Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി; വിശദാംശങ്ങൾ സമിതിയിൽ പറയുമെന്ന് നടി ശ്വേത മേനോൻ; ആഭ്യന്തര പരാതി പരിഹാര സമിതി യോഗം വിജയ്ബാബുവിനെതിരെ ഒറ്റക്കെട്ടായി; ഇരയുടെ പേരു വെളിപ്പെടുത്തിയത് അടക്കം വിജയ്ബാബു നടത്തിയത് ഗുരുതര അച്ചടക്കലംഘനമെന്ന് അമ്മയ്ക്ക് നിയമോപദേശവും

വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി; വിശദാംശങ്ങൾ സമിതിയിൽ പറയുമെന്ന് നടി ശ്വേത മേനോൻ; ആഭ്യന്തര പരാതി പരിഹാര സമിതി യോഗം വിജയ്ബാബുവിനെതിരെ ഒറ്റക്കെട്ടായി; ഇരയുടെ പേരു വെളിപ്പെടുത്തിയത് അടക്കം വിജയ്ബാബു നടത്തിയത് ഗുരുതര അച്ചടക്കലംഘനമെന്ന് അമ്മയ്ക്ക് നിയമോപദേശവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ താര സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത് നടനെ പൂർണമായും കൈവിടണം എന്നു വ്യക്തമാക്കുന്നതാണെന്നാണ് സൂചനകൾ. എക്സ്‌ക്യൂട്ടീവ് കമ്മിറ്റിക്കാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് നടി ശേവത മേനോൻ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ അമ്മ എക്സിക്യൂട്ടീവ് സമിതിയിൽ പറയുമെന്നും അവർ അറിയിച്ചു.

നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ വിശദാംശങ്ങൾ ഞായറാഴ്ച ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം പറയുമെന്നും നിലവിൽ ഒന്നും പറയാൻ കഴിയില്ലെന്നും ശ്വേത മേനോൻ പറഞ്ഞു. വിജയ് ബാബുവിനെതിരായ നടപടിയുൾപ്പെടെയുള്ള കാര്യങ്ങൾ നാളെ ചേരുന്ന യോഗം അന്തിമ തീരുമാനമെടുക്കും. വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചനകൾ. നിലവിൽ ദുബായിലുള്ള നടൻ പൊലീസിന് മുന്നിൽ കീഴടങ്ങിയിട്ടില്ല. മുൻകൂർ ജാമ്യത്തിനായി നീക്കങ്ങൾ നടത്തുന്നുണ്ട്.

അതേസമയം ബലാത്സംഗ പരാതിയിൽ വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് 'അമ്മ' സംഘടനാ നേതൃത്വത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തിയത് ആഭ്യന്തര പരാതി പരിഹാര സമിതിയാണ്. ബുധനാഴ്‌ച്ച രാവിലെ ഒമ്പതര മണിക്ക് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ഓൺലൈനായി യോഗം ചേർന്നു. സംഘടനയുടെ ഉപാദ്ധ്യക്ഷയും സമിതിയുടെ അദ്ധ്യക്ഷയുമായ ശ്വേതാ മേനോന്റെ നേതൃത്വത്തിലായിരുന്നു യോഗം. കുക്കു പരമേശ്വരൻ, മാലാ പാർവ്വതി, ഇടവേള ബാബു, പുറത്തുനിന്നുള്ള അഭിഭാഷക അനഘ എന്നിവർ ഐസിസി യോഗത്തിൽ പങ്കെടുത്തു.

വിജയ് ബാബുവിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്നും പരാതിക്കാരിയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത് സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ചുകൊണ്ടാണെന്നും വിലയിരുത്തലുണ്ടായി. ഇതിൽ ശക്തമായ നടപടിക്ക് 'അമ്മ'യോട് ശുപാർശ ചെയ്യണമെന്ന് അഭിപ്രായമുയർന്നു. ഇതിനേത്തുടർന്ന് ഐസിസി യോഗത്തിന്റെ റിപ്പോർട്ട് താരസംഘടനയുടെ നേതൃത്വത്തിന് നൽകുകയായിരുന്നു.ഇതിനിടയിൽ താരസംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ വിജയ് ബാബു വിഷയം ചർച്ച ചെയ്തു.

വനിതാ ഭാരവാഹികളായ അഞ്ചു പേരും, രചന നാരായണൻ കുട്ടി, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ശ്വേതാ മേനോൻ എന്നിവർ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിൽ ഒറ്റക്കെട്ടായി നിന്ന് നിലപാട് സ്വീകരിച്ചു. എക്സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം പുരുഷ അംഗങ്ങളും വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന അഭിപ്രായത്തോട് യോജിച്ചു. ചില അംഗങ്ങൾ വിജയ് ബാബുവിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നും വിജയ് ബാബുവിന് വിശദീകരണത്തിനായി കൂടുതൽ സമയം വേണമെന്നും അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ അഭിപ്രായം വിജയ് ബാബുവിന് എതിരായതോടെ 'അമ്മ' പ്രസിഡന്റ് മോഹൻലാൽ നടപടിയെടുക്കാൻ മൗന അനുവാദം നൽകുകയായിരുന്നു.

വിഷയത്തിൽ അന്തിമ നടപടിയെടുക്കാൻ യോഗം ചേരണമെന്നതിനാൽ ഞായറാഴ്‌ച്ച അഞ്ച് മണിക്ക് അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചു. യോഗത്തിന് ശേഷമാകും വിജയ് ബാബുവിനെതിരായ നടപടിയേക്കുറിച്ച് 'അമ്മ'യുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.ബലാത്സംഗക്കേസിൽ കുറ്റാരോപിതനായതിനൊപ്പം പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുക കൂടി ചെയ്തതാണ് താരസംഘടനാ നേതൃത്വത്തെ കടുത്ത നടപടിയിലേക്ക് നീക്കിയത്. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ഭൂരിപക്ഷ അഭിപ്രായമുയർന്നെങ്കിലും ചില നിയമവശങ്ങൾ തടസമാകാൻ ഇടയുണ്ട്. മാറി നിൽക്കാൻ വിജയ് ബാബുവിനോട് 'അമ്മ' ആവശ്യപ്പെട്ടെങ്കിലും അത് വേണ്ടെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ നിയമോപദേശം നൽകിയെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ വ്യക്തത വരുത്താനായി 'അമ്മ' നിയമോപദേശം തേടിക്കഴിഞ്ഞു.

യുവനടിയാണ് വിജയ് ബാബുവിനെതിരേ പൊലീസിൽ പരാതി നൽകിയത്. ഒന്നരമാസത്തോളം തനിക്ക് വലിയ ശാരീരിക മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്ന് ഇവർ ആരോപിച്ചു. ഇതുകൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല- എഡിറ്റർ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP