Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേണ്ടത് 160 ഓളം പരിശോധനാ ഉദ്യോഗസ്ഥർ; ഒഴിഞ്ഞു കിടക്കുന്നത് 65 ഓളം തസ്തികകൾ; മൊബൈൽ ലാബുകളെല്ലാം വിശ്രമാവസ്ഥയിൽ; നോകുകുത്തിയായി ഭക്ഷ്യസുരക്ഷാ വകുപ്പ്; വഴിയോരങ്ങളിൽ പെരുകുന്നത് മണ്ണും പൊടിയും അടിഞ്ഞു കൂടുന്ന ഷവർമ്മ കോർണറുകൾ; ദേവനന്ദയുടെ ജീവനെടുത്തത് സർക്കാർ അനാസ്ഥ

വേണ്ടത് 160 ഓളം പരിശോധനാ ഉദ്യോഗസ്ഥർ; ഒഴിഞ്ഞു കിടക്കുന്നത് 65 ഓളം തസ്തികകൾ; മൊബൈൽ ലാബുകളെല്ലാം വിശ്രമാവസ്ഥയിൽ; നോകുകുത്തിയായി ഭക്ഷ്യസുരക്ഷാ വകുപ്പ്; വഴിയോരങ്ങളിൽ പെരുകുന്നത് മണ്ണും പൊടിയും അടിഞ്ഞു കൂടുന്ന ഷവർമ്മ കോർണറുകൾ; ദേവനന്ദയുടെ ജീവനെടുത്തത് സർക്കാർ അനാസ്ഥ

സായ് കിരൺ

കോഴിക്കോട് : പരിശോധനയും നടപടികളും കടലാസിലൊതുക്കി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നോക്കുകുത്തിയായതോടെ പണം കൊടുത്ത് ഭക്ഷണം വാങ്ങി കഴിച്ച് മരിക്കേണ്ട ഗതികേടിൽ കേരളീയർ. ചെറുതും വലുതുമായ ഹോട്ടലുകളെ തോന്നുംപടി പ്രവർത്തിക്കാൻ അനുവദിച്ചതിന്റെ ദുരന്തമാണ് കഴിഞ്ഞദിവസം കാസർഗോഡ് ചെറുവത്തൂരിൽ 16കാരി ദേവനന്ദയുടെ മരണത്തിന് കാരണമായത്. കേരളത്തിൽ ഹോട്ടുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത് കണ്ട കാലം മറന്നു. എവിടെയെങ്കിലും ആരെങ്കിലും മരിച്ചാലോ കൂട്ടത്തോടെ ആശുപത്രിയിലായാലോ കുറച്ചു നാൾ പരിശോധനയുടെ ബഹളമാണ്,

അത് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു. സഞ്ചരിക്കുന്ന പരിശോധനാ ലബോറിട്ടറികൾക്കും മറ്റു സംവിധാനങ്ങൾക്കുമായി പ്രതിവർഷം കോടികളാണ് വകുപ്പിനായി ചെലവഴിക്കുന്നത് എന്നാൽ അതൊന്നും ഫലം കാണുന്നില്ല. എല്ലാ ജില്ലകളിലും മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണെന്ന് അഭിമാനിക്കുമ്പോഴും ജനത്തിന് ഉപകാരപ്പെടുന്നില്ലെന്നതാണ് വസ്തുത. അടുത്തിടെ ഇടുക്കിയിൽ ചീഞ്ഞ മത്സ്യം കഴിച്ച് നിരവധി പേർ ആശുപത്രിയിലായതിന് പിന്നാലെ നല്ല ഭക്ഷണം നാടിന്റെ അവകാശമെന്ന പേരിൽ ക്യാമ്പൈൻ നടത്തുന്നതിനിടെയാണ് ദേവനന്ദയുടെമരണം. പിന്നാലെ ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയും എത്തി. റോഡരികിലെ മണ്ണും പൊടിയും ഉൾപ്പെടെ സകലമാലിന്യങ്ങളും അടിഞ്ഞുകൂടുന്ന ഷവർമ്മ കോർണറുകളെ ഇത്രയും നാൾ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പും കാണാതെ പോയത് അത്ഭുതകരമാണ്.

ഷവർമയ്ക്ക് പയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാത്തതും പച്ചമുട്ടയിൽ ഉണ്ടാക്കുന്ന മയോണൈസ് സമയം കഴിയുംതോറും ബാക്ടീരിയയുടെ അളവ് കൂടുന്നതിനാൽ അപകടകരമാകുന്നതുമാണ് വിഷബാധയ്ക്കും മരണത്തിനും കാരണമാകുന്നത്. എന്നാൽ ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ യാതൊരു പരിശോധനയും നാട്ടിലില്ല. പരിശോധനയ്ക്ക് ആവശ്യമായ ജീവനക്കാരെ വകുപ്പ് യഥാസമയം നിയമിക്കാത്തതാണ് മറ്റൊരു വസ്തുത. ആവശ്യത്തിന് ഫുഡ് ഇൻസ്പെക്ടർമാർ ഇല്ലാത്തതിനാൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ പൂർണമായും നിലച്ച അവസ്ഥയിലാണ്.

140 നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസിലും മൊബൈൽ ലാബുകളിലുമായി 160 ഓളം ഫുഡ് ഇൻസ്പെക്ടർമാരെയാണ് വേണ്ടത്. ഇതിൽ മണ്ഡലങ്ങളിലെ 54ഉം ജില്ലാ ഓഫീസുകളിലെയും മൊബൈൽ ലാബുകളിലെയും എട്ടും ഉൾപ്പെടെ 62 തസ്തികകളും കാലിയാണ്. 14പതിന്നാല് ജില്ലകളിലും മൊബൈൽ ലാബ് ഉണ്ടെങ്കിലും എട്ടെണ്ണം ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ വിശ്രമത്തിലാണ്. ചെക്ക് പോസ്റ്റുകളിലെയും ജില്ലകളിലെ മാർക്കറ്റുകൾ, ടൗൺഷിപ്പുകൾ എന്നിവിടങ്ങളിലെയും പരിശോധനയ്ക്കാണ് മൊബൈൽ ലാബുകൾ ഉപയോഗിച്ചിരുന്നത്.

സ്ഥാനക്കയറ്റവും മറ്റ് വകുപ്പുകളിൽ ഗസറ്റഡ് തസ്തികകളിൽ നിയമനം ലഭിച്ചവർ പോയതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ മണ്ഡലങ്ങളിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ,ബേക്കറികൾ,കടകൾ, മാർക്കറ്റുകൾ,ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ ആഴ്ചതോറും നടത്തിവന്ന പരിശോധനകൾ നിലച്ചു. ഈ പഴുതിൽ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമവും പഴകിയ ആഹാരസാധനങ്ങളുടെ വിൽപ്പനയും വ്യാപകമാകുകയും ചെയ്തു. ഓണം, ശബരിമല മണ്ഡലകാലം,ക്രിസ്തുമസ്, പുതുവർഷം, വിഷു - റംസാൻ - ഈസ്റ്റർ തുടങ്ങിയ ആഘോഷവേളകളിലെല്ലാം കാര്യക്ഷമമായി നടക്കേണ്ട ഭക്ഷ്യ സുരക്ഷാ പരിശോധന പേരിന് പോലുമില്ലാതായി.

വേനൽക്കാലം ശീതള പാനീയങ്ങളുടെയും സർബത്തുകളുടെയും കച്ചവടക്കാലമായതിനാൽ അവിടെയും പ്രത്യേക ശ്രദ്ധവേണം. ശുദ്ധമായ വെള്ളവും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ചേരുവകളുമാണോ ഇതിൽ ഉപയോഗിക്കുന്നതെന്ന് മുൻവർഷങ്ങളിൽ പരിശോധിച്ചിരുന്നു. രാസവസ്തുക്കൾ കലർത്തിയ പാലും മത്സ്യവും അതിർത്തി വഴി കടത്തുന്നത് തടയാനുള്ള പരിശോധനയും ഇപ്പോൾ സംസ്ഥാനത്ത് ഫലപ്രദമല്ല. ഇത് ആദ്യമായല്ല സംസ്ഥാനത്ത് ഷവർമ്മ ദുരന്തം ഉണ്ടാകുന്നത്.

2012ലാണ് സംസ്ഥാനത്ത് ആദ്യ ഷവർമ്മ മരണം ഉണ്ടായത്. തിരുവനന്തപുരം സ്വദേശി സച്ചിൻ റോയിയാണ് ഷവർമ്മ കഴിച്ച് ഭഷ്യവിഷബാധയേറ്റ് മരിച്ചത്. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിലാണ് സച്ചിൻ റോയ് എന്ന് 21 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി. ബംഗ്ലൂരുവിലേക്ക് ബസ് കയറുന്നതിന് മുൻപാണ് സച്ചിൻ വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങുന്നത്. അന്ന് രാത്രി വീട്ടുകാരോട് വയറിന് സുഖമില്ലെന്ന് അറിയിച്ചിരുന്നു. പിറ്റേദിവസമാണ് സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ കഴിച്ച മറ്റ് 10 പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നാണ് അന്വേഷണത്തിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിട്ടത്. അന്വേഷണത്തിൽ ഹോട്ടലിൽ ഉപയോഗിക്കുന്നത് പഴയ ഇറച്ചിയാണെന്ന് കണ്ടെത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കേസ് പൂർത്തിയായിട്ടില്ല. കഴിഞ്ഞവർഷം കൊച്ചിയിലും ഷവർമ്മ കഴിച്ച എട്ടോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തിരുവനന്തപുരത്തെ മരണത്തിന് ശേഷം പഴകിയ ഇറച്ചി ഉപയോഗിച്ച് ഷവർമ്മ ഉണ്ടാക്കുന്നതിന് അറുതിവന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആവർത്തിക്കുന്ന മരണവും ഭക്ഷ്യവിഷബാധയും ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷക്രിയമായതിന് തെളിവാണ്.

കാസർഗോഡ് സ്വദേശി ദേവനന്ദയാണ് ഷവർമ്മ കഴിച്ചുള്ള മരണത്തിന്റെ പുതിയ ഇര. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഐഡിയൽ ഫുഡ് പോയന്റെന്ന കടയിൽ നിന്നും ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചത്. രാവിലെ ഇവരിൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. വിദ്യാർത്ഥികളടക്കം 34 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.സംഭവത്തിന് പിന്നാലെ
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. കട പൂട്ടി സീൽ ചെയ്തു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.

ഇതിനിടെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഷവർമ ഉണ്ടാക്കിയ ഐഡിയൽ ഫുഡ് പോയിന്റിന്റെ മാരുതി ഒമിനി വാൻ ഇന്നലെ പുലർച്ചെ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. സ്ഥാപനത്തിന് സമീപം മെയിൻ റോഡിനോട് ചേർന്ന് നിർത്തിയിട്ട സ്ഥലത്താണ് വാൻ കത്തിയത്. ചന്തേര പൊലീസ് എത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. കടയ്ക്ക്നേരെ കല്ലേറും ഉണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP