Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻനിരയെ വീഴ്‌ത്തി ചമീര; സ്പിന്നിൽ കുരുക്കി ക്രുണാലും; മികച്ച തുടക്കത്തിനുശേഷം തകർന്നടിഞ്ഞ് പഞ്ചാബ്; 20 റൺസ് ജയത്തോടെ ലഖ്‌നൗ മൂന്നാമത്; ഒൻപതു മത്സരത്തിൽ അഞ്ചിലും തോറ്റ് പഞ്ചാബ്

മുൻനിരയെ വീഴ്‌ത്തി ചമീര; സ്പിന്നിൽ കുരുക്കി ക്രുണാലും; മികച്ച തുടക്കത്തിനുശേഷം തകർന്നടിഞ്ഞ് പഞ്ചാബ്; 20 റൺസ് ജയത്തോടെ ലഖ്‌നൗ മൂന്നാമത്; ഒൻപതു മത്സരത്തിൽ അഞ്ചിലും തോറ്റ് പഞ്ചാബ്

സ്പോർട്സ് ഡെസ്ക്

പുനെ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ കീഴടക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ബോളർമാരുടെ ആധിപത്യം കണ്ട മത്സരത്തിൽ പഞ്ചാബിനെ 20 റൺസിനാണ് ലക്‌നൗ പരാജയപ്പെടുത്തിയത്. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചിട്ടും 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു.

ജയത്തോടെ ഒമ്പത് കളികളിൽ 12 പോയന്റുമായാണ് ലഖ്‌നൗ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി മൂന്നാം സ്ഥാനത്തെത്തിയത്. ഒമ്പത് മത്സരങ്ങളിൽ എട്ട് പോയന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്ത് തുടരുന്നു. സ്‌കോർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 20 ഓവറിൽ 153-8, പഞ്ചാബ് കിങ്‌സ് 20 ഓവറിൽ 133-8.

153 റൺസ് എന്ന ഭേദപ്പെട്ട വിജയലക്ഷ്യം പ്രതിരോധിച്ച ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ലക്‌നൗവിനെ ജയത്തിലെത്തിച്ചത്. ലക്‌നൗവിനായി മൊഹ്‌സിൻ ഖാൻ നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയുടെ പ്രകടനവും ശ്രദ്ധേയമായി. ദുഷ്മന്ത ചമീര നാല് ഓവറിൽ 17 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു. രവി ബിഷ്‌ണോയിക്ക് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 41 റൺസ് വഴങ്ങി.

28 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 32 റൺസെടുത്ത ജോണി ബെയർ‌സ്റ്റോയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ മയാങ്ക് അഗർവാൾ 17 പന്തിൽ രണ്ടു വീതം സിക്‌സും ഫോറും സഹിതം 25 റൺസെടുത്തു. ഇവർക്കു പുറമേ രണ്ടക്കം കണ്ടത് ലിയാം ലിവിങ്സ്റ്റൺ (16 പന്തിൽ 18), ഋഷി ധവാൻ (22 പന്തിൽ പുറത്താകാതെ 21) എന്നിവർ മാത്രം.

154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ക്യാപ്റ്റൻ മായങ്ക് അഗർവാളും ശിഖർ ധവാനും ചേർന്ന് 4.4 ഓവറിൽ 35 റൺസടിച്ച് തകർപ്പൻ തുടക്കമിട്ടു. എന്നാൽ അഞ്ചാം ഓവറിൽ മായങ്കിനെ(17 പന്തിൽ 25)ചമീരയുടെ പന്തിൽ രാഹുൽ പറന്നു പിടിച്ചതോടെ പഞ്ചാബിന്റെ കഷ്ടകാലം തുടങ്ങി. പിന്നാലെ ശിഖർ ധവാനെ(5) രവി ബിഷ്‌ണോയ് ക്ലീൻ ബൗൾഡാക്കി. ഭാനുക രജപക്‌സെയെ(9) ക്രുനാൽ മടക്കിതോടെ 58-3ലേക്ക് തകർന്ന പഞ്ചാബിന് ലിയാം ലിവിങ്സ്റ്റണും ജോണി ബെയർ‌സ്റ്റോയും ചേർന്ന് വിജയപ്രതീക്ഷ നൽകി.

എന്നാൽ മികച്ച ഫോമിലുള്ള ലിവിങ്സ്റ്റണെ(16 പന്തിൽ 18) മടക്കി മൊഹ്‌സിൻ ഖാൻ പഞ്ചാബിന്റെ പ്രതീക്ഷകൾ എറിഞ്ഞിട്ടു. പൊരുതി നിന്ന ബെയർ‌സ്റ്റോ(28 പന്തിൽ 32)ചമീരക്ക് മുമ്പിൽ വീണു. പിന്നാലെ ജിതേഷ് ശർമയും(2),കാഗിസോ റബാഡയും(2) രാഹുൽർ ചാഹറും(4) കൂടി മടങ്ങിയതോടെ പഞ്ചാബിന്റെ പ്രതീക്ഷയറ്റു. റിഷി ധവാൻ(21) നടത്തിയ പോരാട്ടത്തിന് പഞ്ചാബിന്റെ തോൽവിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. 37 പന്തിൽ നാലു ഫോറും രണ്ടു സിക്‌സും സഹിതം 46 റൺസെടുത്ത ഓപ്പണർ ക്വിന്റൻ ഡികോക്കാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറർ. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ കെ.എൽ. രാഹുൽ ഇത്തവണ നിരാശപ്പെടുത്തിയെങ്കിലും, രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡയെ കൂട്ടുപിടിച്ച് ഡികോക്ക് നടത്തിയ പോരാട്ടമാണ് ലക്‌നൗവിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 59 പന്തിൽ കൂട്ടിച്ചേർത്തത് 85 റൺസാണ്. ദീപക് ഹൂഡ 28 പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 34 റൺസെടുത്ത് റണ്ണൗട്ടായി.

ഇവർക്കു പുറമെ ലക്‌നൗ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. ജെയ്‌സൻ ഹോൾഡർ എട്ടു പന്തിൽ ഒരു സിക്‌സ് സഹിതം 11 റൺസെടുത്തും ദുഷ്മന്ത ചമീര 10 പന്തിൽ രണ്ടു സിക്‌സ് സഹിതം 17 റൺസെടുത്തും പുറത്തായി. മൊഹ്‌സിൻ ഖാൻ ആറു പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 13 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കെ.എൽ. രാഹുലിനു (11 പന്തിൽ ആറ്) പുറമേ ക്രുണാൽ പാണ്ഡ്യ (ഏഴു പന്തിൽ ഏഴ്), മാർക്കസ് സ്റ്റോയ്‌നിസ് (നാലു പന്തിൽ ഒന്ന്), ആയുഷ് ബദോനി (നാലു പന്തിൽ നാല്) എന്നിവരും നിരാശപ്പെടുത്തി. ആവേശ് ഖാൻ (അഞ്ച് പന്തിൽ രണ്ട്) പുറത്താകാതെ നിന്നു.

പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 38 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. രാഹുൽ ചാഹർ നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്‌ത്തി. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സന്ദീപ് ശർമയുടെ പ്രകടനവും ശ്രദ്ധേയമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP