Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രഭാകരൻ കോട്ടപ്പള്ളിമാരുടെ പേടി സ്വപ്നം! പക്ഷേ യഥാർഥത്തിൽ യുഎൻ പോലെത്തെ ഒരു സംഘടന മാത്രം; മൂന്നാംലോക രാജ്യങ്ങളെ കൊള്ളയടിക്കുമെന്ന് കുപ്രചാരണം; ഗീതാ ഗോപിനാഥിനെ ഓടിച്ചത് ഇതേ ഭീതിയിൽ; ഇന്ന് ചൈനയുടെ കടക്കെണിയിൽ വീണ രാജ്യങ്ങൾ കൂട്ടമായി സഹായത്തിനെത്തുന്നു; അന്ന് വില്ലൻ, ഇന്ന് രക്ഷകൻ; ഐഎംഎഫിന്റെ കഥ!

പ്രഭാകരൻ കോട്ടപ്പള്ളിമാരുടെ പേടി സ്വപ്നം! പക്ഷേ യഥാർഥത്തിൽ യുഎൻ പോലെത്തെ ഒരു സംഘടന മാത്രം; മൂന്നാംലോക രാജ്യങ്ങളെ കൊള്ളയടിക്കുമെന്ന് കുപ്രചാരണം; ഗീതാ ഗോപിനാഥിനെ ഓടിച്ചത് ഇതേ ഭീതിയിൽ; ഇന്ന് ചൈനയുടെ കടക്കെണിയിൽ വീണ രാജ്യങ്ങൾ കൂട്ടമായി സഹായത്തിനെത്തുന്നു; അന്ന് വില്ലൻ, ഇന്ന് രക്ഷകൻ; ഐഎംഎഫിന്റെ കഥ!

എം റിജു

ലയാളികളായ സാധാരണക്കാർക്ക് ഐഎംഎഫിനെ പരിചയപ്പെടുത്തിയത് പ്രഭാകരൻ കോട്ടപ്പള്ളി എന്ന സഖാവാണ്. പ്രഭാകരൻ കോട്ടപ്പള്ളിയെ ഓർമ്മയില്ലേ. 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന് പറയുന്ന 'സന്ദേശം' സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം. ഐഎംഎഫും ലോകബാങ്കും ചേർന്ന് നമ്മെ കൊള്ളയടിക്കും എന്നത് പ്രഭാകരൻ കോട്ടപ്പള്ളിയുടെ മാത്രം ആശങ്ക ആയിരുന്നിന്നില്ല. 90കളിലെ ഉദാരണവത്ക്കരണക്കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ ആവർത്തിച്ച് ആസൂത്രിതമായി പ്രചരിപ്പിച്ച ഒരു കട്ട നുണയായിരുന്നു അത്. 

അന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം ഐഎംഎഫിനും വേൾഡ് ബാങ്കിനും, 'നവ ലിബറൽ' നയങ്ങൾക്കുമെതിരെ പന്തംകൊളുത്തി പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നു. ഇന്ത്യയെ സമ്പൂർണ്ണമായി ഇനി ഐഎംഎഫ് നിയന്ത്രിക്കുമെന്നും നമ്മുടെ നയവും പരിപാടികളും തീരുമാനിക്കുന്നത് അവർ ആണെന്നും സിപിഎം അടക്കമുള്ള ഇടതുപക്ഷം പ്രചരിപ്പിച്ചു. എരിതീയിൽ എണ്ണ പകരുന്ന രീതിയിൽ എഴുത്തുകാരനും മാതൃഭൂമി പത്രാധിപരും ആയിരുന്നു എം പി വീരേന്ദ്രകുമാർ 'ഗാട്ടും കാണാച്ചരടും' എന്ന പുസ്തകവും എഴുതി. ഇതിന്റെ ചുവടുപിടിച്ച് ചില ഇടത് തീവ്രവാദികൾ ആവട്ടെ ' ഇനി ഒരു തുളസിയില നുള്ളാൻ പോലും നമുക്ക് കഴിയില്ല' എന്നൊക്കെ പ്രചരിപ്പിച്ചു.

പക്ഷേ എന്താണ് ഉണ്ടായത്. 90കളിൽ ഡോളറിന്റെ കരുതൽ ശേഖരം കൂപ്പുകുത്തി ്ഇന്നത്തെ ശ്രീലങ്കക്ക് സമാനമായ അവസ്ഥയിലൂടെയാണ് നാം കടന്നുപോയത്. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന് വിദേശബാങ്കുകളിൽ സ്വർണം പണയം വെക്കേണ്ട അവസ്ഥപോലുമുണ്ടായി. അവിടെ നിന്നാണ് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ മന്മോഹൻസിങിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്ക്കരണം തുടങ്ങുന്നത്. അത് ഇന്ത്യയുടെ ജാതകം തന്നെ തിരുത്തി. 79ൽ ഇന്ദിരാഭരണത്തിൽ 60 ശതമാനം പേർ ദാരിദ്രരേഖക്ക് താഴെ ആയിരുന്ന രാജ്യം, ഇന്ന് അത് വെറും 10 ശതമാനത്തിലേക്ക് മാറി. ഇന്ത്യ ഇന്ന് അനുഭവിക്കുന്ന എല്ലാ ആധുനിക സൗകര്യത്തിനും നാം ആദ്യം നന്ദി പറയേണ്ടത്, കേരളത്തിൽ ഇന്നും ഏറ്റവും വെറുക്കപ്പെട്ട നേതാക്കളായ നരസിംഹറാവുവിനും മന്മോഹൻസിങിനുമാണ്. ഡെങ്് സിയാവാ പിങിന്റെ റെഡ് ക്യാപ്പിറ്റലിസം എങ്ങനെയാണോ, ചൈനയെ പട്ടിണിയിൽനിന്ന് രക്ഷിച്ചത് അതുപോലെയായിരുന്നു ഉദാരവത്ക്കരണം ഇന്ത്യയെയും രക്ഷിച്ചത്.

91ൽ ഐഎംഎഫിൽനിന്ന് നാം എടുത്ത ലോൺ രണ്ടായിരം ആയതോടെ പൂർണ്ണമായും തിരിച്ചടച്ചു. വിദേശ ബാങ്കിൽ പണയം വെച്ച സ്വർണ്ണവും തിരിച്ചെടുത്തു. നമ്മുടെ തുളസിയില നുള്ളാൻ ലോകബാങ്ക് വന്നില്ല. ഇന്ത്യയുടെ വിപണി ലോകത്തിന് തുറന്നു. ആഗോളീകരണത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യൻ കമ്പനികൾ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി. വിദേശ കമ്പനികൾ യഥേഷ്ടം ഇന്ത്യയിലും എത്തി. അതോടെ ഇന്ത്യ സാമ്പത്തികമായി വളർന്നു. 30 കോടി ജനങ്ങളെ പട്ടിണിയിൽനിന്ന് ഉദാരീകരണം രക്ഷിച്ചു എന്നാണ് ദ ഇക്കാണോമസ്റ്റ് വാരിക എഴുതിയത്. കമ്യൂണിസ്റ്റുകാർ പറഞ്ഞതൊക്കെയും കള്ളമായിരുന്നുവെന്നും, അത് അവരുടെ സാമ്പത്തിക അന്ധവിശ്വാസം ആയിരുന്നുവെന്നും കാലം തെളിയിച്ചു. ഐഎംഎഫ് പറഞ്ഞ ഘടനാപരമായ മാറ്റം കൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല.

അന്ന് ഇന്ത്യയിൽ മാത്രമല്ല, ആഗോള വ്യാപകമായും കമ്യൂണിസ്റ്റുകൾ വലിയ കുപ്രചാരണമാണ്, ഐഎംഎഫിനെതിരെ അഴിച്ചു വിട്ടത്. ഇന്ന് കാലം മാറി. ഇന്ന് ഒരു ലോക രക്ഷകന്റെ റോളാണ് ഈ സംഘടനക്ക്. കാരണം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ശ്രീലങ്ക ഐഎഎംഫ് സഹായം ചോദിക്കുന്നു. പാക്കിസ്ഥാനും നേപ്പാളും അവരുടെ സഹായത്തിന് ക്യൂവിൽ ഉണ്ട്. ചൈനയുടെ ബ്ലേഡ് പലിശ വാങ്ങി കടക്കണിയിൽ ആയവർ ആണ് ഈ രാജ്യങ്ങൾ. ഭീകരന്റെ ചൂഷകന്റെയും ചിത്രം മാറി രക്ഷകന്റെ റോളിലേക്ക് ഉയരുകയാണ് ഈ സംഘടന.

പക്ഷേ എന്നിട്ടും ഐഎംഎഫ് ഭീതി ഇപ്പോഴും കേരളത്തിൽ ചിലർ അടിച്ചുവിടുന്നുണ്ട്. ഐഎംഎഫ് ഉദോഗസ്ഥയായ ഡോ ഗീതാഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സാമ്പത്തിക ഉപദേഷ്ടാവ് ആക്കിയപ്പോഴുള്ള ബഹളങ്ങൾ ഒന്ന് ഓർത്തുനോക്കുക. 'ഗീതോപദേശം' എന്നൊക്കെ പറഞ്ഞ് പരിഹസിക്കാൻ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും മുന്നിലായിരുന്നു.

എന്താണ് ഐഎംഎഫ്?

എംഎംഎഫ് എന്ന പേരുകേൾക്കുമ്പോൾ തന്നെ ഇടതുഅനുഭാവിയായ ഒരു ശരാശരി മലയാളിക്ക്, പഴയ സിനിമയിലെ ബാലൻ കെ നായരുടെ കഥാപാത്രത്തെപ്പോലെ, തൊഴിലാളികളുടെ ഭാര്യമാരെ ബലാത്സഗം ചെയ്ത്, കൂളായി പൈപ്പ് വലിക്കുന്ന ഒരു ദുഷ്ട കഥാപാത്രത്തെയാണ് ഓർമ്മ വരിക. എന്നാൽ ഐക്യരാഷ്ട്ര സഭ എന്ന് പറയുമ്പോൾ നമുക്ക് വേറെ ഒരു ഇമേജറിയാണ് കിട്ടുക. സത്യത്തിൽ യു എൻ പോലെ തന്നെ വിവിധ രാഷ്ട്രങ്ങളുടെ നാണയ നിയന്ത്രണത്തിനും സാമ്പത്തിക മേഖലയെ നിരീക്ഷിക്കുന്നതിനും ഉണ്ടാക്കിയ ഒരു സംഘടനയാണ് ഐഎംഎഫ്. അത് മൂന്നാംലോക രാജ്യങ്ങളെ ചൂഷണം ചെയ്യാൻ തക്കം പാർത്ത് കിടക്കുന്ന ഒരു ഭീകര ജീവിയല്ല!

രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനഃസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ് ഇതെന്ന് ഒറ്റവാക്കിൽ പറയാം. 189 രാജ്യങ്ങൾ അംഗമായ ഐഎംഎഫ് 1945ലാണു സ്ഥാപിതമായത്. രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക, അംഗരാജ്യങ്ങൾക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുക, വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക എന്നിവയാണ് രാജ്യാന്തര നാണയ നിധിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. വാഷിങ്ടൺ ഡി.സിയിലാണ് ഐഎംഎഫിന്റെ തലസ്ഥാനം.

ഇനി ഐഎംഎഫ് ഇല്ലാതിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് നോക്കുക. ലോകത്തിലെ ഒരോ രാജ്യങ്ങൾക്ക് ഓരോ കറൻസിയാണ്. ഇതിനെയൊക്കെ എങ്ങനെയാണ് ഒരു പൊതു കറൻസിയിലേക്ക് മാറ്റുക. അതിനാണ് ഐഎംഎഫ് ഡോളർ സ്റ്റാൻഡേർഡ് വെച്ചത്. അതായത് ഓരോ രാജ്യത്തിന്റെ കറൻസിയും ഇത്ര ഡോളർ എന്നപേരിൽ കൃത്യമായി കൺവേർട്ട് ചെയ്യാൻ പറ്റും. അപ്പോൾ അതൊരു സ്‌കെയിലായി. അല്ലായിരുന്നെങ്കിൽ ലോകം എന്തു ചെയ്യുമായിരുന്നു. ലോക സാമ്പത്തിക ക്രമം തന്നെ തെറ്റുമായിരുന്നു. ഇങ്ങനെ ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ആവശ്യമായ ഇടപെടൽ നടത്താനും തുടങ്ങിയ സംഘടനയാണ് ഐഎംഎഫ്.

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐഎംഎഫിന്റെ പിറവി. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തെയും വിനിമയ സ്ഥിരതയെയും യുദ്ധം പ്രതികൂലമായി ബാധിച്ചു. യുദ്ധാനന്തര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ 1944 ജൂലൈ ഒന്നു മുതൽ 22 വരെ അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ബ്രിട്ടൻ വുഡ്സിൽ 44 ലോകരാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധർ ഒത്തുചേർന്നു. ജോൺ മെയ്നാർഡ് കെയ്ൻസ്, ഹാരി ഡെക്സ്റ്റർ വൈറ്റ് എന്നീ ലോക സാമ്പത്തിക വിചക്ഷണരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്.

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ രാജ്യാന്തര ബാങ്കിങ് സ്ഥാപങ്ങൾ വേണമെന്ന ഈ സമ്മേളനത്തിലെ നിർദ്ദേശമാണ് ഐഎംഎഫിന്റെ രൂപവത്കരണത്തിനു പശ്ചാത്തലമായത്. 44 രാജ്യങ്ങൾ തുടക്കത്തിൽ അംഗങ്ങളായി. നിലവിൽ 189 അംഗങ്ങൾ ഉണ്ട് നിലവിൽ. 1948 മുതൽ, ലോകാരോഗ്യ സംഘടന, യുനെസ്‌കോ, എഫ്എഒ തുടങ്ങിയ മറ്റ് സ്ഥാപനങ്ങൾക്ക് സമാനമായ അംഗീകാരം ഐഎംഎഫിനുണ്ട്. യുനസ്‌ക്കോ എന്ന് കേൾക്കുമ്പോൾ നാം ഞെട്ടാത്തതുപോലെ ഐഎംഎഫ് എന്ന് കേൾക്കുമ്പോഴും നാം ഞെട്ടേണ്ട കാര്യമില്ല!

അംഗരാജ്യങ്ങൾ നിയോഗിക്കുന്ന ഗവർണ്ണർമാരുടെ സംഘമാണ് ഐഎംഎഫിന്റെ പരമോന്നത സമിതി. ഓരോ അംഗരാജ്യത്തിനും ഓരോ ഗവർണ്ണർമാരെ നിയമിക്കാം. എക്സിക്യുട്ടീവ് ഡയറക്ടർമാർ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ആകെ 21 ഡയറക്ടർമാരാണുള്ളത്. ഇവരിൽ അഞ്ചുപേരെ നാണയ നിധിയിലേക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകുന്ന അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ നിയമിക്കുന്നു. ശേഷിക്കുന്ന രാജ്യങ്ങൾക്കെല്ലാംകൂടി 16 ഡയറക്ടർമാരെ നിയമിക്കാനുള്ള അവകാശമേയുള്ളു.

മറ്റൊരു രീതിയിൽ പറഞ്ഞാൽ സഹകരബാങ്കുകൾ ഒക്കെ ഉണ്ടാക്കിയ അതേ തത്വം തന്നെയാണ് ഇവിടെയും. രാജ്യങ്ങൾ നിശ്ചിതമായ തുക ഡിപ്പോസിറ്റ് ചെയ്യുന്നു. അത് അനുസരിച്ച് അവർക്ക് ലോൺ എടുക്കാം. ഇനി ആരാണ് കൂടുതൽ ഡിപ്പോസിറ്റ് ചെയ്തത് അത് അനുസരിച്ചാണെല്ലോ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ വരിക. ഇവിടെയും അങ്ങനെതന്നെയാണ്. ഐഎംഎഫിന്റെ 60 ശതമാനവും അമേരിക്കയുടെയും യുറോപ്യൻ രാജ്യങ്ങളുടെയും ഷെയർ ആണ്. അതുകൊണ്ട് അവർ പറയുന്ന നയം തന്നെയാണ് അവിടെ നടക്കുക. അത് സ്വാഭാവികമാണ്. മാർക്സിസ്റ്റുപാർട്ടി ഭരിക്കുന്ന ഒരു ബാങ്കിൽ കോൺഗ്രസുകാരുടെ നയമാണോ നടപ്പിലാവുക.

എന്താണ് ലോകബാങ്കുമായുള്ള വ്യത്യാസം?

എന്താണ് ഐഎംഎഫും ലോകബാങ്കും തമ്മിലുള്ള വ്യത്യാസം എന്ന ചോദ്യത്തിന്റെ ഇതിന്റെ സ്ഥാപകരിൽ ഒരാളായി അറിയപ്പെടുന്നു, ജോൺ മെയ്നാർഡ് കെയ്ൻസിന് തന്നെ സംശയമായിരുന്നു. അദ്ദേഹം അത് തുറന്ന് പറയുകയും ചെയ്തിരുന്നു.

ഐഎംഎഫിന്റെ ലോകബാങ്കിന്റെ പ്രഭവസ്ഥാനം ഒന്നുതന്നെയാണ്. 1944ലെ ബ്രെട്ടൺ വുഡ്സ് കോൺഫറൻസിൽ നിന്നാണ് ഇരുവരും ജനിച്ചത്. എന്നിരുന്നാലും, അവർ സാങ്കേതികമായി വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. വികസ്വര രാജ്യങ്ങളുമായി സഹകരിച്ച് ദാരിദ്ര്യം കുറക്കലാണ് ലോകബാങ്ക് ലക്ഷ്യമിടുന്നു. എന്നാൽ ഐഎംഎഫ് ചെയ്യുന്നത് അന്താരാഷ്ട്ര നാണയ വ്യവസ്ഥയെ സ്ഥിരപ്പെടുത്തുക എന്നതാണ്.മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ധനസഹായം, ഉപദേശം, സാങ്കേതിക സഹായം എന്നിവ വാഗ്ദാനം ചെയ്യുന്നതിന്റെ ചുമതല ലോകബാങ്കിനാണ്. എന്നാൽ ഐഎംഎഫാണ് വായ്പകൾ നൽകുന്നതും സമ്പദ്വ്യവസ്ഥയെ നിരീക്ഷിക്കുന്നതും.

ശിഥിലമായ യൂറോപ്യൻ സാമ്പത്തിക വ്യവസ്ഥയെ പുനക്രമീകരിക്കാനായി ഐബിആർഡി എന്ന ഇന്റനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്പ്മെന്റ് എന്ന പേരിയാണ് ലോക ബാങ്കിന്റെ തുടക്കം. അദ്യം അത് യൂറോപ്പിനെയാണ് ആണ് ലക്ഷ്യമിട്ടിരുന്നത്. പിന്നെ അത് ലോകം എമ്പാടുമായി. ഇന്ന് 196 അംഗരാജ്യങ്ങളുള്ള ലോക ബാങ്കിന്റെ ലക്ഷ്യം ദാരിദ്ര നിർമ്മാർജ്ജനമാണ്. അല്ലാതെ കമ്യൂണിസ്റ്റുകാർ പ്രചരിപ്പിച്ചപോലെ ചൂഷണമല്ല.

ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് അതോരിറ്റി എന്ന ഐഡിഎ, ഐഎഫ്സി, എംഐജിഎ, ഐസിഎസ്ഐഡി എന്നിവയെല്ലാം ചേരുന്ന ബാങ്കിങ്ങ് സംവിധാനങ്ങൾ ചേർത്താണ് ഇന്ന് മൊത്തം വേൾഡ് ബാങ്ക് എന്ന് വിളിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് എഷ്യൻ ഡെവലപ്പ്മെന്റും ബാങ്കും, ( കേരളത്തിൽ ഏറെക്കാലം വിവാദമായ എഡിബി), ആഫ്രിക്കൻ ഡവലപ്പ്മെന്റ് ബാങ്കും ഒക്കെയുണ്ട്. വാഷിങ്ങ്ടണിൽ വേൾഡ്ബാങ്കിന്റെ എതിർഭാഗത്തുള്ള ഓഫീസാണ്് ഐഎംഎഫ്. ഇന്ന് ഏകദേശം രണ്ടിനും സാധാരണക്കാരന്റെ കണ്ണിൽ രാജ്യങ്ങൾക്ക് വായ്‌പ്പകൊടുക്കുന്ന സ്ഥാപനങ്ങൾ മാത്രമാണ്. പ്രായോഗിക അടിസ്ഥാനത്തിൽ ഇത് ശരിയാണ് താനും.

എന്തിനാണ് ഈ ഉപാധികൾ?

ഐഎംഎഫിന്റെ വായ്‌പ്പകളിൽ ഏറ്റവും വിവാദമായത് അത് മുന്നോട്ടുവെക്കുന്ന കണ്ടീഷനുകളാണ്. എഡിബി വായ്‌പ്പ വാങ്ങിയ സമയത്തൊക്കെ 'ചരടുകളില്ലാത്ത വായ്‌പ്പ' എന്നൊക്കെ പറഞ്ഞ് എന്തെല്ലാം ബഹളങ്ങളാണ് ഈ കൊച്ചു കേരളത്തിൽവരെ ഉണ്ടായത് എന്ന് നോക്കുക.

ഒരുരാജ്യത്തിന് അടക്കാൻ പറ്റാത്ത വായ്‌പ്പ ഐഎംഎഫ് കൊടുക്കില്ല. ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അവർ പഠിക്കും. വിപണിയുടെ സ്വഭാവം മനസ്സിലാക്കും. സാമ്പത്തികമായി അവരുടെ പെർഫോമൻസ് മുകളിലേക്കാണോ എന്ന് പരിശോധിക്കും. അത് അല്ലെങ്കിൽ അങ്ങനെ ആകാനുള്ള ഘടനാപരമായ നിർദ്ദേശങ്ങൾ ഐഎംഎഫ് നിർദ്ദേശിക്കും. ആ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ മാത്രമേ ലോൺ ലഭിക്കയുള്ളൂ.

ഒരു ലളിതമായ ഉദാഹരണം നോക്കുക. ഒരു വ്യക്തി നിങ്ങളിൽ നിന്ന് ഒരു തുക വായ്‌പ്പ ചോദിക്കുന്നു. അയാൾ പറയുന്ന അത് പലിശയും ചേർത്ത് മാസാമാസം ഒരു നിശ്ചിത തുകയായി തിരിച്ചേൽപ്പിക്കാമെന്ന്. നിങ്ങൾ അയാളെക്കുറിച്ച് പഠിക്കുന്നു. അപ്പോൾ മനസ്സിലാവുന്നു, അയാൾ കഠിനാധ്വാനിയാണ്, പക്ഷേ മദ്യപാനം എന്ന ദുശ്ശീലമുണ്ട്. കിട്ടുന്ന കാശു മുഴുവനും ആ വഴിക്കാണ് പോകുന്നത്. അപ്പോൾ നിങ്ങൾ കടം കൊടുക്കുന്നതിന് മുമ്പ് ഒരു കണ്ടീഷൻ വെക്കുന്നു. നീ കുടി നിർത്തണം. എങ്കിൽ മാത്രമേ ഞാൻ പണം തരൂ. ഇതുപൊലെയാണ് സത്യത്തിൽ ഐഎംഎഫിന്റെ രീതിയും.

ഒരു മദ്യപാനിയുടെ കീശ ചോരുന്നത് എങ്ങനെയാണെന്ന് നമുക്ക് നല്ലപോലെ അറിയാം. അതുപോലെ ഒരു സമ്പദ് വ്യവസ്ഥ എങ്ങനെയാണ് തളരുന്നത് എന്ന് മനസ്സിലാക്കാൻ ഐഎംഎഫിനും അറിയാം. ഉദാഹരണമായി പോപ്പുലിസ്റ്റ് നയങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് വാരിക്കോരി സബ്സിഡികളും, സൗജന്യങ്ങളും കൊടുക്കുന്ന ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അങ്ങേയറ്റം ദുർബലമാണെന്ന് വ്യക്തമാണ്. 18 ശതമാനം വരുന്ന ജിഎസ്ടി 8 ശതമാനത്തിലേക്ക് വെട്ടിക്കുറക്കയാണ് ഗോതബായ രാജപക്സേ അധികാരത്തിൽ ഏറിയപ്പോൾ ശ്രീലങ്കയിൽ ഉണ്ടായത്. ഇതിന് വ്യാപകമായി ജനങ്ങളിൽനിന്ന് കൈയടി കിട്ടി. പക്ഷേ പിന്നീട് എന്തുണ്ടായി. നികുതിവരുമാനം കുത്തനെ ഇടിഞ്ഞു. രാജ്യം പാപ്പരായി. അതുകൊണ്ടാണ് സബ്സിഡികളും സൗജന്യങ്ങളും ഇളവുകളുമായി മുന്നോട്ടുപോകുന്ന സമ്പ്ദ് വ്യവസ്ഥയെ എംഎംഎഫ് പ്രോൽസാഹിപ്പിക്കില്ല. അതുകൊണ്ടുതന്നെ അവർ വായ്‌പ്പ നൽകുമ്പോൾ ഉണ്ടാകുന്ന പ്രധാന കണ്ടീഷനുകളിൽ ഒന്നാണ് ഇവയെല്ലാം കുറക്കണം എന്നതാണ്. ഇത് മൂന്നാംലോക രാജ്യങ്ങളെ പാപ്പരാക്കാനുള്ള സാമ്രാജ്വത്വ അജണ്ട എന്നാണ് കമ്യൂണിസ്റ്റുകൾ വ്യാഖ്യാനിക്കുക! സത്യത്തിൽ രാജ്യങ്ങൾ പാപ്പരാവാതിരിക്കാനാണ് ഐഎംഎഫ് ഈ നിർദ്ദേശം മുന്നോട്ട് വെക്കുന്നത് എന്നതാണ് യാഥാർഥ്യം.

അതുപോലെ ഐംഎംഎഫ് ആഗോളീകരണത്തിലും സ്വകാര്യവത്ക്കരണത്തിലുമാണ് വിശ്വസിക്കുന്നത്. അത് വെറും വിശ്വാസമല്ല, തെളിയിക്കപ്പെട്ട സാമ്പത്തിക ശാസ്ത്രമാണ്. അതുകൊണ്ടുതന്നെ അടഞ്ഞ വിപണിയുള്ള രാജ്യങ്ങൾക്ക് അവർ വായ്‌പ്പകൊടുക്കാറില്ല. കൊടുക്കാത്തത് തിരിച്ചടവ് പ്രശ്നമാകുന്നു എന്നത് ഉറപ്പുള്ളതുകൊണ്ട് കൂടിയാണ്. ഉദാഹരണമായി 91ൽ ഇന്ത്യ ഐഎംഎഫിൽനിന്ന് വായ്‌പ്പയെടുക്കുന്ന സമയത്ത് ലൈസൻസ് രാജിൽ നിൽക്കുന്ന ഒരു അടഞ്ഞ വിപണിയായിരുന്നു നമ്മുടേത്. പിന്നീട് എന്ത് സംഭവിച്ചു. ഇന്ന് ലോകോത്തര മൊബൈൽ കമ്പനികളും, ലോകത്തിന്റെ എവിടെയുമുള്ള ഉപകരങ്ങളും ഇന്ത്യയിൽ എത്തി. അതോടെ കോടിക്കണക്കിന് തൊഴിൽ അവസരങ്ങൾ വന്നു. (മുമ്പ് ഒരു ചാക്ക് സിമന്റ് കിട്ടണമെങ്കിൽ പോലും തഹസിൽദാരുടെ കത്ത് വേണ്ട കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു!) ഇന്ത്യൻ ഐടി കമ്പനികൾ അമേരിക്കയെപ്പോലും വെല്ലുവിളിക്കുന്നു. ഇതെല്ലാം വിപണി തുറന്നതുകൊണ്ടുള്ള ഗുണമാണ്.

അതുപോലെ ഒരുപാട് ചെലവുകൾ ഉള്ള സർക്കാർ അല്ല ക്യാപിറ്റലിസ്റ്റ് മാതൃകയിലുള്ള ചെറിയ സർക്കാറിനെയാണ് ഐഎംഎഫ് പിന്തുണക്കുന്നത്. കടത്തിൽമ്മേൽ കടം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന സിദ്ധാന്തത്തിലല്ല, ഒരു മത്സരത്തിൽ അതിജീവിക്കാത്തവ ഇല്ലാതാവുന്ന ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ എന്ന ശാസ്ത്രീയ സാമ്പത്തികശാസ്ത്രമാണ് അന്താരാഷ്ട്ര നാണയ നിധി പിന്തുടരുന്നത്. പക്ഷേ ക്യാപിറ്റലിസം എന്ന വാക്കിനെ 'മൂലധന സമ്പദ്വ്യവസ്ഥ' എന്ന് തർജ്ജമചെയ്യുന്നതിന് പകരം, 'മുതാലാളിത്തം' എന്ന് തെറ്റായി തർജ്ജമ ചെയ്ത മല്ലു കമ്യൂണിസ്റ്റുകൾക്ക് ഇതൊക്കെ കുത്തകകളെ പ്രോൽസഹിപ്പിക്കുന്ന നയമാണ്.

ഐഎംഎഫ് കൊള്ളപ്പലിശക്കാരനോ?

ഇനി ഐഎംഎഫിന്റെതും എഡിബിയുടെയുമൊക്കെ കൊള്ളപ്പലിശയാണോ എന്ന് നോക്കാം. മറ്റ് അന്താരാഷ്ട്ര സഹായങ്ങളുടെ പലിശവെച്ചു നോക്കുമ്പോൾ, താരതമ്യേന പലിശ എത്രയോ കുറവാണ് ഇവിടെ. എന്നിട്ടാണ് ഐഎംഎഫ് വായ്‌പ്പവാങ്ങി കടക്കണിയിലായി എന്നൊക്കെ തള്ളുന്നത്. ഇതിന് ഗ്രീസിന്റെ ഉദാഹരണമാണ് എല്ലാവരും പറയുന്നത്. പക്ഷേ ഇവിടെ നോക്കുക. വായ്‌പ്പ കൊടുക്കുമ്പോൾ ഐഎംഎഫ് പറഞ്ഞ എന്തെങ്കിലും കാര്യങ്ങൾ ഗ്രീസ് പാലിച്ചോ.

ഉദാഹരണമായി നിങ്ങളുടെ ഒരു സുഹൃത്തിന്റെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായിാ കുറച്ചു തുക നിങ്ങൾ അയാൾക്ക് കൊടുക്കുന്നുവെന്ന് വെക്കുക. മിതവ്യയം നടത്തണമെന്നും, കാര്യക്ഷമത വർധിപ്പിക്കണമെന്നും, ധൂർത്തുകൾ ഒഴിവാക്കണം എന്നൊക്കെ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയാണ് നിങ്ങൾ പണം കൊടുക്കുന്നത്. പക്ഷേ അയാൾ ആ കാശ്കൂടി എടുത്ത് ധുർത്തടിക്കുന്നു. അപ്പോൾ കുറ്റം നിങ്ങൾ ആയാളെ കടക്കണിയിൽ ആക്കിയെന്നാണോ. അതോ അയാളുടെ കൈയിലിരിപ്പുകൊണ്ട് കടക്കെണിയിൽ ആയി എന്നാണോ. ഗ്രീസിന്റെ അനുഭവം ഇതാണ് തെളിയിക്കുന്നത്. ഐഎംഎഫ് അല്ല ആ നാട്ടിലെ ഭരണാധികാരികളാണ് അതിന് ഉത്തരവാദികൾ. ഘാന എന്ന ആഫ്രിക്കൻ രാജ്യത്തിനും ഗ്രീസിന് സമാനമായ അനുഭവം ആണ് പറയാനുള്ളത്.

നിലവിൽ പോർച്ചുഗൽ, ഗ്രീസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് ഐഎംഎഫിൽനിന്ന് ഏറ്റവും കൂടുതൽ കടം എടുക്കുന്നത്. ഈ പോർച്ചഗൽ നന്നായി കയറിവവുന്നു. മെക്സിക്കോയും മെച്ചപ്പെടുന്നു. ഐഎംഎഫിന്റെ വായ്‌പ്പകൾ കൊണ്ട് കരകയറിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നതും മറക്കരുത്. ഇനി നോക്കുക പാക്കിസ്ഥാനും, ശ്രീലങ്കയും, നേപ്പാളും ഇന്ന് എത്തി നിൽക്കുന്ന ഈ ദുരവസ്ഥയും ഐഎംഎഫ് പലതവണ മുന്നറിയിപ്പ് കൊടുത്താണ്. പക്ഷേ അവർ അവഗണിച്ചു. ഇമ്രാൻഖാൻ സർക്കാർ അധികാരത്തിൽ കേറുന്നതിന് തൊട്ടുമുമ്പ് പാക് സമ്പദ്വ്യവസ്ഥയെക്കുറിച്ച് കണക്കുകൾ വെച്ച്, ഐഎംഎഫ് മുന്നറിയിപ്പ് നൽകിയിരുന്നു. അതുപോലെ ഗൊതബായ രജപക്സേ, നികുതി കുറച്ചപ്പോഴും അന്താരാഷ്ട്ര നാണയ നിധി മുന്നറിയിപ്പ് നൽകി. ആര് ശ്രദ്ധിക്കാൻ. ഇപ്പോൾ ആകെ വീണപ്പോൾ രക്ഷിക്കണേ എന്ന് പറഞ്ഞ് ഐഎംഎഫിലേക്ക് ഓടുകയാണ് ഈ രാജ്യങ്ങൾ.

പാക്കിസ്ഥാൻ മൊത്തം 23 തവണ ഐംഎംഎഫിൽനിന്ന് ലോൺ എടുത്തിട്ടുണ്ട്. എന്നാൽ അവർ നിർദ്ദേശിച്ച സാമ്പത്തിക പരിഷ്‌ക്കരണ നടപടികൾ അവർ നടപ്പാക്കാൻ വൈകുകയാണ്. 2017ൽ ഇമ്രാൻഖാൻ അധികാരമേൽക്കുമ്പോൾ വെറും 86 ബില്യൺ ഡോളർ ആയിരുന്നു പാക്കിസ്ഥാന്റെ വിദേശകടം. അതിപ്പോൾ 2022ൽ 120 ബില്ല്യൺ ഡോളറായി മാറി. കരുതൽ ധനശേഖം വെറും അഞ്ച് ബില്യണായി താഴ്ന്നു. ഈ സഹാചര്യത്തിലാണ് പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയയത്. 11 ബില്യൺ ഡോളറാണ് ഐംഎംഎഫനുള്ള പാക് കടം. പക്ഷേ ചൈനക്ക് മാത്രം 17 ബില്യൺ ഡോളർ പാക്കിസ്ഥാൻ കൊടുക്കാനുണ്ട്. ശ്രീലങ്കക്ക് 50 ബില്യൺ ഡോളറാണ് കടം. വിദേശനാണ്യ ശേഖരമായി അഞ്ച് കോടി യുഎസ് ഡോളർ മാത്രം! ശ്രീലങ്ക ലോണെടുക്കാൻ പോകുന്നത് 300 കോടിക്കാണ്. 700 കോടിയെങ്കിലും വേണമെന്ന് ശ്രീലങ്കൻ ധനകാര്യമന്ത്രി പറയുന്നത്. 3 ബില്യൺ ഡോളർ ഉടനെ ഐഎംഎഫിൽനിന്ന് കിട്ടാനാണ് ശ്രീലങ്ക ശ്രമിക്കുന്നത്്. പാക്കിസ്ഥാന്റെ അപേക്ഷ ഒരു തവണ ഐഎംഎഫ് തള്ളിയതാണ്. ഇപ്പോൾ വീണ്ടും കടത്തിനായി പാക്കിസ്ഥാൻ വരികയാണ്.

ഇപ്പോൾ സമാന രോഗലക്ഷണങ്ങളുമായി നേപ്പാളും ഉയർന്നു വന്നിരക്കയാണ്. ഇവരെല്ലാം ഇന്ന് പ്രതീക്ഷയോടെ നോക്കുന്നത് ഒരേ ഒരു സംഘടനയെ ആണ്. ഐം എം എഫിനെ. നോക്കണം, ആദ്യം ഈ കണ്ടീഷണാലിറ്റി കൊണ്ട് ഐഎംഎഫ് വായ്‌പ്പ വേണ്ട എന്ന് പറഞ്ഞവരാണ് ലങ്കൻ സർക്കാർ. കാരണം ഐഎംഎഫിന്റെ വായ്‌പ്പകൾക്ക് എക്കോണമിയുടെ മുഴുവൻ 'ബുക്കും പേപ്പറും' കൃത്യമായിരിക്കണം. വളർച്ചാ നിരക്കുകൾ, പെർഫോമൻസ്, അക്കൗണ്ടബിലിറ്റി, ഇൻഫ്ളേഷൻ, ധന മാനേജ്മെന്റ് എന്നിവക്കൊക്കെ കണക്കുണ്ടായരിക്കണം. മാത്രമല്ല ഐഎംഎഫ് ഉദ്യോഗസ്ഥർ ഇതിനെല്ലാം പരിശോധന നടത്തും. ഇതൊന്നും ലങ്കക്ക് ഇഷ്ടമല്ല.

പക്ഷേ ഇതൊന്നുമില്ലാതെ ലോൺ തരുന്നവർ ഉണ്ട്. അതാണ് ചൈന. സത്യത്തിൽ യാഥാർഥ കടക്കെണി അതാണ്.

ചൈനീസ് കടക്കെണിയിൽ പാപ്പരായവർ

ഐഎംഎഫിനെ കുറ്റം പറയുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ ആരും തന്നെ ശ്രീലങ്കയെയും പാക്കിസ്ഥാനിനെയും നേപ്പാളിനെയുമൊക്കെ ചൈന കടക്കെണിയിൽ വീഴ്‌ത്തിയത് കണ്ടില്ലെന്ന് നടിക്കുകയാണ്. എന്താണ് ചൈനയുടെ വായ്‌പ്പയും ഐഎംഎഫിന്റെ വായ്‌പ്പയും തമ്മിലുള്ള അടിസ്ഥാന പരമായ വ്യത്യാസം എന്ന് ചോദിച്ചാൽ, അത് ബാങ്ക് വായ്‌പ്പയും ബ്ലേഡ് പലിശയും പോലെയാണെന്ന് പറയാം. നമ്മൾ ഒരു ബാങ്കിൽ ഭവനവായ്‌പ്പയെടുക്കാനോ മറ്റോ വന്നാൽ വന്നാൽ നൂറായിരം ഫോർമാലിറ്റികൾ ആണ്. നമ്മുടെ ഭൂമിയുടെ ഒറിജിനൽ ആധാരവും അടിയാധാരവും കാണണം. മാനേജർ സൈറ്റ് വിസ്റ്റ് ചെയ്യണം. പക്ഷേ ബ്ലേഡ് പലിശക്കാരന് ഫോർമാലിറ്റീസ് ഒന്നുമല്ല. അധാരം വാങ്ങുന്നു, ബ്ലാക്ക് ചെക്കുകളിലും മുദ്രപ്പത്രത്തിലും ഒപ്പിടീക്കുന്നു. പണം തരുന്നു. ഒന്ന് നോർമ്മൽ പലിശയും മറ്റേതുകൊള്ളപ്പലിശയുമാണ്. മറ്റൊന്നു കൂടിയുണ്ട്, കൊള്ളപ്പലിശക്കാരന് നിങ്ങൾ വായ്‌പ്പ അടയ്ക്കുന്നതിലല്ല, മുടങ്ങുന്നതിലാണ് സന്തോഷം. കാരണം എന്നാലെ അവന് വീടും പറമ്പും എഴുതിവാങ്ങാൻ കഴിയൂ! സത്യത്തിൽ ഈ ബ്ലേഡുകാരന്റെ അതേ ടെക്ക്നിക്ക് ആണ് ചൈന പയറ്റുന്നത്.

അതായത് തങ്ങളുടെ കടം രാജ്യങ്ങൾ തിരിച്ചടക്കാതിരിക്കയാണ് ചൈനക്ക് സന്തോഷം. അങ്ങനെയാണ് ശ്രീലങ്കയുടെ തന്ത്ര പ്രധാനമായ ഹബ്ബൻതോട്ട തുറമുഖം ഇന്ന് ചൈനയുടെ കൈയിലായത്. വായ്‌പ്പ തിരിച്ചടക്കാൻ അയില്ല. തുറമുഖം ചൈന എടുത്തു. അതുപോലെ ബിൽട്ട് ഓൺ റോഡ് പദ്ധതിയുടെ പേരിൽ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖല ഇപ്പോൾ ചൈന കൈയറിയ അവസ്ഥയാണ്. ചൈന അവിടെ സ്വന്തമായി ചെക്ക് പോസ്റ്റുകൾ പോലും തുടങ്ങിക്കഴിഞ്ഞു!

ഇതിനുള്ള പ്രതിഷേധം എന്ന നിലയിലാണ്, കഴിഞ്ഞ ആഴ്ച കറാച്ചി സർവകലാശാലയിൽ ചൈനക്കാരെ ലക്ഷ്യമിട്ട് ചാവേർ ബോംബ് സ്ഫോടനം ഉണ്ടായത്. മൂന്ന് ചൈനക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്. ചാവേർ ആയത് ആവട്ടെ, രണ്ടുകുട്ടികളുടെ അമ്മയായ ഉന്നത ബിരുദങ്ങൾ നേടിയ, ഒരു അദ്ധ്യാപികയും. ബലൂചികൾക്കിടയിൽ ചൈനക്കെതിരെ രോഷം തിളക്കുകയാണ്. അതുപോലെ തന്നെ നേപ്പാളും കടം കയറി ചൈനയുടെ ഒരു സാമന്ത രാഷ്ട്രംപോലെ ആയിരിക്കുന്നു. പാക്കിസ്ഥാന് ഇപ്പോൾ ചൈനക്കെതിരെ ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണ്.

ഇനി പറയുക, ഐഎംഎഫ് ഇതുപോലെ ചെയ്യുന്നുണ്ടോ. ഐംഎംഎഫിന്റെയോ, ലോകബാങ്കിന്റെയോ, ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെയോ വായ്‌പ്പ വാങ്ങിയാൽ നാം ആരുടെയെങ്കിലും സാമന്തരാഷ്ട്രമായി കഴിയേണ്ട കാര്യമുണ്ടോ. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഉള്ളതുപോലെ നമ്മുടെ രാജ്യത്ത് ഐഎംഎഫ് ഔട്ട്പോസ്റ്റുകൾ തുടങ്ങുമോ? പിന്നെ എന്തിനായിരുന്നു കമ്യൂണിസ്റ്റുകാർ ഈ കുപ്രചാരണങ്ങളൊക്കെ നടത്തിയത്.

ഗീതാ ഗോപിനാഥിനെ ഓടിച്ച കഥ

ഇത്തരത്തിൽ ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നാണയ നിധിയുടെ തലപ്പത്തേക്ക് ഒരു മലയാളി അതും വനിത കടുന്നുവന്നാൽ നമുക്ക് ഉണ്ടാവേണ്ട വികാരമെന്താണ്. സന്തോഷം, അഭിമാനം.... പക്ഷേ മലയാളി പൊതുസമുഹത്തിൽ അന്ന് ഉണ്ടായത് പരമ പുഛമായിരുന്നു. ഇപ്പോൾ ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായിരുന്നു ഡോ. ഗീതാ ഗോപിനാഥിന്റെ അനുഭവം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി, അന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായിരുന്ന ഇവരുടെ പേരുവന്നപ്പോൾ, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അടക്കം, പഴയ കമ്യൂണിസ്റ്റ് കള്ളക്കഥ വിശ്വസിച്ച് ഉറഞ്ഞു തുള്ളുകയായിരുന്നു. സിപിഐയിലെ കാനം രാജേന്ദ്രനാണ്, ഈ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യുവതിക്കെതിരെ ഏറ്റവും കൂടുതൽ പറഞ്ഞത്. ഒടുവിൽ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് പദവിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. 'ഗീതോപദേശം വേണ്ട' എന്നായിരുന്നു അന്ന് ചില മാധ്യമങ്ങൾ ഇട്ട പരിഹാസ തലക്കെട്ട്.

അതിന്റെ നഷ്ടം ആർക്കാണ്. കേരളത്തിന് മാത്രമാണ്. കടവും കടത്തിൽമേൽ കടവുമായി നീങ്ങുന്ന ഒരു സംസ്ഥാനത്തിന്, ഇതുപോലെ ലോക സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ള ഒരാളുടെ ഉപദേശം കിട്ടുക എന്നത് ഭാഗ്യമല്ലേ. അവർ സൗജന്യമായാണ് ഈ പദവിൽ ഇരിക്കാമെന്ന് സമ്മതിച്ചത്. എന്നിട്ടും വിളിച്ചുവരുത്തി അപമാനിക്കായാണ് പ്രബുദ്ധ കേരളം ചെയ്തത്.

കണ്ണൂരിലെ മയ്യിൽ സ്വദേശിയായ ഗീതയുടെ അച്ഛൻ ടിവി ഗോപിനാഥ് മൈസൂരിൽ ബിസിനസ്സുകാരനായിരുന്നു. മൈസൂരിലായിരുന്നു ഗീതയുടെ ബാല്യം. സഹപാഠിയായിരുന്ന ഇഖ്ബാൽ ദാലിവാൾ ആണ് ഭർത്താവ്. മസാഞ്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അബ്ദുൾ ലതീഫ് ജമീൽ പ്രോവർട്ടി ആക്ഷൻ ക്ലബിന്റെ ഡയറക്ടറാണ് ഇദ്ദേഹം. ഭർത്താവിനും മകനുമൊത്ത് മസാഞ്ചുസൈറ്റ്സിലാണ് ഗീതാ ഗോപിനാഥിന്റെ താമസം. ഇവർക്ക് അമേരിക്കൻ പൗരത്വമാണുള്ളത്. അവർ ഐംഎംഎഫിൽ എത്തിയതും യുഎസ് പ്രതിനിധിയായിട്ടാണ്.

മൈസൂർ നിർമ്മല കോൺവെന്റിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ സ്വർണമെഡലോടെയാണ് ഗീത ബിരുദം നേടിയത്. ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. തുടർന്ന്, യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിൽ തുടർ പഠനം നടത്തിയ ഇവർ, പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി എച്ച് ഡി എടുത്തത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, നാഷണൽ ബ്യുറോ ഓഫ് എക്കണോമിക്സ് റിസർച്ചിന്റെ ഇന്റർനാഷണൽ ഫിനാൻസ് ആൻഡ് മാക്രോ എക്കണോമിക്സിന്റെ കോ ഡയറക്ടർ , ഫെഡറൽ റിസർവ്വ് ബാങ്ക് ഓഫ് ബോസ്റ്റണീന്റെ വിസിറ്റിങ് സ്‌കോളർ എന്നീ രീതികളിൽ പ്രവർത്തിച്ചിട്ടുള്ള വ്യാപക അനുഭവസമ്പത്തുള്ള എത്രപേർ ഈ നാട്ടിലുണ്ട്.

ഇപ്പോൾ ഗീതാ ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേറ്റിരിക്കയാണ്.ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായാണ് ഗീതാ ഗോപിനാഥ് എത്തിയത്. ഇത് ആദ്യമായാണ് രണ്ട് വനിതകൾ ഐഎംഎഫിന്റെ നേതൃ സ്ഥാനങ്ങളിലേക്ക് എത്തുന്നത് എന്നതിനാൽ ഇത് വാർത്തയും ആയിരുന്നു.

കോവിഡ് ലോകത്ത് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയേയുംഅത് മറികടക്കുവാനുള്ള പദ്ധതികളേയും കുറിച്ച് ഐഎംഎഫിന് വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയ്ത ഗീതാ ഗോപിനാഥ് ആയിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യുവാൻ ഐഎംഎഫിലെ 189 അംഗരാജ്യങ്ങൾ വെർച്വൽ ഉച്ചകോടി ചേർന്നിരുന്നു. അതിൽ വികസ്വര രാജ്യങ്ങൾക്കായി ഒരു പ്രത്യേക സെഷനും നടന്നു. നോക്കുക, സിപിഎം ബുജികൾ പറയുന്നപോലെ, മൂന്നാംലോക രാജ്യങ്ങളെ എങ്ങനെ ചൂഷണം ചെയ്യാം എന്നല്ല, എങ്ങനെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാം എന്നാണ് ഐഎംഎഫ് ആലോചിക്കുന്നത്!

1990-91 കാലഘട്ടത്തിൽ നവ ഉദാരവൽക്കരണ നയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെക്കുറിച്ച് ഗീത നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വിഷയങ്ങളിലും ഗീതാ ഗോപിനാഥ് അഭിപ്രായം പറഞ്ഞു. റിസർവ്വ് ബാങ്ക് ഗവർണ്ണർ സ്ഥാനത്ത് നിന്ന് രഘുറാം രാജിനെ മാറ്റാനായി നടന്ന കള്ളക്കളികൾക്കെതിരെ പ്രതികരിച്ചവരിൽ ഗീതാ ഗോപീനാഥും ഉണ്ടായിരുന്നു. കേന്ദ്ര സർക്കാർ നിലപാട് തീർത്തും നിരാശപ്പെടുത്തുന്നതാണെന്നു അന്ന് ഹാർവാർഡ് സർവകലാശാലയിലെ പ്രഫസർ ആയിരുന്ന, ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഗ്രീസിലും ഐസ്ലൻഡിയും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി ഗീത നടത്തിയ ഗവേഷണങ്ങളും ശ്രദ്ധേയമായിരുന്നു.

ഇന്ത്യയിൽ കർഷക സമരത്തെ തുടർന്ന് പിൻവലിക്കപ്പെട്ട, പുതിയ കാർഷിക ബില്ലിനെ ഗീതാ ഗോപിനാഥ് പിന്തുണച്ചിരുന്നു. കർഷകരുടെ വരുമാനം ഉയർത്താൻ പര്യാപ്തമാണെന്ന് പുതിയ നിയമങ്ങളെന്നാണ് അവർ അഭിപ്രായപ്പെട്ടത്. ''ഇപ്പോഴത്തെ കാർഷിക നിയമങ്ങൾ വിപണനവുമായി ബന്ധപ്പെട്ടതാണ്. കർഷകരുടെ വിപണി വിശാലമാക്കുന്നതാണ് അത്. മണ്ഡികൾക്കു പുറത്തും വിളകൾ വിൽക്കാൻ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ കർഷകരുടെ വരുമാനം ഉയർത്താൻ പര്യാപ്തമാണ് ''- ഗീതാ ഗോപിനാഥ് പറഞ്ഞു. അതായത് ഇന്ത്യയിൽ മന്മോഹൻസിങ്ങ് കൊണ്ടുവന്ന ഉദാരവത്ക്കരണത്തിന് സമാനമായി, കാർഷിക മേഖലയെ തുറന്നുകൊടുക്കുയും അതുവഴി വൻ കുതിച്ചുചാട്ടവും ആയിരുന്നു കാർഷിക ബിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കർഷക പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ സമ്മർദം മൂലം മോദിക്ക് അത് പിൻവലിക്കേണ്ടിവന്നു. (പക്ഷേ സ്വന്തം പാർട്ടിയിൽനിന്ന് അടക്കം അതിഭീകരമായ എതിർപ്പ് ഉണ്ടായിട്ടും, ഉദാരവത്ക്കരണ നയത്തിൽ ഉറച്ചു നിൽക്കായാണ് മന്മോഹനും നരസിംഹറാവുവും ചെയ്തത്. എന്നിട്ടും അവരെ നമ്മൾ ദുർബലരായ ഭരണാധികാരികൾ എന്ന് വിളിക്കുന്നു!)

ഈ രീതിയിൽ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച് വളർന്ന്, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനത്തിന്റെ തലപ്പത്തെത്തി, വികസ്വര രാഷ്ട്രങ്ങളിലെ ദരിദ്ര നിർമ്മാർജ്ജനത്തിന് ശ്രമിക്കുന്ന ഒരു മലയാളി വനിതയെയാണ്, ഇല്ലാത്ത ഐഎംഎഫ് ഭീതിയുടെ പേരിൽ നാം പൊങ്കാലയിട്ട് ഓടിച്ചത്! മലയാളി അല്ലെങ്കിലും പൊളിയാണ്.

വാൽക്കഷ്ണം: ഐഎംഎഫും ഗീതാഗോപിനാഥുമൊക്കെ അമ്പരന്നുപോകുന്ന സാമ്പത്തിക ആസൂത്രമാണ് നമ്മുടെ തോമസ് ഐസക്കിന്റെത്. 'ഐസക്കിസം' എന്ന പേരിൽ തങ്ക ലിപികളിൽ അത് എഴുതിവെക്കണം. ഒരാളിൽനിന്ന് കടം വാങ്ങുക, അത് വീട്ടാൻ അടുത്തയാളിൽനിന്ന് കടം, അത് വീട്ടാൽ മൂന്നാമനിൽനിന്ന്. അങ്ങനെ കടത്തിൽമ്മേൽ കടം പെരുക്കുക. എന്നിട്ട് അത് പരിഹരിക്കാൻ 'ഡാമിൽനിന്ന് മണൽവാരി വിൽക്കും' എന്നൊക്കെയുള്ള നടക്കാത്ത പദ്ധതികൾ പ്രഖ്യാപിച്ച് ചിരിച്ചോണ്ട് ഇരിക്കുക. കടത്തിൽമേൽ കടം പെരുകുമ്പോഴും പിന്നെയും കടം വാങ്ങുക. ചുമ്മാതല്ല ഗീതാഗോപിനാഥിനെ ഇവർ എല്ലാംകൂടി ഓടിച്ചത്. സാമ്പത്തിക രംഗത്തെക്കുറിച്ച് എബിസിഡി അറിയുന്നവന്റെ തലപെരുത്തുപോകും കേരളത്തിന്റെ കടം വാങ്ങൽ കണ്ടാൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP