Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും പതിനഞ്ച് മിനിറ്റ് വൈദ്യുതി നിയന്ത്രണം; ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി; 20 രൂപ നിരക്കിൽ 250 മെഗാവാട്ട് വാങ്ങും; പ്രതിദിനം ഒന്നര കോടിയുടെ അധിക ബാധ്യത; വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും പതിനഞ്ച് മിനിറ്റ് വൈദ്യുതി നിയന്ത്രണം; ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി; 20 രൂപ നിരക്കിൽ 250 മെഗാവാട്ട് വാങ്ങും; പ്രതിദിനം ഒന്നര കോടിയുടെ അധിക ബാധ്യത;  വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഇന്നു കൂടി തുടരുമെന്ന് കെഎസ്ഇബി ചെയർമാൻ ബി.അശോക്. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകിട്ട് 6.30നും രാത്രി 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.

നിലവിലെ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി ഉണ്ടാകും. സാഹചര്യം ഒഴിവാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് വൈദ്യുതി വകുപ്പ്. കൽക്കരി ക്ഷാമം ഒക്ടോബർ വരെ നീണ്ടേക്കാമെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു. നല്ലളം നിലയത്തിൽ നിന്ന് 90 മെഗാവാട്ട് ലഭിക്കും. കായംകുളം നിലയത്തിൽ നിന്നും ഉത്പാദനം തുടങ്ങും. മെയ് 3 ന് 400 മെഗാവാട്ട് കുറവ് പ്രതീക്ഷിക്കുന്നു. അന്ന് സംസ്ഥാനത്ത് വൈദുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നും ഉപഭോക്താക്കൾ ഉപയോഗം കുറച്ച് സഹകരിക്കണമെന്നും ബി അശോക് കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിച്ചതായും ബി അശോക് പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ 20 രൂപ നിരക്കിൽ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും. മെയ് 31 വരെ ഈ സംവിധാനം തുടരും. അധിക വൈദ്യുതി വാങ്ങുന്നതിന് പ്രതിദിനം ഒന്നര കോടി രൂപ വരെ അധിക ബാധ്യത ഉണ്ടാകുമെന്നും അശോക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ രാജ്യത്ത് ഏറ്റവും കുറവ് വൈദ്യുതി പ്രതിസന്ധിയുള്ള സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. കഴിഞ്ഞ വർഷത്തെ പോലെ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം മാത്രമാണ് ഏർപ്പെടുത്തിയത്. വൈദ്യുതിയുടെ അനാവശ്യമായ ഉപഭോഗം കുറയ്ക്കാനാണ് മുഖ്യമായി അഭ്യർത്ഥിച്ചത്. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് തിരിച്ചുവരാൻ പോകുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ കെഎസ്ഇബി ചെയർമാൻ തള്ളി.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മെയ് 31 വരെ പരമാവധി 20 രൂപ നിരക്കിൽ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാൻ തീരുമാനിച്ചത്.ഇതുവഴി 50 കോടി രൂപയുടെ വരെ ബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടാവുക.

നിലവിൽ യൂണിറ്റിന് പരമാവധി 12 രൂപ വരെ മുടക്കാനാണ് തീരുമാനമുള്ളത്. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ഈ ബാധ്യത ഏറ്റെടുക്കാൻ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ മാസങ്ങളിൽ കെഎസ്ഇബിയുടെ സാമ്പത്തിക നില മെച്ചപ്പെട്ടതും തീരുമാനത്തെ സ്വാധീനിച്ചതായും അശോക് പറഞ്ഞു.

നിലവിലെ നിയന്ത്രണം 24 മണിക്കൂർ വരെ തുടരും. മെയ് മൂന്നിന് 400 മെഗാവാട്ട് വരെ കുറവുണ്ടാകാം. ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും അശോക് അഭ്യർത്ഥിച്ചു. ദേശീയ തലത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായാൽ നിയന്ത്രണം അടക്കമുള്ള മറ്റു വഴികൾ തേടേണ്ടി വരുമെന്നും അശോക് സൂചിപ്പിച്ചു.

കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിന്റെ കുറവാണുള്ളത്.

നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാറിന്റെയും കെഎസ്ഇബിയുടെയും നീക്കം. എറണാകുളത്ത് റിലയൻസിന്റെ താപനിലയവുമായും ചർച്ച നടക്കുന്നു. ആന്ധ്രയിലെ ഒരു കമ്പനിയുമായി വിതരണത്തിന് കരാർ ഒപ്പിടാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിലെയും ഉല്പാദനം കൂട്ടാനും ശ്രമം നടക്കുന്നു.

ബദൽ നടപടി ഫലം കണ്ടാൽ രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി തീരുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. പക്ഷേ ദീർനാളത്തേക്കുള്ള പദ്ധതി കൂടി കെഎസ്ഇബി ആലോചിക്കുന്നുണ്ട്. രാജ്യത്തെ കൽക്കരി പ്രതിസന്ധി ഒക്ടോബർ വരെ നീളാനുള്ള സാധ്യത എന്നത് മുന്നിൽ കണ്ടാണ് ഇത്.

ജനങ്ങൾ പരമാവധി ഉപഭോഗം കുറക്കണമെന്നാണ് കെഎസ്ഇബി നിർദ്ദേശം. ഇന്നലെ മുതൽ പതിനഞ്ച് മിനുട്ടാണ് നിയന്ത്രണം എന്നാണ് ഔദ്യോഗിക അറിയിപ്പ്. ആശുപത്രികളെയും നഗരപ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നഗരങ്ങളിലടക്കം കൂടുതൽ സമയം നിയന്ത്രണം ഇന്നലെ രാത്രി മുതലുണ്ടെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP