിവന്ന് കുശലം പറഞ്ഞു. നടന്നുനടന്ന് ഏറ്റവും തിരക്കുള്ള ഭാഗത്തെത്തിയപ്പോൾ അറക്കപ്പൊടി നിറച്ച കുറ്റിയടുപ്പും അതിനുമുകളിൽ എപ്പോഴും വെള്ളം തിളച്ചുകൊണ്ടിരിക്കുന്ന പാത്രവുമുള്ള കടയിലേക്ക് ഞങ്ങൾ കയറി. ബഷീർ ഓരോ ചായ പറഞ്ഞു.

          'ഇന്നത്തേക്ക് നിന്നെ ഞാൻ എന്റെ സി ഐ ഡി ആയി നിയമിച്ചിരിക്കുന്നു'.

ചായയടിക്കാരൻ കേൾക്കെതന്നെ അയാൾ എന്നോട് പറഞ്ഞു.

          'ഇവിടൊരുകാര്യം ഇപ്പോ നടക്കും. ചുമ്മാ ചായ കുടിച്ചോണ്ട് ശ്രദ്ധിച്ചിരുന്നോണം. ആൾക്കാരെന്തുപറയുന്നു, അവരുടെ മുഖഭാവം എങ്ങനെ എന്നൊക്കെ നോക്കണം'.

പറഞ്ഞുതീരും മുൻപ് അയാൾ പുറത്തേക്കിറങ്ങി ഒത്തവഴിയുടെ നടുക്ക് നിന്നു. വാലെ വാലെ അതിലേ പൊയ്‌ക്കൊണ്ടിരുന്ന കാളവണ്ടികളുടെ നിരയും പണിക്കാരുടെ തലച്ചുമട് കൈമാറ്റവും ഒന്ന് തെറ്റി. ആ നിമിഷം അയാൾ ആയമെടുക്കാൻ മുട്ടുകൾ അല്പം താഴേക്ക് മടക്കി കൈകൾ പാതാളത്തിൽനിന്നുയർത്തിയെടുക്കുന്നപോലെ ആഞ്ഞ് വായുവിൽ ചുഴറ്റി ചിലപ്പോൾ മാത്രം സാധിക്കുന്ന പരമാവധിയിൽ ഉറക്കെ വിളിച്ചു:

          'ഈങ്ക്വിലാബ് സിന്ദാബാദ്....'

          മട്ടാഞ്ചേരി ചന്തയിലെ അനക്കങ്ങൾ നിലച്ചു. ആരവങ്ങളും ബഹളങ്ങളും പേശലുകളും വർത്തമാനങ്ങളും അപ്പോഴേ നിന്നു.

          അയാൾ ഒന്നുകൂടി വിളിച്ചു.

          'ഈങ്ക്വിലാബ് സിന്ദാബാദ്....'

          ഇതിനപ്പുറം ഒരു മനുഷ്യന്റെ ശബ്ദം ഉയരാനില്ല. അയാളുടെ തൊണ്ട പൊട്ടി രക്തമൊഴുകുമെന്നെനിക്ക് തോന്നി. അപ്പോഴേക്കും നാലുപാടും പല അകലങ്ങളിൽനിന്ന് മറുപടിയായി ഏറ്റുവിളിയുടെ ഒച്ചകളുയർന്നു:

          'സിന്ദാബാദ് സിന്ദാബാദ്....'

          അയാളെപ്പോലെതന്നെ മീശവെച്ച് അഗ്രം അല്പം മുകളിലേക്ക് പിരിച്ച കുറച്ചു ചെറുപ്പക്കാർ-അവർ മുപ്പതോളം പേർ വരും- അങ്ങോട്ടടുത്തു. ബഷീർ വീണ്ടും വിളിച്ചു. അവർ ഏറ്റുവിളിച്ചു. അയാളുടെ ഒച്ച കാറിത്തുടങ്ങിയപ്പോൾ മറ്റൊരാൾ വിളിച്ചു:

          'ഷഹീദ് ഭഗത് സിങ് സിന്ദാബാദ്.'

          'സുഖ്‌ദേവ് രാജ്ഗുരു സിന്ദാബാദ്.'

          'മഹാത്മാ ഗാന്ധി സിന്ദാബാദ്.'

          'വാനരസേന സിന്ദാബാദ്.'

          ചന്തയിലൊന്ന് വളഞ്ഞുചുറ്റി പ്രകടനം ഞങ്ങൾ ഇങ്ങോട്ട് വന്ന വഴിയേ നീങ്ങി. പിന്നാലെ ഭയത്തോടെ അകലം സൂക്ഷിച്ച് അതിലും എത്രയോ മടങ്ങ് പുരുഷാരവും. ഇരുവശത്തേക്കും തിക്കിത്തിരക്കി മാറിത്തന്ന് ആളുകൾ ആ ചെറുപ്പക്കാർക്കായി ഒരു വഴി തീർത്തു. കടകൾ പിന്നിട്ട് മുന്നോട്ട് നീങ്ങുമ്പോൾ വിടർത്തിയ കണ്ണുകളുമായി സ്ത്രീകളും കുട്ടികളും വീടുകൾ വിട്ട് പുറത്തേക്കോടി വന്നു. വലിയൊരു സംഭവം നടക്കുമ്പോൾ ലോകത്ത് വേറൊന്നും സംഭവിക്കുന്നില്ല. അല്ലെങ്കിൽ വേറെന്ത് ഉണ്ടായിട്ടും കാര്യമില്ല. ബഹുഭാഷകളും മനുഷ്യരുമുള്ള ആ തുറമുഖപട്ടണത്തിൽ അപ്പോൾ സംഭവിക്കുന്ന ഒരേയൊരു കാര്യത്തിന്റെ നായകൻ ബഷീറായിരുന്നു. അയാളെ മാത്രമാണ് എല്ലാവരും നോക്കുന്നതെന്ന് തോന്നി. ആ മുപ്പത് പേർ പലരല്ല, ഒരേ ആവേശത്തിൽ പെടുമ്പോൾ, തൂക്കിക്കൊല്ലപ്പെട്ട ആ ലാഹോറുകാരന്റെ മുഖഭാവമുള്ള ഒറ്റയൊരു യുവാവാണെന്ന മട്ടിൽ ഒരേ താളത്തിൽ കൈകൾ ഉയർത്തിവിളിച്ചു നീങ്ങി. അതിൽപ്പെടാതെ ആളുകളോടൊപ്പം ചേർന്ന് നീങ്ങുമ്പോൾ ഞാൻ പലതും ശ്രദ്ധിച്ചു. വെറുതേ വഴിയിൽ കണ്ടുനില്ക്കുന്നവരുടെ കൈകളിലേക്ക് നോക്കണം. നിറയെ രോമാഞ്ചങ്ങൾ! ആ താളത്തിൽ പെട്ട് മുന്നോട്ട് നീങ്ങുമ്പോൾ എനിക്കുപോലും എന്തൊക്കെയോ പോലെ തോന്നി. ജീവികൾ ഒരു പറ്റമായി കുതിക്കുമ്പോൾ അതിനൊപ്പം ചേരാനാണല്ലോ എപ്പോഴും പ്രേരണ. സമയമെത്രയെടുത്തെന്നോ എത്ര ദൂരം പോയെന്നോ ആർക്കും നിശ്ചയമില്ലായിരുന്നു. സന്ധ്യചാഞ്ഞപ്പോൾ വളരെ ദൂരം താണ്ടി ഞങ്ങൾ അഴിമുഖത്തെത്തി. ചൂണ്ടക്കാരും കമ്പവലക്കാരും പണി നിർത്തി ഇങ്ങോട്ട് ശ്രദ്ധിച്ചു. പടിഞ്ഞാറുനിന്ന് സൂര്യൻ എല്ലാവരെയും ചുമപ്പിക്കുന്നതിനിടെ, വേലിയേറ്റമായതുകൊണ്ട് വെള്ളം നല്ല ശക്തിയിൽ കിഴക്കോട്ടൊഴുകുന്നത് കാണാമായിരുന്നു. രക്തവർണ്ണമുള്ള കടലിനെയും കായലിനെയും നോക്കി ബഷീർ വീണ്ടും ആഞ്ഞുവിളിച്ചു. അയാൾക്ക് നിർത്താൻ ഭാവമില്ലെന്ന് തോന്നി. ഇപ്പോൾത്തന്നെ എന്തോ സംഭവിക്കാനുണ്ടെന്നും അതിന്റെ ചാലകശക്തി തങ്ങളാണെന്നുമുള്ള ഭാവമായിരുന്നു ഓരോ ചെറുപ്പക്കാരന്റെയും മുഖത്ത്. അപ്പോൾ അവരെത്തിനിൽക്കുന്ന കപ്പൽച്ചാലിന്റെ മുന്നിൽ തൊട്ടടുത്തു കൂടി പലരാജ്യങ്ങളുടെ കൊടിക്കൂറകളുള്ള വലിയൊരു ഉരുക്ക് കപ്പൽ കടന്നുപോയി. മാറ്റത്തിന്റെ വാഹനം അവരെ അഭിവാദ്യം ചെയ്യുന്നപോലെ അതൊന്ന് സൈറൺ മുഴക്കി.

          'റെഡ് സല്യൂട്ട്... റെഡ് സല്യൂട്ട്....'.

ലോകമെമ്പാടുമുള്ള മനുഷ്യമുന്നേറ്റത്തെ പ്രത്യഭിവാദ്യം ചെയ്ത് മട്ടാഞ്ചേരിക്കാരും ബഷീറും മറ്റ് ചെറുപ്പക്കാരും ഒത്തുവിളിച്ചു. കപ്പൽ കടന്നുപോയ തിരകൾ അവരുടെ കാൽച്ചുവടുകൾവരെയെത്തി. ഞാൻ ബഷീറിന്റെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളിലും മുഖത്തും ഭ്രാന്ത് ഓളംവെട്ടുന്നു'.

2. ഹിന്ദുത്വം

          ഇന്ത്യൻ, തിരുവിതാംകൂർ ദേശീയകളുടെ മത, ജാതി സമവാക്യങ്ങളെ സമൂർത്തമായി അപഗ്രഥിച്ചുകൊണ്ടാണ് ഓഗസ്റ്റ് 17ന്റെ രാഷ്ട്രീയഭാവനയും ചരിത്രഭാവനയും ഹരീഷ് കൂട്ടിയിണക്കുന്നത്. ബ്രാഹ്മണ്യം നിയന്ത്രിച്ച മത-ജാതി ദേശീയതകളിലേക്കു മലക്കംമറിഞ്ഞ കോളനിയനന്തര ഇന്ത്യൻ, തിരുവിതാംകൂർ ഭരണക്രമങ്ങളുടെ രാഷ്ട്രീയ അപനിർമ്മാണമായി കാണാം നോവലിന്റെ ഈ ഭാവധാരയെ. ഒരുവശത്ത് ഗാന്ധിവധത്തിന്റെ ആസൂത്രണം മുതൽ വിഭജനത്തിന്റെ ദുരന്തങ്ങൾ വരെയുള്ളവ സൃഷ്ടിക്കുന്ന കൊടുങ്കാറ്റുകൾ. മറുവശത്ത് തിരുവിതാംകൂർ രാഷ്ട്രീയത്തിൽ മത-ജാതി സംഘടനകൾ കയ്യൂക്കിന്റെയും സമ്മർദ്ദങ്ങളുടെയും ബലതന്ത്രങ്ങളാവിഷ്‌ക്കരിക്കുന്ന രീതികൾ. ഹിന്ദുരാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്ന തിരുവിതാംകൂറിന്റെ സൂക്ഷ്മപാഠത്തിൽനിന്ന് നോവൽ കടന്നുപോകുന്നത് ഇന്ത്യൻ ദേശീയത എത്തിപ്പെട്ടിരിക്കുന്ന വൻ പ്രതിസന്ധിയിലേക്കു തന്നെയാണ്. ഹിന്ദുമഹാസഭയും സവർക്കറും ഗോഡ്‌സെയും ഗീതാപ്രസും പ്രതിനിധാനം ചെയ്ത പാൻ ഇന്ത്യൻ മത-ജാതി നയങ്ങളെയും ബ്രാഹ്മണ്യത്തിന്റെ അധികാരതന്ത്രങ്ങളെയും ഏതാണ്ട് വസ്തുനിഷ്ഠമായിത്തന്നെ അവതരിപ്പിക്കുന്ന നോവൽ സി.പി. രാമസ്വാമി അയ്യരെയും തിരുവിതാംകൂർ രാഷ്ട്രീയത്തെയും ചരിത്രത്തിൽ പ്രതിഷ്ഠിക്കുന്നതു തന്നെ ബ്രാഹ്മണ്യത്തിന്റെ മേൽക്കോയ്മയിലും ഇതര ജാതി ഹിന്ദുക്കളുടെ കീഴായ്മയിലും ഇതര മതങ്ങളുടെ അപരവൽക്കരണത്തിലുമാണ്. ജാതിഹിംസയും സ്വവർഗരതിയും കൂടിക്കുഴയുന്ന ഗോഡ്‌സെയുടെ രാഷ്ട്രീയ സ്വയം സേവകസ്വത്വത്തെക്കുറിച്ചുള്ള ഒരാഖ്യാനം. വായിക്കൂ:

          'സന്ധ്യയായപ്പോഴേക്കും വേറൊരാൾകൂടി വന്നു. വളരെ മെലിഞ്ഞ, ഒറ്റനോട്ടത്തിൽ അന്തർമുഖനെന്ന് മനസ്സിലാകുന്ന ചെറുപ്പക്കാരനായിരുന്നു അയാൾ. കണ്ണടക്കാരനെക്കണ്ട് വിധേയത്വത്തോടെയും ലജ്ജയോടെയും അയാളുടെ മുഖം ചുവന്നു. അടുത്തുനിന്ന് സംസാരിക്കുമ്പോൾ ദമ്പതികൾ തമ്മിലുള്ള അകലംപോലും അവർക്കിടയിലില്ലായിരുന്നു. അയാൾ സ്വന്തം പേര് പറഞ്ഞ് എന്നെ പരിചയപ്പെട്ടു. അടുത്തകാലംവരെ ഒരു പത്രം നടത്തുകയായിരുന്നു. പത്രത്തിന്റെ പേര് ദൈനിക് അഗ്രാണി. ഞാൻ പെട്ടെന്ന് ബഷീറിനെ ഓർത്തു. തീവ്ര ആശയക്കാരെല്ലാം തങ്ങളുടെ ഉള്ളിലുള്ളത് അച്ചടിച്ച് ലോകത്തെ മാറ്റാമെന്ന് വിചാരിക്കുന്നു.

          'ഇയാളാണ് നാളെ നിങ്ങൾക്കൊപ്പം ഗ്വാളിയറിന് വരുന്നത്. രാവിലെ പുറപ്പെട്ടോളൂ'.

          കണ്ണടക്കാരൻ യാത്ര പറഞ്ഞ് പോയി.

          രാത്രി അധികം വൈകുന്നതിനു മുൻപ് ഞങ്ങൾ കമ്പിളി വിരിച്ച് കിടന്നു.

          'നിങ്ങളുടെ പേര് വിചിത്രമാണല്ലോ?'

ഒട്ടുമേ ഒച്ചയില്ലാതെ ചെവിയിൽ അസ്വസ്ഥതയുണ്ടായപ്പോൾ ഞാൻ വെറുതേ കുശലം പറഞ്ഞു. നമ്മുടെ നാട്ടിലാണെങ്കിൽ ഏത് ഇരുട്ടിലും എന്തെല്ലാം ശബ്ദങ്ങളാണ്. തവളകൾ, ചീവീടുകൾ, പക്ഷികൾ, കുറുക്കന്മാർ, കാറ്റത്തെ മരങ്ങൾ, യക്ഷികൾ, ചാത്തന്മാർ, അമ്പലം വിട്ടിറങ്ങി ഉലാത്തുന്ന ദൈവങ്ങൾ... ഇവിടെ മനുഷ്യരുറങ്ങിയാൽ ലോകമുറങ്ങി.

          'ചെറുപ്പത്തിൽ എന്നെ ഒരു പെണ്ടകുട്ടിയെപ്പോലെയാണ് വളർത്തിയത്. മൂക്കുത്തിയുണ്ടായിരുന്നു. മൂക്കുത്തിയിട്ട രാമൻ എന്നാണീ പേരിന്റെ അർത്ഥം'.

          അയാൾ പറഞ്ഞു.

          ഞാൻ പെട്ടെന്ന് വർഗ്ഗീസിനെയും ഓർത്തു. അവനെപ്പോലെ ഇയാളും ഒരു പകരക്കാരനാണോ? അതേ ശരീരവും ഒതുങ്ങിയ ഭാവവുമാണ് ഇയാളുടേതും. പാവത്തിന്റേതുപോലുള്ള മുഖവും നടപ്പും. ഇങ്ങനെയുള്ളവരെ ലോകത്താരും സംശയിക്കില്ല. പക്ഷേ, അവർ ഏറ്റെടുത്തത് പൂർത്തിയാക്കും. പിന്നെയും നിഷ്‌കളങ്കമായി പെരുമാറും. ഉറക്കം വരുംവരെ ഞാൻ ചോദിക്കാതെ അയാൾ തന്റെ ആശയങ്ങളെക്കുറിച്ച് പറഞ്ഞു.

          ആരും പറഞ്ഞുതരണ്ട, ഏതാണ് ശരിയെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾക്ക് പ്രവർത്തിക്കാൻ. അയാൾ തന്നോട് ഒപ്പമുള്ളവരെപ്പറ്റി പറഞ്ഞു. സംഘടന ഒന്നും ചെയ്യില്ല. പ്രവർത്തകർ ചെയ്യും. അതാണ് നയം. അപ്പോൾ സംഘടന എല്ലാത്തിൽനിന്നും രക്ഷപ്പെട്ട് നിൽക്കും. വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ച് രാഷ്ട്രസേവനത്തിനിറങ്ങിയവർ അയാളെപ്പോലെ ധാരാളം പേരുണ്ട്.

          ഉറക്കത്തിനിടെ അയാളുടെ കൈ അറിയാതെ എന്റെ അരയിലെത്തി. ഞാനത് സാവധാനം എടുത്തുമാറ്റി. പിന്നെ ഒരു സ്വപ്നത്തിലേക്ക് വീണു.

         

കൊല്ലം തങ്കശ്ശേരി കടപ്പുറത്തെ നടുവന്റെ വീട്ടിൽനിന്നിറങ്ങിയ ഞാൻ അഞ്ചാറ് ചുവടുവെച്ചപ്പോഴേക്കും പൂങ്കുന്നത്തുള്ള ബഷീറിന്റെ വാടകവീട്ടിലെത്തുന്നു. ഇടയ്ക്ക് അത് എറണാകുളം സീതിബിൽഡിങ്‌സിലെ അടുക്കളപോലെയും തോന്നിച്ചു. ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുള്ള പ്രായം ചെന്ന ബഷീറാണ് അയാൾ.

          'എന്നിട്ട് നീ ഇപ്പൊഴാണോ വരുന്നത്?'

          ബഷീർ എന്നെ നോക്കി ചോദിച്ചു.

          'എന്താണ് സംഭവം?'

          ഞാൻ ചിരിച്ചു.

          'എന്റെ കമ്യൂണിസ്റ്റ് ഡെൻ എന്ന കഥയിൽ നീയുണ്ട്'.

അയാൾ പറഞ്ഞു.

          'ഞാനും കെ. ദാമോദരനും കെ.സി. ജോർജ്ജുംകൂടി സിനിമയ്ക്ക് പോകുമ്പോൾ തൊഴിലാളിവേഷത്തിൽ വന്ന് ടിക്കറ്റെടുത്ത് തരാമെന്നു പറഞ്ഞ് ഒരു രൂപാ വാങ്ങിച്ച് മുങ്ങിയ സിഐ.ഡി. നീയാണ്'.

          തുടർന്ന് അയാൾ 1986ലെഴുതിയ എന്റെ ചരമക്കുറിപ്പ് എന്ന കഥയിലെ ഭാഗം എന്നെ വായിച്ചു കേൾപ്പിച്ചു.

          'സുന്ദരമായ ഈ ഭൂഗോളത്തിൽ എനിക്ക് അനുവദിച്ചുതന്ന സമയം പരിപൂർണ്ണമായി അവസാനിച്ചു. സമയം തീരെ ഇല്ല. അല്ലാഹുവിന്റെ ഖജനാവിൽ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം.... അനന്തം..... അന്തമായ സമയം'.

ഇതേ സ്വപ്നം പലതവണ ആവർത്തിച്ചു. ഞാൻ ഉറക്കം ഞെട്ടി പുറത്തിറങ്ങി കരിമ്പുപാടത്തെ തണുപ്പിൽ നിന്നു. ബഷീർ മരിച്ചുകാണുമോ? ആർക്കും അതറിയാമെന്ന് തോന്നുന്നില്ല. തിരുവിതാംകൂർ സർക്കാരിനോ സ്റ്റേറ്റ് കോൺഗ്രസ്സുകാർക്കോ ഐക്യകേരളംകാർക്കോ പിടിതരാതെ അയാളെങ്ങോട്ടോ മറഞ്ഞുപോയി. സ്വപ്നത്തിൽനിന്നുണർന്ന് അല്പനേരത്തേക്ക് സ്വപ്നം സത്യമാണെന്ന് തോന്നുന്ന സമയമുണ്ട്. ആ കാലത്തുതന്നെയായിരുന്നു അപ്പോൾ ഞാൻ. അതുകൊണ്ട് അല്പം മുൻപ് 1986-ൽ ബഷീർ വായിച്ച കഥയിലും ഇപ്പോൾ 1947 നവംബറിൽ ബരാമതിയിലെ ഇരുട്ടത്തും നില്ക്കുന്നതിൽ എനിക്ക് അതിശയം തോന്നിയില്ല. രണ്ടും ഒന്നുതന്നെയാണ്. അനന്തമായ സമയം.

          രാവിലെ നാഥുറാമിനൊപ്പം ഞാൻ ഗ്വാളിയറിന് തിരിച്ചു. അവിടെയൊരു രാജകുടുംബാംഗം ഇറ്റാലിയൻ നിർമ്മിത 9 എം.എം. ബരേറ്റ പിസ്റ്റൾ താൻ വിറ്റതാണെന്ന് വരുത്തിത്തീർക്കാൻ ഒരു ആയുധവ്യാപാരിയെ ഏല്പിച്ചിട്ടുണ്ട്. അത് വിലകൊടുത്ത് വാങ്ങിനല്കിയാൽ എനിക്ക് മടങ്ങാം'.

3. കമ്യൂണിസം

          നോവലിന്റെയും നോവലിലെ ചരിത്രാഖ്യാനത്തിന്റെയും മൂന്നാം ഭാഗം, ഫാസിസത്തെയും നാസിസത്തെയും നിഷ്പ്രഭമാക്കുന്ന ഹിംസാത്മക ജീവിതമുള്ള കമ്യൂണിസത്തോടുള്ള അതിനിശിതമായ വിമർശനത്തിന്റേതാണ്. മൂന്നു സന്ദർഭങ്ങളിൽ തിരിച്ചറിയാൻ കഴിയും, ഓഗസ്റ്റ് 17ലെ ഈ പരിഹാസകാണ്ഡത്തിന്റെ രാഷ്ട്രീയ യുക്തികൾ. ഒന്ന്, ചരിത്രത്തെ ദുരുപയോഗിച്ചും വക്രീകരിച്ചും കമ്യൂണിസ്റ്റ് പാർട്ടികൾ ലോകത്തെവിടെയും സ്വീകരിച്ചുപോന്ന കുതന്ത്രങ്ങളുടെ തലം. രണ്ട്, ജാതിഹിന്ദുത്വത്തോട് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ തുടക്കം തൊട്ടുതന്നെ തുടർന്നുപോരുന്ന ഇരട്ടത്താപ്പിന്റെ കഥ. മൂന്ന്, വ്യക്തികളോടാകട്ടെ, സംഘങ്ങളോടാകട്ടെ, മനുഷ്യത്വമോ ജനാധിപത്യബോധമോ തെല്ലുമില്ലാതെ പെരുമാറാൻ ഒരു മടിയുമില്ലാത്ത കമ്യൂണിസ്റ്റുകൾക്ക് എക്കാലത്തും അന്യമായ രാഷ്ട്രീയ നൈതികതയുടെ മാനങ്ങൾ.

          ഏതാണ്ടൊരു സറ്റയറിന്റെയും അലിഗറിയുടെയും ഘടനയിലേക്കു വഴിമാറുന്നുണ്ട് നോവലിൽ ഈ ഭാഗം. ജനങ്ങൾ അധികാരത്തിലേറ്റിയ അക്കാമ്മ ചെറിയാനെ സ്ഥാനഭ്രഷ്ടയാക്കി പീപ്പ്ൾസ് റിപ്പബ്ലിക് ഓഫ് തിരുവിതാംകൂർ സ്ഥാപിച്ച കമ്യൂണിസ്റ്റ്പാർട്ടി ആദ്യം ചെയ്തത് വിപ്ലവത്തിന് നടുനായകത്വം വഹിച്ച കെ.സി. ജോർജിനെ തമസ്‌കരിക്കുക എന്നതായിരുന്നു. പിന്നാലെ ടി.വി. തോമസും എം.എൻ ഗോവിന്ദൻനായരും പാർട്ടിക്കു പുറത്താകുന്നു. പാർട്ടി തള്ളിപ്പറഞ്ഞ തകഴിയും ബഷീറും സക്കറിയയും തടവിൽകിടന്ന് പാർട്ടിസാഹിത്യമെഴുതാൻ നിർബ്ബന്ധിതരാകുന്നു. അവസരവാദികളായ പത്രാധിപന്മാരും എഴുത്തുകാരും അടിമബുദ്ധികളായ ചരിത്രകാരരും പാർട്ടിക്കുവേണ്ടി എഴുതി ജീവൻ നിലനിർത്തുന്നു. ഇ.എം.എസിനെയും വി എസ്. അച്യുതാനന്ദനെയുമൊക്കെ വെടിവച്ചുകൊന്ന, സി.പി.യുടെ കാലത്തെ രഹസ്യപ്പൊലീസ് സേനാതലവനും മഹാബ്രാഹ്മണനുമായ വൈദ്യനാഥ അയ്യർ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നു. സ്റ്റാലിൻ മുതൽ ചെഷസ്‌ക്യു വരെയുള്ളവരെ ഓർമ്മയിലെത്തിക്കുന്ന ഗംഭീരഭാവന. തീർന്നില്ല, ക്രൂരനും നരാധമനുമായി കുപ്രസിദ്ധി നേടിയ സി.പി.യുടെ ജയിൽ സൂപ്രണ്ട് സാംസ്‌കാരിക കമ്മിസാറാകുന്നു. കോമ്രേഡ് പത്രം പാർട്ടിനുണകൾ വെണ്ടക്ക നിരത്തുന്നു. ഓർവെൽ മുതൽ ഷോൾഷെനിത്‌സൻ വരെയുള്ളവരെ ഓർക്കാതെ ഈ ഭാഗം വായിച്ചുതീർക്കാനാവില്ല. കാൻസർവാർഡിൽ ഷെനിത്‌സൻ ചോദിച്ച ചോദ്യം മറക്കാൻ കഴിയുമോ?

'A man dies from a tumour; so how can a country survive with growths like labour camps and exiles?'

ഹരീഷ് എഴുതുന്നു:

          'ഞാനപ്പോൾ പുഞ്ചിരി വിടാതെതന്നെ എഴുതിക്കൊണ്ടിരുന്നത് അദ്ദേഹത്തെ കാണിച്ചു. പുതിയ ജനറൽ സെക്രട്ടറി വൈദ്യനാഥയ്യരുടെ ജീവചരിത്രക്കുറിപ്പായിരുന്നു അത്.

          വൈദ്യനാഥയ്യരുടെ മാതാപിതാക്കൾ ഉറച്ച സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്നു. വലിപ്പച്ചെറുപ്പവ്യത്യാസമില്ലാതെ ഒരേപോലുള്ള വീടുകളുള്ള ഒരു അഗ്രഹാരത്തിലാണ് അദ്ദേഹം ജനിച്ചത്. ചുറ്റുപാടുകളിൽനിന്ന് പകർന്നുകിട്ടിയ സാമൂഹ്യബോധം അദ്ദേഹത്തിൽ നാലാം വയസ്സിലേ ഉറച്ചു. കുട്ടിക്കാലത്ത് വേദം പഠിച്ചത് അദ്ദേഹത്തിന്റെ ധിഷണയെ ശക്തമാക്കി. എല്ലാവരെയുംപോലെ പൊതുപ്രവർത്തനമല്ല രഹസ്യപ്രവർത്തനമാണ് തന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന കാലത്തേ വിദ്യാർത്ഥിസംഘടനകളുടെ ഭാഗമായി അണ്ടർ ഗ്രൗണ്ട് പ്രവർത്തനം നടത്തി. ഒത്തിരി കാലത്തിനുശേഷം ഇന്നത്തെ ഇന്ത്യയുടെ ഭാഗമായ കണ്ണൂരിലെ പിണറായി ഗ്രാമത്തിലെ പാറപ്പുറത്ത് കമ്യൂണിസ്റ്റ് പ്രവർത്തകരുടെ ആദ്യയോഗം ചേരുമ്പോൾ പരിസരത്ത് അദ്ദേഹത്തിന്റെ രഹസ്യസാന്നിദ്ധ്യമുണ്ടായിരുന്നു.

          വൈദ്യനാഥയ്യർക്ക് പതിന്നാല് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം തിരുവിതാംകൂറിലെത്തി. ഫ്യൂഡൽ സമൂഹമായിരുന്നു തിരുവിതാംകൂറിലെങ്കിലും അക്കാലം നിസ്വബ്രാഹ്മണർക്കായി രാജകുടുംബം എല്ലാ സ്ഥലങ്ങളിലും ഊട്ടുപുരകൾ നടത്തിയിരുന്നു. സോഷ്യലിസ്റ്റ് മാതൃകയിലുള്ള ശ്ലാഘനീയമായ പ്രവൃത്തിയായിരുന്നു അത്. പഠനശേഷം സർക്കാരിന്റെ മർദ്ദനോപകരണമായ പൊലീസിൽതന്നെ ചേർന്ന് തന്റെ രഹസ്യപ്രവർത്തനം തുടരാൻ അദ്ദേഹം തീരുമാനിച്ചു. ഇന്ത്യയിലെ ഗാന്ധിയടക്കമുള്ള ബൂർഷ്വാനേതൃത്വവുമായിച്ചേർന്ന് ബ്രിട്ടീഷ്, അമേരിക്കൻ സാമ്രാജ്യത്വപിന്തുണയോടെ തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ്സ് എന്ന സംഘടന ശക്തിപ്രാപിച്ചുവരുന്ന സമയമായിരുന്നു. അവരെ നേരിടുകയാണ് ഒരു കമ്യൂണിസ്റ്റുകാരന്റെ ആദ്യകടമയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അവരുടെ വളർച്ചയെ തടഞ്ഞുനിർത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ഇക്കാലയളവിൽത്തന്നെ തിരുവിതാംകൂർ തീരത്തെത്തിയ ഒരു സോവിയറ്റ് മുങ്ങിക്കപ്പലിൽ രഹസ്യമായി കയറി ഒരുപിടി കമ്യൂണിസ്റ്റ് നേതാക്കളോടൊപ്പം മോസ്‌കോയിൽവെച്ച് വൈദ്യനാഥയ്യർ സഖാവ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ആ മഹാന്മാരായ രണ്ട് നേതാക്കളും അടച്ചിട്ട മുറിയിലിരുന്ന് മണിക്കൂറുകളോളം തിരുവിതാംകൂറിന്റെ ഭാവിയെക്കുറിച്ചും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയും ചർച്ചചെയ്തു. തിരികെയെത്തിയ വൈദ്യനാഥയ്യരുടെ പ്രേരണയുടെ ഫലമായാണ് തിരുവിതാംകൂർ സർക്കാർ രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസത്തിനെതിരേ ഉറച്ച  നിലപാട് സ്വീകരിച്ചത്.

          യുദ്ധത്തിനുശേഷം തിരുവിതാംകൂറിനെ സ്വതന്ത്രമാക്കാനും രാജഭരണം അവസാനിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. പുന്നപ്ര-വയലാർ അദ്ദേഹത്തിന്റെ ആസൂത്രണമായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ്സുകാരും അക്കാലം പാർട്ടിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ചില സാമ്രാജ്യത്വചാരന്മാരും ചേർന്നാണ് അതിനെ പരാജയപ്പെടുത്തിയത്...

          'ബാക്കി എഴുതണം'.

          ഞാൻ ലജ്ജയോടെ പറഞ്ഞു.

          ആവേശത്തോടെ ഡയറക്ടർ എന്നെ പുണർന്നു.

          'ക്ഷമിക്കണം സർ മോശം വാക്കുകൾ പറഞ്ഞതിന്'.

          കുറച്ചുനേരത്തെ ക്ഷേമാന്വേഷണത്തിനുശേഷം അദ്ദേഹം യാത്ര പറഞ്ഞു. എന്നാൽ പുറത്തേക്കിറങ്ങി വീണ്ടും തിരികെക്കയറിവന്നു.

          'വല്ല ആവശ്യവുമുണ്ടെങ്കിൽ പറയണം. താങ്കളെക്കുറിച്ച് വലിയ പരാതികളാണ് കേൾക്കുന്നത്. തുണിയുടുക്കാൻ മറന്ന് പുറത്തേക്കിറങ്ങുന്നു. രാത്രികളിൽ രണ്ടുപേർ തമ്മിൽ സംസാരിക്കുന്നതുപോലെ പല സ്വരത്തിൽ ഉറക്കെ വർത്തമാനം പറയുന്നു, മതിലിൽ ചെവി ചേർത്ത് ഒട്ടിനിൽക്കുന്നു, അദൃശ്യമനുഷ്യനെപ്പോലെ പെരുമാറുന്നു എന്നൊക്കെ. ഡോക്ടറെ കാണണോ?'

          ജനറൽ സെക്രട്ടറിയുടെ ജീവചരിത്രം രണ്ടോ നാലോ വർഷമെടുത്താണ് ഞാൻ എഴുതിത്ത്ത്ത്തീർത്തത്. എന്തൊരു പാടാണീ എഴുത്ത്. ഒരുദിവസം അർത്ഥമറിഞ്ഞ് ഒരക്ഷരമേ എഴുതാൻ പറ്റൂ. ഞാനത് പൂർത്തിയായ ദിവസം മുറ്റത്തിറങ്ങി കുത്തിമറിഞ്ഞു. പൂഴി വാരിയെറിഞ്ഞു. ഉച്ചത്തിൽ കൂവി.

          'എന്താണ് കാര്യം? എന്തുപറ്റി?'

ഓടിയെത്തിയ കുറച്ച് ഗാർഡുമാരും അന്തേവാസികളും തിരക്കി.

          'ഞാനത് എഴുതിത്ത്ത്ത്തീർത്തു. എത്രകൊല്ലമെടുത്തെന്നോ?'

          'രണ്ടു ദിവസമായല്ലേയുള്ളൂ നിങ്ങ ൾ തുടങ്ങിയിട്ട്?'

          എനിക്ക് ചിരിവന്നു.

          'നമ്മുടെ സമയങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്'.

ഞാൻ പറഞ്ഞു.

          കടലാസ് കിട്ടാതായപ്പോൾ ഞാൻ മുറിയുടെ ഭിത്തികളിലും ഇരുമ്പഴികളിലും എഴുതിത്ത്ത്ത്തുടങ്ങി. അവിടെ നിറഞ്ഞപ്പോൾ ആഹാരം കിട്ടു പാത്രത്തിലെഴുതി. അത് ഒരാൾ വന്ന് തട്ടിപ്പറിച്ചപ്പോൾ നിലത്ത് മണ്ണിൽ എഴുതിത്ത്ത്ത്തുടങ്ങി. അത് ആളുകൾ നടന്നുനടന്നു മായ്ച്ചപ്പോൾ അന്തരീക്ഷത്തിലെഴുതി. അത് കാറ്റും വെയിലും വന്ന് കാണാതാക്കിയപ്പോൾ മുറ്റത്ത് കണ്ട മരങ്ങളിലെഴുതി. തടിയും ഇലകളും തീർന്നപ്പോൾ മരത്തിന്റെ തുഞ്ചത്തെ ഒരു തളിരിലയുടെ അറ്റത്തിരുന്ന് ഞാൻ നാലുപാടും നോക്കി. അതാ എഴുതിയാലും എഴുതിയാലും തീരാത്ത വമ്പൻ മതിൽ. ഉള്ളിലേക്ക് വിടർത്തിവെച്ച ഒന്നും രേഖപ്പെടുത്താത്ത രണ്ട് വലിയ പുസ്തകങ്ങൾപോലെ ചതുരത്തിൽ അതെന്നെ അകത്ത് പെടുത്തി എഴുതിക്കാൻ നോക്കുകയാണ്. ശരിക്കും മതിലിലാണ് എല്ലാം എഴുതേണ്ടത്. വെറുതെയല്ല രാജാക്കന്മാർ എല്ലാം കല്ലുകളിൽ കൊത്തിവെച്ചത്. ബഷീറിന് ഇതെന്താണ് തോന്നാതിരുന്നത്? ഞാൻ വിരൽനഖംകൊണ്ട് മതിലിൽ കോറി. ദിവസങ്ങൾകൊണ്ട് അത് തേഞ്ഞുതീർന്നപ്പോൾ നിലത്തെ കല്ലുകളെടുത്ത് ഉരച്ചെഴുതി. നോക്കിനിൽക്കെ ചുറ്റുപാടുമുള്ള മുഴുവൻ കല്ലുകളും അവസാനിച്ചു. ഞാൻ എല്ലായിടവും നോക്കി. എഴുതാനുള്ള ഒരു ഉപകരണവുമില്ല. ഞാൻ ഉമിനീരും ചോരയും ഉപയോഗിച്ചു. എല്ലാം തീർന്നപ്പോൾ സ്വന്തം മലംകൊണ്ട് ആ വന്മതിലിൽ എന്റെ രാജ്യത്തിന്റെ ചരിത്രമെഴുതി'.

          ബഷീർ എഴുതിയത് എന്ന് ഭാസി വിശ്വസിക്കുന്ന ഒരു കഥയിൽ നോവലിനെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി വ്യാഖ്യാനിക്കുന്ന നിരീക്ഷണങ്ങളുണ്ട് (പുറം 299-302) 'രാജ്യചരിത്രങ്ങളും ദൈവം തമ്പുരാൻ തന്നെയും നോവലാണ്' എന്നും കഥയിലുണ്ട്. തിരുവിതാംകൂറും അങ്ങനെയാകുന്നുവെന്നാണ് ഓഗസ്റ്റ് 17ന്റെ നിലപാട്. ജീവനുള്ളതും മരിച്ചതും അഴുകിയതും അഴുകാത്തതുമായ ഏകാധിപതികളെയും അവരുടെ മുസോളിയങ്ങളിൽ കൊത്തിവച്ച തീട്ടൂരങ്ങളെയും മുൻനിർത്തി രചിക്കപ്പെടുന്ന ചരിത്രങ്ങളെ വിചാരണ ചെയ്യുന്ന അസാധാരണമായ ഒരു രാഷ്ട്രീയനോവലാണ് ഇത്. സംഭവിക്കുന്നത് പലതും സംഭവിക്കാത്തതിനെക്കാൾ അസംബന്ധമാണ് എന്നു ചൂണ്ടിക്കാണിക്കുകയാണ് ഓഗസ്റ്റ് 17. ഒറ്റവായനയിൽ തോന്നാവുന്നതുപോലെ, സംഭവിച്ചതിനെക്കാൾ വിചിത്രമായവ സംഭവിക്കാതിരുന്നതിന്റെ കഥയല്ല അത്.

നോവലിൽ നിന്ന്

         'വനിതാ ജയിലിൽ ആ സമയത്തുണ്ടായ സംഭവങ്ങൾ ഞങ്ങളുടെ കൂട്ടത്തിൽ പ്രധാനമായും മൂന്നു പേരെയാണ് വിഷമിപ്പിച്ചത്. അതിലൊരാൾ ഞങ്ങളോടൊപ്പം ജയിലിൽ കിടക്കുന്ന അക്കാമ്മയുടെയും റോസമ്മയുടെയും സഹോദരൻ വർക്കിച്ചനാണ്. മറ്റു രണ്ടുപേർ കമ്യൂണിസ്റ്റുകാരനായ പി.ടി. പുന്നൂസും സ്റ്റേറ്റ് കോൺഗ്രസ്സുകാരനായ വി.വി. വർക്കിയുമായിരുന്നു. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്:

പ്രജാവത്സലനായ ഒരു രാജാവും അതിസമർത്ഥനായ ഒരു ദിവാൻജിയുമുള്ളപ്പോൾ എങ്ങനെയാണ്, എന്തിനെയാണ് നമ്മുടെ രാജ്യത്ത് ഇത്രയധികം സമരങ്ങളുണ്ടായതെന്ന പ്രശ്‌നം എന്നെ പലപ്പോഴും അലട്ടിയിട്ടുണ്ട്.  അതിന്റെ ഉത്തരം തേടിയുള്ള അന്വേഷണം എത്തിയത് തിരുവനന്തപുരം പുളിമൂട് കവലയിലെ ഒരു രണ്ടുനിലക്കെട്ടിടത്തിലാണ്. അതിന്റെ താഴത്തെ നിലയിൽ മാവേലിക്കരക്കാരനായ ഒരു നായർ രാഷ്ട്രീയ ഹോട്ടൽ എന്ന ഒരു സ്ഥാപനം നടത്തിയിരുന്നു. പേരിൽനിന്നുതന്നെ അതിന്റെ സ്വഭാവം വ്യക്തമാണല്ലോ. അവിടെ ചായകുടിക്കാൻ കൂടിയിരുന്ന ചില വക്കീലന്മാരുടെ തലയിലാണ് രാജ്യദ്രോഹപരമായ ഉത്തരവാദഭരണം, അതിനുവേണ്ടിയുള്ള ഒരു സംഘടന എന്നീ ആശയങ്ങളുദിക്കുന്നത്. അതിന്റെ തുടർച്ചയായി സി.വി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ ഒരു വക്കീലാഫീസിൽ കൂടിയ യോഗത്തിൽതന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. കോട്ടൂർ കുഞ്ഞുകൃഷ്ണപിള്ള മഹാരാജാവിനെതിരേ പ്രവർത്തിക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തി. സമ്പൂർണ്ണ ഹിന്ദുരാജ്യമായ നമ്മുടെ നാടിനെ ക്രിസ്ത്യൻ ഭരണത്തിലാക്കാനുള്ള ഗൂഢാലോചന അദ്ദേഹം തുടക്കതിതലേ തിരിച്ചറിഞ്ഞെന്നുസാരം. എന്നാൽ അധികം താമസിയാതെ ഇലഞ്ഞിക്കൽ ജോണെന്ന വക്കീലിന്റെ വീട്ടിൽ കൂടിയ മീറ്റിങ്ങിൽവെച്ച് സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകൃതമായി. പട്ടം താണുപിള്ള പ്രസിഡന്റും കെ.ടി. തോമസ് സെക്രട്ടറിയും. കമ്മറ്റിയിൽ ക്രിസ്ത്യാനികൾക്ക് ആധിപത്യമുണ്ടെങ്കിലും നായന്മാരെയും ഈഴവരെയും കമ്മറ്റിയിലെടുക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. ഈ സംഘടനയുടെ ആദ്യസമരപരിപാടി ഉത്തരവാദസമരമായിരുന്നു. അവർക്ക് മനോരമ തുടങ്ങിയ പത്രങ്ങളുടെയും ഗാന്ധി തുടങ്ങിയ അന്യരാജ്യത്തുള്ള നേതാക്കളുടെയും പിന്തുണ ലഭിച്ചു. മന്നത്ത് പത്മനാഭപിള്ളയുടെ നേതൃത്വത്തിലുള്ള എൻ.എസ്.എസ്. ഇവർക്കെതിരായിരുന്നു. സി.വി. കുഞ്ഞിരാമൻ തുടങ്ങിയ എസ്.എൻ.ഡി.പി. നേതാക്കൾ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടി.

          ഉത്തരവാദസമരത്തിനെന്ന പേരിൽ ഇവർ മഹാരാജാവിന് ഒരു മെമോറാണ്ടം രജിസ്‌ട്രേഡ് തപാലിൽ അയയ്ക്കുകയും നമ്മുടെ രാജ്യത്തെ ലോത്തിന് മുന്നിൽ നാണംകെടുത്താനായി അതിന്റെ ഇംഗ്ലീഷ് വിവർത്തനം ട്രാവൻകൂർ ടുഡേ എന്ന പേരിൽ അച്ചടിച്ച് ബ്രിട്ടീഷ് ഇന്ത്യ തുടങ്ങിയ അയൽരാജ്യങ്ങളിലെ പത്രങ്ങൾക്കും വൈസ്രോയിക്കും ഇംഗ്ലണ്ടിലെ പാർലമെന്റ് അംഗങ്ങൾക്കും എത്തിക്കുകയും ചെയ്തു. അതിൽ പ്രായപൂർത്തി വോട്ടവകാശം, ആരാധനാ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സ്വതന്ത്ര ജുഡീഷ്യറി എന്നിങ്ങനെ ഒരിക്കലും നടപ്പിലാക്കാൻ സാദ്ധ്യമല്ലാത്ത ആവശ്യങ്ങളുന്നയിച്ചിരുന്നു. രാമയ്യൻ ദളവായെയും രാജാകേശവദാസനെയും പോലെ നമ്മുടെ വഞ്ചിരാജ്യം കണ്ട ഏറ്റവും വലിയ ഭരണാധികാരി സർ സി.പി. രാമസ്വാമി അയ്യർ അഴിമതിക്കാരനാണെന്നും അദ്ദേഹത്തെ പിരിച്ചുവിടണമെന്നുമായിരുന്നു മറ്റൊരാവശ്യം. കൂടാതെ അദ്ദേഹം പരസ്ത്രീ തത്പരനാണെന്നും മദിരാശി കോടതിയിലെ ഏറ്റവും പ്രതിഫലം പറ്റിയിരുന്ന വക്കീലായ അദ്ദേഹം ഇങ്ങോട്ട് വരാൻ കാരണം അമ്മമഹാറാണിയുമായുള്ള ബന്ധവും ഇന്നാട്ടിലെ സുന്ദരികളിലുള്ള താത്പര്യവുമാണെന്ന് പ്രചരിപ്പിച്ചു.

          ഉത്തരവാദഭരണമെന്ന പേരിലുള്ള അവരുടെ സമരം ഒരു യുദ്ധത്തിനുള്ള ആസൂത്രണവും തയ്യാറെടുപ്പുമുള്ളതായിരുന്നു. രണ്ടിലൊന്നറിയാതെ പിൻവാങ്ങില്ലെന്നതായിരുന്നു ഭാവം. ഓരോ ഘട്ടത്തിലും സമരം നയിക്കാൻ ഒരു സർവ്വാധിപതി അഥവാ ഡിക്‌റ്റേറ്റർ ഉണ്ടായിരുന്നു. അയാൾ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അടുത്തയാളെ ആ സ്ഥാനത്ത് നിർദ്ദേശിക്കും. രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും സമരവും പിക്കറ്റിങ്ങും നടത്താനുള്ള ആൾബലവും സംഘടിപ്പിച്ചു. പട്ടം താണുപിള്ളയായിരുന്നു ആദ്യത്തെ ഡിക്‌റ്റേറ്റർ. എന്നാൽ യഥാർത്ഥത്തിൽ സമരം നിയന്ത്രിച്ചതുകൊച്ചിക്കാരനായ ഒരു എം.എം. വർക്കിയായിരുന്നു. സമരത്തിന് തൊട്ടുമുൻപ് അയാൾ നമ്മുടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേറ്റ് കോൺഗ്രസ് ആസ്ഥാനമായ വാൻ റോസിൽനിന്ന് സ്വന്തം രാജ്യത്തേക്ക് മുങ്ങി. അവിടിരുന്ന് അയാൾ ബുള്ളറ്റിനുകളും ലഘുലേഖകളും പത്രങ്ങളും വഴി സമരവാർത്തകൾ പ്രചരിപ്പിച്ചു. അവ ഇങ്ങോട്ടേക്ക്  രഹസ്യമായി കടത്തി. മലബാറിൽനിന്ന് ചിലരെ കോട്ടയത്തും കൊല്ലത്തുമെത്തിച്ച് രഹസ്യമായി വാളണ്ടിയർ സേനാ പരിശീലനം നൽകി. അയാളുടെ പ്രേരണയിൽ കണ്ണൂർ പെരളശ്ശേരിക്കാരനായ എ.കെ. ഗോപാലൻ എന്നയാൾ വലിയൊരു ജാഥ നയിച്ച് ആലുവാ റെയിൽവേ സ്റ്റേഷനിലിറങ്ങി നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ നോക്കി.

എന്നാൽ നമ്മുടെ പൊലീസും സർക്കാരും ഫലപ്രദമായാണ് സമരത്തെ നേരിട്ടത്. പട്ടം താണുപിള്ളയുടെ അറസ്റ്റിനുശേഷം എൻ.കെ. പത്മനാഭപിള്ളയായിരുന്നു ഡിക്‌റ്റേറ്റർ. പണ്ട് നാടുകടത്തപ്പെട്ട രാജ്യദ്രോഹി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അനുജൻ. അയാൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തിരുവനന്തപുരത്തും നെയ്യാറ്റിൻകരയിലും കലാപങ്ങളുണ്ടായി. പിന്നെ വന്ന ഡിക്‌റ്റേറ്റർമാരായ നെയ്യാറ്റിൻകര വാസുദേവൻ പിള്ള, ഏ.ജെ. ജോൺ, എലിസബത്ത് കുരുവിള, പി.കെ. കുമാരൻ, എൻ.വി. ചാക്കോ എന്നിവരും അറസ്റ്റിലായപ്പോൾ ആസൂത്രകനായ എം.എം. വർക്കിക്ക് പരിഭ്രമമായി. കടയ്ക്കൽ എന്ന സ്ഥലത്തുണ്ടായ സായുധസമരത്തെ സർക്കാർ ഫലപ്രദമായി അടിച്ചമർത്തുകയും ചെയ്തു. സമരം നീട്ടി മഹാരാജാവിന്റെ തിരുനാൾവരെ എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനും അന്നേദിവസം തലസ്ഥാനത്ത് കലാപമുണ്ടാക്കാനുമായിരുന്നു അയാളുടെ പദ്ധതി. അതിനായി ഡിക്‌റ്റേറ്റർ സ്ഥാനത്തേക്ക് പൊലീസിന്റെ കണ്ണുവെട്ടിക്കാൻ തക്കവണ്ണം ആരും അറിയാത്തതും അതിസാമർത്ഥ്യമുള്ളതുമായ ഒരാൾ വേണം. സ്ത്രീയായാൽ നല്ലത്. എം.എം. വർക്കിയും കൂട്ടാളിയും തലപുകഞ്ഞ് ആലോചിച്ചു. അക്കൂട്ടത്തിൽ എന്റെയൊപ്പം ജയിലിൽ കിടക്കുന്ന കാഞ്ഞിരപ്പള്ളിക്കാരൻ വി.വി. വർക്കിയുമുണ്ടായിരുന്നു. അയാളുടെ ചിന്ത തന്റെ മനസ്സിൽ നേരത്തേതന്നെ കുടിയേറിയ തന്റേടിയായ ഒരു ഇരുപത്തെട്ടുകാരി സുന്ദരിയിലേക്ക് നീണ്ടു. അക്കാമ്മ ചെറിയാൻ.

          സുറിയാനി ക്രിസ്ത്യാനികൾ പെൺമക്കളെ ചെമ്പുചട്ടിയും കലവും അല്പം പണവും സ്ത്രീധനം കൊടുത്ത് പതിനാറ് വയസ്സിന് മുമ്പേ ആരോഗ്യമുള്ള ഒരുത്തന്റെ കൂടെ ഇറക്കിവിടും. ആദ്യപ്രസവത്തിന്റെ ചെലവും വഹിച്ചാൽ പിന്നെ വീട്ടുകാരുടെ തലേന്ന് ഭാരമൊഴിഞ്ഞു. പിന്നെ കാര്യമില്ലാതെ സ്വന്തം വീട്ടിക്കേറിവന്നാ പെറ്റ തള്ളപോലും എന്തിനാ വന്നേന്ന് ചോദിക്കും. അക്ഷരം പഠിച്ച പെണ്ണാണെങ്കിൽ ചെറുക്കനെ കിട്ടാതെ വീട്ടിൽ നിന്ന് മൂത്തുനരയ്ക്കും. അല്ലെങ്കിൽ മൊട്ടയടിച്ച് മഠത്തിൽ ചേരും. പക്ഷേ, കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചെറിയാന്റെ മകൾ അക്കാമ്മ പുതുതായി തുടങ്ങിയ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ചേർന്ന് ചരിത്രം പഠിച്ച് ബി.എ. പാസ്സായി. അതിനു മുൻപ് ചങ്ങനാശ്ശേരിയിൽ ബോർഡിങ് സ്‌കൂളിൽ പഠിക്കുമ്പോഴേ അഹങ്കാരിയെന്ന് പേരെടുത്തു. വൃത്തിയുള്ള ആഹാരം നല്കാത്ത കന്യാസ്ത്രീകളെ നിരാഹാരം കിടന്ന് തോല്പിച്ചു പഠനശേഷം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിൽ ഹെഡ്‌മിസ്ട്രസ്സായി ജോലിചെയ്യുന്നു. പി.ടി. ചാക്കോയോടും കെ.ജെ. തോമസിനോടുമൊപ്പം കാഞ്ഞിരപ്പള്ളിയിൽ വീട് കയറി പ്രചരണം നടത്തുന്നതിനിടെ വി.വി. വർക്കി അക്കാമ്മയെ കണ്ടിട്ടുണ്ട്. സമരം കനത്തപ്പോൾ ആണുങ്ങളെല്ലാം ജയിലിലായി. അക്കാമ്മ കൂട്ടുകാരികളെയും കൂട്ടി സ്‌കൂൾകുട്ടികളുടെ ജാഥ നയിച്ചു. ഫണ്ട് പിരിവ് നടത്തി.

          വി.വി. വർക്കി കാര്യം പറഞ്ഞപ്പോഴേ അക്കാമ്മ സമ്മതിച്ചു. സഹോദരി റോസമ്മയെയും സഹോദരൻ വർക്കിച്ചനെയും കൂട്ടി അവർ എറണാകുളത്തിന് തിരിച്ചു. പോകും വഴി രാജിക്കത്ത് സ്‌കൂളിലേക്ക് കൊടുത്തുവിട്ടു. അവിടം മുതൽ നമ്മുടെ സർക്കാരിന്റെ ഇന്റലിജൻസ് സംവിധാനം പരാജയപ്പെട്ടെന്ന് പറയാം. എറണാകുളത്തെത്തിയ അവർ കുട്ടനാട് രാമകൃഷ്ണപിള്ളയ്ക്കുശേഷം സമരത്തിന്റെ പന്ത്രണ്ടാമത്തെ ഡിക്‌റ്റേറ്ററായി ചുമതലയേറ്റു. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനായി രഹസ്യമായി അവർ മധുരയ്ക്ക് തിരിച്ചു. അവിടെനിന്ന് തീവണ്ടിയിൽ തമ്പാനൂരെത്തി തിരുനാളിന്റെ അന്ന് പുതുക്കിയ നിവേദനപത്രവുമായി ജാഥ നയിച്ച് മഹാരാജാവിന് നേരിട്ട് നൽകാനായിരുന്നു പദ്ധതി. റെയിൽവേ ലൈനും സ്റ്റേഷനും തങ്കശ്ശേരിപോലെ ബ്രിട്ടീഷുകാരുടെ ഭരണത്തിലാണ്. അവിടെവെച്ച് ആരെയും നമുക്ക് അറസ്റ്റ് ചെയ്യാൻ പറ്റില്ല. പോകുംവഴി വി.വി. വർക്കി ആഗ്രഹിച്ചതുപോലെ അക്കാമ്മയെ രാഷ്ട്രീയകാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിപ്പിക്കേണ്ട ചുമതല അയാൾക്കായിരുന്നു. മധുരയിൽ അവർ ട്രെയിനിറങ്ങുമ്പോൾ സ്വീകരിക്കാനും വേണ്ട സൗകര്യങ്ങളൊരുക്കാനുമുള്ള ചുമതല പി.ടി. പുന്നൂസിനായിരുന്നു. വർക്കി ആദ്യം അക്കാമ്മയെ കണ്ടപ്പോഴുണ്ടായ അതേ അതിശയത്തോടെ പുന്നൂസ് മധുര റെയിൽവേ സ്റ്റേഷനിൽവെച്ച് റോസമ്മയെ നോക്കി.

          ഇപ്പോൾ അവർക്കിടയിൽ കൂറ്റനൊരു മതിലുണ്ട്. മതിലിനപ്പുറം വനിതാ ജയിലിൽ രണ്ട് കാമുകിമാർ. മതിലിനിപ്പുറം രണ്ട് കാമുകന്മാർ. അപ്പുറത്ത് നടക്കുന്ന സംഭവങ്ങൾ അക്കാമ്മയുടെയും റോസമ്മയുടെയും സഹോദരൻ വർക്കിച്ചനെക്കാൾ വിഷമിപ്പിച്ചത്. പുന്നൂസിനെയും വി.വി. വർക്കിയെയുമായിരുന്നു'. 

ഓഗസ്റ്റ് 17
എസ്. ഹരീഷ്
ഡി.സി. ബുക്‌സ്
2022
വില: 399 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP