Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർദ്ധ സെഞ്ചുറിയുമായി വിശ്വാസം കാത്ത് സൂര്യകുമാർ; പിന്തുണച്ച് തിലകും ഇഷാനും; ഫിനിഷർമാരായി ഡേവിഡും സാംസും; തോറ്റ് തോറ്റ് ഒടുവിൽ മുംബൈ വിജയ തീരത്ത്; രാജസ്ഥാനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്

അർദ്ധ സെഞ്ചുറിയുമായി വിശ്വാസം കാത്ത് സൂര്യകുമാർ; പിന്തുണച്ച് തിലകും ഇഷാനും; ഫിനിഷർമാരായി ഡേവിഡും സാംസും; തോറ്റ് തോറ്റ് ഒടുവിൽ മുംബൈ വിജയ തീരത്ത്; രാജസ്ഥാനെ കീഴടക്കിയത് അഞ്ച്  വിക്കറ്റിന്

സ്പോർട്സ് ഡെസ്ക്

മുംബൈ: തോറ്റ് തോറ്റ്.. ഒടുവിൽ മുംബൈ ഇന്ത്യൻസ് വിജയതീരത്ത്. എട്ട് തുടർ തോൽവികളുടെ നാണക്കേട് മറികടന്ന് ഒൻപതാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എതിരെ മുംബൈ ഇന്ത്യൻസ് വിജയം കുറിച്ചു. അഞ്ച് തവണ ഐപിഎൽ കിരീടം ചൂടിയിട്ടുള്ള മുംബൈയ്ക്ക് സീസണിലെ ആദ്യ ജയം.

അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെയും തിലക് വർണയുടെയും ഇന്നിങ്സുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. രാജസ്ഥാൻ റോയൽസിനെ അഞ്ചു വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്.

159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ഇഷാൻ കിഷൻ താളം കണ്ടെത്തിയതോടെ മുംബൈ ബൗണ്ടറികൾ കണ്ടെത്തി. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ അഞ്ചു പന്തിൽ നിന്നും വെറും രണ്ടു റൺസുമായി മൂന്നാം ഓവറിൽ മടങ്ങി.

ആദ്യ രണ്ടോവറിൽ 23 റൺസടിച്ച് നല്ല തുട്ടമിട്ടെങ്കിലും അശ്വിനെറിഞ്ഞ മൂന്നാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ(2) ഒരിക്കൽ കൂടി നിരാശപ്പെടുത്തി മടങ്ങി. ഫോമിന്റെ മിന്നലാട്ടങ്ങൾ പുറത്തെടുത്ത കിഷനും പവർ പ്ലേ പൂർത്തിയാവും മുമ്പ് ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി. പവർ പ്ലേയിലെ അവസാന ഓവറിൽ ബോൾട്ടിന്റെ പന്തിൽ കിഷനെ(18 പന്തിൽ 26) സഞ്ജു പിടികൂടി.

പവർ പ്ലേ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിലായിരുന്നു മുംബൈ. എന്നാൽ പവർ പ്ലേ പിന്നിട്ടതിന് പിന്നാലെ കുൽദീപ് സെന്നും യുസ്വേന്ദ്ര ചാഹലും പന്തെറിയാനുണ്ടായിട്ടും പാർട്ട് ടൈം ബൗളറായ ഡാരിൽ മിച്ചലിനെ പന്തേൽപ്പിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തന്ത്രം പാളി. മിച്ചൽ എറിഞ്ഞ ഏഴാം ഓവറിൽ തിലക് വർമയും സൂര്യകുമാറും ചേർന്ന് 21 റൺസടിച്ച് മുംബൈയുടെ സമ്മർദ്ദമകറ്റി. പിഴവ് തിരിച്ചറിഞ്ഞ സഞ്ജു അടുത്ത ഓവറിൽ ചാഹലിനെ പന്തേൽപ്പിച്ചു. ചാഹലിന്റെ പന്തിൽ സൂര്യകുമാർ കനത്തൊരു എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ചത് മുംബൈക്ക് കരുത്തായി.

മൂന്നാം വിക്കറ്റിൽ സൂര്യകുമാർ-തിലക് വർമ സഖ്യം 81 റൺസ് എടുത്ത് മുംബൈയെ ലക്ഷ്യത്തിലേക്ക് നയിച്ചു. അനായാസം ജയത്തിലേക്ക് നീങ്ങുകയായിരുന്ന മുംബൈയെ ഞെട്ടിച്ച് സൂര്യകുാമറിനെ(39 പന്തിൽ 51) ചാഹലും, തിലക് വർമയെ(30 പന്തിൽ 35) വീഴ്‌ത്തിയതോടെ മുംബൈ വണ്ടും സമ്മർദ്ദത്തിലായി.

ഇരുവരും പുറത്തായ ശേഷം കിറോൺ പൊള്ളാർഡും ടിം ഡേവിഡും ചേർന്ന് ടീമിനെ വിജയത്തിന് നാലു റൺസകലെ വരെയെത്തിച്ചു. 14 പന്തിൽ നിന്ന് 10 റൺസെടുത്ത പൊള്ളാർഡ് അവസാന ഓവറിലെ ആദ്യ പന്തിൽ മടങ്ങിയെങ്കിലും തുടർന്നെത്തിയ ഡാനിയൽ സാംസ് ആദ്യ പന്തു തന്നെ സിക്സറിന് പറത്തി നാലു പന്തുകൾ ബാക്കിനിൽക്കേ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ടിം ഡേവിഡ് ഒമ്പത് പന്തിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ അർധ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറുടെ മികവിൽ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തിരുന്നു. 52 പന്തിൽ നിന്ന് നാലു സിക്സും അഞ്ച് ഫോറുമടക്കം 67 റൺസെടുത്ത ബട്ട്ലറാണ് റോയൽസിന്റെ ടോപ് സ്‌കോറർ.

വാലറ്റത്ത് വെറും ഒമ്പത് പന്തിൽ നിന്ന് 21 റൺസെടുത്ത ആർ. അശ്വിനാണ് റോയൽസ് സ്‌കോർ 150 കടത്തിയത്. ദേവ്ദത്ത് പടിക്കൽ (15 പന്തിൽ നിന്ന് 15), സഞ്ജു സാംസൺ (ഏഴു പന്തിൽ നിന്ന് 16), ഡാരിൽ മിച്ചൽ (20 പന്തിൽ 17), ഷിംറോൺ ഹെറ്റ്മയർ (14 പന്തിൽ ആറ്), റിയാൻ പരാഗ് (മൂന്ന് പന്തിൽ മൂന്ന്) എന്നിവർക്കാർക്കും തന്നെ കാര്യമായ സംഭാവനകൾ നൽകാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP