Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ട ജില്ലാ ട്രഷറിയിൽ മരിച്ചു പോയ അദ്ധ്യാപികയുടെ പേരിലുണ്ടായിരുന്നത് 8.13 ലക്ഷം; അനധികൃതമായുണ്ടാക്കിയ അക്കൗണ്ടിലേക്ക് തുക മാറ്റിയത് പെരുനാട് സബ് ട്രഷറിയിലെ കാഷ്യർ ഷഹീർ; തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ മുങ്ങിയ ഷഹീറിനെ പൊക്കി ക്രൈംബ്രാഞ്ച്

പത്തനംതിട്ട ജില്ലാ ട്രഷറിയിൽ മരിച്ചു പോയ അദ്ധ്യാപികയുടെ പേരിലുണ്ടായിരുന്നത് 8.13 ലക്ഷം; അനധികൃതമായുണ്ടാക്കിയ അക്കൗണ്ടിലേക്ക് തുക മാറ്റിയത് പെരുനാട് സബ് ട്രഷറിയിലെ കാഷ്യർ ഷഹീർ; തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ മുങ്ങിയ ഷഹീറിനെ പൊക്കി ക്രൈംബ്രാഞ്ച്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലാ ട്രഷറിയിൽ അനധികൃത അക്കൗണ്ടുണ്ടാക്കി മരിച്ചു പോയ റിട്ട. അദ്ധ്യാപികയുടെ സ്ഥിര നിക്ഷേപവും പലിശയും അടക്കം 8.13 ലക്ഷം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. പെരുനാട് സബ്ട്രഷറിയിലെ മുൻ കാഷ്യർ ഈരാറ്റുപേട്ട സ്വദേശി സി.ടി. ഷഹീറിനെയാണ് ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ ഒളിയിടത്തിൽ നിന്ന് പൊക്കിയത്.

കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്ന ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. ഓമല്ലൂർ മഞ്ഞനിക്കരയിലെ റിട്ട.അദ്ധ്യാപികയുടെ സ്ഥിര നിക്ഷേപത്തിലെയും സേവിങ്സ് അക്കൗണ്ടിലെയും പണമാണ് ഷഹീർ ആസൂത്രിതമായി തട്ടിയെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഷഹീറിനെ കൂടാതെ കോന്നി സബ് ട്രഷറി ഓഫീസർ രഞ്ചി കെ. ജോൺ, ജില്ലാ ട്രഷറി ജൂനിയർ സൂപ്രണ്ട് കെ.ജി.ദേവരാജൻ, ജൂനിയർ അക്കൗണ്ടന്റ് ആരോമൽ അശോകൻ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. പെരുനാട്, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി എടുത്ത രണ്ടു കേസുകൾ പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. മുഖ്യസൂത്രധാരനായ ഷഹീർ ഒളിവിൽ പോയതിന് പിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ഈ ജാമ്യാപേക്ഷയിൽ തീരുമാനം ആയിട്ടില്ലെന്നാണ് കരുതുന്നത്. ഇതു കാരണം അറസ്റ്റ് ഉടൻ ഉണ്ടായേക്കും.പെരുനാട് സബ് ട്രഷറി ഓഫീസർ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. മരണമടഞ്ഞ പെൻഷണറുടെ മകന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് ഷഹീർ ജില്ലാ ട്രഷറിയിൽ അനധികൃത അക്കൗണ്ട് തുടങ്ങിയത്. ജില്ലാ ട്രഷറിയിൽ അദ്ധ്യാപികയ്ക്ക് നാല് സ്ഥിര നിക്ഷേപങ്ങളുണ്ടായിരുന്നു. ഒന്ന് കാലാവധി പൂർത്തിയാകും മുൻപ് ക്ലോസ് ചെയ്ത് പണം അനധികൃത അക്കൗണ്ടിലേക്ക് മാറ്റി.

മറ്റ് മൂന്ന് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും പിൻവലിച്ച് ഇതേ അക്കൗണ്ടിലാക്കി. ഈ തുക പിന്നീട് ഏഴ് തവണകളായി ചെക്ക് ഉപയോഗിച്ച് പിൻവലിക്കുകയും ചെയ്തു. മരിച്ച പെൻഷണറുടെ മകളെ നോമിനിയാക്കി വച്ച പണമാണ് അപഹരിക്കപ്പെട്ടത്. ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ മകൻ ഈ സംഭവം അറിയുന്നത്. സസ്പെൻഷനിലായ മറ്റ് ജീവനക്കാരുടെ ട്രഷറി കോഡും പാസ് വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

രണ്ട് വർഷമായി നീണ്ടുനിന്ന തട്ടിപ്പിൽ ഏഴുതവണ ചെക്ക് ഉപയോഗിച്ച് പണം മാറിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജില്ലാ ട്രഷറിയിൽ മൂന്ന് തവണയും എരുമേലി സബ് ട്രഷറിയിൽ രണ്ട് തവണയും മല്ലപ്പള്ളി, പെരുനാട് സബ്ട്രഷറികളിൽ ഓരോ തവണയുമാണ് ചെക്ക് മാറിയിരിക്കുന്നത്. ഇതിൽ പെരുനാട്ടിലെ ചെക്ക് മാത്രമാണ് ഇയാൾ നേരിട്ട് മാറിയിരിക്കുന്നത്. അപ്പോഴാണ് തട്ടിപ്പ് കണ്ടെത്തുന്നതും. ബാക്കിയുള്ള ആറ് തവണയും ചെക്ക് ഇയാൾ തന്നെ മാറിയതാണോയെന്ന് വ്യക്തമല്ല. ഇതിനായി അതാത് സബ് ട്രഷറികളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചിട്ടുണ്ട്.

ഷഹീറിനൊപ്പം സസ്പെൻഷനിലുള്ള മറ്റുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സംഭവം ഉണ്ടായി ഒരുമാസത്തിന് ശേഷം ജില്ലാ ട്രഷറി ഓഫീസർ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ് എടുത്തത്. ഷഹീർ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കാണാതായ 38,000 രൂപയുടെ ചെക്ക് പെരുനാട് സബ് ട്രഷറിയിൽ ഇയാൾ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിലെ സി.പി.യുവിൽ നിന്നാണ് കണ്ടെത്തിയത്. ഹാർഡ് ഡിസ്‌ക് പരിശോധനയിലും വേണ്ടത്ര തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP