Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യയുടെ അഭിമാന കപ്പൽ മോസ്‌കവയെ കരിങ്കടലിൽ മുക്കിയതിന് പിന്നിൽ യു.എസിന്റെ കരങ്ങളോ? യുക്രെയ്ൻ മിസൈലാക്രമണത്തിന് യു.എസ് സഹായം നൽകിയതായി റിപ്പോർട്ടുകൾ; കൃത്യമായ കപ്പൽ സ്ഥാനം ഉൾപ്പെടെ നിർണായകമായ വിവരങ്ങൾ നൽകിയത് യു.എസ് ഇന്റലിജൻസെന്ന് റിപ്പോർട്ട്; മൂന്നാം ലോകമഹായുദ്ധം ആസന്നമോ?

റഷ്യയുടെ അഭിമാന കപ്പൽ മോസ്‌കവയെ കരിങ്കടലിൽ മുക്കിയതിന് പിന്നിൽ യു.എസിന്റെ കരങ്ങളോ? യുക്രെയ്ൻ മിസൈലാക്രമണത്തിന് യു.എസ് സഹായം നൽകിയതായി റിപ്പോർട്ടുകൾ; കൃത്യമായ കപ്പൽ സ്ഥാനം ഉൾപ്പെടെ നിർണായകമായ വിവരങ്ങൾ നൽകിയത് യു.എസ് ഇന്റലിജൻസെന്ന് റിപ്പോർട്ട്; മൂന്നാം ലോകമഹായുദ്ധം ആസന്നമോ?

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: മൂന്നാംലോക മഹായുദ്ധത്തിലേക്ക് യുക്രൈൻ- റഷ്യ സംഘർഷം വഴിവെക്കുമോ? ലോകത്തിന്റെ ആശങ്ക വർധിപ്പിച്ചു കൊണ്ട് ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ടു കൂടി പുറത്തുവന്നു. റഷ്യയുടെ അഭിമാനമായ പടക്കപ്പൽ മോസ്‌കവയെ കരിങ്കടലിൽ യുക്രെയ്ന്റെ നെപ്ട്യൂൺ മിസൈലുകൾ ആക്രമിച്ച് മുക്കിയതിന് പിന്നിൽ യു.എസിന്റെ കരങ്ങളുമുണ്ടെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കപ്പലിനെ മുക്കാനുള്ള തീരുമാനം യുക്രെയ്ന്റേതാണെങ്കിലും കൃത്യമായ കപ്പൽ സ്ഥാനം ഉൾപ്പെടെ നിർണായകമായ വിവരങ്ങൾ നൽകിയത് യു.എസ് ഇന്റലിജൻസാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ അമേരിക്ക പുറത്തുനിന്നും കളി കാണാതെ ഇറങ്ങി കളിച്ചു തുടങ്ങിയെന്ന റിപ്പോർട്ടുകളും ശക്തമാണ്. ഇത് ലോകത്തെ ആശങ്കപ്പെടുത്തുന്നത് അമേരിക്കൻ ഇടപടെൽ മൂന്നാം ലോക മഹായുദ്ധത്തിന് ഇടയാക്കുമോ എന്നതാണ്. റഷ്യയുടെ അധിനിവേശത്തെ ചെറുക്കാൻ യുക്രെയ്‌ന് കൂടുതൽ സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കൻ കക്ഷി യു.എസ് പ്രസിഡന്റ് ജോ ബൈഡന് മേൽ കൂടുതൽ സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ യു.എസോ നാറ്റോയോ ഇതുവരെ നേരിട്ടുള്ള ഇടപെടൽ നടത്തിയിട്ടില്ല.

തങ്ങൾ മിസൈലാക്രമണത്തിൽ തകർത്തുവെന്ന് യുക്രെയ്ൻ അവകാശപ്പെടുമ്പോൾ, തീപ്പിടിത്തത്തെ തുടർന്നുള്ള പൊട്ടിത്തെറിയിലാണ് കപ്പൽ തകർന്നതെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യയുടെ അഭിമാനമായ പടക്കപ്പൽ തീപ്പിടിച്ച് കരിങ്കടലിൽ മുങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മോസ്‌കവ മുങ്ങിയത് റഷ്യക്ക് കനത്ത തിരിച്ചടിയായതായാണ് വിലയിരുത്തൽ.

റഷ്യൻ പടക്കപ്പലിനെ തങ്ങളുടെ കരുത്തേറിയ കപ്പൽവേധ മിസൈലായ നെപ്ട്യൂൺ തകർത്തെന്നാണ് യുക്രെയ്ൻ അവകാശപ്പെട്ടിരുന്നത്. 280 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതും വൻ നാശമുണ്ടാക്കാൻ പര്യാപ്തമായതുമായ മിസൈലാണ് നെപ്ട്യൂൺ. എന്നാൽ യുക്രെയ്ന്റെ വാദം റഷ്യ അംഗീകരിച്ചിരുന്നില്ല. കപ്പലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊട്ടിത്തെറിച്ച് മുങ്ങുകയായിരുന്നെന്നാണ് റഷ്യ അവകാശപ്പെട്ടത്. ശക്തമായ കാറ്റിൽപെട്ടതും അപകടകാരണമായി റഷ്യ പറയുന്നു.

റഷ്യൻ നാവികസേനയുടെ മൂന്നാമത്തെ വലിയ പടക്കപ്പലാണ് 186.4 മീറ്റർ നീളമുള്ള മോസ്‌കവ. സേനയുടെ അഭിമാനം. ശീതയുദ്ധം നടക്കുന്ന കാലത്ത് 1979ലാണ് കപ്പൽ റഷ്യൻ സേനയുടെ ഭാഗമായത്. ജോർജിയ, സിറിയ എന്നീ രാജ്യങ്ങളുമായുള്ള തർക്കകാലത്ത് മോസ്‌കവ കപ്പലിെന വിന്യസിച്ചിരുന്നു. 16 ദീർഘദൂര ക്രൂയിസ് മിസൈലുകളെ വഹിക്കാനുള്ള ശേഷി ഈ യുദ്ധക്കപ്പലിനുണ്ട്. 550ഓളം ആളുകളേയും വഹിക്കാനാവുമായിരുന്നു.

റഷ്യൻ പടക്കപ്പൽ മോസ്‌കവ കരിങ്കടലിൽ മുങ്ങിയതിനു പിന്നാലെ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചതായി റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ടു ചെയ്തിരുന്നു. തങ്ങളുടെ മിസൈൽ ആക്രമണത്തിലാണ് പടക്കപ്പൽ തകർന്നതെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നുണ്ടെങ്കിലും റഷ്യ അംഗീകരിച്ചിട്ടില്ല. പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് കപ്പൽ തകർന്നതെന്നാണ് റഷ്യ അവർത്തിക്കുന്നത്. ഇതിനിടെയാണ് സർക്കാർ അനുകൂല ചാനലായ റഷ്യ വണ്ണിന്റെ അവതാരക ഒൽഗ സ്‌കബെയേവ ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയത്. നാറ്റോ സംവിധാനത്തിനെതിരെയാണ് ഇപ്പോൾ നമ്മൾ പോരാടുന്നതെന്നും അത് തിരിച്ചറിയണമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം യുക്രൈൻ നഗരമായ മരിയുപോൾ പിടിച്ചെടുത്തെന്ന റഷ്യൻ അവകാശവാദത്തിന് പിന്നാലെ യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ കണക്ക് പുറത്തുവിട്ട് യുക്രൈൻ രംഗത്തുവന്നിരുന്നു. യുദ്ധം ആരംഭിച്ച് രണ്ട് മാസം ആകുമ്പോഴേക്കും റഷ്യയ്ക്ക് ഉണ്ടായ നഷ്ടങ്ങളുടെ കണക്ക് പറയുകയാണ് യുക്രൈൻ. യുദ്ധത്തിൽ യുക്രൈൻ തകർത്ത വിമാനങ്ങളുടെയും ടാങ്കറുകളുടെയും കണക്കും യുക്രൈൻ പുറത്തു വിട്ടു.

ഫെബ്രുവരി 24 മുതൽ ആരംഭിച്ച റഷ്യൻ അധിനിവേശത്തിൽ ഇതുവരെ റഷ്യയ്ക്ക് നഷ്ടമായത് 21,200 സൈനികരെ എന്നാണ് യുക്രൈൻ പുറത്തുവിട്ട കണക്ക്. യുദ്ധത്തിൽ റഷ്യയ്ക്ക് ഉണ്ടായിരിക്കുന്നത് കനത്ത നഷ്ടമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മരിയുപോൾ പിടിച്ചെടുത്തെന്ന റഷ്യയുടെ അവകാശവാദത്തിന് പിന്നാലെയാണ് യുക്രൈനിന്റെ പ്രതികരണം. എന്നാൽ മരിയുപോൾ റഷ്യയുടെ പിടിയിൽ ആണോ എന്ന കാര്യത്തിൽ ഇതുവരെ യുക്രൈൻ പ്രതികരിച്ചിട്ടില്ല.

റഷ്യയുടെ 2162 കവചിത വാഹനങ്ങൾ, 838 ടാങ്കറുകളും 176 വിമാനങ്ങളും 153 ഹെലികോപ്റ്ററുകളും യുക്രൈൻ തകർത്തതായും കണക്കുകൾ പുറത്തുവിട്ടു. കൂടാതെ സൈനികരുടെ 1523 വാഹനങ്ങളും പീരങ്കികളും ബോട്ടുകളും ഇന്ധന ടാങ്കുകളും തകർത്തതായും യുക്രൈൻ അവകാശവാദം ഉന്നയിച്ചു. ഈ യുദ്ധം കൊണ്ട് റഷ്യയ്ക്ക് ഉണ്ടായിരിക്കുന്നത് ഭീമമായ നഷ്ടം മാത്രമാണെന്നും യുക്രൈൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP