Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരാമെന്ന് സുപ്രീം കോടതി; അടച്ചുപൂട്ടിയ ഡയറി ഫാം പ്രവർത്തിപ്പിക്കാനും നിർദ്ദേശം; ഇടക്കാല ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരാമെന്ന് സുപ്രീം കോടതി; അടച്ചുപൂട്ടിയ ഡയറി ഫാം പ്രവർത്തിപ്പിക്കാനും നിർദ്ദേശം; ഇടക്കാല ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ മാംസാഹാരം തുടരാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ദ്വീപിലെ അടച്ചുപൂട്ടിയ ഡയറി ഫാം പ്രവർത്തിപ്പിക്കാനും സുപ്രീം കോടതി നിർദേശിച്ചു.

അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായാണ് സ്‌കൂൾ ഉച്ച ഭക്ഷണ മെനുവിൽ നിന്ന് ബിഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ച് പൂട്ടിയതും.

ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ചിക്കനും ബീഫും ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകനും കവരത്തി സ്വദേശിയുമായ അജ്മൽ അഹമ്മദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് 2021 ജൂൺ 22 ന് കേരള ഹൈക്കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരാൻ നിർദേശിച്ചത്. ഭരണ പരിഷ്‌കാരങ്ങൾ സ്റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നത്.

അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ചുമതലയേറ്റ ശേഷമാണ് ദ്വീപ് വാസികളുടെ താത്പര്യം കണക്കിലെടുക്കാതെ ഇത്തരം പരിഷ്‌കാരം കൊണ്ടുവരുന്നതെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഐ എച്ച് സയ്ദ്, അഭിഭാഷകരായ പീയൂഷ് കോട്ടം, ആബിദ് അലി ബീരാൻ എന്നിവർ വാദിച്ചു. 1992 മുതൽ പ്രവർത്തിച്ചിരുന്ന ഡയറി ഫാം ആണ് അടച്ചുപൂട്ടാൻ നിർദേശിച്ചത്. അതുപോലെ പോഷക മൂല്യമുള്ള മാംസാഹാരമാണ് കുട്ടികളുടെ മെനുവിൽനിന്ന് നീക്കിയതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ വാദം കണക്കിലെടുത്താണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കിയത്.

ലക്ഷദ്വീപിന്റെ തനത് ഭക്ഷണ സംസ്‌കാരം തർക്കാനും ചില രാഷ്ട്രീയ അജണ്ടയുടെയും ഭാഗമായുമാണ് ഭരണകൂട നടപടി എന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസം നീക്കിയെങ്കിലും ആവശ്യത്തിന് ഡ്രൈഫ്രൂട്‌സ്, മുട്ട അടക്കം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികളുടെ പോഷകാഹാര സംരക്ഷണം ഉദ്ദേശിച്ചാണ് ഭരണകൂടത്തിന്റെ നടപടിയെന്നുമായിരുന്നു വിശദീകരണം

ലക്ഷ ദ്വീപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയായാണ് കോടതി നടപടി വിലയിരുത്തുന്നത്. ഇടക്കാല ഉത്തരവിൽ വിവാദമായ തീരുമാനങ്ങൾ സ്റ്റേ ചെയ്‌തെങ്കിലും അന്തിമ ഉത്തരവിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP