Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബായിലേത് കഴുത്തു ഞെരിച്ച് കൊലയോ? തലയോട്ടിക്ക് ക്ഷതം സംഭവിച്ചോ എന്നും പരിശോധിക്കും; വിഷം കണ്ടെത്താനും ഫോറൻസിക് പരിശോധന; കഴുത്തിലെ പാട് ചർച്ചയാക്കുന്നത് അസ്വാഭാവിക മരണത്തിന്റെ സാധ്യത; വ്‌ളോഗർ റിഫയ്ക്ക് സംഭവിച്ചത് എന്ത്? ദുബായിലേക്കും അന്വേഷണം നീളും

ദുബായിലേത് കഴുത്തു ഞെരിച്ച് കൊലയോ? തലയോട്ടിക്ക് ക്ഷതം സംഭവിച്ചോ എന്നും പരിശോധിക്കും; വിഷം കണ്ടെത്താനും ഫോറൻസിക് പരിശോധന; കഴുത്തിലെ പാട് ചർച്ചയാക്കുന്നത് അസ്വാഭാവിക മരണത്തിന്റെ സാധ്യത; വ്‌ളോഗർ റിഫയ്ക്ക് സംഭവിച്ചത് എന്ത്? ദുബായിലേക്കും അന്വേഷണം നീളും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസിന് സംശയം. ദുബായിൽ പോസ്റ്റ്‌മോർട്ടം ഒഴിവാക്കിയത് ഇതു കൊണ്ടാണെന്നാണ് സംശയം. റിഫയെ ആരോ ബലമായി കഴുത്തു ഞെരിച്ച് കൊന്ന ശേഷം തൂക്കി കെട്ടിയതാകാമെന്നാണ് സംശയം.

റിഫയുടെ കഴുത്തിൽ പാടുകൾ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാൽ മൃതദേഹം കബറിടത്തിൽനിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോൾ തന്നെ കഴുത്തിലെ പാട് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ വിശദമായ പരിശോധന ആവശ്യമാണ്. ആന്തരികാവയവങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഹരി അടക്കമുള്ള വസ്തുക്കൾ റിഫയ്ക്ക് നൽകിയിരുന്നോ എന്ന് മനസ്സിലാക്കാനാണ് ഇത്.

റിഫയെ ശ്വാസം മുട്ടിച്ചതാണോ, തലയോട്ടിക്ക് ഉൾപ്പടെ ശരീരത്തിൽ ക്ഷതം സംഭവിച്ചിട്ടുണ്ടോ, എന്തെങ്കിലും വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ സ്ഥിരീകരിക്കാനാണ് ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കും. റിഫയുടെ ഭർത്താവ് മെഹ്നുവിനെ ചോദ്യം ചെയ്യുകയും ചെയ്യും.

പാവണ്ടൂർ ജുമാമസ്ജിദിലെ കബർസ്ഥാനിൽനിന്ന് റിഫയുടെ മൃതദേഹം ശനിയാഴ്ച രാവിലെ പത്തോടെയാണ് പുറത്തെടുത്തത്. കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഡിവൈ.എസ്‌പി. ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇൻക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.

മാർച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ ഫ്ളാറ്റിൽ റിഫയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്. അവിടെവെച്ച് റിഫയുടെ പോസ്റ്റ്‌മോർട്ടം നടത്തിയെന്നുപറഞ്ഞ് ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. മാർച്ച് 18-ന് റൂറൽ എസ്‌പി.ക്ക് നൽകിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.

കബറടക്കാൻ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. പൊലീസിൽ നൽകിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തിളങ്ങിനിന്നിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് യുഎഇയിലെ കൂട്ടുകാർ ചോദിക്കുന്നത്. സ്വയം മരണം വരിച്ചതാണെങ്കിൽ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം. കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫ മരണത്തിന് ഒന്നര മാസം മുൻപാണ് ഭർത്താവ് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു എന്ന് വിളിക്കുന്ന മെഹ്നാസി(25)നോടൊപ്പം യുഎഇയിലെത്തിയത്.

മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെയാണ് നിർത്തിയിരുന്നത്. ഇരുവരും ചേർന്ന് വിഡിയോ, സംഗീത ആൽബ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. മരണത്തിന് രണ്ട് ദിവസം മുൻപ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കയറി ഇരുവരും വിഡിയോ പകർത്തി പോസ്റ്റ് ചെയ്തിരുന്നു. അത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും. മരണത്തിന്റെ തലേന്ന് രാത്രി മെഹ്നാസിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാൽ, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാൽ റിഫ പോയിരുന്നില്ല. മെഹ്നാസ് പുലർച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോൾ, റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.

രണ്ടു പേരും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ 4 വർഷം മുൻപ് വിവാഹം കഴിക്കുകയുമായിരുന്നു. റിഫയ്ക്ക് യുട്യൂബിൽ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷൻ, റസ്റ്ററന്റുകളിലെ വിഭവങ്ങൾ പരിചയപ്പെടുത്തൽ, യാത്രകൾ എന്നിവയായിരുന്നു പ്രധാനമായും വിഡിയോയിൽ പകർത്തിയിരുന്നത്. എല്ലാ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. മെഹ്നുവിന് സംഗീത ആൽബ നിർമ്മാണവുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ചേർന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.

ഭാര്യ മരിച്ച വിവരം മെഹ്നാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഈ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഭാര്യയുടെ മരണ വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും നടന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP