Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

46 ഫൈനലുകളിലായി 32 കിരീടം; വംഗനാടിന്റെ വമ്പൊടിച്ച് ഏഴാം കിരീടത്തിൽ കേരളം; ടൂർണമെന്റിൽ ബംഗാളിനെ കീഴടക്കിയത് രണ്ട് തവണ; വി.പി സത്യനും കുരികേശ് മാത്യുവുമടക്കം സമ്മാനിച്ച 'സന്തോഷ നേട്ട'ത്തിൽ ജിജോയും

46 ഫൈനലുകളിലായി 32 കിരീടം; വംഗനാടിന്റെ വമ്പൊടിച്ച് ഏഴാം കിരീടത്തിൽ കേരളം; ടൂർണമെന്റിൽ ബംഗാളിനെ കീഴടക്കിയത് രണ്ട് തവണ; വി.പി സത്യനും കുരികേശ് മാത്യുവുമടക്കം സമ്മാനിച്ച 'സന്തോഷ നേട്ട'ത്തിൽ ജിജോയും

സ്പോർട്സ് ഡെസ്ക്

മലപ്പുറം: ഗോൾ രഹിതമായ നിശ്ചിത സമയത്ത് നിന്നും ആവേശക്കൊടുമുടിയേറിയ എക്‌സ്ട്രാ ടൈമും പിന്നിട്ട് പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ തകർത്ത് (5 - 4) കേരളത്തിന് ഏഴാം കിരീട നേട്ടം. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1 - 1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടിൽ ബംഗാളിന്റെ 2ാം കിക്ക് പുറത്തേക്കു പോയി. സന്തോഷ് ട്രോഫിയിൽ 7ാം തവണയാണു കേരളം കിരീടം നേടുന്നത്. 1993നു ശേഷം ആദ്യമായാണ് കേരളത്തിൽ ടീം കപ്പ് ഉയർത്തുന്നത്.

പയ്യനാട് സ്റ്റേഡിയത്തിലെത്തിയ കാണികൾക്ക് കാഴ്ച വിരുന്നൊരുക്കി കേരളം ഒടുവിൽ ഏഴാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു. അതും 46 ഫൈനലുകളിലായി 32 കിരീടങ്ങളുടെ പെരുമയുമായി എത്തിയ വംഗനാടിന്റെ വമ്പൊടിച്ചാണ് കേരളത്തിന്റെ കിരീട നേട്ടം.

ബംഗാളിനെ തകർത്ത് തങ്ങളുടെ 15-ാം ഫൈനലിൽ കേരളത്തിന്റെ ഏഴാം കിരീടം. ക്യാപ്റ്റൻ മണിക്കും, വി.പി സത്യനും കുരികേശ് മാത്യുവിനും വി. ശിവകുമാറിനും സിൽവസ്റ്റർ ഇഗ്‌നേഷ്യസിനും രാഹുൽ വി. രാജിനും ശേഷം കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങുന്ന ക്യാപ്റ്റനെന്ന നേട്ടത്തിലേക്ക് ജിജോ ജോസഫ് നടന്നു കയറിയിരിക്കുന്നു.

ബംഗാളിനെതിര ടൂർണമെന്റിൽ രണ്ടു വിജയങ്ങൾ നേടാനായി എന്നത് കേരള ടീമിന്റെ കരുത്തിന് തെളിവാകുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇരുപതിനായിരത്തിലേറെ കാണികളുടെ ആരവങ്ങൾ കേരള ടീമിന് കരുത്ത് പകർന്നു. കേരള ഫുട്ബോളിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട 1973, 1992, 1993, 2001, 2004, 2018 വർഷങ്ങളുടെ പട്ടികയിൽ ഇപ്പോഴിതാ 2022 ഉം ഇടം പിടിച്ചിരിക്കുന്നു.

സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനോട് ഏറ്റുമുട്ടിയ നാലു ഫൈനലുകളിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്. 1989, 1994 വർഷങ്ങളിലെ കലാശപ്പോരി അവസാന പുഞ്ചിരി ബംഗാളിനായിരുന്നുവെങ്കിൽ 2018-ലും ഇപ്പോഴിതാ 2022-ലും കേരളം വംഗനാടിന്റെ വമ്പൊടിച്ചിരിക്കുകയാണ്.

2018-ൽ ബംഗാളിന്റെ മണ്ണിൽ വെച്ചു നടന്ന ഫൈനലിൽ ആതിഥേയരെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരളം തങ്ങളുടെ ആറാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. നാലു വർഷങ്ങൾക്കിപ്പുറമിതാ സ്വന്തം നാട്ടിൽ അതേ ബംഗാളിനെ വീണ്ടും പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഏഴാം കിരീടവും കേരളം സ്വന്തമാക്കിയിരിക്കുകയാണ്.

യോഗ്യതാ റൗണ്ടിൽ ഗോൾമഴ പെയ്യിച്ചാണ് കേരളം ഇത്തവണ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. പിന്നാലെ ഏപ്രിൽ 16-ന് രാജസ്ഥാനെതിരേ നടന്ന ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഹാട്രിക്കിൽ എതിരില്ലാത്ത അഞ്ചു ഗോൾ ജയത്തോടെ കേരളം ഫൈനൽ റൗണ്ടിന്റെ തുടക്കം ഗംഭീരമാക്കി. രണ്ടാം മത്സരത്തിൽ ബംഗാളിനെ തന്നെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്തായിരുന്നു കേരളത്തിന്റെ മുന്നേറ്റം.

സമനിലയിലേക്ക് നീങ്ങുകയായിരുന്ന ഈ കളിയെ രണ്ടാം പകുതിയിലെ രണ്ടു മാറ്റങ്ങളിലൂടെ ബിനോ ജോർജ് കേരളത്തിന് അനുകൂലമാക്കുകയായിരുന്നു. നൗഫലും ജെസിനുമായിരുന്നു ഈ മത്സരത്തിൽ പകരക്കാരായിറങ്ങി കേരളത്തിനായി സ്‌കോർ ചെയ്തത്. മൂന്നാം മത്സരത്തിൽ പക്ഷേ മേഘാലയ വേഗക്കളിയിലൂടെ കേരളത്തെ സമനിലയിൽ പിടിക്കുകയായിരുന്നു.

ഈ മത്സരത്തിലെ നിർണായകമായ പെനാൽറ്റി ജിജോ ജോസഫിന് ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോയത് കേരളത്തിന് തിരിച്ചടിയായി. എന്നാൽ പഞ്ചാബിനെതിരായ അടുത്ത മത്സരത്തിൽ ആ പിഴവിന് ഇരട്ട ഗോളുകളോടെ ജിജോ പ്രായശ്ചിത്തം ചെയ്തപ്പോൾ ഗ്രൂപ്പ് ജേതാക്കളായി കേരളം സെമിയിലേക്ക്.

സെമിയിൽ എതിരാളികളായത് കർണാടകയായിരുന്നു. സൂപ്പർ സബ്ബായെത്തി ജെസിൻ കത്തിക്കയറിയ മത്സരത്തിൽ മൂന്നിനെതിരേ ഏഴു ഗോളുകൾക്ക് കർണാടകയെ മറികടന്നായിരുന്നു കേരളത്തിന്റെ ഫൈനൽ പ്രവേശനം.

ഫൈനലും ആവേശക്കൊടുമുടിയേറി. ഗോൾ അകന്നുനിന്ന ഇരു പകുതികൾക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാൾ ലീഡ് എടുത്തത് (1 -0). പിന്നാലെ എക്‌സ്ട്രാ ടൈം അവസാനിക്കാൻ 3 മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ മുഹമ്മദ് സഫ്‌നാദ് കേരളത്തിനായി ഗോൾ മടക്കി (1 -1). ഇരു പകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും, ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.

ആദ്യ ഇലവനിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കേരളം ബംഗാളിനെതിരെ ഫൈനലിന് ഇറങ്ങിയത്. ഒരു മധ്യനിരതാരത്തിന് പകരം പ്രതിരോധ താരം നബി ഹുസൈൻ ഖാനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി 5-3-2 ഫോർമേഷനിലാണ് ബംഗാൾ ഇറങ്ങിയത്. 5 ാം മിനുട്ടിൽ തന്നെ ബംഗാളിന് അവസരം ലഭിച്ചു. വലതു കോർണറിൽ നിന്ന് ഫർദിന് അലി മൊല്ല എടുത്ത കിക്ക് നബി ഹുസൈൻ ഹെഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 10 ാം മിനുട്ടിൽ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്സിന് പുറത്തുനിന്ന് നിജോ ഗിൽബേർട്ട് നൽകിയ പാസ് സ്ട്രൈക്കർ വിക്നേഷിന് സ്വീകരിക്കാൻ സാധിച്ചില്ല.

19 ാം മിനുട്ടിൽ ഷികിലിനെ ബോക്സിന് പുറത്തുനിന്ന് വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ ജിജോ ജോസഫ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പർ പിടിച്ചെടുത്തു. 23 ാം മിനുട്ടിൽ ബംഗാളിന് സുവർണാവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്ന് ഉയർത്തി നൽകിയ ക്രോസ് കേരളാ പ്രതിരോധ താരങ്ങളുടെ പിന്നിൽ നിലയുറപ്പിച്ചിരുന്ന മഹിതോഷ് റോയ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 33 ാം മിനുട്ടിൽ സ്വന്തം പകുതിയിൽ നിന്ന് അർജുൻ ജയരാജും ക്യാപ്റ്റൻ ജിജോ ജോസഫും ചേർന്ന് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ അർജുൻ ബോക്സിലേക്ക് പന്ത് നൽക്കിയെങ്കിലും സ്വീകരിച്ച വിക്നേഷ് പുറത്തേക്ക് അടിച്ചു.

ഗോളെന്ന് ഉറപ്പിച്ച അവസരമാണ് വിക്നേഷ് പുറത്തേക്ക് അടിച്ചത്. രണ്ട് മിനുട്ടിന് ശേഷം ഇടതു വിങ്ങിലൂടെ മുന്നേറിയ സഞ്ജു വിങ്ങിൽ നിന്ന് ലോങ് റൈഞ്ചിന് ശ്രമിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പർ മനോഹരമായി തട്ടിഅകറ്റി. 40 ാം മിനുട്ടിൽ അർജുൻ എടുത്ത ഉഗ്രൻ ഫ്രീകിക്ക് കീപ്പർ പിടിച്ചെടുത്തു. ആദ്യ പകുതി അധികസമയത്തേക്ക് നിങ്ങിയ സമയത്ത് ഇടത് വിങ്ങിൽ നിന്ന് നൽകിയ പാസിൽ ബംഗാൾ ടോപ് സ്‌കോററ് ഫർദിൻ അലി മൊല്ല ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഉഗ്രൻ ഷോട്ട് എടുത്തിങ്കിലും കേരളാ കീപ്പർ മിഥുൻ തട്ടിഅകറ്റി.

നൗഫലിന്റെ ഒരു ഉഗ്രൻ അറ്റാകിങ്ങോട് കൂടിയാണ് രണ്ടാം പകുതി ആരംഭിച്ചത്. 58 ാം മിനുട്ടിൽ കേരളത്തിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. ബംഗാൾ പ്രതിരോധ പാസിങ്ങിൽ വരുത്തിയ പിഴവിൽ ക്യാപ്റ്റൻ ജിജോ ജോസഫ് രണ്ട് ബംഗാൾ താരങ്ങളുടെ ഇടയിലൂടെ മുന്നേറി ഗോളാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 62 ാം മിനുട്ടിൽ ബംഗാളിന് ലഭിച്ച ഉഗ്രൻ അവസരം കേരളാ ഗോൾകീപ്പർ തട്ടിഅകറ്റി. ഇടതു വിങ്ങിൽ നിന്ന് തുഹിൻ ദാസ് എടുത്ത കിക്കാണ് മിഥുൻ തട്ടിഅകറ്റിയത്.

64 ാം മിനുട്ടിൽ ക്യാപ്റ്റൻ ജിജോയുമൊത്ത് വൻടൂ കളിച്ച് മുന്നേറിയ ജെസിൻ ഇടത് കാലുകൊണ്ട് ബോക്സിന് പുറത്തുനിന്ന് ഷോട്ട് എടുത്തെങ്കിലും പുറത്തേക്ക് പോയി. മത്സരം ആദ്യ പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളത്തെ തേടി രണ്ട് സുവർണാവസരങ്ങൾ ലഭിച്ചു. ക്യാപ്റ്റൻ ജിജോ ജോസഫ് ബോക്സിലേക്ക് നൽക്കിയ പാസ് ഷിഖിൽ പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. പിന്നീട് വലത് വിങ്ങിലൂടെ മുന്നേറി നൗഫൽ നൽകിയ പാസിൽ നിന്ന് ലഭിച്ച അവസരവും ഷിഖിൽ പുറത്തേക്ക് അടിച്ചു.

97 ാം മിനുട്ടിൽ ബംഗാൾ ലീഡ് എടുത്തു. കേരളാ പ്രതിരോധ താരം സഹീഫ് വരുത്തിയ പിഴവിൽ നിന്ന് പകരക്കാരനായി എത്തിയ സുപ്രിയ പണ്ഡിതിന് ലഭിച്ച പന്ത് ബോക്സിലേക്ക് ക്രോസ് ചെയ്തു. ബോക്സിന് അകത്ത്നിന്നിരുന്ന ദിലിപ് ഒർവാൻ കേരളാ കീപ്പർ മിഥുനെ കാഴ്ചക്കാരനാക്കി ഹെഡറിലൂടെ ഗോളാക്കി മാറ്റി. 114 ാം മിനുട്ടിൽ ക്യാപ്റ്റൻ ജിജോ ജോസഫിന് അവസരം ലഭിച്ചു. പോസ്റ്റ് ലക്ഷ്യമാക്കി ജിജോ ഒരു വോളി അടിച്ചെങ്കിലും ഗോളായി മാറിയില്ല. 117 ാം മിനുട്ടിൽ കേരളം സമനില പിടിച്ചു. വലതു വിങ്ങിൽ നിന്ന് നൗഫൽ നൽകിയ ക്രോസിൽ പകരക്കാരനായി എത്തിയ മുഹമ്മദ് സഫ്നാദ് ഉഗ്രൻ ഹെഡറിലൂടെയായിരുന്നു ഗോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP