Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നയിക്കാൻ വീണ്ടും തല എത്തുന്നു; ചെന്നൈ സൂപ്പർ കിങ്‌സ് നായകസ്ഥാനം ധോണിക്ക് തിരികെ നൽകി ജഡേജ; തീരുമാനം, ഐപിഎല്ലിൽ തുടർ തോൽവികൾക്ക് പിന്നാലെ; ടീമിന്റെ വിശാല താൽപര്യം കണക്കിലെടുത്തെന്ന് ടീം അധികൃതർ

നയിക്കാൻ വീണ്ടും തല എത്തുന്നു; ചെന്നൈ സൂപ്പർ കിങ്‌സ് നായകസ്ഥാനം ധോണിക്ക് തിരികെ നൽകി ജഡേജ; തീരുമാനം, ഐപിഎല്ലിൽ തുടർ തോൽവികൾക്ക് പിന്നാലെ; ടീമിന്റെ വിശാല താൽപര്യം കണക്കിലെടുത്തെന്ന് ടീം അധികൃതർ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ തുടർ തോൽവികളിൽ പതറുന്ന ചെന്നൈ സൂപ്പർ കിങ്‌സിനെ വിജയ പാതയിൽ എത്തിക്കാൻ വീണ്ടും തല തിരികെയെത്തുന്നു. ചെന്നൈയുടെ നായക സ്ഥാനത്തേക്ക് വീണ്ടും മഹേന്ദ്രസിങ് ധോണി തിരിച്ചെത്തുകയാണെന്ന് ടീം അധികൃതർ അറിയിച്ചു. ടീമിന്റെ വിശാലതാൽപര്യ കണക്കിലെടുത്താണ് നായകസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ട്വീറ്റിൽ വ്യക്തമാക്കി.

നായകനായ രവീന്ദ്ര ജഡേജ ക്യാപ്റ്റൻസിയില് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് നായകസ്ഥാനത്തേക്ക് വീണ്ടും ധോണിയെത്തുന്നത്. നായകസ്ഥാനം തിരിച്ചെടുക്കാനുള്ള മാനേജ്‌മെന്റിന്റെ ആവശ്യം ധോണി സമ്മതിച്ചു. ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ധോണി ചെന്നൈയുടെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. നായക സ്ഥാനത്തു നിന്ന് ഒഴിവാകുമെങ്കിലും ടീമിന്റെ ഭാഗമായി തുടരുമെന്നും ധോണി അറിയിക്കുകയായിരുന്നു.

ചെന്നൈ സൂപ്പർകിങ്‌സ് നായകസ്ഥാനത്തേക്ക് രവീന്ദ്ര ജഡേജയെയാണ് മാനേജ്‌മെന്റ് കണ്ടെത്തിയത്. ശേഷം ജഡേജയുടെ കീഴിൽ പുതിയ സീസൺ ആരംഭിച്ച ചെന്നൈക്ക് പക്ഷേ തൊട്ടതെല്ലാം പിഴച്ചു. എട്ട് കളികളിൽ ആകെ ജയിക്കാനായത് രണ്ട് മത്സരങ്ങൾ മാത്രം. പോയിന്റ് ടേബിളിൽ ആകട്ടെ ഒൻപതാം സ്ഥാനവും.

ഇതിനുപുറമേ ക്യാപ്റ്റൻസിയുടെ സമ്മർദത്തിൽ ജഡേജക്ക് സ്വതസിദ്ധമായ കളി പുറത്തെടുക്കാൻ കഴിയാത്തതും ചർച്ചയായി. സീസണിൽ ജഡേജ ഔട്ട് ഓഫ് ഫോമിലാണെന്ന് വലിയ തരത്തിൽ വിമർശനങ്ങൾ ഉയരാൻ തുടങ്ങിയതും താരത്തെ ക്യാപ്റ്റൻസി ഒഴിയാൻ പ്രേരിപ്പിച്ചു.

ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും രവീന്ദ്ര ജഡേജ നിറം മങ്ങിയതാണ് സീസണിടയിൽ നായകസ്ഥാനം വീണ്ടും ധോണിയെ ഏൽപ്പിക്കാൻ ചെന്നൈയെ പ്രേരിപ്പിച്ചത്. ജഡേജ നായകനായിരിക്കുമ്പോളും കളിക്കളത്തിൽ പല നിർണായക തീരുമാനങ്ങളും കൈക്കൊള്ളുന്നത് ധോണിയായിരുന്നു.

2008ൽ ഐപിഎല്ലിലെ അരങ്ങേറ്റ സീസൺ മുതൽ ചെന്നൈയുടെ നായകനായിരുന്നു ധോണി. ധോണിക്ക് കീഴിൽ നാല് തവണയാണ് ചെന്നൈ ഐ പി എൽ ചാമ്പ്യന്മാരായത്. 2010, 2011, 2018, 2021 സീസണുകളിലാണിത്. രണ്ട് തവണ ചാമ്പ്യൻസ് ലീഗ് (2010, 2014) കിരീടവും നേടി. ഇതിനു പുറമെ 2008, 2012, 2013, 2015, 2019 സീസണുകളിൽ റണ്ണേഴ്‌സായി. ധോണിക്ക് കീഴിൽ ആകെ കളിച്ച 213 മത്സരങ്ങളിൽ 130ലും ചെന്നൈ ജയിച്ചു.

രോഹിത് ശർമക്കുശേഷം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ നായകനാണ് ധോണി. 2012ൽ ചെന്നൈ ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജ തുടർന്നുള്ള സീസണുകളിലും അവരുടെ നിർണായക താരമായിരുന്നു.

(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതിനാൽ നാളെ(01 05 2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല - എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP