Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള പാട്; ആന്തരികാവയവ ഫോറൻസിക് പരിശോധന എല്ലാം തെളിയിക്കും; വ്ളോഗറുടേതു കൊലപാതകമോ? ദുബായിൽ പോസ്റ്റ്മോർട്ടം ചെയ്യാത്തതിന് പിന്നിലെ ദുരൂഹത മാറും; വിശദ റിപ്പോർട്ട് രണ്ടു ദിവസത്തിനകം; റിഫയെ വീണ്ടും ഖബറടക്കിയത് വൈകിട്ടോടെ

റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള പാട്; ആന്തരികാവയവ ഫോറൻസിക് പരിശോധന എല്ലാം തെളിയിക്കും; വ്ളോഗറുടേതു കൊലപാതകമോ? ദുബായിൽ പോസ്റ്റ്മോർട്ടം ചെയ്യാത്തതിന് പിന്നിലെ ദുരൂഹത മാറും; വിശദ റിപ്പോർട്ട് രണ്ടു ദിവസത്തിനകം; റിഫയെ വീണ്ടും ഖബറടക്കിയത് വൈകിട്ടോടെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം വീണ്ടും ഖബറടക്കി. കേസ് അന്വേഷണത്തിനായാണ് രണ്ട് മാസം മുമ്പ് കബറടക്കിയ റിഫയുടെ മൃതദേഹം പുറത്തെടുത്തത്. വൈകിട്ട് 6.30 ഓടെ കാക്കൂരിലെ പാവണ്ടൂർ ജുമാ മസ്ജിദ് ഖബറിടത്തിൽ ഖബറടക്കി. പോസ്റ്റ്‌മോർട്ടത്തിലൂടെ കേസ് അന്വേഷണത്തിൽ നിർണായകമായ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷക സംഘത്തിന്റെ അനുമാനം.

കോഴിക്കോട് തഹസിൽദാർ പ്രേംലാൽ, ഫോറൻസിക് മേധാവി ഡോ. ലിസ, എഡിഎം ചെൽസാ സിനി, താമരശേരി ഡിവൈഎസ്‌പി ടി കെ അഷറഫ് തുടങ്ങിയവർ മൃതദേഹം പുറത്തെടുക്കുന്നതിന് നേതൃത്വം നൽകി. മാർച്ച് ഒന്നിന് രാത്രിയായിരുന്നു ദുബായിലെ ഫ്‌ളാറ്റിൽ റിഫയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദുബൈയിൽവെച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു.

കബറടക്കാൻ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. പൊലീസിൽ നൽകിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ചില സൂചനകൾ കിട്ടിയിട്ടുണ്ട്. എന്നാൽ തൽകാലം അതൊന്നും പുറത്തു വിടില്ല. ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ നിന്ന് മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം പൊലീസിന് ഉണ്ട്.

റിഫ മെഹ്നുവിന്റെ കഴുത്തിൽ ആഴത്തിലുള്ള പാട് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ഇക്കാര്യം മനസ്സിലായത്. പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. വിശദ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കും. അതോടെ ദുരൂഹത നീക്കാൻ സാധിക്കും. മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഫിലിയ്യയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ ഭർത്താവ് മെഹ്നാസിന്റെയും സഹോദരന്റെയും ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പിന്നീടാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടിൽ പരാതി നൽകിയത്. ഭർത്താവോ സഹോദരനോ ആവശ്യപ്പെട്ടിരുന്നെങ്കിൽ ദുബായിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പ്രകടനത്തിന് പുറമെ, ദുബായ് ഖിസൈസിലെ ഒരു മാളിലെ കടയിലും കരാമയിലും റിഫ ജോലി ചെയ്തിരുന്നു. സംഭവ ദിവസം രാത്രി ഖിസൈസിലെ തൊഴിലുടമ നൽകിയ ഒരു വിരുന്നിൽ പങ്കെടുത്തതിനാൽ റിഫ വീട്ടിലെത്താൻ വൈകി. ഇതിൽ താൻ ദേഷ്യപ്പെട്ടിരുന്നുവെന്നാണ് മെഹ്നാസ് പറഞ്ഞത്. പുലർച്ചെ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചുവന്നപ്പോഴായിരുന്നു ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതായിരുന്നു മെഹ്നാസ് ദുബായ് പൊലീസിന് നൽകിയ മൊഴി. സഹോദരി ജീവനൊടുക്കിയതാണെന്ന് റിഫയുടെ സഹോദരനും മൊഴി നൽകി.

ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തിളങ്ങിനിന്നിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് യുഎഇയിലെ കൂട്ടുകാർ ചോദിക്കുന്നത്. സ്വയം മരണം വരിച്ചതാണെങ്കിൽ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം. കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫ മരണത്തിന് ഒന്നര മാസം മുൻപാണ് ഭർത്താവ് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു എന്ന് വിളിക്കുന്ന മെഹ്നാസി(25)നോടൊപ്പം യുഎഇയിലെത്തിയത്.

മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെയാണ് നിർത്തിയിരുന്നത്. ഇരുവരും ചേർന്ന് വിഡിയോ, സംഗീത ആൽബ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. മരണത്തിന് രണ്ട് ദിവസം മുൻപ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കയറി ഇരുവരും വിഡിയോ പകർത്തി പോസ്റ്റ് ചെയ്തിരുന്നു. അത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും. മരണത്തിന്റെ തലേന്ന് രാത്രി മെഹ്നാസിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാൽ, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാൽ റിഫ പോയിരുന്നില്ല. മെഹ്നാസ് പുലർച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോൾ, റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.

രണ്ടു പേരും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ 4 വർഷം മുൻപ് വിവാഹം കഴിക്കുകയുമായിരുന്നു. റിഫയ്ക്ക് യുട്യൂബിൽ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷൻ, റസ്റ്ററന്റുകളിലെ വിഭവങ്ങൾ പരിചയപ്പെടുത്തൽ, യാത്രകൾ എന്നിവയായിരുന്നു പ്രധാനമായും വിഡിയോയിൽ പകർത്തിയിരുന്നത്. എല്ലാ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്. മെഹ്നുവിന് സംഗീത ആൽബ നിർമ്മാണവുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ചേർന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്‌നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.

ഭാര്യ മരിച്ച വിവരം മെഹ്നാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഈ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഭാര്യയുടെ മരണ വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും നടന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP