Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഈ രാജ്യം നിന്റെയൊന്നും തന്തയുടെ വകയല്ല'; മുഖത്തുനിന്ന് തീപാറുന്ന ഡയലോഗുകളുമായി പൃഥ്വീരാജ്; പ്രൊഡ്യൂസർ എന്ന നിലയിലും താരത്തിന്റെത് ഒടുക്കത്തെ നട്ടെല്ല്; കല്ലുകടിയാവുന്നത് രാജ്യത്തെ സകല പ്രശ്നങ്ങളും തിരുകി കയറ്റുന്നത്; പോരായ്മകൾ ഉണ്ടെങ്കിലും 'ജന ഗണ മന' ഒരു മസ്റ്റ് വാച്ച് മൂവി

'ഈ രാജ്യം നിന്റെയൊന്നും തന്തയുടെ വകയല്ല'; മുഖത്തുനിന്ന് തീപാറുന്ന ഡയലോഗുകളുമായി പൃഥ്വീരാജ്; പ്രൊഡ്യൂസർ എന്ന നിലയിലും താരത്തിന്റെത് ഒടുക്കത്തെ നട്ടെല്ല്; കല്ലുകടിയാവുന്നത് രാജ്യത്തെ സകല പ്രശ്നങ്ങളും തിരുകി കയറ്റുന്നത്; പോരായ്മകൾ ഉണ്ടെങ്കിലും 'ജന ഗണ മന' ഒരു മസ്റ്റ് വാച്ച് മൂവി

എം റിജു

 'ഒരു പട്ടിയെ കൊന്നാൽ മനുഷ്യൻ ചോദിക്കാനെത്തുന്ന ഈ നാട്ടിൽ മനുഷ്യനെ കൊന്നാൽ ചോദിക്കാൻ ഒരു പട്ടി പോലും വരില്ലെന്ന വിശ്വാസമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ അവബോധം'- ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായ, ഈ ഒരു ഒറ്റ ഡയലോഗ് പരിശോധിച്ചാൽ അറിയാം, 'ജന ഗണ മന' എന്ന ചലച്ചിത്രത്തിന്റെ കരുത്ത്. മുഖത്ത് നിന്ന് തീവരുന്ന മട്ടിലാണ് പൃഥ്വീരാജ് സുകുമാരൻ എന്ന അസാമാന്യ നടൻ, സമകാലീന ഇന്ത്യ കടന്നുപോകുന്ന ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച് പറയുന്നത്. ദ കിങ്ങിൽ മമ്മൂട്ടി പറഞ്ഞ 'സെൻസസും സെൻസിബിലറ്റിയും സെൻസിറ്റിവിറ്റിയുമൊക്കെയുള്ള ഇന്ത്യയെക്കുറിച്ച് പറയുന്ന' തട്ടുപൊളിപ്പൻ ഡയലോഗല്ല. ഈ സിനിമമൊത്തം അതിഗൗരവമായ രാഷ്ട്രീയ പ്രശ്നങ്ങളാണ്.

ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന, പ്രതിഫലിപ്പിക്കുന്നത് സമകാലീന ഇന്ത്യൻ രാഷ്ട്രീയമാണ്. ആദ്യമേ തന്നെ ഈ രീതിയിലുള്ള ഒരു പടം എടുക്കാൻ നിർമ്മാതാവായും കൂടെ നിന്ന പൃഥീരാജിന്റെ ധൈര്യത്തെ തന്നെയാണ് അഭിനന്ദിക്കേണ്ടത്. ( ലിസ്റ്റൻ സ്റ്റീഫനാണ് ചിത്രത്തിന്റെ സഹ നിർമ്മാതാവ്) തൊട്ടാൽ പൊള്ളുന്ന, പാൻ ഇന്ത്യൻ ജിയോപൊൽറ്റിക്സ് പറയുന്ന ഈ ചിത്രം അതിന്റെ ഉള്ളടക്കത്തിന്റെ പേരിൽ മാത്രം ഒരു മസ്്റ്റ് വാച്ച് മൂവിയാണ്. പൊതുബോധത്തിൽ അങ്ങേയറ്റം വേരിറങ്ങിയ മരവിച്ചുപോയ മിഥ്യാധാരണകൾ തച്ചുടയ്ക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് നിങ്ങൾക്ക് ഈ പടത്തിന് ടിക്കറ്റ് എടുക്കാം.

പക്ഷേ ഒരുപാട് ഫാൾട്ടുകൾ നമുക്ക് കണ്ടുപിടിക്കാൻ കഴിയുന്ന ചിത്രവുമാണിത്. ആദ്യപകുതിയിൽ പലയിടത്തും ചിത്രത്തിന് ഫീൽ കിട്ടുന്നില്ല. ദേശീയ രാഷ്ട്രീയത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന മിക്ക വിഷയങ്ങളും ഈ പടത്തിന്റെ കഥയിലേക്ക് കയറ്റണമെന്ന നിർബന്ധബുദ്ധിയും കല്ലുകടിയാവുന്നുണ്ട്. ഇൻക്വിലാബ് വിളിച്ചുകൊണ്ടാണ് ജന ഗണ മനയുടെ ഒന്നാം ഭാഗം അവസാനിക്കുന്നതെങ്കിലും 'മെക്സിക്കൻ അപാരതപോലെ' അത് വെറുമൊരു കമ്മി പടവും ആവുന്നില്ല. അവസാന ഭാഗങ്ങളിലുള്ള ചില വലിച്ചുനീട്ടലകളും, ആദ്യപകുതിയിലെ ലാഗും ഒഴിവാക്കിയിരുന്നെങ്കിൽ പടം ഇതിലും എത്രാേ നന്നാവുമായിരുന്നു.

വിയോജിപ്പുകൾ ഉണ്ട്. കുറ്റക്കുറവുകളും ഉണ്ട്. എന്നിരുന്നാലും വേറിട്ട ഒരു പരീക്ഷണം എന്നനിലയിൽ കണ്ടിരിക്കാവുന്ന സിനിമയാണിത്. പക്ഷേ കമ്മീഷണർ, ലൂസിഫർ തുടങ്ങിയ പടങ്ങളെപ്പോലെ ഈസിയായി കണ്ടിരിക്കാവുന്ന ഒരു മാസ് ഫിലിം എന്ന രീതിയിൽ ഈ ചിത്രം കാണാൻ വരരുത്. തീയേറ്റർ വിട്ടാലും ഈ സിനിമ ഉയർത്തിയ രാഷ്ട്രീയ ചോദ്യങ്ങളിൽ ചിലത് നിങ്ങളുടെ പിന്നാലെ ഉണ്ടാവും.

എൻകൗണ്ടർ മുതൽ വിദ്യാർത്ഥി പ്രക്ഷോഭം വരെ

നുണകൾ ശ്വസിച്ച് നുണകൾ തിന്ന് ജീവിക്കുന്ന ഒരു ജനത. മാധ്യമങ്ങൾതൊട്ട് പൊലീസിലും കോടതിയിലുമെല്ലാം നടക്കുന്ന ഈ നുണകളുടെ ആറാട്ടിനെയാണ് ഈ ചിത്രം വിമർശിക്കുന്നത്. 2019ൽ തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബാലാത്സഗം ചെയ്തുകൊന്ന കേസിലെ പ്രതികളെ വിചാരണ നടത്താതെ എൻകൗണ്ടറിൽ കൊലപ്പെടുത്തിയ മെട്രോപൊളിറ്റൻ പൊലീസ് കമ്മീഷണർ വി സി. സജ്ജനാർ ഐപിഎസിന്റെ നടപടിക്ക് രാജ്യവ്യാപകമായി കൈയടിയാണ് കിട്ടിയത്. 'തീ തുപ്പിയ തോക്കിനൊരുമ്മ' എന്ന പേരിൽ കേരളത്തിൽ പോലും അതേക്കുറിച്ച് ഗാനങ്ങൾ ഉണ്ടായി. രാജ്യമെമ്പാടും, ലഡുവിതരണം ചെയ്ത് വനിതാസംഘടനകൾ പോലും ആ കൊല ആഘോഷിച്ചു. പക്ഷേ ഈ എൻകൗണ്ടർ കൊലകളുടെ മറുവശം എന്താണ്. ഇൻസ്റ്റന്റ് കാപ്പിപോലെ വിചാരണയും, കോടതിയും ഒന്നുമില്ലാതെ പൊലീസിന് ഇൻസ്റ്റന്റായി കൊടുക്കാൻ കഴിയുന്നതാണോ നീതി. ഇത്തരം വിഷയങ്ങളിലൊക്കെ ഗൗരവമായ ചർച്ച ഉയർത്തുന്ന ചിത്രമാണിത്.

ഒരുപാൻ ഇന്ത്യൻ സിനിമ എന്ന കാഴ്ചപ്പാടിൽനിന്നുകൊണ്ടുതന്നെ മലയാളവും തമിഴും കന്നഡയും സംസാരിക്കുന്ന ഒരു രാമനഗര എന്ന സാങ്കൽപ്പിക പട്ടണത്തിലാണ് കഥ നടക്കുന്നത്. ( രാമനഗര എന്ന പേരിനുമുണ്ട് ശക്തമായ ഒരു പൊളിറ്റിക്സ്). ഇവിടുത്തെ ഒരു കോളജിലെ അദ്ധ്യാപിക ( ചിത്രത്തിൽ മംമ്ത മോഹൻദാസ്) ക്രൂരമായി കൊല്ലപ്പെടുന്നതും തുടർന്ന് കോളജിൽ ഉണ്ടാകുന്ന പ്രക്ഷോഭങ്ങളിലൂടെയുമാണ് 'ജന ഗണ മന'യുടെ തുടക്കം. ബലാൽസംഗം ചെയ്യപ്പെട്ട് തീകൊളുത്തി കൊല്ലപ്പെട്ട തങ്ങളുടെ അദ്ധ്യാപികയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനുമായാണ് വിദ്യാർത്ഥികളുടെ സമരം. ഈ കേസ് അന്വേഷണത്തിനെത്തുന്നത് മലയാളിയായ സജ്ജൻ കുമാർ ( സുരാജ് വെഞ്ഞാറമൂട്) എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. തെലങ്കാനയിലെ നമ്മുടെ സജ്ജനാർ ഐപിഎസിനെ പേരിൽപോലും ഈ കഥാപാത്രം ഓർമ്മിപ്പിക്കുന്നു! പക്ഷേ അവിടെ സംഭവിച്ചത് തന്നെ ഇവിടെയും സംഭവിക്കുന്നു. അദ്ധ്യാപികയെ ക്രൂരമായി ബലാത്സഗം ചെയ്ത് തീക്കൊളുത്തിക്കൊന്ന കേസിലെ നാല് ക്രിമിനലുകളെയും സജ്ജൻകുമാർ വെടിവെച്ച് കൊല്ലുന്നു.

ഈ നടപടി രാജ്യമെമ്പാടും അഭിനന്ദനം ക്ഷണിച്ചുവരുത്തുന്നു. സമരത്തിനറങ്ങുന്ന വിദ്യാർത്ഥികൾ ലഡുവിതരണം ചെയ്ത് പൊലീസ് നടപടി ആഘോഷിക്കുന്നു. സജ്ജൻകുമാർ ഒറ്റ രാത്രികൊണ്ട് നാഷണൽ ഹീറോ ആവുന്നു. പക്ഷേ ഒരാൾ മാത്രം അയാളെ എതിർക്കുന്നു. അതും നടക്കാൻപോലും കഴിയാത്ത ഊന്നുവടികളുടെ സഹായത്തിൽ മാത്രം എഴുനേറ്റ് നിൽക്കുന്ന ഒരു അഡ്വക്കേറ്റ്. അതാണ് പൃഥ്വീരാജിന്റെ കഥാപാത്രം, അഡ്വ അരവിന്ദ് സ്വാമിനാഥൻ. ഒന്നാം പകുതിൽ കണ്ടതിന് കൈയടിച്ചവരെയെല്ലാം തിരിച്ച് കൈയടിപ്പിച്ചുകൊണ്ടുള്ള ട്വിസ്റ്റുകളുടെ പരമ്പരയാണ് രണ്ടാം പകുതിയിൽ. ആ രീതിയിലുള്ള പ്രമേയ കുഴമറിച്ചലിന്റെ ബ്രില്ല്യൻസ് മലയാള സിനിമിൽ അപൂർവമാണ്. അത് കണ്ടുതന്നെ അറിയുക.

ഒരുപാട് പ്രശ്നങ്ങൾ തിരുകിക്കയറ്റുന്നുവോ?

പക്ഷേ ഈ ചിത്രത്തിലെ ഏറ്റവും വലിയ കല്ലുകടിയായി തോന്നിയത്, ഇന്ത്യയിൽ ഉണ്ടായ ഒരുപാട് രാഷ്ട്രീയ സംഭവ വികാസങ്ങൾ ഒരുമിച്ച് ഈ പ്ലോട്ടിലേക്ക് എടുത്തതാണ്. പലതും കഥയുടെ വികാസത്തിന് അനുസരിച്ചല്ല വരുന്നത്. സർവകലാശാലകളിലെ ജാതീയ വിവേചനം, ജെൻയു സമരം, രാജ്യദ്രോഹി പട്ടം ചാർത്തി കൊടുക്കൽ, എൻകൗണ്ടർ കൊലകൾ, മീഡിയകളുടെ അജണ്ട സെറ്റ് ചെയ്യൽ, രാഷ്ട്രീയക്കാരുടെ കള്ളക്കളികൾ, കോടതിക്കുപോലമുള്ള വംശീയ മുൻവിധികൾ തുടങ്ങിയ വളരെ വിശാലമായ സംഭവങ്ങൾ ചിത്രത്തിൽ വരുന്നുണ്ട്. കറുത്ത നിറമുള്ളവരോട്, ചില സാമൂഹ്യ ചുറ്റുപാടുകളിലുള്ളവരോട്, ദളിതരോട് തുടങ്ങിയവരോടെല്ലാം മൂൻവിധിയോടെ വീക്ഷിക്കുന്ന സമൂഹത്തെ ചിത്രം വിചാരണ ചെയ്യുന്നു.

പക്ഷേ ഈ സംഭവങ്ങളുടെ ആധിക്യം കാരണം പരസ്പരം ബന്ധിപ്പിക്കുന്നിടത്ത് ചിലപ്പോൾ പാളുന്നുമുണ്ട്. ചില ഡയലോഗുകൾ ഒക്കെയും പൊളിറ്റിക്കൽ ആയ മുൻവിധിയോടെ എഴുതിയതാണെന്നും തോനുന്നുണ്ട്. നല്ല സിനിമകൾക്ക് ആഹ്വാന സ്വഭാവമുള്ള മുദ്രാവാക്യങ്ങൾ വേണ്ട. നിങ്ങൾ കഥ ശക്തമായി പറഞ്ഞാൽ മതി. ബാക്കി ജനം വിലയിരുത്തിക്കോളും.

ഒരു സംഘടനയുടെയും പേരു പറയുന്നില്ലെങ്കിലും അതി ശക്തമായ സംഘപരിവാർ വിമർശനമാണ് ഈ ചിത്രം ഉന്നയിക്കുന്നത്. പക്ഷേ ഇവിടെയും വൺസൈഡ് നവോത്ഥാനവാദം എന്ന അപകടകരമായ കെണിയിലേക്ക് ചിത്രം വീണുപോകുന്നുവോ എന്ന് സംശയം ചിലയിടത്തുണ്ട്. വേഷംകൊണ്ട് തിരിച്ചറിയാവുന്നവർ എന്ന് പറയുന്നതിൽ പ്രതിഷേധിച്ച് ആ പെൺകുട്ടി തട്ടമിടുന്നിടത്ത്, ഹിജാബ് സമരത്തിലെ മതത്തെ ചിത്രം മറന്നുപോകുന്നുണ്ട്. പക്ഷേ വെറും ഒരു കമ്മി പടം എന്ന നിലവാരത്തിലേക്ക് ചിത്രം ഒരിക്കലും താഴുന്നില്ല.

കഥ നടക്കുന്നത് കർണാടകയിലാണ് നടക്കുന്നതെങ്കിലും സംഭാഷണങ്ങളിൽ ഭൂരിഭാഗവും മലയാളത്തിലും തമിഴിലുമായി നടക്കുന്നത് ശരിക്കും ഈ പ്ലോട്ട് ഏത് സംസ്ഥാനത്തിലാണെന്ന സംശയുമുണ്ടാക്കിയിരുന്നു. സബ് ടൈറ്റിൽസ് ഉണ്ടായില്ല എന്നത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. അതുപോലെ രണ്ടാം പകുതി അന്തമില്ലാതെ നീണ്ടുപോകുന്നതായി തോനുന്നുണ്ട്. ചിത്രത്തിന്റെ അവസാനത്തെ 20 മിനിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള ആമുഖമാണ്. ഈ മുഖവുരയിലേക്ക് ചിത്രം കടക്കുന്നതിനാൽ അതുവരെ പുലർത്തിപ്പോന്ന ചടുലത കുറച്ചെങ്കിലും ഒടുവിൽ കൈമോശം വരുന്നു. റിയലിസ്റ്റിക്കാണ് സിനിമയെങ്കിലും ചിലയിടത്തെങ്കിലും നാടകീയതയും ശ്രദ്ധക്കുറവും പ്രകടമാണ്. ഒരു പോപ്പുലർ സിനിമയുടേതിൽ നിന്ന് വ്യത്യസ്തമായി, വെബ്‌സീരീസുകളുടെ ശില്പഘടന ആണ് സിനിമയുടേത്. അതുകൊണ്ടുതന്നെ ആദ്യപകുതിയിൽ ആസ്വാദനത്തിൽ ലാഗ് ഫീൽ ചെയ്യുന്നുണ്ട്.

തകർത്ത് പൃഥ്വീരാജ്

പക്ഷേ അടുത്തകാലത്തൊന്നും പൃഥ്വീരാജിനെ ഇത്രയും ശക്തമായ ഡയലോഗുകൾ ഉള്ള കഥാപാത്രവുമായി കണ്ടിട്ടില്ല. 'നോട്ട് നിരോധിച്ചു, ഇനി വോട്ട് നിരോധിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല, കാരണം ഇവിടെ ചോദ്യം ചോദിക്കുന്നവരെ നിശബ്ധരാക്കുകയാണ്.'- അയാൾ പറയുമ്പോൾ കൊള്ളേണ്ടിടത്തുകൊള്ളുന്നുണ്ട്. ചിത്രത്തിന്റെ ആദ്യപകുതിയിൽ തുടക്കത്തിൽ മാത്രമാണ് പൃഥ്വീരാജിന്റെ കഥാപാത്രം വരുന്നത്. രണ്ടാം പകുതിയിൽ ഏറെ ദൈർഘ്യമുള്ള കോടതി രംഗങ്ങൾ എല്ലാം എന്ത് കൈയടക്കത്തോടെയാണ് ഈ നടൻ ചെയ്തത് എന്ന് നോക്കുക. ആ ശരീരഭാഷയും അംഗ ചലനങ്ങളും ഡയലോഗ് ഡെലിവെറുയുമെല്ലാം എടുത്തു പറയണം. ക്ലൈമാക്സിൽ 'ഈ രാജ്യം നിന്റെയൊന്നും തന്തയുടെ വകയല്ല' എന്ന മരണമാസ് ഡയലോഗിന് തീയേറ്ററിൽ വൻ കൈയടികൾ ഉയരുകകയാണ്. പൃഥ്വിയുടെ ഈ കഥാപാത്രത്തിന് ആദ്യപകുതിയിൽ കുറച്ചുകൂടി സ്‌ക്രീൻ പ്രസൻസ് കൊടുക്കയാണെങ്കിൽ, ജനഗണനമനയുടെ തീയേറ്റർ വിജയം ഉറപ്പാകുമായിരുന്നു.

ഡ്രൈവിങ്ങ് ലൈസൻസ് എന്ന സച്ചിയുടെ ചിത്രത്തനുശേഷം പൃഥ്വീരാജും സുരാജ് വെഞ്ഞാറമൂടും മുഖാമുഖം നിൽക്കുന്ന ചിത്രമാണിത്. ഡ്രൈവിങ്ങ് ലൈസൻസിൽ പൃഥ്വിയേക്കാൾ നന്നായത് സുരാജ് ആയിരുന്നെങ്കിൽ, ഇവിടെ അദ്ദേഹത്തിന്റെ പ്രകടനം പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ആയിപ്പോയി. സജ്ജൻ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അതി സങ്കീർണ്ണമായ കഥാപാത്രത്തിന്റെ ഉൾപ്പിരിവുകൾ അത്ര സൂക്ഷമമായി ചെയ്യാൻ സുരാജിന് കഴിഞ്ഞിട്ടില്ല. ചിലയിടത്തൊക്കെ ശരിക്കും കൃത്രിമത്വം ഫീൽ ചെയ്യുന്നുണ്ട്. മാനാട് എന്ന തമിഴ്സിനിമയെ 'വന്താൻ, സുട്ടാൻ, റിപ്പീറ്റ്' എന്ന് പറയുന്ന എസ്ജെ സൂര്യയൊക്കെ ആയിരുന്നു ഈ റോളിലെങ്കിൽ എന്ന് ഒരുവേള ആശിച്ചുപോയി. പക്ഷേ ആദ്യ പകുതി കൊണ്ടുപോകുന്നത് സുരാജ് ഒറ്റയ്ക്കാണെന്നും ഓർക്കണം.

വിൻസി അലോഷ്യസ് എന്ന യുവ നടിക്കും ശ്രദ്ധേയമായ വേഷമുണ്ട് ചിത്രത്തിൽ. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജി.എം. സുന്ദറിന്റെത് പക്ഷേ തമിഴ്- തെലുങ്ക് സിനിമകളിൽ സ്ഥിരം കാണുന്ന, 'ഡായ്' എന്ന് പറഞ്ഞ് കണ്ണുരുട്ടുന്ന വൈറ്റ് ആൻഡ് വൈറ്റ് വില്ലന്മാരുടേതായിപ്പോയി. മംമ്ത, ശാരി, ഷമ്മി തിലകൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ഇതിൽ എടുത്തുപറയേണ്ടത് ഷമ്മി തിലകന്റെ പ്രകടനമാണ്. പലയിടത്തും തന്റെ പിതാവ്, അനശ്വര നടൻ തിലകനെ ഷമ്മി ഓർമ്മിപ്പിക്കുന്നു. ധ്രുവൻ, വൈഷ്ണവി, ഹരികൃഷ്ണൻ, വിനോദ് സാഗർ എന്നിവരെ കൂടാതെ ഇളവരസ്, ശ്രീ ദിവ്യ, രാജാ കൃഷ്ണമൂർത്തി എന്നീ തമിഴ്താരങ്ങളും ചിത്രത്തിലെ അഭിനേതാക്കളാണ്.

സംവിധായകനായ ഡിജോ ജോസ് ആന്റണിയുടെ നോൺ ലീനിയർ ആയുള്ള കഥ പറച്ചിമൂലം ആദ്യ പകുതിയിൽ ചില പ്രശ്നങ്ങളുണ്ട്. പക്ഷേ രണ്ടാം പകുതിയിൽ ചിത്രം ചൂടുപിടിക്കുന്നുണ്ട്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയേക്കാളും മൂർച്ച ഡയലോഗുകൾക്കാണ്. സുദീപ് ഇളമണ്ണിന്റെ ഛായാഗ്രഹണവും ശ്രീജിത്ത് സാരങിന്റെ എഡിറ്റിങും മികവു പുലർത്തി. ഒരു ത്രില്ലർ ചിത്രത്തിന്റെ മൂഡ് നിലനിർത്തി കൊണ്ടു പോവുന്നതിൽ ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും വിജയിച്ചു.

പൃഥ്വീരാജിന്റെ അരവിന്ദ് സ്വാമിനാഥൻ ഡയലോഗുകളിലൂടെ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ഇനി വരാൻ പോകുന്ന ഭാഗത്തിലായിരിക്കും ഇയാളെ കുറിച്ച് കൂടുതൽ അറിയാനാകുക. കുറെ സൂചനകളും ചോദ്യങ്ങളും ബാക്കിയാക്കികൊണ്ടാണ് അരവിന്ദ് പോകുന്നത്. ബാക്കി രണ്ടാം ഭാഗത്തിലായിരിക്കുമെന്ന് വ്യക്തം.

വാൽക്കഷ്ണം: കാശ്മീർ ഫയൽസ് എന്ന ചിത്രം ഇറങ്ങിയപ്പോൾ, അത് കാണാൻ ഓടിക്കൂടിയവർ ഈ സിനിമയെ രാഷ്ട്രീയ ഉള്ളടക്കം വെച്ച് വിമർശിക്കുന്നുണ്ട്. കാശ്മീർ ഫയൽസിലെ വിമർശിക്കുകയും പണ്ഡിറ്റുകളുടെ കൂട്ടക്കൊല കെട്ടുകഥയാണെന്നുള്ള പച്ചനുണ ഫേസ്‌ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തവർ, ഇപ്പോൾ 'ജന ഗണ മനക്ക' കയറുകയും ചെയ്യുന്നു. നേരത്തെ ഉണ്ണിമുകന്ദന്റെ മേപ്പടിയാനെ സംഘി ചിത്രമാക്കിയവരും ഈ ഫേസ്്ബുക്ക് തള്ളലുകാരിൽ ഉണ്ട്. സിനിമയെ സിനിമയായി കാണാൻ ഇനി എന്നാണ് നമ്മുടെ സൈബർ രാഷ്ട്രീയക്കാർ തയ്യാറാവുക.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ലഎഡിറ്റർ)

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP