Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദുബായിലെ തെരുവിൽ നിന്ന് നാട്ടിലെത്തിയ അനിത ഇപ്പോഴുള്ളത് സ്‌നേഹഭവന്റെ തണലിൽ; കൂട്ടിക്കൊണ്ടുപോകാൻ അമ്മ എത്തിയെങ്കിലും വഴങ്ങാതെ പ്രവാസി വനിത: ഒന്നര മാസം മുമ്പ് നാട്ടിലെത്തിയ അനിതയെ കണ്ടെത്തിയത് അമ്മ നൽകിയ പരാതിയിൽ

ദുബായിലെ തെരുവിൽ നിന്ന് നാട്ടിലെത്തിയ അനിത ഇപ്പോഴുള്ളത് സ്‌നേഹഭവന്റെ തണലിൽ; കൂട്ടിക്കൊണ്ടുപോകാൻ അമ്മ എത്തിയെങ്കിലും വഴങ്ങാതെ പ്രവാസി വനിത: ഒന്നര മാസം മുമ്പ് നാട്ടിലെത്തിയ അനിതയെ കണ്ടെത്തിയത് അമ്മ നൽകിയ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഭർത്താവിന്റെ ചതി മൂലം ദുബായിലെ ജയിലിൽ ആവുകയും പിന്നീട് ഒൻപത് മാസത്തോളം തെരുവിൽ കഴിയുകയും ചെയ്ത മലയാളി വനിതയായ അനിത ഇപ്പോഴുള്ളത് എറണാകുളം നോർത്ത് പറവൂരിലെ സ്‌നേഹഭവന്റെ തണലിൽ. ദുബായ് അധികൃതരുടെ ഇടപെടലിലൂടെ നാട്ടിലേയ്ക്ക് മടങ്ങിയ അനിത എവിടെയാണെന്ന് ആർക്കും ഒരു വിവരവും ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം അനിതയുടെ മാതാവ് നൽകിയ പരാതിയിൽ അനിത എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തുക ആയിരുന്നു. ജയിലിൽ നിന്നും ഇറങ്ങി ഒമ്പത് മാസത്തോളം ബർദുബായിലെ തെരുവിൽ കഴിഞ്ഞ ശേഷമാണ് ദുബായ് അധികൃതരുടെ ഇടപെടലിലൂടെ അനിത നാട്ടിൽ തിരിച്ചെത്തിയത്.

അനിത സ്‌നേഹഭവനിൽ സുരക്ഷിതയായി ഉണ്ടെന്ന് ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസ് സബ് ഇൻസ്‌പെക്ടർ മഞ്ജു ദാസ് അറിയിച്ചതായി സാമൂഹിക പ്രവർത്തകൻ അഡ്വ. ഏബ്രഹാം പി.ജോൺ പറഞ്ഞു. അനിതയെ മാതാവ് സി.തുളസി, ചിറ്റമ്മ സി.വിമല എന്നിവർ സ്‌നേഹഭവനിൽ എത്തി സന്ദർശിച്ചു. തങ്ങളുടെ കൂടെ വീട്ടിലേയ്ക്ക് വരാൻ ഇരുവരും നിർബന്ധിച്ചെങ്കിലും അനിത വഴങ്ങിയിട്ടില്ല. താനിവിടെ സ്വസ്ഥമായി കഴിയാനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു അവരുടെ മറുപടി. ഇതോടെ നിസ്സഹായരായ വീട്ടുകാർ തിരികെ പോയി. വീട്ടിലേക്ക് പോകാൻ അനിതയ്ക്ക് താൽപര്യമില്ല. സ്‌നേഹ ഭവനിൽ സമാധാനമായി കഴിയാനാണ് അനിതയുടെ ആഗ്രഹം.

ദുബായ് എമിഗ്രേഷൻ അധികൃതർ സഹായഹസ്തം നീട്ടിയതിനാലാണ് വൻ തുക കടബാധ്യതയുണ്ടായിരുന്ന അനിതയ്ക്ക് ഏതാണ്ട് ഒന്നര മാസം മുൻപ് നാട്ടിലേയ്ക്ക് പോകാൻ സാധിച്ചത്. എന്നാൽ നാട്ടിൽ എവിടെയാണ് ഉള്ളത് എന്ന കാര്യത്തിൽ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് മാതാവ് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസാണ് അനിതയെ കണ്ടെത്തിയത്. അനിത ബർദുബായ് തെരുവിൽ കഴിയുന്നത് വലിയ വാർത്തയായിരുന്നു. ഇത് അഡ്വ.ഏബ്രഹാം പി. ജോൺ, ജിജോ എന്നിവർ ദുബായ് എമിഗ്രേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എമിഗ്രേഷൻ അധികൃതർ ഇവരെ കൂട്ടിക്കൊണ്ടുപോയി സംരക്ഷണം നൽകി.

അനിത സുരക്ഷിതമായി എമിഗ്രേഷന്റെ കീഴിൽ ഷെൽട്ടറിൽ കഴിയുന്നതായി അധികൃതർ അറിയിക്കുകയും ചെയ്തു. ഇവരുടെ കട ബാധ്യതകൾ തീർക്കാൻ എമിഗ്രേഷൻ അധികൃതർ മുന്നോട്ട് വന്നതാണ് നാടിന്റെ തണലിലേയ്ക്ക് പോകാൻ വഴിയൊരുങ്ങിയത്. തന്റേതല്ലാത്ത കാരണത്താലായിരുന്നു മാസങ്ങളോളം അനിത ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ രാപ്പകൽ ഭേദമന്യേ കഴിച്ചുകൂട്ടിയത്. ഭർത്താവിന്റെ ചതിയാണ് അനിതാ ബാലു എന്ന 46കാരിക്ക് ദുരവസ്ഥ നൽകിയത്. പിന്നണി ഗായകൻ എംജി ശ്രീകുമാറിന്റെ അടക്കം കുടുംബ സുഹൃത്തായിരുന്നു അനിതാ ബാലു.

നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടർന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു വിശപ്പടക്കുന്നത്. ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനിയാണ് അനിതാ ബാലു. ആരുടേയും കണ്ണ് നയിപ്പിക്കുന്നതാണ് അനിതാ ബാലുവിന്റെ കഥ. ഭർത്താവ് ആലപ്പുഴ മുതുകുളം സ്വദേശി ബാലു ദുബായിൽ ബിസിനസുകാരനായിരുന്നു. 1996 മുതൽ നടത്തിയ ബിസിനസ് പിന്നീട് തകരുകയും വിവിധ ബാങ്കുകളിൽ നിന്നു ബാലു വൻതുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിർത്തിയതു ഭാര്യ അനിതയെയായിരുന്നു.

വായ്പ തിരിച്ചടക്കാനാതായപ്പോൾ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവർ മൂത്ത മകനെയും കൊണ്ടു പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവിൽ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോൾ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകൻ താൻ പഠിച്ച സ്‌കൂളിൽ ചെറിയൊരു ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ മകന്റെ കൂടെ താമസിക്കാൻ അനിത തയ്യാറായതുമില്ല. ഭർത്താവിനോടുള്ള പ്രതിഷേധവുമായി അവർ തെരുവിൽ ഇറങ്ങി. ഇയാൾക്ക് കേരളത്തിൽ വേറെ ഭാര്യയും കുട്ടിയുമുണ്ട്.

തന്റേതല്ലാത്ത കാരണത്താൽ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താൻ നാട്ടിലേയ്ക്കു മടങ്ങില്ലെന്നാണ് ഇവരുടെ നിലപാട്. 22 ലക്ഷത്തോളം ദിർഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിർഹവും. രണ്ടു കൂട്ടരും സിവിൽ കേസ് നൽകിയപ്പോൾ കുടുങ്ങിയത് അനിതയും. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനൽകാൻ ബാങ്കുകാർ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബർ 30ന് മുൻപ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. അതിന് കഴിഞ്ഞിട്ടില്ല.

അഡ്വ.ഏബ്രഹാം ജോൺ ബാങ്കിന് വീണ്ടും അപേക്ഷ നൽകിയപ്പോൾ ഡിസംബർ അവസാനം വരെ കാലാവധി നീട്ടി നൽകി. ആ തീയതിക്ക് മുൻപ് പണം അടച്ചില്ലെങ്കിൽ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. അതും നടന്നില്ല. ഇതിനിടെ അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകൾ ഒത്തുതീർപ്പാക്കാതെ തെരുവിൽ നിന്ന് മാറില്ലെന്ന് അവർ പറയുന്നു.

ബർദുബായിലെ ക്ഷേത്രത്തോടും പള്ളിയോടും ചേർന്നുള്ള പബ്ലിക് ടെലിഫോൺ ബൂത്തായിരുന്നു അനിതയുടെ വീട്. അവിടെ ബാഗും വസ്ത്രങ്ങളും ട്രാൻസിസ്റ്ററും കാണാം. വിവിധ വസ്തുക്കളിൽ ചിത്രങ്ങൾ വരച്ച് വിറ്റ് കിട്ടുന്ന തുകയും ഇവർ ഉപജീവനത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെട്ടിരുന്നു. ടെലിഫോൺ ബൂത്ത് ജീവിതത്തിന്റെ വിരസത ഒഴിവാക്കാനായിരുന്നു റേഡിയോയിൽ പാട്ടുകൾ കേട്ടുകൊണ്ടുള്ള ചിത്ര രചന.

പരിസരങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരും താമസിക്കുന്നവരും അനിതയെ പലപ്പോഴും സമീപിച്ച് ഭക്ഷണവും പണവും സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ചലച്ചിത്ര പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു അനിതയും ഭർത്താവും. അനിതയുടെ ദുഃഖകഥ അറിഞ്ഞ ശ്രീകുമാർ അവരെ സഹായിക്കാൻ താത്പര്യം അറിയിച്ചിരുന്നു. സംഗീതത്തിലുള്ള അനിതയുടെ അവഗാഹമാണ് ശ്രീകുമാറിനെ ആ കുടുംബവുമായി അടുപ്പിച്ചതെന്നാണ് സൂചന. ആ സഹായവും വേണ്ടെന്ന് വച്ചു.

ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ അവർ ബർ ദുബായ് റഫാ പൊലീസ് സ്റ്റേഷനിൽ നിന്നു പോകാൻ തയ്യാറായില്ലെന്നതാണ് വസ്തുത. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ അവർക്കു ഭക്ഷണവും മറ്റും നൽകി. പിന്നീട് ടെലിഫോൺ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരം പൊലീസിന്റെ സാന്നിധ്യമുള്ള ഇവിടെ മറ്റാരുടെയും ശല്യം ഇവർ നേരിടേണ്ടിവരുന്നില്ല.

അനിതയുടെ ദുരിത ജീവിതത്തിന് പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് പല സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചിരുന്നു. സാമൂഹിക പ്രവർത്തകൻ ഷിജു ബഷീറാണ് ആദ്യമായി അനിതയെ പുറംലോകത്തിന് കാട്ടിക്കൊടുത്തത്. എന്നാൽ, വൻതുകയാണ് ഇവരുടെ പ്രശ്നപരിഹാരത്തിന് ആവശ്യം എന്നത് പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് പലരെയും പിന്തിരിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റ് പോലും നിസ്സഹായരായി.

ഇപ്പോൾ ബാങ്കുകളിലെ ബാധ്യതകൾ എമിഗ്രേഷൻ ഒത്തുതീർപ്പാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, സ്വകാര്യ കമ്പനിയുമായി വിഷയം ചർച്ച ചെയ്ത് പരിഹരിച്ചാലേ അനിതയുടെ പ്രശ്നത്തിന് പൂർണ പരിഹാരമാകുകയുള്ളൂ. അതിന് സുമനസ്സുകളുടെ സഹായവും അനിവാര്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP