Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ന് ഉന്നത സിപിഎം നേതാവ് കലാമിനെ ഇകഴ്‌ത്തിക്കാണിക്കാൻ അധിക്ഷേപിച്ചത് 'വാണം വിടുന്നവൻ' എന്ന വിശേഷണം; പ്രൊഫഷണൽ എന്ന നിലയിലും ബൗദ്ധിക ശേഷിയിലും കലാമിനേക്കാൾ കേമനല്ലല്ലോ ലിസി ആശുപത്രിയിലെ ഡോ ജോ ജോസഫ്;ജയിക്കേണ്ടത് ഉമാ തോമസ്; വിശദീകരിച്ച് ജി ശക്തിധരൻ

അന്ന് ഉന്നത സിപിഎം നേതാവ് കലാമിനെ ഇകഴ്‌ത്തിക്കാണിക്കാൻ അധിക്ഷേപിച്ചത് 'വാണം വിടുന്നവൻ' എന്ന വിശേഷണം; പ്രൊഫഷണൽ എന്ന നിലയിലും ബൗദ്ധിക ശേഷിയിലും കലാമിനേക്കാൾ കേമനല്ലല്ലോ ലിസി ആശുപത്രിയിലെ ഡോ ജോ ജോസഫ്;ജയിക്കേണ്ടത് ഉമാ തോമസ്; വിശദീകരിച്ച് ജി ശക്തിധരൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എന്തുകൊണ്ട് തൃക്കാക്കരയിൽ ഉമാ തോമസ് ജയിക്കണം-ഇതിന് വിശദീകരണം നൽകുകയാണ് ജി ശക്തിധരൻ. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ തൃക്കാക്കരയിൽ ഉമാ തോമസ് ജയിക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുകയാണ് ഫെയ്‌സ് ബുക്കിൽ. ആരായിരുന്നു പിടി തോമസ് എന്ന് വിശദീകരിച്ചാണ് പഴയ സിപിഎമ്മുകാരന്റെ പ്രതികരണം

ജി ശക്തിധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

'99 പേടും ഒരു മുത്തും'

എന്തായാലും പ്രൊഫഷണൽ എന്ന നിലയിലും ബൗദ്ധിക ശേഷിയിലും മുൻ രഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാമിനേക്കാൾ കേമനല്ലല്ലോ ലിസി ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ഡോ ജോ ജോസഫ്. ഡോ എ പി ജെ അബ്ദുൾകലാമിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാജ്യത്തെ ഒട്ടുമുക്കാലും രാഷ്ട്രീയ പാർട്ടികൾ നിർദ്ദേശിച്ചപ്പോൾ അതിനെ തുരങ്കം വെച്ച ഏക പ്രമുഖ ദേശീയ പാർട്ടി സിപിഎം ആയിരുന്നല്ലോ. ദശാബ്ദങ്ങൾ സിപിഎമ്മിനൊപ്പം നിന്നിരുന്ന മുലയം സിംഗിന്റെ സമാജ് വാദിപ്പാർട്ടി അടക്കം കേണപേക്ഷിച്ചിട്ടും അന്ന് സിപിഎം നിലപാട് മാറ്റിയില്ല .കോൺഗ്രസ്സിന് പുറത്തുനിന്ന് ഒരു മുസ്ലിം കൂടി രാഷ്ട്രപതി പദവിയിലേക്ക് വരുന്നത് ഇന്ത്യയിലെ മതന്യുനപക്ഷ വിഭാഗത്തിൽ ആത്മവിശ്വാസം ഉയർത്തുമെന്ന് പല സാമൂഹ്യശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാട്ടിയെങ്കിലും സിപിഎം അബ്ദുൾ കലാം വിരുദ്ധ ഭ്രാന്തിൽ ഉറച്ചുനിന്നു. അന്ന് ഉന്നത സിപിഎം നേതാവ് കലാമിനെ ഇകഴ്‌ത്തിക്കാണിക്കാൻ അദ്ദേഹത്തെ അധിക്ഷേപിച്ചത് 'വാണം വിടുന്നവൻ' എന്ന വിശേഷണത്തോടെയായിരുന്നു.

അന്നും സിപിഎമ്മിനുള്ളിൽ ഇക്കാര്യത്തിൽ കടുത്ത ഭിന്നത ഉണ്ടായിരുന്നു. ഭാവിയിൽ ഇന്ത്യയിൽ ഈ പാർട്ടി തുടച്ചു നീക്കപ്പെടുവാനേ ഇത്തരം നടപടികൾ വഴിവെക്കൂ എന്ന് അറിവുള്ളവർ ഓർമ്മപ്പെടുത്തിയിരുന്നു. പക്ഷേ കേട്ടില്ല. അവസാനം ആ പ്രവചനത്തോളം എത്തിനിൽക്കുന്നു. 34 വർഷം തുടർച്ചയായി ഭരിച്ച സംസ്ഥാനത്തു മരുന്നിന് പോലും ഒരു എം എൽ എ സിപിഎമ്മിന് ഇല്ലാത്ത അവസ്ഥ! എന്തു ഭയാനകമാണ് ആ അവസ്ഥ. ഇവിടെ 99 ൽ നിന്ന് നൂറിൽ കയറിക്കളിക്കാം എന്ന പൂതിയിൽ നടക്കുന്നവർ ഓർക്കേണ്ടത്, കമ്മ്യുണിസ്റ്റ് പ്രത്യശാസ്ത്രത്തിന് അതിന്റെ വളർച്ചയിൽ ശാസ്ത്രീയമായ ചില അടിസ്ഥാനമൂല്യങ്ങൾ കാത്ത് സൂക്ഷിക്കേണ്ടതുണ്ട് . ഇ പി ജയരാജന്റെ തലയിൽ അതുണ്ടാകില്ല. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. 'മുത്തുകളെ' കണ്ടെത്തുന്ന രാഷ്ട്രീയം സിപിഎമ്മിൽ എന്ന് തുടങ്ങി?.

ഞങ്ങൾ യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്തു ഒരു സംഘം എസ് എഫ് ഐ പ്രവർത്തകർ കോളജിന് മുന്നിൽ വന്നു നിന്ന് നിയമസഭയിൽ നിന്ന് ഇറങ്ങിവരുന്ന അതുവഴി കടന്നുപോകുന്ന സിപിഎം എം എൽ എ മാരെ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്യുന്ന പരിപാടിയുണ്ടായിരുന്നു. ഞങ്ങളുടെ നോട്ടത്തിൽ ഒരു കമ്മ്യുണിസ്റ്റ് എന്ന് തോന്നിപ്പിക്കുന്ന എം എൽ എ മാർ കടന്നുപോകുമ്പോൾ മുദ്രാവാക്യം കൂടുതൽ കടിപ്പിക്കും. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുവന്ന എം എൽ എ കടന്നു വരുമ്പോളാണ് മുദ്രാവാക്യം ദിഗന്തങ്ങൾ പൊട്ടുമ്പോലെ മുഴങ്ങുന്നത്. ഇ പി ജയരാജന്റെ ഭാഷയിൽ പറഞ്ഞാൽ ഞങ്ങളുടെ അന്നത്തെ 'മുത്ത്. ' ഇ പി ജയരാജൻ സഖാവ്, ഇപ്പോഴും ഞങ്ങൾ അന്ന് നിന്ന പൈങ്കിളി രാഷ്ട്രീയത്തിൽ തന്നെ രമിച്ചു നിൽക്കുകയാണ്. ഭാഷയിൽ നിന്ന് പരിപ്പുവടയും കട്ടൻകാപ്പിയും പോലുള്ള സ്വാദിഷ്ഠമായ പദാവലികൾ കണ്ടെത്തുന്നതിൽ മിടുമിടുക്കാനാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹം മുന്നോട്ടുവെക്കുന്ന ഏക മുത്ത് ജയിച്ചുവന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ എൽ ഡി എഫിൽ 99 പേടും ഒരേ ഒരു മുത്തും. ഒരു മുത്തുകൂടി ചേർത്ത് 100 മുത്ത് ഇനി സഭയിൽ ഉണ്ടാകും,എന്നല്ല അദ്ദേഹത്തിന്റെ തിരുനാവിൽ നിന്ന് കേട്ടത്. അതാണ് ആ മൊഴിയുടെ മാറ്റ്. ആ മനസ്സിന്റെ നൈർമല്യം അടുത്തറിയുന്നവർക്കെല്ലാം ആ വ്യക്തിത്വത്തിന്റെ സ്വാദും അറിയാം. വേണമെങ്കിൽ അദ്ദേഹത്തിന്റെ ഒറ്റവാക്കിലുള്ള പ്രയോഗങ്ങൾ മുൻ നിർത്തി ഒരു 'ഓടക്കുഴൽ' സമ്മാനത്തിന് നിർദ്ദേശിക്കാം. പക്ഷെ രാഷ്ട്രീയത്തിൽ അത് പോരാ.

പി റ്റി എന്ന ദ്വയാക്ഷരം, ഏതു കഠിന ഹൃദയവും കീറിമുറിക്കാൻ പ്രാവീണ്യമുള്ള ഡോ ജോ ജോസഫിന്റെ കത്രികക്കു വഴങ്ങുമോ എന്ന് എനിക്ക് സംശയമുണ്ട്. ആ ഹൃദയത്തിന്റെ ശാലീനത, ചിലപ്പോൾ അദ്ദേഹത്തിന്റെ ശസ്ത്രക്രിയാരംഗത്തെ ആദ്യത്തെ കൈക്കുറ്റപ്പാടിന് വഴിയൊരുക്കാം. പി റ്റിയുടെ ഹൃദയത്തിന്റെ മാസ്മരികത ഡോ ജോയുടെ ചിന്തകളിലേക്കും പടർന്നുകയറാം.ഹൃദയത്തിന്റെ തമ്പുരുകൾമീട്ടി ഒരു ശസ്ത്രക്രിയാ ടേബിളിൽ യഥാർത്ഥ സംഗീതം ആസ്വദിക്കുന്ന ഒരു ജോ ആയിരുന്നെങ്കിൽ സിൽവർ ലൈനിനെ കുറിച്ച് ഇന്നലെ അദ്ദേഹത്തിന്റെ ചുണ്ടിൽ നിന്ന് കേട്ടത് കേൾക്കേണ്ടിവരില്ലായിരുന്നു. അവിടെ അദ്ദേഹം വെറും അരിക്കച്ചവടക്കാരനായ 'ഫ്രാഞ്ചിയേട്ടൻ' ആയിപ്പോയി. ക്ഷമിക്കുക .കലാമിന്റെ മികവിന് പുല്ലുവില കൽപ്പിച്ചവർ ഡോ ജോയുടെ മികവിന് മുത്തുവില നൽകുന്നതിൽ വിരോധാഭാസമില്ലേ

ദുഃഖത്തിന്റെ പൊള്ളുന്ന വടുക്കൾ ചുണ്ടുകൊണ്ട് പൊത്തിപ്പിടിച്ചു ചിരിച്ചു എന്ന് വരുത്തിത്തീർത്ത്, അത് കൃത്രിമമല്ല എന്ന് കാണിക്കാൻ മുഖമാകെ ചിരിയിൽ പൊതിയുന്ന ഉമയുടെ ഭാവം തൃക്കാക്കരയിലെ കുടുംബിനികൾക്ക് ചിരപരിചിതമായി കഴിഞ്ഞിട്ടുണ്ടാകും. എങ്കിലും രാഷ്ട്രീയ വിധിതീർപ്പുകൾ അതിനപ്പുറമാണല്ലോ ഇങ്ങിനെ ഒരവസ്ഥയിലേക്ക് ഉമ ഉയരുന്നതിൽ സന്തോഷിക്കേണ്ട ഉമയുടെ യഥാർത്ഥ ''അമ്മ' മേഴ്സി രവി കാലയവനികയ്ക്കു ഉള്ളിലെവിടെയോ മറഞ്ഞിരുന്നു എല്ലാം കാണുന്നുണ്ടാകും. ഡൽഹിയിലെ എന്റെ രാത്രികളിൽ ഉറങ്ങാൻ സമ്മതിക്കാതെ നീണ്ട് നീണ്ട് പോകുന്നതായിരുന്നു മേഴ്സി രവി യുടെ പി റ്റി - ഉമാ ദാമ്പത്യ പർവ്വം കഥകൾ .ഇങ്ങിനെ സഹപ്രവർത്തകരെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നവർ കോൺഗ്രസ്സ് പാർട്ടിയിലും ഉണ്ടല്ലോ എന്നത് മേഴ്സി രവിയുമായി അടുത്തപ്പോഴാണ് അനുഭവിച്ചറിഞ്ഞത്. മേഴ്സി രവി യുടെ തൊട്ടിലിൽ ആണ് പി റ്റി - ഉമാ ദാമ്പത്യം പിറന്നതും വളർന്നതും . കേരളരാഷ്ട്രീയത്തിൽ എവിടെ എത്തേണ്ട വീട്ടമ്മയായിരുന്നു മേഴ്സി രവി. ഒരു ദിവസം രാത്രി രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും ഫോണിന്റെ റിസ്സീവറിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് സംസാരിക്കുന്ന ശബ്ദം 'അന്ന് അവന്റെ കയ്യിൽ പണമൊന്നുമില്ലല്ലോ ഞാൻ അതിന്......'അപ്പോൾ ഒന്നുകൂടി റിസ്സീവർ അടുപ്പിച്ചപ്പോഴാണ് വിവാഹം കഴിഞ്ഞുവന്ന ദിവസങ്ങളിലെ പി റ്റി യുടെ യും ഉമ യുടെ യും ദാരിദ്ര്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലായത്. രാത്രി പത്തുമണിക്കോ മറ്റോ ആരംഭിച്ച കഥ പറച്ചിൽ ആണത്. അതാണ് മെഴ്സി രവി.

എന്റെ രാഷ്ട്രീയം പി റ്റി യുടെ രാഷ്ട്രീയമല്ല. അദ്ദേഹത്തിന്റേത് എന്റേതുമല്ല. ഒരിക്കലും പി റ്റി മത്സരിച്ച ഒരു തെരെഞ്ഞെടുപ്പിലും അദ്ദേഹത്തിന് അനുകൂലമായി ഒരു വാക്കു പോലും ഉച്ചരിച്ചിട്ടില്ല. ആശംസകൾ പോലും പങ്കുവെച്ചിട്ടില്ല. അതെനിക്കാവില്ല എന്ന് പി റ്റി ക്കും അറിയാം. പക്ഷെ ഉമ കെട്ടിപ്പുണർന്നതിലും വികാരവായ്‌പോടെ ഞങ്ങൾ ഞങ്ങളുടെ നിശ്വാസങ്ങൾ പങ്കിടും വിധം അപ്പോൾ പുണർന്നിട്ടുണ്ട്. സത്യം തുറന്നു പറയട്ടെ ,ഇന്ന് തൃക്കാക്കരയിൽ എനിക്ക് ഒരു വോട്ട് ഉണ്ടായിരുന്നെങ്കിൽ പി റ്റി ഏൽപ്പിച്ചിരിക്കുന്ന ചിഹ്നത്തിൽ തന്നെ കൊടുക്കുമായിരുന്നു. എന്തെന്നാൽ പി റ്റി യേ പോയുള്ളൂ .നമുക്ക് നമ്മുടെ മാധവ് ഗാഡ്ഗിൽ ഇവിടെ ഉണ്ട് .അദ്ദേഹം തോൽക്കാൻ പാടില്ല. മറിച്ചു സംഭവിച്ചാൽ കേരളം ദേശീയതലത്തിൽ അവമതിക്കപ്പെടും.

പി റ്റി ദീർഘനാൾ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംഘടനാ തലത്തിലെ പ്രവർത്തന ശൈലിയിലും സമീപനങ്ങളിലും ഉണ്ടായിട്ടുള്ള മെറ്റമോർഫോസിസ് താരതമ്യങ്ങൾക്കു അതീതമാണ്. നിയമസഭയിലേക്ക് കടന്നുവരുന്ന കാലത്തു അദ്ദേഹത്തെ സിപിഎം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. തൊടുപുഴയിൽ നിൽക്കാനാകാതെ പൊറുതിമുട്ടിക്കുക തന്നെ ചെയ്തു.ഒരു ദിവസം എന്നെക്കാണാൻ വന്നു. കുറെ നോട്ടീസുകളും മറ്റും കയ്യിൽ കണ്ടു. ശരിക്കും കരച്ചിലിന്റെ വക്കത്തായിരുന്നു പി റ്റി. ഞാനും വിഷമത്തിലായി. കാരണം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ എല്ലാം എന്റെ കൂടെപ്പിറപ്പുകൾ പോലുള്ള പ്രധാന സഖാക്കളാണ്.ഒരു പോംവഴി നിർദ്ദേശിച്ചു .അന്നത്തെ പാർട്ടി സെക്രട്ടറി വി എസ്സിനെ നേരിൽ കണ്ട് ഇതേ രീതിയിൽ ക്ഷമയോട് സംസാരിക്കുക. വലിയ പൊട്ടിത്തെറിയായിരുന്നു ആയിരുന്നു പ്രതികരണം. ഒരിക്കലും നീതികിട്ടില്ല എന്ന ഉറച്ച മുൻവിധിയിലായിരുന്നു പി റ്റി . വി എസിന്റെ പേര് കേൾക്കുന്നത് തന്നെ ചതുർത്ഥിയായിരുന്നു. ഞാൻ എന്താണ് ഈ പാർട്ടി എന്നും ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും പഠിപ്പിക്കാൻ ശ്രമിച്ചിട്ടും ഏശിയില്ല.നിരാശനായി പി റ്റി മടങ്ങി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു എന്റെ നിർദ്ദേശം സ്വീകരിച്ചു.

വി എസിനെ കാണാൻ അവസരമുണ്ടാക്കണമെന്നും അഭ്യർത്ഥിച്ചു. മരമണ്ടാ ഞാൻ പറഞ്ഞിട്ട് പോയിക്കണ്ടാൽ എന്തെങ്കിലും ഗുണം ഉണ്ടാകുമോ വി എസ് അല്ലേ ആൾ എന്ന് പറഞ്ഞപ്പോൾ, അവസാനം പി റ്റി ക്കും ബോധ്യമായി. പിന്നീട് ഞാൻ അറിഞ്ഞു ആ കൂടിക്കാഴ്ച രണ്ടുമണിക്കൂറിലേറെ നീണ്ടു. മണിക്കൂറുകൾക്കുള്ളിൽ വി എസ് ഇടുക്കി ജില്ലാ നേതാക്കളുമായി ബന്ധപ്പെട്ട് വിവരം ശേഖരിച്ചു അതിൽ അതിശക്തമായി ഇടപെടുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്തു. അതോടെ പി റ്റി, വി എസ്സിന്റെ രഹസ്യ ഭക്തനായി. 'എന്തൊരു മനുഷ്യനപ്പാ' എന്ന് മാത്രം പറഞ്ഞു ഒരിക്കൽ പി റ്റി അതേക്കുറിച്ചു സൂചിപ്പിച്ചു. പി റ്റി യെ ഞാൻ നേരിൽ വളരെ കുറച്ചു മാത്രമേ കണ്ടിട്ടും സംസാരിച്ചിട്ടുമുള്ളൂ എന്നതാണ് ഏറ്റവും വലിയ സവിശേഷത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP