Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വിജയൻ കേരളത്തിൽ ചരിത്രം കുറിച്ചിട്ട് നാളെ ഒരാണ്ട്; തുടർഭരണത്തിലൂടെ പിണറായി വിജയൻ വീണ്ടും ക്യാപ്റ്റനായ ദിവസം; ഇപ്പോൾ കേൾക്കുന്നത് പാവപ്പെട്ടവരെ കെ റെയിലിന്റെ പേരിൽ കുടിയിറക്കുന്നുവെന്ന പഴി; സിൽവർ ലൈൻ പ്രതിസന്ധിക്കിടെ രണ്ടാം പിണറായി സർക്കാർ ഒരു വർഷത്തിലേക്ക്

പിണറായി വിജയൻ കേരളത്തിൽ ചരിത്രം കുറിച്ചിട്ട് നാളെ ഒരാണ്ട്; തുടർഭരണത്തിലൂടെ പിണറായി വിജയൻ വീണ്ടും ക്യാപ്റ്റനായ ദിവസം; ഇപ്പോൾ കേൾക്കുന്നത് പാവപ്പെട്ടവരെ കെ റെയിലിന്റെ പേരിൽ കുടിയിറക്കുന്നുവെന്ന പഴി; സിൽവർ ലൈൻ പ്രതിസന്ധിക്കിടെ രണ്ടാം പിണറായി സർക്കാർ ഒരു വർഷത്തിലേക്ക്

സായ് കിരൺ

കോഴിക്കോട് : കണ്ണൂർ പിണറായിയിൽ കോരന്റെയും കല്യാണിയുടെയും മകൻ വിജയൻ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ആർക്കും മായ്ക്കാൻ കഴിയാത്ത കാലത്തെ അടയാളെപ്പെടുത്തിയിട്ട് നാളെ ഒരുവർഷം തികയുന്നു.

ഐതിഹാസികമായ വിജയമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ പിണറായി വിജന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിൽ വിജയക്കൊടി പാറിച്ചിട്ട് ഒരാണ്ട്. കഴിഞ്ഞ വർഷം മെയ്‌ രണ്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർക്കുകയായിരുന്നു. ഒരുമുന്നണിയെയും തുടർച്ചയായി ഭരിക്കാൻ കേരളീയർ അനുവദിക്കില്ലെന്നുള്ള തെറ്റായ ധാരണകളെ പൊളിച്ചഴുതിയ പിണറായി വീണ്ടും കേരളത്തിന്റെ അമരക്കാരനായി. 40 വർഷത്തെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു മുന്നണി തുടർഭരണം ഉറപ്പാക്കുകയായിരുന്നു.

വിജയദിവസത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരിയും നാളെ കേരളത്തിലില്ല. ഇരുവരും ചികിത്സയ്ക്കായി അമേരിക്കയിലാണ്. വിവാദങ്ങളുടെ കൊടുങ്കാറ്റിൽ ഉലഞ്ഞിട്ടും നിലതെറ്റാതെയാണ് ഒന്നാം പിണറായി സർക്കാർ രണ്ടാം ലാപ്പിലെത്തിയത്. എന്നാൽ സിൽവർലൈനിന്റെ പേരിൽ സർക്കാർ ഇപ്പോൾ പുതിയ അഗ്‌നിപരീക്ഷണത്തെയാണ് നേരിടുന്നത്. പാവപ്പെട്ടവനെ കുടിയിറക്കുന്നുവെന്ന പഴിയാണ് ഇപ്പോൾ സർക്കാർ നേരിടുന്നത്. ഇത് എങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്റെ മുന്നോട്ടുള്ള യാത്ര.

കഴിഞ്ഞ വർഷം മെയ്‌ 20ന് അധികാരമേറ്റ രണ്ടാം പിണറായി മന്ത്രിസഭ ഇപ്പോൾ ഒന്നാം വാർഷികാഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മെയ്‌ 20ന് പൂർത്തിയാകുന്ന തരത്തിൽ പരിപാടികളും ആവിഷ്‌കരിച്ചു. 140ൽ 99 സീറ്റുകളും നേടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്. പിന്നാലെ സജീവമായ മുന്നണി ചർച്ചകൾക്ക് ശേഷം 19-ാം ദിവസം മന്ത്രിസഭ രൂപീകരിച്ചപ്പോഴും പിണറായി ഞെട്ടിച്ചു. ഒന്നാം മന്ത്രിസഭയിൽ തനിക്കൊപ്പമുണ്ടായിരുന്ന ആരെയും വീണ്ടും പരീക്ഷിക്കാൻ തയ്യാറായില്ല. കെ.കെ.ശൈലജ ടീച്ചർ ഉൾപ്പെടെയുള്ളവർ അവസാന ലാപ്പിൽ പുറത്തേക്ക് പോയി.

മെയ്‌ 20നാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്. പുതുമുഖങ്ങളെ മാത്രം അണിനിരത്തിയ മന്ത്രിസഭ. സിപിഐ മുൻകാലങ്ങളിലെ പോലെ പുതിയ അംഗങ്ങളെയാണ് മന്ത്രിസഭയിലേക്ക് അയച്ചത്. ഘടകകക്ഷികളായ ജനതാദൾ.എസും എൻ.സി.പിയും മാത്രമാണ് നിലവിലുണ്ടായിരുന്ന മന്ത്രിമാരുമായി തുടർന്നത്. ജോസ് കെ മാണിയുടെ കേരള കോൺഗ്രസും മന്ത്രിസഭയിലെത്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലവും വിജയവും രാഷ്ട്രീയ വിദ്യർത്ഥികൾക്ക് എക്കാലവും പാഠമാണ്.

രാഷ്ട്രീയപരമായും അല്ലാതെയും നിരവധി പ്രതിസന്ധികളെ നേരിട്ടകാലമായിരുന്നു ഒന്നാം പിണറായി സർക്കാരിന്. കേരളത്തെ നടുക്കിയ പ്രകൃതിദുരന്തങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ടപ്പോൾ  സ്വർണക്കടത്തു കേസും വിവാദങ്ങളും നിറം കെടുത്തി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിവരെ അറസ്റ്റിലായി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും കസ്റ്റംസും പലതവണ സെക്രട്ടേറിയറ്റിലെത്തി. കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി രംഗത്തിറങ്ങി, ഒടുവിൽ സ്വർണക്കടത്ത് വിവാദത്തെ മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം. ഒപ്പം നിയമസഭയിലും. വിശ്വസ്തരെപ്പോലും കൈവിടേണ്ട ഘട്ടത്തിൽ അതിനു മടിക്കാതെയാണ് പിണറായി അധികാരത്തിന്റെ പടവുകൾ കയറിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 5 മന്ത്രിമാരാണ് രാജിവച്ചത്. വിവാദങ്ങളിൽ പെട്ടതോടെ ഉടനടി രാജി ആവശ്യപ്പെട്ട മന്ത്രിമാരുടെ കൂട്ടത്തിൽ വിശ്വസ്തനായ ഇ.പി.ജയരാജനും. ബന്ധുനിയമന വിവാദത്തിൽ കെ.ടി.ജലീലിനെ അവസാനംവരെ സംരക്ഷിച്ചു.

ലോകായുക്ത വിധി എതിരായതോടെ രാജി വാങ്ങി. വിവാദങ്ങളിലും കേസിലും പെട്ട അടുപ്പക്കാരനായ ഐഎഎസ് ഓഫിസർ എം.ശിവശങ്കറെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യം സ്വീകരിച്ചത്. എന്നാൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെ തള്ളിപ്പറഞ്ഞു. എല്ലാ അർഥത്തിലും സർക്കാരിന്റെ മുഖം മുഖ്യമന്ത്രിയായിരുന്നു. വിവാദങ്ങളായാലും നേട്ടങ്ങളായാലും. പാർട്ടി നിയന്ത്രണമോ ഘടകക്ഷികളുടെ സമ്മർദമോ ഉണ്ടായില്ല. സ്വതന്ത്രമായി തീരുമാനമെടുക്കാനായി. എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ മേൽനോട്ടമെത്തി.

പിണറായി സർക്കാർ പ്രതിസന്ധിയില്ലാതെ ഭരിച്ചത് ഒരു വർഷം മാത്രമാണ്. 2017 ൽ ഓഖിയെത്തി. പിന്നാലെ നിപ്പയും രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും. പ്രതിസന്ധികളിൽ കൃത്യതയോടെ ഇടപെട്ടപ്പോൾ ജനം മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്കായി കാതോർത്തു. 6 മണിക്കുള്ള വാർത്താ സമ്മേളനം ആറുമണിക്ക് ആരംഭിക്കും. കൃത്യം 7 മണിക്ക് അവസാനിക്കും. ഈ കൃത്യത ഭരണത്തിൽ നേട്ടമായി. തുടർഭരണത്തിൽ ഇതു വർധിക്കുമെന്നു വിശ്വസിക്കുന്നവരാണ് ഏറെയും.ക്ഷേമപെൻഷനും ഭക്ഷ്യകിറ്റും കൃത്യമായി വീട്ടിലെത്തിയത് കേരളത്തിൽ പുതിയ അനുഭവമായി. കോവിഡ് കാലത്ത് പ്രതിസന്ധിയിലായവർക്കു ഭക്ഷ്യകിറ്റെന്ന ആശയം വോട്ടായി. കിറ്റുകൾ കൃത്യമായി വീട്ടിലെത്തിയപ്പോൾ സാധാരണക്കാരുടെ മനസ്സും സർക്കാരിനൊപ്പമായി.

തുടർഭരണത്തോടെ പാർട്ടിയിൽ വിജയൻ ഉഗ്രപ്രതാപിയായി. ദേശീയ രാഷ്ട്രീയത്തിലും പ്രതിച്ഛായ ഉയർത്തി. ഇപ്പോൾ രാജ്യത്ത് ബിജെപിക്കെതിരെ പോരാടാൻ മൂന്നാംബദൽ എന്ന ആശയം ഉയരുമ്പോൾ അതിന്റെ നേതൃനിരയിലേക്ക് കേരളത്തിൽ നിന്ന് പിണറായിയുമുണ്ട്.

തുടർഭരണത്തിന്റെ കഥ

ഇതിന് മുമ്പ് കേരളത്തിൽ തുടർഭരണമുണ്ടായത് അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിലാണ്. അന്ന് സിപിഐയും കോൺഗ്രസും ഉൾപ്പെട്ട മുന്നണിയാണ് തുടർഭരണം നേടിയത്. സി. അച്യുതമേനോന്റെ നേതൃത്വത്തിലായിരുന്നു 70ലെ മന്ത്രിസഭ. ഏഴ് വർഷത്തിന് ശേഷമാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. മുന്നണി തുടർവിജയം നേടിയെങ്കിലും മുഖ്യമന്ത്രിക്ക് മാറ്റമുണ്ടായി. കെ. കരുണാകരനാണ് മുഖ്യമന്ത്രിയായത്. രാജൻകേസിലെ കോടതിവിധിയെ തുടർന്ന് കരുണാകരൻ ഒരു മാസത്തിന് ശേഷം ഒഴിഞ്ഞ് എ.കെ. ആന്റണി മുഖ്യമന്ത്രിയായി. ഇന്ദിരാഗാന്ധി ചിക്മംഗലുരു ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ പ്രതിഷേധിച്ച് ആന്റണി ഒഴിഞ്ഞപ്പോൾ സിപിഐയിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി.

എന്നാൽ 78ലെ സിപിഐയുടെ ഭട്ടിൻഡ പാർട്ടി കോൺഗ്രസിലെ തീരുമാനപ്രകാരം കോൺഗ്രസ് ബന്ധം സിപിഐ ഉപേക്ഷിച്ച് സിപിഎമ്മിനൊപ്പം ചേർന്നുവെന്നതും രാഷ്ട്രീയ ചരിത്രത്തിലെ കൗതുകമുള്ള ഏടാണ്. തുടർഭരണം കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് പുതിയ ഊർജമാണ് നൽകിയത്. അക്ഷരാർത്ഥത്തിൽ അത് കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്നമായിരുന്നു. രണ്ടു തവണ മുഖ്യമന്ത്രിയായ ഇഎം ശങ്കരൻ നമ്പൂതിരിപ്പാടിന് ഒരുതവണപോലും കാലാവധി പൂർത്തിയാക്കാനായിട്ടില്ല. ഇ.കെ. നായനാരുടെയും വി എസ് അച്യുതാനന്ദന്റെയും പി.കെ.വാസുദേവൻനായരുടെയും സ്ഥിതിയും വ്യത്യസ്തമല്ല. കമ്മ്യൂണിസ്റ്റുകാരനായ സി. അച്യുതമേനോൻ കാലാവധിയും കടന്ന് ഭരിച്ചു. പക്ഷേ അത് കോൺഗ്രസ്സുകാരുടെ ഔദാര്യം കൊണ്ടു മാത്രം. പിണറായി വിജയൻ പതിവിന് വിപരീതമായി തുടർഭരണത്തിന് അവസരമുണ്ടാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP