Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എണ്ണ തൊടാതെ ചുട്ടെടുത്ത ഉണക്കറൊട്ടി ഉത്തരേന്ത്യയിൽ പ്രചാരത്തിലാകുമ്പോൾ കേരളത്തിലെ ചായക്കടകളിൽ നിന്നും സുഖിയനും പഴംപൊരിയും അപ്രത്യക്ഷമാകും; അദ്ധ്വാന വർഗ്ഗ സിദ്ധാന്ത പരിപ്പുവട ഇനി വരേണ്യവർഗ്ഗത്തിന് സന്തം; യുക്രെയിൻ-റഷ്യൻ യുദ്ധം ഇന്ത്യയുടെ ഭക്ഷണ ശീലങ്ങളെ മാറ്റിമറിക്കുമോ ?

എണ്ണ തൊടാതെ ചുട്ടെടുത്ത ഉണക്കറൊട്ടി ഉത്തരേന്ത്യയിൽ പ്രചാരത്തിലാകുമ്പോൾ കേരളത്തിലെ ചായക്കടകളിൽ നിന്നും സുഖിയനും പഴംപൊരിയും അപ്രത്യക്ഷമാകും; അദ്ധ്വാന വർഗ്ഗ സിദ്ധാന്ത പരിപ്പുവട ഇനി വരേണ്യവർഗ്ഗത്തിന് സന്തം; യുക്രെയിൻ-റഷ്യൻ യുദ്ധം ഇന്ത്യയുടെ ഭക്ഷണ ശീലങ്ങളെ മാറ്റിമറിക്കുമോ ?

രവികുമാർ അമ്പാടി

ത്തരേന്ത്യൻ തെരുവുകളിലെ സ്ഥിരം കാഴ്‌ച്ചയാണ് എണ്ണയിൽ പൊരിച്ചെടുക്കുന്ന വിവിധതരം ചാട്ടുകൾ. കേരളത്തിലെ ഗ്രാമങ്ങളിൽ ചായക്കടകളിലെ ചില്ലലമാരകളിലിരുന്ന് നമ്മുടെ വായിൽ വെള്ളമൂറിക്കുന്ന ഉണ്ടംപൊരിയും, സുഖിയനുമൊക്കെ അടങ്ങുന്ന എണ്ണപലഹാരങ്ങളെ പോലെത്തന്നെ. അതുകൊണ്ടൊന്നും നിൽക്കുന്നില്ല നമ്മുടെ ഭക്ഷണ ശീലം. നല്ല ചപ്പാത്തി പരത്തിയെടുത്താലും കല്ലിൽ എണ്ണപുരട്ടി അതിൽ ചുട്ടെടുക്കണം. സാമ്പാറും കൂട്ടുകറികളുമെല്ലാം എണ്ണയിൽ കടുകുവറത്തെടുക്കണം.

ലോകത്തിലെ തന്നെ ഏറ്റവും അധികം എണ്ണ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യാക്കാരെ റഷ്യൻ-യുക്രെയിൻ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരുപക്ഷെ നമ്മുടെ ഭക്ഷണ സംസ്‌കാരത്തെ തന്നെ മാറ്റിമറിക്കാൻ പോന്നത്ര സ്വാധീനം ഈ യുദ്ധം ചെലുത്തിയേക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. വെറുമൊരു തമാശയായി എടുക്കേണ്ട കാര്യമല്ല ഇത് എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.

ഇന്ത്യൻ ഭക്ഷണ സംസ്‌കാരവും പാചക എണ്ണയും

ഇന്ത്യൻ പാചകക്കുറിപ്പുകളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് എണ്ണ. നമ്മുടെ ഭക്ഷണ വിഭവങ്ങളിൽ വേവിച്ച ഭക്ഷണങ്ങളേക്കാൾ എന്നും മുൻപന്തിയിലുള്ളത് എണ്ണയിൽ വറത്തെടുത്തവ തന്നെയാണ്. ഒരു ഇഢലിയോ പുട്ടോ എണ്ണതൊട്ടിക്കൂട്ടാതെ വേവിച്ചെടുക്കുമ്പോൾ അപ്പുറത്ത് ദോശമുതൽ പൂരി വരെ നിരവധിയാണ് എണ്ണയിൽ ചുട്ടെടുക്കുകയോ വറത്തെടുക്കുകയോ ചെയ്യുന്ന പ്രാതൽ വിഭവങ്ങൾ. കടുക് വറുക്കാത്ത കറികളില്ലെന്നതും, അവിയൽ പൂർണ്ണമായി മുകളീൽ ഒരു തുള്ളി വെളിച്ചെണ്ണ ഇറ്റിക്കണമെന്നതും മലയാളിയുടെ ശീലങ്ങളിൽ പെടും.

മലയാളി മാത്രമല്ല, മത-ഭാഷാ ഭേദമില്ലാതെ തന്നെ ഇന്ത്യാക്കാരന്റെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് പാചക എണ്ണ എന്നത്. പരമ്പരാഗതമായി രൂക്ഷ ഗന്ധവും അതോടൊപ്പം തനത് രുചിയുമുള്ള എള്ളെണ്ണ, കപ്പലണ്ടി എണ്ണ, കടുകെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവയായിരുന്നു ഇന്ത്യൻ പാചകത്തിന് രുചി പകർന്നിരുന്നത്. എന്നാൽ, നഗരവതക്കരണം ശക്തമാവുകയും മധ്യവർത്തി സമൂഹം ഒരു ഭൂരിപക്ഷമായി മാറാൻ തുടങ്ങുകയും ചെയ്യുന്നതോടെയാണ് പാം ഓയിൽ പോലുള്ള വിദേശ സസ്യ എണ്ണകൾ ഇന്ത്യയിൽ പ്രചുരപ്രചാരം നേടുന്നത്.

വിദേശിയെന്ന സങ്കൽപവും താരതമ്യേന കുറഞ്ഞ വിലയും ഇവയെ ജനപ്രിയമാക്കുകയായിരുന്നു. ഇവിടെ നിന്നായിരുന്നു പാചക എണ്ണ പ്രതിസന്ധി ആരംഭിച്ചത് എന്നാണ് ഒരു ഭക്ഷണ ചരിത്രകാരിയായ പ്രീത സെൻ പറയുന്നത്. വൻ നഗരങ്ങളിൽ പാർപ്പ് തുടങ്ങിയ ജനത, വിവിധ സംസ്‌കാരത്തിൽ നിന്നുള്ളവരുമായി കൂടിക്കലരാൻ തുടങ്ങിയതോടെ തനത് ഗന്ധവും രുചിയുമില്ലാത്ത, നിറമില്ലാത്ത ഇത്തരം വിദേശ സസ്യ എണ്ണകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. ഉണ്ടാക്കുന്ന ഭക്ഷണം എല്ലാ വിഭാഗക്കാർക്കും ഇഷ്ടപ്പെടണം എന്ന ആഗ്രഹം മാത്രമായിരുന്നു ഇതിന്റെ പിന്നിൽ.

ഇന്ത്യയിലെ എണ്ണ ഉദ്പാദനം

സസ്യ എണ്ണകളുടെ ഉപഭോഗം വർദ്ധിച്ചുവെങ്കിലും അതിനനുസരിച്ച് അതിന്റെ ഉദ്പാദനം വർദ്ധിപ്പിക്കുവാൻ ഇന്ത്യയ്ക്ക് ആയില്ല. പല കാരണങ്ങൾ അതിനുണ്ട്. അതിൽ ഒരു പ്രധാന കാരണം ഇത്തരം വിളകളുടെ കൃഷി പൊതുവെ കുറവാണ് എന്നതിനാലാണ്. അരി, ഗോതമ്പ്, കരിമ്പ് തുടങ്ങിയവയും പരുത്തിയുമാണ് ഇന്ത്യൻ കർഷകർ കൂടുതലായി കൃഷി ചെയ്യാൻ ഇഷ്ടപ്പെടുന്നത്. അതിനു പ്രധാന കാരണം സർക്കാർ ഇവയ്ക്ക് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും, വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ തന്നെ ഇത്തരം ഉദ്പന്നങ്ങൾ നേരിട്ട് ശേഖരിക്കുന്നുണ്ട് എന്നതുമാണ്.

എണ്ണക്കുരു കൃഷി ചെയ്യുവാൻ കർഷകന് മതിയായ പ്രോത്സാഹനം ലഭിക്കുന്നില്ല എന്നാണ് നഷണൽ കമ്മോദിറ്റീസ് മാനേജ്മെന്റ് സർവ്വീസ്സസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവുമായ സിറാജ് ചൗധരി പറയുന്നത്. നെൽകൃഷി കഴിഞ്ഞുള്ള ഇടവേളകളിൽ, പ്രത്യേകിച്ച് മഴക്കാലങ്ങളിൽ സൂര്യകാന്തി വളർത്തുവാനുള്ള ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് വേണ്ടത്ര പ്രചാരത്തിൽ ആയിട്ടില്ല. നെൽകൃഷിയുടെ ഇടവേളകളിൽ നടത്തുന്ന സൂര്യകാന്തി കൃഷി വൻ തോതിൽ പ്രചാരത്തിലായാൽ വലിയൊരു പരിധിവരെ ഇന്ത്യയുടേ പാചക എണ്ണ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായേക്കും.

പനയെണ്ണ അഥവാ പാം ഓയിൽ ആണ് മറ്റൊരു പ്രധാന പാചക എണ്ണ.എന്നാൽ, എണ്ണപ്പന കൃഷി വ്യാപകമാക്കുന്നതിൽ വളരെ ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ട്. ഒന്നാമതായി ധാരാളം ജലം ആവശ്യമായി വരുന്ന ഒന്നാണ് എണ്ണപ്പന കൃഷി.അതുകൊണ്ടു തന്നെ ജലലബ്ദി ധാരാളമുള്ളയിടങ്ങളിൽ മാത്രമായിരിക്കും ഇത് കൃഷി ചെയ്യാൻ കഴിയുക. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പുതിയ എണ്ണപ്പന തോട്ടങ്ങൾ ഉണ്ടാക്കുവാനായി ഹെക്ടർ കണക്കിന് വനഭൂമി നശിപ്പിക്കേണ്ടതായി വരും.

മലേഷ്യയിലെ ഉഷ്ണമേഖല മഴക്കാടുകളുടെ വലിയൊരു ഭാഗം ഇല്ലാതെയായത് വ്യാപകമായ എണ്ണപ്പന കൃഷി മൂലമാണെന്നത് അവിടത്തെ പരിസ്ഥിതി വാദികൾ ഉയർത്തുന്ന ആരോപണം മാത്രമല്ല, വാസ്തവവും കൂടിയാണ്. അതുകൊണ്ടു തന്നെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പർവ്വത പ്രദേശങ്ങളിൽ എണ്ണപ്പന തോട്ടങ്ങൾ ഉണ്ടാക്കുവാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പരിസ്ഥിതി വാദികൾ ശബ്ദമുയർത്തുന്നതും.

അതേസമയം, പരമ്പരാഗത എണ്ണകളിലേക്ക് തിരിച്ചു പോകാൻ പുതിയ നഗര ഭാരതത്തിലെ കോസ്മോപൊളിറ്റൻ സംസ്‌കാരം അനുവദിക്കുന്നതുമില്ല. മാത്രമല്ല, അത്തരം എണ്ണകൾക്ക് താരതമ്യേന വില കൂടുതലാണെന്നതും മറ്റൊരു സത്യമാണ്.

ഇന്ത്യയും സസ്യ എണ്ണ ഇറക്കുമതിയും

പാചക എണ്ണയുടെ ഉപഭോഗത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാഷ്ട്രമാണ് ഇന്ത്യ എങ്കിലും പാചക എണ്ണയുടെ ഇറക്കുമതിയുടെ കാര്യത്തിൽ ഒന്നാമതാണ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് സ്ഥാനം. ഈ വർഷം ഏകദേശം 23 മില്യൺ ടൺ സസ്യ എണ്ണ ഇന്ത്യയിൽ ഉപയോഗിക്കും എന്നാണ് പ്രവചിക്കപ്പെടുന്നത്. അതേസമയം, ഇന്ത്യയിൽ ഉദ്പാദിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നത് ഏകദേശം 10 മില്യൺ ടൺ മാത്രമാണ്. അതായത് ആവശ്യമുള്ളതിന്റെ 60 ശതമാനത്തിലധികം ഇറക്കുമതി ചെയ്യപ്പെടുകയാണെന്ന് ചുരുക്കം.

വർദ്ധിച്ചു വരുന്ന നഗരവത്ക്കരണം കാരണം സസ്യ എണ്ണയുടെ ഇറക്കുമതി 2030 വരെ പ്രതിവർഷം 3.4% വർദ്ധിച്ചുകൊണ്ടിരിക്കും എന്നാണ് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2015-16 കാലഘട്ടം മുതൽ 2020-21 കാലഘട്ടം വരെ ഇന്ത്യയുടെ എണ്ണക്കുരു കൃഷിയിൽ 43 ശതമാനത്തിന്റെ വളർച്ച ഉണ്ടായെങ്കിൽ പോലും ആവശ്യത്തിന് ഏറെ അടുത്തുപോലും എത്താൻ ഇതിനാവുന്നില്ല.

ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന പാം ഓയിലിന്റെ 90 ശതമാനത്തോളം വരുന്നത് ഇന്തോനേഷ്യയിൽ നിന്നു മലേഷ്യയിൽ നിന്നുമാണ്. ഇതിൽ പകുതിയിൽ അധികം വരുന്നത് ഇന്തോനേഷ്യയിൽ നിന്നുമാത്രമാണ്. അതുപോലെ ഇന്ത്യയ്ക്ക് ആവശ്യമായ സൂര്യകാന്തി എണ്ണയുടെ പകുതിയിൽ അധികം വരുന്നത് റഷ്യയിൽ നിന്നും യുക്രെയിനിൽ നിന്നുമാണ്. ലോകത്തിൽ തന്നെ സൂര്യകാന്തി എണ്ണയുടെ 80 ശതമാനത്തോളം കയറ്റുമതി ഈ രണ്ടു രാജ്യങ്ങളും ചേർന്നാണെന്നതും ഓർക്കേണ്ടതുണ്ട്. അടുത്ത സാമ്പത്തിക വർഷം സൂര്യകാന്തി എണ്ണയുടെ ഉദ്പാദനത്തിൽ 25% കുറവുണ്ടാകുമെന്ന് യുക്രെയിൻ അറിയിച്ചു കഴിഞ്ഞു.
വിലക്കയറ്റവും മറ്റു പ്രതിസന്ധികളും

ഈവർഷം സസ്യ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ചെലവാക്കുന്നത് 20 ബില്യൺ ഡോളറാണ്. രണ്ടു വർഷം മുൻപ് ചെലവാക്കിയതിന്റെ രണ്ടിരട്ടി തുകവരും ഇത്. അളവ് കൂടിയത് മാത്രമല്ല ഇതിനു കാരണം, അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില വർദ്ധിക്കുന്നതും ഒരു കാരണമാണ്. ഒരു രാജ്യത്തിനും ഇത്രയധികം തുക കേവലം എണ്ണ ഇറക്കുമതിക്കായി മാത്രം ചെലവാക്കാൻ ആകില്ല എന്നാണ് സോൾവന്റ് എക്സ്ട്രാക്ടേഴ്സ് അസ്സോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ബി വി മേത്ത പറയുന്നത്. വൻ പ്രതിസന്ധി തന്നെയായിരിക്കും അത് സൃഷ്ടിക്കുക.

ഇറക്കുമതിക്കായി വൻ തുക ചെലവാക്കുക മാത്രമല്ല, ഇന്ത്യൻ വിപണിയിൽ സസ്യ എണ്ണയുടെ വില കുത്തനെ വർദ്ധിക്കാതിരിക്കാൻ ഇറക്കുമതി തീരുവയിൽ ഇളവും സർക്കാർ നൽകുന്നുണ്ട്. ഉള്ളിയും തക്കാളിയും പോലെ തന്നെ ഇന്ത്യയിൽ ഭരണമാറ്റത്തിന് വഴി തെളിച്ചേക്കാവുന്ന ഒന്നാണ് എണ്ണയുടെ വില വർദ്ധനവും എന്നത് ഭരണാധികാരികൾക്ക് നന്നായി അറിയാവുന്ന കാര്യമായതുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഇന്ന് ഇന്ത്യയിൽ ലഭ്യമായ പാചക എണ്ണകളിൽ ഏറ്റവും വില കുറവുള്ള പാം ഓയിലിനു പോലും അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത് 300 ശതമാനം വില വർദ്ധനവായിരുന്നു.

ഇന്ത്യയിൽ ആഭ്യന്തര ഉദ്പാദനം വർദ്ധിപ്പിക്കാൻ ആയതുകൊണ്ടു മാത്രം ഇതിന്റെ ആഘാതം പൂർണ്ണമായും ഇന്ത്യൻ ജനതയ്ക്ക് അനുഭവിക്കേണ്ടി വന്നില്ല എന്നത് നേരു തന്നെയാണെങ്കിലും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 20 ശതമാനത്തിന്റെ വർദ്ധന എണ്ണയിൽ ഉണ്ടായി എന്നത് എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. ഇനിയും വില വർദ്ധിക്കാൻ ഇടയുള്ളതിനാൽ പലരും ആവശ്യത്തിലധികം വാങ്ങി സംഭരിക്കാൻ തുടങ്ങിയതോടെ എണ്ണ പാക്കറ്റുകളുടെ ലഭ്യതയും പല വൻ നഗരങ്ങളീലും കുറഞ്ഞു വരികയുമാണ്.

ഇന്തോനേഷ്യൻ പ്രതിസന്ധിയും എണ്ണക്ഷാമവും

പ്രതിമാസം ഇന്ത്യ വാങ്ങുന്ന 7 ലക്ഷം ടൺ പാം ഓയിലിന്റെ പകുതിയിലധികം വരുന്നത് ഇന്തോനേഷ്യയിൽ നിന്നാണ്. ആഭ്യന്തര വിപണിയിൽ എണ്ണ വില വല്ലാതെ വർദ്ധിച്ചതോടെ അത് തടയുവാൻ ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോക്കോ വിഡോഡോ ആദ്യമെടുത്ത നടപടി പാം ഓയിലിന്റെ കയറ്റുമതി നിരോധിക്കുക എന്നതായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 28 മുതൽ ഈ നിരോധനം നിലവിൽ വരികയും ചെയ്തു. ഇതോടെ ഇന്ത്യയിലേക്ക് കൊണ്ടു വരേണ്ട ഏകദേശം 2.9 ലക്ഷം ടൺ പാമോയിൽ ഇന്തോനേഷ്യയിലെ വിവിധ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണെന്ന് ഇന്ത്യയിലെ വിവിധ ഇറക്കുമതി സ്ഥാപനങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റർ റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം 16,000 ടൺ പാം ഓയിൽ അടങ്ങിയ തങ്ങളുടെ കപ്പൽ ഇന്തൊനേഷ്യയിലെ കുമായ് തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണെന്ന് ജമിനി എഡിബിൾ ആൻഡ് ഫാറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പ്രദീപ ചൗധരിയെ ഉദ്ധരിച്ച് റോയിറ്റർ റിപ്പോർട്ട് ചെയ്യുന്നു. പ്രതിമാസം 30,000 ടൺ എണ്ണയാണ് ഈ സ്ഥാപനം മാത്രം ഇറക്കുമതി ചെയ്യുന്നത്.

മലേഷ്യൻ വിപണിയിലും പ്രതിസന്ധി

ഇന്ത്യയിലേക്ക് ഏറ്റവുമധികം പാം ഓയിൽ കയറ്റുമതി ചെയ്യുന്ന മലേഷ്യൻ വിപണിയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിലവിലുള്ള ഓർഡർ പോലും പൂർത്തീകരിക്കാൻ അവിടെയുള്ള എണ്ണ ഉദ്പാദന കമ്പനികൾ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടു തന്നെ ഇന്തോനേഷ്യയിൽ നിന്നും കുറവു വരുന്ന എണ്ണ മലേഷ്യയിൽ നിന്നും എടുക്കാൻ കഴിയുന്നില്ല. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിന് മലേഷ്യയെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല.

റഷ്യ- യുക്രെയിൻ യുദ്ധവും സൂര്യകാന്തി എണ്ണയും

ഇന്ത്യൻ പാചകക്കുറിപ്പുകളിൽ ഏറ്റവും കൂടുതൽ രണ്ടാമത്തെ സാന്നിദ്ധ്യമാണ് സൂര്യകാന്തി എണ്ണ. ഇക്കാര്യത്തിലും ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത നേടാനായിട്ടില്ല എന്നത് ഖേദകരമായ കാര്യം തന്നെയാണ്. നെൽകൃഷിയുടെ ഇടവേളകളിൽ. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ ഇടവിളയായി സൂര്യകാന്തി കൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, അത് വേണ്ടത്ര വേഗതയിലും വ്യാപ്തിയിലും പുരോഗമിച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോഴും ഇറക്കുമതി തന്നെയാണ് ഇക്കാര്യത്തിലും പ്രധാന ആശ്രയം.

ഐക്യരാഷ്ട്ര സഭയുടെ കമ്മോദിറ്റി ട്രേഡ് ഡാറ്റ പ്രകാരം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യയുടെ സംസ്‌കരിക്കാത്ത സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് 1,727 ശതമാനമാണ്. ഇക്കാര്യത്തിൽ യുക്രെയിൻ ഏതാണ്ട് കുത്തകാധിപത്യം തന്നെ പുലർത്തുകയാണ്. അതുകൊണ്ടു തന്നെ റഷ്യൻ യുക്രെയിൻ യുദ്ധം ഇന്ത്യയുടെ സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

സൂര്യകാന്തി എണ്ണയുടെ ക്ഷാമം പരിഹരിക്കുവാൻ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ലോകത്തിലെ സൂര്യകാന്തി എണ്ണയുടെ കയറ്റുമതിയിൽ 80 ശതമാനവും നടത്തുന്നത് റഷ്യയും യുക്രെയിനും ചേർന്നാണെന്ന വസ്തുത മറക്കരുത്. ഇപ്പോൾ നടക്കുന്ന യുദ്ധം കരിങ്കടൽ തുറമുഖങ്ങളിൽ നിന്നുള്ള കയറ്റുമതികളെ പ്രതികൂലമായി ബാധിക്കുമ്പോൾ റഷ്യയിൽ നിന്നുള്ള ഇറക്കുമതിയും അസാധ്യമാവുകയാണ്.

ഭക്ഷണ സംസ്‌കാരത്തിൽ വന്നു തുടങ്ങിയ മാറ്റം

ഈയിടെ ബിസിനസ്സ് സ്റ്റാൻഡേർഡ് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടത്തിയ ഒരു സർവേയിൽ തെളിഞ്ഞത് ഏകദേശം 24 ശതമാനത്തോളം കുടുംബങ്ങൾ എണ്ണയുടെ ഉപഭോഗം കുറച്ചു എന്നാണ്. വർദ്ധിച്ച വില തന്നെയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ഇക്കഴിഞ്ഞ മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടന്ന സർവ്വേയിലാണ് ഇവർ ഇത് പറഞ്ഞത്. ഇന്ത്യയിലെ 359 ജില്ലകളിൽ നിന്നായി 36,000 പേർ പങ്കെടുത്ത സർവെ ആയിരുന്നു ഇത്.

വഴിയരികിലെ ഇരുമ്പു ചട്ടിയിൽ തിളയ്ക്കുന്ന എണ്ണയിൽ നിന്നും കോരിയെടുക്കുന്ന ജിലേബിക്കും, മറ്റ് തദ്ദേശ ചാട്ടുകൾക്കും ആവശ്യക്കാർ കുറഞ്ഞു വരികയാണത്രെ. വീടുകളിലും എണ്ണയിൽ പൊരിച്ച ഭക്ഷണം അധികം താമസിയാതെ അന്യമാകുമെന്ന് ഈ സർവ്വേഫലം കാണിക്കുന്നു. വിലക്കൂടുതൽ ഏറ്റവും അധികം ബാധിക്കുക സാധാരണക്കാരെയും അവർ ഏറെ ആശ്രയിക്കുന്ന ഇടത്തരം ഹോട്ടലുകളേയും മറ്റുമായിരിക്കും.

നാട്ടിൻപുടത്തെ ചായക്കടയിലെ ഇളകിയാടുന്ന മരബെഞ്ചിലിരുന്ന് എണ്ണപ്പലഹാരങ്ങൾ ആസ്വദിച്ചുകൊണ്ടുള്ള വെടിവെട്ടങ്ങൾ അവസാനിക്കുമോ എന്നാണ് ഇപ്പോൾ ആശങ്കപ്പെടേണ്ടത്. കുതിച്ചുയരുന്ന എണ്ണവില അവയേയും നമുക്ക് അന്യമാക്കിയേക്കാം. ഒരുപക്ഷെ കണ്ണാടി അലമാരികളിൽ ഇനി നിറയുക എണ്ണയില്ലാത്ത വിഭവങ്ങളായിരിക്കും.

വിവരങ്ങൾ ശേഖരിച്ചത്: ബിബിസി, ബിസിനസ്സ് സ്റ്റാൻഡേർഡ്, ഇക്കണോമിക്സ് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ഡോളർ ബിസിനസ്സ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP