Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാസർകോട്ടെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയെന്ന് സ്ഥിരീകരിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ആരുടെയും നില ഗുരുതരമല്ല; ഷവർമ കഴിച്ച് ചികിത്സ തേടിയത് അമ്പതോളം പേർ

കാസർകോട്ടെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയെന്ന് സ്ഥിരീകരിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ആരുടെയും നില ഗുരുതരമല്ല; ഷവർമ കഴിച്ച് ചികിത്സ തേടിയത് അമ്പതോളം പേർ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.

ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി. ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി ദേവനന്ദ മരിച്ചിരുന്നു. ദേവനന്ദയുൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷവർമ കഴിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഷവർമ കഴിച്ച അമ്പതോളം പേർക്ക് അസ്വസ്ഥതയുണ്ടായി.

അതിൽ ദേവാനന്ദ ഉൾപ്പെടെയുള്ള ചിലരുടെ നില ഗുരുതരമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ആറുമണിക്കും ഇടയിലാണ് വിദ്യാർത്ഥികളടക്കമുള്ളവർ ഷവർമ കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിൽ ഇറച്ചി ഉൾപ്പെടെ സൂക്ഷിക്കുന്ന ഫ്രീസർ വൃത്തിഹീനമായിരുന്നെന്നും പൊലീസ് കണ്ടെത്തി. പരിയാരത്ത് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾ ബാറിന്റെ പാർട്ണർ അഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയിലെ രണ്ട് ജീവനക്കാരും അറസ്റ്റിലായിരുന്നു. കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെയും കേസിൽ പ്രതി ചേർത്തു.

എന്താണ് ഷിഗല്ല? രോഗ ലക്ഷണങ്ങളും മുൻകരുതലുകളും

ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം , കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.

വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.

പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക, രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക, ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക, ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം.

ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക, വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക, വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുക, കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക, രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP