Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ; അതിൽ അഞ്ചും യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ; രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു; ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പ് നേരിട്ട ജില്ല; 'ജനാധിപത്യത്തിന്റെ ഉത്സവം' ആഘോഷമാക്കാൻ വീണ്ടും എറണാകുളം

ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ; അതിൽ അഞ്ചും യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ; രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു; ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പ് നേരിട്ട ജില്ല; 'ജനാധിപത്യത്തിന്റെ ഉത്സവം' ആഘോഷമാക്കാൻ വീണ്ടും എറണാകുളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൂടുതൽ തവണ സമ്മതിദാന അവകാശം വിനിയോഗിക്കാൻ അവസരം ലഭിക്കുക, ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാകുക. എറണാകുളം ജില്ലക്കാർ ഇക്കാര്യത്തിൽ ഒരുപടി മുന്നിലാണ്. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എറണാകുളം ജില്ലയ്ക്ക് ഇത് ഏഴാമത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പായി മാറും.

തൃക്കാക്കരയിൽ മെയ് 31 നു നടക്കുന്ന തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരായി എറണാകുളം ജില്ലക്കാർ ഉയരും. സംസ്ഥാനത്ത് മൂന്ന് ഉപതെരഞ്ഞെടുപ്പ് നേരിട്ട ഒറ്റ മണ്ഡലമേയുള്ളൂ. അതും ഇതേ ജില്ലയിലാണ് - എറണാകുളം നിയമസഭാ മണ്ഡലം. ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അഞ്ചും നടന്നത് യുഡിഎഫിന്റെ സിറ്റിങ് സീറ്റിലായിരുന്നു. ഇതിൽ രണ്ടിടത്ത് യുഡിഎഫ് സീറ്റുകൾ പിടിച്ചെടുക്കാൻ എൽഡിഎഫിന് കഴിഞ്ഞു എന്നതും ചരിത്രം.

ഇതുവരെ ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ എറണാകുളം ജില്ലയിൽ ഇതുവരെ നടന്നു. മൂന്നു ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ജില്ല വോട്ടുചെയ്തു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പോടെ ഇത് പത്താകും. തൊട്ടുപിന്നിൽ മലപ്പുറം ജില്ലയാണ് അവിടെ ഏഴ് നിയമസഭാ ഉപതെരഞ്ഞെടുപ്പും ഒരു ലോക്സഭാ ഉപതെരഞ്ഞെടുപ്പും ഉണ്ടായിട്ടുണ്ട്.

എറണാകുളം ജില്ലയിൽ ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 1984 ൽ പറവൂരിലാണ്. 82ൽ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന മണ്ഡലത്തിൽ എൻ ശിവൻപിള്ള (സിപിഐ) യാണ് വിജയിച്ചത്. വോട്ടിങ് യന്ത്രം ഉപയോഗിച്ച 50 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. ഇതേത്തുടർന്ന് 84 മേയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിയായ കോൺഗ്രസിലെ എ സി ജോസ് വിജയിച്ചു.

അടുത്ത ഉപതെരഞ്ഞെടുപ്പ് 1992 ൽ ഞാറയ്ക്കലിൽ ആയിരുന്നു. കോൺഗ്രസ് നേതാവ് കെ കുഞ്ഞമ്പുവിന്റെ മരണത്തെ തുടർന്ന് നടന്ന ഈ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം മണ്ഡലം പിടിച്ചെടുത്തു. 4214 വോട്ടിനായിരുന്നു വിജയം.

1998ൽ എറണാകുളം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നു. കോൺഗ്രസിലെ ജോർജ് ഈഡൻ ലോക്സഭയിലേക്ക് ജയിച്ച ഒഴിവിൽ നടന്ന മത്സരത്തിൽ ഇടതുപക്ഷം മണ്ഡലം പിടിച്ചു. എൽഡിഎഫിലെ ഡോ. സെബാസ്റ്റ്യൻ പോൾ 3940 വോട്ട് ഭൂരിപക്ഷം നേടി.

എറണാകുളം മണ്ഡലത്തിൽ 2009 ൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് വന്നു. എംഎൽ എ ആയിരുന്ന കെ വി തോമസ് എം പി ആയപ്പോഴായിരുന്നു അത്. 8620 വോട്ടിന് ഡൊമിനിക്ക് പ്രസന്റേഷനായിരുന്നു വിജയി. 2012 ൽ ടി എം ജേക്കബ്ബിന്റെ മരണത്തെ തുടർന്ന് പിറവത്ത് നടന്ന ഉപതെരെഞ്ഞെടുപ്പിൽ ജേക്കബ്ബിന്റെ മകൻ അനൂപ് ജേക്കബ്ബ് 12070 വോട്ടിനു വിജയിച്ചു.

2019 ൽ എറണാകുളത്ത് മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ് വന്നു. ഹൈബി ഈഡൻ എംഎൽഎ പദവി വിട്ട് ലോക് സഭയിലേക്ക് മത്സരിച്ചതോടെയാണ് ഈ ഒഴിവു വന്നത്. ടി ജെ വിനോദ് ആ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 3750 വോട്ടിനു വിജയിച്ചു.

1970 ൽ പനമ്പിള്ളി ഗോവിന്ദ മേനോന്റെ മരണത്തെ തുടർന്നാണ് ജില്ലയിലെ വോട്ടർമാർ ആദ്യമായി ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത്. മുകുന്ദപുരമായിരുന്നു മണ്ഡലം. മണ്ഡലത്തിലെ മൂന്നു നിയമസഭാ മണ്ഡലങ്ങൾ ജില്ലയിലായിരുന്നു. അന്ന് 21393 വോട്ടിനു കോൺഗ്രസ് സ്ഥാനാർത്ഥി എ സി ജോർജ് വിജയിച്ചു.

1997 ലും 2003 ലും രണ്ടുതവണ കൂടി ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വന്നു. രണ്ടും എറണാകുളം മണ്ഡലത്തിൽ. യുഡിഎഫ് കോട്ടയെന്നു വിളിപ്പേരുള്ള എറണാകുളത്ത് ഈ രണ്ടുതവണയും എൽഡിഎഫ് ഉജ്ജ്വല വിജയം നേടി. ഡോ. സെബാസ്റ്റ്യൻ പോൾ ആയിരുന്നു ഇരുവട്ടവും വിജയി. 1997 ൽ 8693 വോട്ടും 2003 ൽ 22132 വോട്ടുമായിരുന്നു ഭൂരിപക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP