Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് കൊടുങ്കാറ്റ് ഏറ്റവും നാശം വിതച്ചത് ഇന്ത്യയിൽ; ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നതും ഇവിടെ; മരിച്ചത് 47 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന; കേന്ദ്രസർക്കാർ കണക്കിൽ മരണം 4.81 ലക്ഷ മാത്രവും; മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി തെറ്റെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡ് കൊടുങ്കാറ്റ് ഏറ്റവും നാശം വിതച്ചത് ഇന്ത്യയിൽ; ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നതും ഇവിടെ; മരിച്ചത് 47 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന; കേന്ദ്രസർക്കാർ കണക്കിൽ മരണം 4.81 ലക്ഷ മാത്രവും; മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി തെറ്റെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കണക്കുകളുടെ കാര്യത്തിൽ സുതാര്യത ഇല്ലായ്മ ലോകം മുഴുവൻ ചർച്ചയായ വിഷയമാണ്. കോവിഡ് ഉയരുന്നത് മറച്ചുവെക്കാൻ വേണ്ടി സംസ്ഥാന സർക്കാറുകൾ നിരന്തരം ശ്രമിച്ചിരുന്നു എന്നായിരുന്നു ഉയർന്ന ആരോപണങ്ങൾ. ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പുറത്തുവുമ്പോൾ രാജ്യത്തെ കോവിഡ് മരണങ്ങളിൽ പത്തിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഈ പഠനറിപ്പോർട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടു.

ഇതുപ്രകാരം, 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചെന്നാണു വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ കണക്കുമായുള്ള (2021 വരെ 4.81 ലക്ഷം) താരതമ്യത്തിൽ, പത്തിരട്ടിയോളമാണിത്. അതേസമയം ലോകാരോഗ്യ സംഘടയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മരണസംഖ്യ തിട്ടപ്പെടുതതാൻ ഉപയോഗിച്ച രീതി ശരിയല്ലെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി. മരണം തിട്ടപ്പെടുത്താൻ ഉപയോഗിച്ച കാൽക്കുലേഷൻ രീതിയാണ് തെറ്റിയതെന്നാണ് കേന്ദ്രത്തിന്റെ ാദം.

ലോകത്തുണ്ടായ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നു. ഇന്ത്യ ഉൾപ്പെടെ ലോകജനസംഖ്യയുടെ 50% ഉൾക്കൊള്ളുന്ന 20 രാജ്യങ്ങളിലാണ് ആകെ മരണത്തിന്റെ 80%. സർക്കാരുകൾ നൽകിയ കണക്കു പരിശോധിച്ചാൽ, പാക്കിസ്ഥാനിൽ അതിന്റെ 8 ഇരട്ടിയും റഷ്യയിൽ 3.5 ഇരട്ടിയും മരണമുണ്ടായി. യുഎസിൽ 8.2 ലക്ഷമായിരുന്നു 2021 വരെ ഔദ്യോഗിക മരണ കണക്ക്. എന്നാൽ, 9.3 ലക്ഷം പേർ കൂടി മരിച്ചിട്ടുണ്ടാകും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുകളോടു ചേർന്നുപോകുന്ന കണ്ടെത്തലുകളും പഠനങ്ങളും നേരത്തെയും പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു.

2020, 2021 വർഷങ്ങളിൽ ലോകത്തുണ്ടായ ആകെ കോവിഡ് മരണം 60 ലക്ഷം എന്നായിരുന്നു കണക്ക്. എന്നാൽ, 1.49 കോടിയാളുകൾ കൂടി മരിച്ചിരിക്കാമെന്നു പുതിയ റിപ്പോർട്ട് പറയുന്നു. നേരിട്ടുള്ളതും കോവിഡ് ബാധയെ തുടർന്നുള്ളതുമായ മരണം ഇതിൽപെടും. ദക്ഷിണപൂർവേഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം. വിഷയം ഗൗരവമുള്ളതെന്നു പ്രതികരിച്ച ലോകാരോഗ്യസംഘടനയുടെ മേധാവി ട്രെഡോസ് അദാനം ഭാവിയിലേക്കു കൂടുതൽ മെച്ചപ്പെട്ട നടപടികൾക്കു നിർദ്ദേശിച്ചു.

അതേസമയം കണക്കുകൾ ഒളിപ്പിച്ചു വെച്ചത് ഇന്ത്യ മാത്രമല്ല, ചൈനയുമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. യഥാർഥ കണക്കുകൾ നൽകിയില്ലെന്നു മാത്രമല്ല, കൃത്യമായ കോവിഡ് മരണ റിപ്പോർട്ടിങ്ങിൽ തന്നെ ഇന്ത്യ പരാജയപ്പെട്ടെന്ന സൂചനയാണ് ലോകാരോഗ്യ സംഘടനയുടെ പത്രസമ്മേളനത്തിൽ വിദഗ്ദ്ധർ പങ്കുവച്ചത്. യുഎസിന്റെയും റഷ്യയുടെയും മരണ റജിസ്‌ട്രേഷൻ പൂർണവും സ്ഥിരസ്വഭാവമുള്ളതുമായിരുന്നു. ചൈനയാവട്ടെ പലതും ഒളിച്ചുവച്ചു. എങ്കിലും ചൈന പതിവായി പ്രസിദ്ധീകരിക്കുന്ന വാർഷിക കണക്കുകളിൽ കൂടുതൽ വ്യക്തത ലഭിച്ചു. പാക്കിസ്ഥാനും കണക്കുകൾ നൽകിയില്ല. നേരത്തെ പുറത്തുവിട്ട കണക്കിനും ഇന്ത്യ ഫലപ്രദമായി കോവിഡിനെ തോൽപ്പിച്ചെന്ന വാദത്തിനും എതിരാകുമെന്നതിനാൽ യഥാർഥകണക്ക് ഇപ്പോൾ ലഭ്യമായാൽ പോലും പരസ്യപ്പെടുത്താൻ ഇന്ത്യ മടിച്ചേക്കുമെന്ന് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന നിയോഗിച്ച ഉപദേശക സമിതി അംഗം ഏരിയൽ കാർലിൻസ്‌കി പറഞ്ഞു.

അതേസമയം ഇന്ത്യയിലോ കോവിഡ് മരണങ്ങളുടെ കണക്കെടുപ്പും അതീവ ദുഷ്‌ക്കരമാണ്. ആകെ കോവിഡ് മരണങ്ങളിൽ പകുതിയും വീടുകളിലായിരുന്നു. വിശേഷിച്ചും ഗ്രാമങ്ങളിൽ. യുപിയും ബിഹാറും പോലുള്ള സ്ഥലങ്ങളിൽ മരണ റജിസ്‌ട്രേഷൻ നിരക്കിൽ കാര്യമായ കുറവുണ്ട്. കൃത്യമായ മരണക്കണക്ക് പുറത്തുവരാത്തതു മൂലം കോവിഡ് വാക്‌സീനുകളുടെ യഥാർഥ ഫലപ്രാപ്തി വ്യക്തമാകാനും തടസ്സങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ വ്യാപകമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെടാതെ പോയെന്ന ലോകാരോഗ്യസംഘടന റിപ്പോർട്ട് ആരോഗ്യമന്ത്രാലയം തള്ളി. കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഇതു കണക്കാക്കാൻ ഉപയോഗിച്ച രീതി തന്നെ തെറ്റാണ്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ മരണം വളരെ കുറച്ചു മാത്രമേയുള്ളു. ഈ രീതിയിൽ മരണം തിട്ടപ്പെടുത്തുന്നതിനെ ഇന്ത്യ ആദ്യം തന്നെ എതിർത്തതാണ്. ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ഇന്ത്യ പുറത്തിറക്കിയ സിവിൽ റജിസ്‌ട്രേഷൻ റിപ്പോർട്ട് പ്രകാരം, ആകെ 81 ലക്ഷം പേരാണ് 2020 ൽ ഇന്ത്യയിൽ മരിച്ചത്. മുൻവർഷത്തെക്കാൾ അധികമായുണ്ടായ 4.74 ലക്ഷം മരണവും കോവിഡ് മൂലമാണെന്നു പറയാൻ കഴിയില്ലെന്നും ഔദ്യോഗിക കണക്കുപ്രകാരം, 2020 ൽ 1.49 ലക്ഷം പേർ മാത്രമാണ് മരിച്ചതെന്നുമാണ് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നത്. മെയ്‌ 3 വരെയുള്ള ഔദ്യോഗിക കണക്കിൽ ഇന്ത്യയിൽ 5.22 ലക്ഷം പേർ മാത്രമാണ് കോവിഡ് മൂലം മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP