Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛൻ വിടപറഞ്ഞത് മൂന്നുമാസം മുൻപ്; വേദനമാറും മുൻപ് ഒരു ഗ്രാമത്തെ തന്നെ കണ്ണീരിലാഴ്‌ത്തി മറ്റൊരു ആഘാതമായി ദേവനന്ദയും മടങ്ങി; പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ദേവനന്ദയ്ക്ക് നാട് വിട നൽകും; കൂൾബാറിനെതിരെ വ്യാപക പ്രതിഷേധം

അച്ഛൻ വിടപറഞ്ഞത് മൂന്നുമാസം മുൻപ്; വേദനമാറും മുൻപ് ഒരു ഗ്രാമത്തെ തന്നെ കണ്ണീരിലാഴ്‌ത്തി മറ്റൊരു ആഘാതമായി ദേവനന്ദയും മടങ്ങി; പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ദേവനന്ദയ്ക്ക് നാട് വിട നൽകും; കൂൾബാറിനെതിരെ വ്യാപക പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കരിവെള്ളൂർ: എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്വൺ സയൻസ് വിദ്യാർത്ഥി ദേവനന്ദയുടെ മരണം കരിവെള്ളൂർ ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്‌ത്തി. മൂന്നുമാസം മുൻപാണ് ദേവനന്ദയുടെ അച്ഛൻ മരിച്ചത്.അതിന്റെ ആഘാതത്തിൽ മുക്തമാകും മുന്നെയാണ് ദേവനന്ദയും മടങ്ങുന്നത്.

അച്ഛന്റെ മരണത്തിന് ശേഷം പെരളത്തെ വീട്ടിലും ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലുമായാണ് താമസിച്ചിരുന്നത്.പഠിക്കാൻ മിടുക്കിയായ ദേവനന്ദ സ്‌കൂളിലും നാട്ടിലും എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. ബാലസംഘത്തിന്റെ പ്രവർത്തകയുമായിരുന്നു.കഴിഞ്ഞാഴ്ചയാണ് ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ദേവനന്ദ ട്യൂഷന് ചേർന്നത്.ട്യൂഷന് പോകുന്നതിനിടയിലാണ് ദേവനന്ദ കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ചത്.

വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്പോയന്റിൽനിന്ന് ദേവനന്ദയടക്കമുള്ളവർ ഷവർമ കഴിച്ചത്. ഞായറാഴ്ച രാവിലെയോടെ കുട്ടികൾക്ക് ഛർദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു. രാവിലെ പത്തുമണിയോടെ രോഗലക്ഷണമുള്ളവർ ചെറുവത്തൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിത്തുടങ്ങി. ഇവർക്ക് പ്രാഥമിക ചികിത്സനൽകി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുമാറ്റി. അവിടെവച്ചായിരുന്നു ദേവനന്ദയുടെ മരണം.

ദേവനന്ദയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്‌കൂളിലും തുടർന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദർശനത്തിന് വയ്ക്കും.സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരിൽ നടക്കും.

കുട്ടികളിലൊരാൾ മരിച്ചുവെന്നറിഞ്ഞതോടെ മക്കളെ ചേർത്തുപിടിച്ച് വീട്ടുകാർ കരഞ്ഞു. നാട്ടുകാരുടെ കണ്ണുകളും നിറഞ്ഞു. ഡോക്ടർമാർ ഓടിയെത്തി.മറ്റു കുട്ടികൾക്കൊന്നും പ്രശ്‌നമില്ലെന്ന് അവർ പറഞ്ഞതോടെ അമ്മാമാരുൾപ്പെടെയുള്ളവരുടെ ഭീതിയും ആശങ്കയുമകന്നു. ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിലെത്തിയവരെ ആശ്വസിപ്പിക്കാൻ ജനപ്രതിനിധികളും നാട്ടുകാരുമെല്ലാമെത്തിയിരുന്നു. മരിച്ച ദേവനന്ദയ്ക്കൊപ്പം ഷവർമ കഴിച്ച അർഷ (15) ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും മറ്റ് 15 പേർ പ്രത്യേക വാർഡിലും ചികിത്സയിലാണ്.

കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾതന്നെ ആർ.എം.ഒ. ഡോ. ശ്രീജിത്ത് മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ടീം എത്തി. ദേവനന്ദയെ വെന്റിലേറ്ററിലാക്കി രക്ഷപ്പെടുത്താനുള്ള പരിശ്രമവും നടത്തി. തീവ്രപരിചരണവിഭാഗത്തിലുള്ള അർഷത അധികം കഴിയും മുൻപേ അസ്വസ്ഥതയിൽനിന്ന് മുക്തിനേടി.ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിൽ കഴിയുന്ന രണ്ടു കുട്ടികൾ ഐസ്‌ക്രീമും നാരങ്ങവെള്ളവുമാണ് കഴിച്ചത്. മാവിലാക്കടപ്പുറത്തെ അനന്തു (12), സഹോദരൻ അനുരാഗ് (10) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.മാവിലാക്കടപ്പുറം സ്വദേശികളായ ഇവർ ശനിയാഴ്ച പടന്നക്കടപ്പുറത്തെ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവിടെനിന്നാണ് ഐസ്‌ക്രീമും നാരങ്ങവെള്ളവും കഴിച്ചതെന്ന് ഇരുവരും പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 11 വയസ്സുകാരി ചെറുവത്തൂരിലെ വൈഗ കഴിച്ചത് പാഴ്‌സലായി എത്തിച്ച ഷവർമയാണ്. ഇതേ ഹോട്ടലിൽനിന്നാണ് പാഴ്‌സലായി ഇത് എത്തിച്ചത്.അതേസമയം കൂൾബാറിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. സ്ഥാപനത്തിന്റെ വാഹനം കത്തിനശിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞദിവസം പെൺകുട്ടി മരിച്ചെന്ന വിവരം പുറത്തുവന്നതോടെ സ്ഥാപനത്തിന് നേരേ കല്ലേറുണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സ്ഥാപനത്തിന്റെ വാനും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP