Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചട്ടം ലംഘിച്ച് വൈദ്യുത ഭവനിൽ ഓഫീസർമാർ ഫ്‌ളാറ്റ് കച്ചവടത്തിൽ; ബാഹ്യ വ്യക്തികളുമായി ചേർന്ന് സംഭാവന സ്വരൂപിച്ചു ഫ്‌ളാറ്റ് നിർമ്മാണം; പദ്ധതിയിൽ പണം മുടക്കുന്നത് കരാറുകാരും വൻകിട വാണിജ്യ ഇടപാടുകാരും; സർവീസ് പെരുമാറ്റച്ചട്ടവും സഹകരണ നിയമവും കെ എസ് ഇ ബി ഓഫീസർമാർക്ക് മുമ്പിൽ മുട്ടുമടക്കുമ്പോൾ

ചട്ടം ലംഘിച്ച് വൈദ്യുത ഭവനിൽ ഓഫീസർമാർ ഫ്‌ളാറ്റ് കച്ചവടത്തിൽ; ബാഹ്യ വ്യക്തികളുമായി ചേർന്ന് സംഭാവന സ്വരൂപിച്ചു ഫ്‌ളാറ്റ് നിർമ്മാണം; പദ്ധതിയിൽ പണം മുടക്കുന്നത് കരാറുകാരും വൻകിട വാണിജ്യ ഇടപാടുകാരും; സർവീസ് പെരുമാറ്റച്ചട്ടവും സഹകരണ നിയമവും കെ എസ് ഇ ബി ഓഫീസർമാർക്ക് മുമ്പിൽ മുട്ടുമടക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സമഗ്രാധിപത്യത്തിലാണ് മുൻകാലങ്ങളിൽ വൈദ്യുതി ബോർഡിലെ ഒരു ഇല പോലും അനങ്ങിയിരുന്നത്. എന്നാൽ ഈ ആധിപത്യ സ്വഭാവത്തിന് അന്ത്യം വന്നത് ബി അശോക് ബോർഡ് ചെയർമാനായി എത്തിയതോടെയാണ്. കെഎസ്ഇബിയെ കറവപ്പശു ആക്കിയ ഓഫീസർമാർക്ക് തിരിച്ചടിയായി മാറി അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഈ ഇടപെടലുകളാണ് ഇപ്പോൾ ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് എം ജി സുരേഷ് കുമാറിന്റെ സ്ഥലം മാറ്റത്തിലേക്ക് അടക്കം എത്തിച്ചേർന്നിരിക്കുന്നത്.

ബോർഡിലെ സമഗ്രാധിപത്യത്തിന് വേണ്ടി ഓഫീസേഴ്‌സ് അസോസിയേഷൻ ശ്രമിച്ചു കൊണ്ടിരുന്നത് മറ്റ് ഇടപാടുകൾ കൂടി ലക്ഷ്യമിട്ടായിരുന്നു. അത്തരമൊരു ഇടപെടലിനെ തുറന്നു കാട്ടുകയാണ് മറുനാടൻ. വൈദ്യുതി ബോർഡ് ആസ്ഥാനത്തെ ഓഫീസർമാർ സർവീസ് പെരുമാറ്റച്ചട്ടവും സഹകരണ നിയമങ്ങളും കാറ്റിൽപ്പറത്തി ഫ്‌ളാറ്റ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കയാണ്. കെഎസ്ഇബി ഓഫീസേഴ്‌സ് ഹൗസ് കൺസ്ട്രക്ഷൻ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ 4426ന്റെ ഭാഗമായാണ് ഫ്‌ളാറ്റ് നിർമ്മാണം. ഇത്തരമൊരു ബിസിനസ് സംരംഭത്തിലേക്ക് കെഎസ്ഇബി ആസ്ഥാനത്തെ ഓഫീസർമാർ ചുവടു വെക്കുന്നതിൽ സർവീസ് പെരുമാറ്റച്ചട്ടം കാറ്റിൽപ്പറത്തുകയാണ് ചെയ്യുന്നത്.

കെ എസ് ഇ ബിയുടെ അറിവോ അനുമതിയോ കൂടാതെ രജിസ്റ്റർ ചെയ്ത ഈ സഹകരണ സംഘത്തിന്റെ മറവിലെ കച്ചവടം ഇതിനോടകം വിവാദമായി കഴിഞ്ഞു. ഉദ്യോഗസ്ഥർ മാത്രം അംഗങ്ങളായ സഹകരണ സംഘത്തിൽ അംഗത്വമെടുക്കാമെങ്കിലും ബോർഡിന്റെ കമ്പനി ചട്ടമനുസരിച്ച മുൻകൂർ അനുമതിയില്ലാതെ ബാഹ്യവ്യക്തികളുമായി ചേർന്ന് സംഭാവന സ്വരൂപിച്ച് ഇത്തരം സംരംഭം പാടില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇക്കാര്യം പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാണ് താനും. എന്നാൽ, ഈ ചട്ടം പരസ്യമായി ലംഘിച്ച് 40 കോടിയിലധികം മതിക്കുന്ന ഫ്‌ളാറ്റ് നിർമ്മാണമാണ് നടക്കുന്നത്.

കഴക്കൂട്ടം - കരോട് എൻഎച്ച് ബൈപ്പാസിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയും, ലുലു മാളിന് രണ്ട് കിലോമീറ്റർ അടുത്തുമായാണ് ഫ്‌ളാറ്റ് നിർമ്മാണത്തിനുള്ള പദ്ധതി. ഇതിനായി 50 സെന്റ് സ്ഥലം വാങ്ങിയിട്ടുമുണ്ട്. പി റ്റി പ്രകാശ് കുമാർ എന്ന അസിസ്റ്റന്റ് എഞ്ചിനീയറാണ് സ്ഥലം വാങ്ങിക്കുകയും ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ ചുമതലക്കാരനും. ഇദ്ദേഹമാണ് സഹകരണ സൊസൈറ്റിയുടെ സെക്രട്ടറിയും. പ്രസിഡന്റായി എ എസ് ജലേഷ് കുമാറുമാണുള്ളത്. അതേസമയം പദ്ധതിയിൽ പണം മുടക്കുന്നത് ആരെന്നതാണ് ഇതിൽ വിവാദമാകുന്നതും. വൈദ്യുതി ബോർഡുമായി ചേർന്നു നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് കെഎസ്ഇബി ഓഫീസർമാരുടെ ബിസിനസ് പ്ലാൻ.

ഫ്‌ളാറ്റ് പദ്ധതിയിൽ പണം മുടക്കുന്നത് കെഎസ്ഇബി കരാറുകാരായവരും വൈദ്യുതി ബോർഡുമായി വൻകിട വാണിജ്യ ഇടപാടുകളുള്ളവരും ആണെന്ന ആക്ഷേപവും ശക്തമാണ്. ബോർഡ് ആസ്ഥാനത്തെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ പി റ്റി പ്രകാശ് കുമാർ ഇത്തരം ഇടപാടുകൾക്കെല്ലാം ചുക്കാൻ പിടിക്കുന്നുണ്ട്. പല വിധത്തിലുള്ള വാഗ്ദാനങ്ങളാണ് സഹകരണ സൊസൈറ്റി നൽകുന്നത്. സഹകരണ സംഘം ഫ്‌ളാറ്റിന്റെ നിർമ്മാണത്തിന് അനുമതിയില്ലാത്ത കോടികൾ പിരിച്ചെടുക്കുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നു.

കെഎസ്ഇ ബി ഓഫീസർമാർ, വർക്കർമാർ, റിട്ടയർ ഓഫീസർ എന്നിവരുടെ നിക്ഷേപ ലോൺ പരിപാടിയും കെഎസ്ഇബി ഓഫീസേഴ്‌സ് ഹൗസ് കൺസ്ട്രക്ഷൻ കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്കുണ്ട്. പല വിധത്തിലുള്ള ലോൺ സംവിധാനവും ഇവർ നൽകി വരുന്നു. അടിയന്തര സാഹചര്യങ്ങളിൽ ലോൺ, വീട് നന്നാക്കാൻ ലോൺ, ഹൗസിങ് ലോൺ തുടങ്ങിയ സാമ്പത്തിക ഇടപാടുകളും സംഘം നടത്തുന്നുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിയോ ബാങ്കിങ് റഗുലേഷൻസ് ആക്ട് നിയമവ്യവസ്ഥകളോ പാലിക്കാതെയാണ് ഇവിടുത്തെ സാമ്പത്തിക ഇടപാടുകൾ. 5 ശതമാനം മുതൽ 7.5 ശതമാനം വരെ നിരക്കിൽ അനുമതിയില്ലാതെ നിക്ഷേപത്തിനുള്ള പലിശ നൽകുകയും ചെയ്യുന്നുണ്ട്. അംഗങ്ങൾക്കായി 5 ലക്ഷം മുതൽ 30 ലക്ഷം വരെ പലതരം ചിട്ടികളും സംഘം നടത്തുന്നുണ്ട്.

പ്രതിമാസ നിക്ഷേപ പദ്ധതിയുടെ കാലാവധി 50 മാസമാണ്. പദ്ധതിയിൽ ചേരാൻ ആദ്യ ഓൺലൈനായി സംഘം അക്കൗണ്ടിലേക്ക് തുക അടയ്ക്കാവുന്നതാണ്. പിന്നീട് ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം വഴിയാണ് അടക്കേണ്ടതെന്നും നിബന്ധനയുണ്ട്. അഞ്ച് മാസംകൊണ്ട് തന്നെ എല്ലാവർക്കും ഏഴ് ലക്ഷം രൂപ ലഭിക്കുമെന്നും പറയുന്നു. ഇക്കാര്യം ബ്രൗഷറിലും വ്യക്തമാക്കുന്നു. എംഡിഎസ് തുടങ്ങി ആദ്യമാസം പത്ത് പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുമെന്നാണ് പറയുന്നത്. തുക ആവശ്യമുള്ളവർക്ക സ്വന്തം ജാമ്യം അഅടക്കം മൂന്ന് ജാമ്യക്കാരെ വേണമെന്നുമാണ് നിർദ്ദേശിക്കുന്നത്.

കെഎസ്ഇബി ജീവനക്കാർ ആയതിനാൽ നിന്നും നിക്ഷേപം സ്വീകരിക്കാം എന്നതാണ് മറ്റൊരു വിചിത്ര വ്യവസ്ഥ. ജീവനക്കാരല്ലാത്ത കരാറുകാരിൽ നിന്നും അടക്കം തുക സമാഹരിക്കുന്നു. ഇക്കാര്യത്തിൽ വൈദ്യുതി ബോർഡിന്റെ കരാറുകാർക്ക് മേൽ അധികാരപ്രയോഗമാകും നടത്തുന്നത്. തുക സമാഹരിക്കാതെ ഓഫീസർമാർ കരാറുകാരുടെ ബില്ലുകൾ സമയത്ത് മാറി നൽകാത്ത അവസ്ഥ ഉണ്ടാകും. അതുകൊണ്ട് തന്നെ മറ്റുള്ളവരും നിക്ഷേപ പദ്ധതിയോട് സഹകരിക്കും. ഇത്തരത്തിൽ പണം പിരിച്ചു സംഘടനാ പ്രവർത്തനം നടത്തുകയാണെന്നും ആക്ഷേപം ശക്തമാണ്.

20 കോടിരൂപയോളം ജീവനക്കാരല്ലാത്ത അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത് സംഘടനാ പ്രവർത്തനങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വിനിയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ പേരും മുദ്രയും ഉപയോഗിച്ച ഈ സംഭാവന പിരിച്ചതിനാൽ മറ്റു കരാറുകാരും ഇതിന് ഔദ്യോഗിക അനുമതിയുണ്ടെന്ന് കരുതിയാണ് സംഭാവനയും പടിയും നൽകുന്നത്. എന്നാൽ, ഫലത്തിൽ ഇത് സംഘടനാ പ്രവർത്തനത്തിനം നേതാക്കൾക്ക് പുട്ടടിക്കാനുമായി മാറ്റുകയാണ്.

കെഎസ്ഇബി ഓഫീസർമാരുടെ സഹകരണ സംഘങ്ങൾക്ക് അനുമതിയില്ലാതെ നൽകുന്ന സംഭാവനകളിൽ ഇൻകംടാക്‌സ്/ഇഡി തുടങ്ങിയ ഏജൻസികൾ പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് കണ്ടപ്പോഴാണ് ഓഫീസർമാർ ഹൗസിങ് പദ്ധതിയിലേക്ക് പണം വകമാറ്റിയതെന്നും ആക്ഷേപമുണ്ട്. ഈ പദ്ധതി വഴി കെഎസ്ഇബിയിലെ ഉന്നതരുടെ പണം വഴിമാറുകയാണ് ചെയ്യുന്നത്. വൈദ്യുതി ബോർഡ് കോൺട്രാക്ടർമാർ, സപ്ലൈയർമാർ, വൈദ്യുതി വാങ്ങുന്ന കമ്പനി എക്‌സിക്യൂട്ടീവുമാർ എന്നിവർ അവരുടെ ഓഫീസർമാർക്ക് സംഭാവന നൽകാൻ മുറ ഉടമ്പടി ശൈലിയോ നടപടികളോ കെഎസ്ഇബിയുടെ പിഴ നൽകൽ വിഭാഗത്തിലോ, കമ്പനി സെക്രട്ടറിക്കോ അറിവുള്ളതല്ല.

കമ്പനി നിയമം, പെരുമറ്റച്ചട്ടം, സഹകരണ നിയമം എന്നിവ കാറ്റിൽപറത്തി പ്രകാശ് കുമാറും കൂട്ടാളികളും ഫ്‌ളാറ്റ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കെഎസ്ഇബി ഓഫീസർ അസോസിയേഷൻ ഭാരവാഹിക്ക് നൽകിയ ഒരു കോടി രൂപയുടെ ലോൺ തിരിച്ചടക്കാതിരുന്നതുകൊല്ലത്ത് വലിയ ആഭ്യന്തരപ്രശ്‌നമായി മാറുകയും ചെയ്തിരുന്നു. താൽക്കാലിക ലോണെടുത്ത് സംഘടനാപ്രവർത്തനം നടത്തുകയും പിന്നീട് സംഭാവനകൾ കരാറുകാരിൽ നിന്നും സ്വീകരിച്ച് അത് നികത്തുകയും പിന്നീട് തിരിച്ചടക്കാൻ കഴിയാത്ത ലോണായി അനധികൃത സംഭാവന എഴുതി തള്ളുകയുമാണ് പതിവായി നടക്കുന്നത്.

ഇപ്രകാരം ഓഫീസർ സംഘടനയുടെ അനധികൃത സമ്പാദ്യം നൂറ് കോടിയിൽപരം എത്തിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഇൻകം ടാക്‌സ് പരിശോധിച്ചിട്ടില്ലാത്ത ഈ ധനത്തിന്റെ സ്രോതസ് പരിശോധിച്ചാൽ പ്രകാശ് കുമാർ മാത്രമല്ല അടുത്തിടെ അച്ചടക്ക നടപടികൾ നേരിട്ട തിമിംഗലങ്ങളും പിടിക്കപ്പെടും എന്നാണറിയുന്നത്. ഈ വിവരങ്ങൾ സർക്കാരിന്റെ കൈവശം വിശദമായി ഉള്ളതിനാലാണ് സ്ഥലം മാറ്റ കാര്യത്തിൽ കടുംപിടുത്തം തുടർന്ന ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ തൽക്കാലം മിണ്ടാട്ടം മുടി സ്ഥലം കാലിയാക്കിയതും.

ഇവർ സ്ഥലം മാറ്റപ്പെട്ട ഇടങ്ങളിൽ ജോലി ഏറ്റെടുത്തു കഴിഞ്ഞു. അനധികൃത സമ്പാദ്യം മുഴുവൻ ഇഡിയോ ക്രൈംബ്രാഞ്ചോ പരിശോധിക്കുമെന്ന സാഹചര്യം അടക്കം മുന്നിൽ കണ്ടാണ് എം ജി സുരേഷ് കുമാർ അടക്കമുള്ള അസോസിയേഷൻ നേതാക്കൾ വൈദ്യുതി ബോർഡ് ചെയർമാന് മുന്നിൽ മുട്ടു മടക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP