Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒപ്പിടാതെ പത്രിക പിൻവലിക്കാൻ അപേക്ഷ നൽകിയ അതിബുദ്ധി; ആറു മാസം തികയും മുമ്പ് പുറത്താക്കാൻ ആയുധം നൽകിയത് ആ പീഡന കേസ്; സുരേഷ് ഗോപി അകത്തേക്ക് വരുമ്പോൾ ഫ്രൈഡേ ഫിലിംസ് മുതലാളി പുറത്തേക്ക്; വിജയ് ബാബുവിനെതിരെ നടപടി എടുക്കാൻ മോഹൻലാൽ; അമ്മയിൽ നാളെ നിർണ്ണായകം

ഒപ്പിടാതെ പത്രിക പിൻവലിക്കാൻ അപേക്ഷ നൽകിയ അതിബുദ്ധി; ആറു മാസം തികയും മുമ്പ് പുറത്താക്കാൻ ആയുധം നൽകിയത് ആ പീഡന കേസ്; സുരേഷ് ഗോപി അകത്തേക്ക് വരുമ്പോൾ ഫ്രൈഡേ ഫിലിംസ് മുതലാളി പുറത്തേക്ക്; വിജയ് ബാബുവിനെതിരെ നടപടി എടുക്കാൻ മോഹൻലാൽ; അമ്മയിൽ നാളെ നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പീഡന കേസിൽ കുടുങ്ങിയ വിജയ് ബാബുവനെ താര സംഘടനയായ അമ്മയിൽ നിന്നും സസ്‌പെന്റ് ചെയ്യും. താര സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് നിർമ്മതാവ് കൂടിയായ നടൻ. നാളെ കൊച്ചിയിൽ താര സംഘടനയുടെ ഒത്തുചേരൽ നടക്കുന്നുണ്ട്. സുരേഷ് ഗോപിയാണ് ഈ ഒത്തുചേരലിലെ മുഖ്യാതിഥിതി. ഉണർവ്വ് എന്ന പരിപാടിക്ക് ശേഷം താര സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരും. അതിൽ വിജയ് ബാബുവിനെതിരായ നടപടിയിൽ തീരുമാനം എടുക്കും. പീഡന കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്രൈഡേ
ഫിലിംസ് എന്ന നിർമ്മാണ കമ്പനി നടത്തുന്ന നടൻ കൂടിയായ വിജയ് ബാബുവിനേയും സസ്‌പെന്റ് ചെയ്യുന്നത്.

പൊതു സമൂഹത്തിൽ താര സംഘടനയായ 'അമ്മ'യുടെ പേര് മോശമാക്കാൻ പ്രസിഡന്റ് മോഹൻലാൽ ആഗ്രഹിക്കുന്നില്ല. മമ്മൂട്ടിയും ഇതേ നിലപാടിലാണ്. ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെ മാറ്റുന്നതാണ് നല്ലതെന്ന അഭിപ്രായത്തിനാണ് താര സംഘടനയിൽ മുൻഗണന. ഇതു കൊണ്ടാണ് വിജയ് ബാബുവിനെ നീക്കുന്നത്. അമ്മയിലെ ലൈഫ് മെമ്പർഷിപ്പിൽ ആദ്യ പേരുകാരൻ സുരേഷ് ഗോപിയാണ്. രണ്ടാമൻ കെബി ഗണേശ് കുമാറും. മൂന്നാമത് മണിയൻ പിള്ള രാജുവും. അമ്മയിലെ വാശിയേറിയ തെരഞ്ഞെടുപ്പിൽ മണിയൻ പിള്ള രാജു അട്ടിമറി വിജയം നേടിയത് ഈ പ്രചരണ കരുത്തിലാണ്. അമ്മയുടെ ഭാരവാഹിയായി മണിയൻ പിള്ള രാജു ജയിച്ചെത്തിയതിന് പിന്നാലെ സുരേഷ് ഗോപി മടങ്ങി എത്തുകയാണ്. ഏറെ നാളായി അമ്മയുടെ പരിപാടിക്കൊന്നും ആക്ഷൻ ഹീറോ എത്താറില്ലായിരുന്നു.

പലരും സുരേഷ് ഗോപി അമ്മയിൽ അംഗമല്ലേ എന്നു പോലും സംശയിച്ചിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിയാണ് ആദ്യ ലൈഫ് മെമ്പറെന്ന് മണിയൻ പിള്ള വെളിപ്പെടുത്തിയത്. ഇത് അമ്മയിലെ തെരഞ്ഞെടുപ്പിൽ പോലും ചലനമായി. ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് മണിയൻപിള്ള കരുത്ത് കാട്ടി. അതിന് ശേഷം മാറ്റത്തിന്റെ പാതയിലായി അമ്മയുടെ യാത്ര. അതിന്റെ സൂചനണ് ഉണർവ്വ് എന്ന പരിപാടിയിലും നിറയുന്നത്. അമ്മ അംഗങ്ങളുടെ ഒത്തുചേരലും ആരോഗ്യ പരിശോധനാ ക്യാമ്പുമാണ് ഉണർവ്വ് എന്ന പദ്ധതി. ഇതിൽ മുഖ്യാതിഥി സുരേഷ് ഗോപിയാണ്. അങ്ങനെ അമ്മയുടെ ആസ്ഥാനത്തേക്ക് വീണ്ടും സുരേഷ് ഗോപി കാലെടുത്തു വയ്ക്കുകയാണ്.

മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമാണ് മലയാള സിനിമയിലെ യഥാർത്ഥ സൂപ്പർ താരങ്ങൾ. മോഹൻലാലാണ് അമ്മയുടെ പ്രസിഡന്റ്. മമ്മൂട്ടിയും എല്ലാ പരിപാടിയുമായി സഹകരിക്കാറുണ്ട്. ഇതിനൊപ്പം സുരേഷ് ഗോപിയും കൂടെയെത്തുമ്പോൾ മലയാള സിനിമയിലെ സൂപ്പർ താര സംഗമ വേദിയായി ഈ പരിപാടി മാറും. ദുബായിലുള്ള മമ്മൂട്ടി നാളെ കൊച്ചിയിൽ എത്തുമെന്നാണ് സൂചന. അമ്മയിലെ പഴയൊരു നടപടിയാണ് സുരേഷ് ഗോപിയെ താര സംഘടനയിൽ നിന്ന് പുറത്തു നിർത്താനുള്ള കാരണം. സുരേഷ് ഗോപി മടങ്ങിയെത്തുമ്പോൾ ഒരു പ്രമുഖനെ സസ്‌പെന്റ് ചെയ്യേണ്ടിയും വരുന്നുവെന്നാണ് യാദൃശ്ചികം.

വിജയ് ബാബുവിനെതിരെ പീഡന കേസ് ചർച്ചയാകുമ്പോൾ 'അമ്മ'യിലെ ഇലക്ഷൻ കാലത്തെ 'ചതി'യും ചർച്ചകളിലേക്ക് വന്നിരുന്നു. മോഹൻലാലിന്റെ പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായത്. തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമിച്ച മോഹൻലാലിനെ എല്ലാ അർത്ഥത്തിലും കബളിപ്പിക്കുകയായിരുന്നു അന്ന് വിജയ് ബാബു ചെയ്തത്. വിജയ് ബാബുവിൽ നിന്നൊരു ചതി മോഹൻലാൽ പ്രതീക്ഷിച്ചില്ലെന്നതാണ് വസ്തുത. അങ്ങനെ അമ്മയിൽ എക്‌സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവാണ് ഇപ്പോൾ പീഡന കേസിൽ കുടുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. വിജയ് ബാബുവിനെതിരേയും സമാന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.

വിജയ് ബാബു എക്‌സിക്യൂട്ടിവിൽ എത്തിയ കഥ

2021 ഡിസംബർ 19 നായിരുന്നു അമ്മ സംഘടനയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മണിയൻപിള്ള രാജുവും 11 അംഗ എക്‌സിക്യൂട്ടീവിലേയ്ക്ക് വിജയ് ബാബു, ലാൽ, നാസർ ലത്തീഫ് എന്നിവരുമായിരുന്നു വിമതനായി മൽസരിച്ചത്. മോഹൻലാൽ നേതൃത്വം നൽകുന്ന പാനലിന് മണിയൻപിള്ള രാജുവിനേയും ലാലിനേയും നാസർ ലത്തീഫിനേയും സ്വാധീനിക്കാനായില്ല. എന്നാൽ വിജയ് ബാബു അവരിൽ ഒരാളെ പോലെ നിന്നാണ് പത്രിക നൽകിയത്. എന്നാൽ മണിയൻ പിള്ളയെ പോലെ ജനകീയനായ ഒരാൾ വിമത സ്ഥാനാർത്ഥിയാകുന്ന സ്ഥിതി വന്നതോടെ മത്സര ചിത്രം മാറി. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് താര സംഘടനയിൽ വിജയ് ബാബു ജയിച്ചത്.

മത്സര ചിത്രം വ്യക്തമായപ്പോൾ വിജയ് ബാബുവിനെ കൊണ്ട് പത്രിക പിൻവലിപ്പിക്കാനും ധൃതിപിടിച്ച ചർച്ചകൾ നടന്നിരുന്നു. പത്രിക പിൻവലിക്കാൻ വിജയ് ബാബു സമ്മതിച്ചു. അപേക്ഷയും നൽകി. എന്നാൽ പത്രികയിൽ ഒപ്പിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പത്രിക പിൻവലിക്കാൻ നൽകിയ അപേക്ഷ അംഗീകരിക്കാൻ വരണാധികാരിക്ക് കഴിഞ്ഞില്ല. അങ്ങനെ വിജയ് ബാബു മോഹൻലാലിനെ ഞെട്ടിച്ച് മത്സര രംഗത്ത് എത്തി. അട്ടിമറി വിജയം നേടുകയും ചെയ്തു. പ്രൊഡ്യൂസർ കൂടിയാണെന്ന പ്രചരണ തന്ത്രവുമായി വിജയ് ബാബു മത്സരിച്ചു. ജയിക്കുകയും ചെയ്തു.

പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പില്ലെന്ന കാരണത്താൽ വരണാധികാരി അത് തള്ളിയപ്പോഴും പ്രചരണത്തിൽ വിജയ് ബാബു ഉണ്ടാകില്ലെന്നായിരുന്നു മോഹൻലാലും കുട്ടരും കരുതിയത്. ഇതിനിടെ തന്റെ നിലപാട് പ്രഖ്യാപിച്ച് വിജയ് ബാബു മത്സരത്തിൽ തുടർന്നു. നടൻ സിദ്ദിഖ് പറഞ്ഞിട്ടാണ് താൻ അമ്മ സംഘടനയിലേയ്ക്ക് നോമിനേഷൻ നൽകിയതെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. തന്റെ കോർപ്പറേറ്റ് അനുഭവങ്ങൾ അമ്മയുടെ വളർച്ചയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും വിജയ് ബാബു വിശദീകരിച്ചു. അങ്ങനെ സിദ്ദിഖിനും പണി കൊടുത്തു.

എല്ലാവരും വ്യക്തികളായാണ് മൽസരിക്കുന്നത്. അതിൽ കൂടുതൽ യോഗ്യരെന്ന് തോന്നുന്നവരെ അമ്മയിലെ അംഗങ്ങൾ തെരഞ്ഞെടുക്കുമെന്നും വിജയ് ബാബു പറഞ്ഞു. താൻ നോമിനേഷൻ പിൻവലിക്കുന്നതിനെ പറ്റി ചർച്ചകൾ നടന്നിരുന്നു. പക്ഷെ അത് നടന്നില്ല. സംഘടനയിലേയ്ക്ക് ശക്തമായി മൽസരിക്കാൻ തന്നെയാണ് തീരുമാനം എന്നും പറഞ്ഞു. അങ്ങനെ വിമതന്മാർക്ക് കരുത്തു പകർന്നു. അമ്മയിലെ റിസൾട്ട് വന്നപ്പോൾ മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും ജയിച്ചു. നാസർ ലത്തീഫ് മാത്രമാണ് വിമതർക്കിടയിൽ തോറ്റത്. ഔദ്യോഗിക പാനലിലെ നിവിൻ പോളിയും തോറ്റു.

ശിക്ഷ വാങ്ങിയ സുരേഷ് ഗോപി തിരിച്ചെത്തുമ്പോൾ

സുരേഷ് ഗോപി താരസംഘടനയായ അമ്മയിൽ നിന്നും അകന്നു നില്ക്കാൻ ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. ഇതിന് കാരണവും സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിരുന്നു. 1997ൽ ഗൾഫിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു 'അറേബ്യൻ ഡ്രീംസ്'. നാട്ടിൽ എത്തിയപ്പോൾ തിരുവനന്തപുരത്ത് കാൻസർ സെന്റർ, കണ്ണൂർ കളക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ വേണ്ടി, പാലക്കാട് കലക്ടറുടെ ധനശേഖരണ പരിപാടിയായി അഞ്ച് സ്റ്റേജ് കളിച്ചു ഒരു പൈസ പോലും ശമ്പളം വാങ്ങാതെ ഈ ഷോ ഇവിടങ്ങളിൽ അവതരിപ്പിച്ചു. ഷോ നടത്തുന്നയാൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്കു തരുമെന്ന് സുരേഷ് ഗോപി അമ്മ സംഘടനയെ അറിയിച്ചു. കൽപ്പനയും, ബിജു മേനോനും താനും പ്രതിഫലം വാങ്ങിയില്ല. ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗിൽ ചോദ്യം വന്നു

'ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും (ജഗതി ശ്രീകുമാർ) എന്നെ മീറ്റിംഗിൽ ഇരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാൻ ശരിക്കും പാവമാ. 'അങ്ങേര് അടയ്ക്കാത്തിടത്ത് താൻ അടക്കുമോ' എന്ന് അമ്പിളി ചേട്ടൻ ചോദിച്ചു. ആ 'താൻ' ഞാൻ പൊറുക്കില്ല. എനിക്ക് വലിയ വിഷമമായി.. തിരിച്ചു പറയേണ്ടി വന്നു. അയാൾ അടച്ചില്ലെങ്കിൽ ഞാൻ അടക്കും എന്ന് പറഞ്ഞിട്ട് ഇറങ്ങി പോയി. എന്നിട്ടും അയാൾ അത് അടച്ചില്ല. അപ്പോൾ അമ്മയിൽ നിന്നും രണ്ടു ലക്ഷം പിഴയടക്കാൻ നോട്ടിസ് വന്നു. എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള പണമെടുത്തടച്ചു. 'പക്ഷെ അന്ന് ഞാൻ പറഞ്ഞു. ഞാൻ ശിക്ഷിക്കപ്പെട്ടവനാണ്. ഇനി ഒരു ഭാരവാഹിത്വവും ഞാൻ അവിടെ ഏറ്റെടുക്കില്ല. ഞാൻ മാറി നിൽക്കും. പക്ഷെ അമ്മയിൽ നിന്നും അന്വേഷിക്കും. ഇപ്പോഴും, 1999 മുതൽ ഒരു തീരുമാനമെടുക്കുമെങ്കിൽ എന്നോട് ചർച്ച ചെയ്തിട്ടേ എടുക്കൂ.'-ഇതായിരുന്നു സുരേഷ് ഗോപി മുമ്പ് പറഞ്ഞിരുന്നത്.

പ്രസിഡന്റ് ആവണമെന്ന് ഇന്നസെന്റ് പല തവണ പറഞ്ഞപ്പോഴും സുരേഷ് ഗോപി പറ്റില്ലെന്നറിയിച്ചു. 'ഞാൻ ശിക്ഷ വാങ്ങിപ്പോയി. എനിക്കിനി അവിടെ പറ്റില്ല. ഞാൻ ഇങ്ങനെ നിന്നോളാം. അവിടെ വരുന്നില്ല. അമ്മയുടെ എന്തെല്ലാം പദ്ധതികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. '2004ൽ അമ്മയും ടെക്നിക്കൽ വിഭാഗവുമായി യുദ്ധം നടക്കുമ്പോൾ ഞാൻ ഒരു വിമതനാണ്, എന്നെ പിടിച്ചാൽ അമ്മയെ ഉടയ്ക്കാൻ കഴിയുമെന്ന് പോലും ചിലർ വിചാരിച്ചു. പലരെയും കൊണ്ടുപോയില്ലേ? ഞാൻ അതിൽ ഉണ്ടായിരുന്നില്ലല്ലോ. ഞാൻ ഇപ്പോഴും സംഘടനയുടെ ഭാഗമാണ്. ഹൃദയംകൊണ്ട് അവർക്കൊപ്പമുണ്ട്. ടെക്നിക്കലായി ഒരു പ്രശ്നമുണ്ടെന്നു മാത്രം. അവർ എന്നെ നിർബന്ധിക്കുന്നുമില്ല,'സുരേഷ് ഗോപി പറഞ്ഞിരുന്നു.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01052022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP