Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലായിലെ വികസനം നിരന്തരം തടസ്സപ്പെടുത്തുന്നകേരളാ കോൺഗ്രസ് എമ്മിനെതിരെ പ്രത്യക്ഷ സമരവുമായി ഡി സി കെ

പാലായിലെ വികസനം നിരന്തരം തടസ്സപ്പെടുത്തുന്നകേരളാ കോൺഗ്രസ് എമ്മിനെതിരെ പ്രത്യക്ഷ സമരവുമായി ഡി സി കെ

സ്വന്തം ലേഖകൻ

പാലാ: അധികാര ദുർവിനിയോഗത്തിലൂടെ പാലായുടെ വികസനത്തിന് നിരന്തരം തടസ്സം സൃഷ്ടിക്കുന്ന കേരളാ കോൺഗ്രസ് എമ്മിന്റെ നിലപാടിനെതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ ഡെമോക്രാറ്റിക് കോൺഗ്രസ് കേരളാ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതികൾ നടപ്പാക്കാതിരിക്കാനും പുതിയ പദ്ധതികൾ ലഭിക്കാതിരിക്കാനും കേരളാ കോൺഗ്രസ് എം നിരന്തരം ശ്രമിക്കുകയാണെന്ന് ഡി സി കെ കുറ്റപ്പെടുത്തി. പാലായിൽ കേരളാ കോൺഗ്രസ് തടസ്സപ്പെടുത്തുന്ന വികസന പദ്ധതികൾ അക്കമിട്ടു നിരത്തി 'എന്റെ പാലാ എന്റെ അഭിമാനം' എന്ന പേരിൽ സമര പരമ്പരകൾക്കു തുടക്കമിടാനും യോഗം തീരുമാനിച്ചു.

ഇതിന്റെ ആദ്യ ഘട്ടമെന്നനിലയിൽ കളരിയാന്മാക്കൽ പാലം റോഡ് പൂർത്തീകരണം അടിയന്തിരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം ആരംഭിക്കും.

അപ്രോച്ച് റോഡും തുടർ റോഡും ഇല്ലാതെ ഏഴു വർഷങ്ങൾക്കു മുമ്പാണ് കളരിയാമ്മാക്കൽ പാലം പണി പൂർത്തീകരിച്ചത്. പിന്നീട് വർഷങ്ങളോളം നടപടിയില്ലാതെ കിടക്കുകയായിരുന്നു. എന്നാൽ മാണി സി കാപ്പൻ ആദ്യം എം എൽ എ ആയപ്പോൾ നാട്ടുകാരുടെ ആവശ്യപ്രകാരം പാലം റോഡ് പൂർത്തീകരണത്തിന് മുൻഗണന നൽകി.

ചെത്തിമറ്റം ഭാഗത്ത് അപ്രോച്ച് റോഡും കിഴപറയാർ ഭാഗത്ത് അപ്രോച്ച് റോഡും ഇല്ലാതെയും തുടർ റോഡിനുള്ള സ്ഥലം ഏറ്റെടുക്കാതെയുമായിരുന്നു പാലാ ടൗണിനെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെത്തിമറ്റം കളരിയാമാക്കൽ കടവ് പാലം പൂർത്തീകരിച്ചത്. ആവശ്യമായ സ്ഥലം നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നില്ല. പാലത്തിനൊപ്പം ചെക്കുഡാമും നിർമ്മിച്ചിരുന്നു. 7.5 മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലും തീർത്തിരിക്കുന്ന പാലം നിർമ്മിച്ചത് ജലസേചന വകുപ്പായിരുന്നു. മുൻ എം എൽ എ കെ എം മാണിയുടെ കാലത്താണ് പാലം മാത്രമായി പണി പൂർത്തീകരിച്ചത്.

കോടികൾ മുടക്കി പണി പൂർത്തിയാക്കിയ പാലം പ്രയോജനമില്ലാതെ കിടക്കുന്നത് കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ നടപടി ക്രമങ്ങൾ അടിയന്തിര പ്രാധാന്യം നൽകി പൂർത്തീകരിക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനും റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുമായി 13 കോടി 87 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. പിന്നീട് കോട്ടയത്തും തിരുവനന്തപുരത്തുമായായി എം എൽ എ നിരന്തരം നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ പാലായിൽ രാഷ്ട്രീയ മാറ്റം വന്നതോടെ നടപടി ക്രമങ്ങൾ മന്ദീഭവിക്കുകയായിരുന്നു. കേരളാ കോൺഗ്രസ് എമ്മിനെ പരാജയപ്പെടുത്തിയതിന്റെ വിരോധത്തിന് അധികാരമുപയോഗിച്ചു പാലായിലെ വികസനം തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പാലം റോഡ് പൂർത്തീകരണം തടസ്സപ്പെടുത്തിയിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. ജോഷി പുതുമന, ടോണി തൈപ്പറമ്പിൽ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, അപ്പച്ചൻ ചെമ്പൻകുളം, താഹ തലനാട്, റോയി നാടുകാണി, ബീന രാധാകൃഷ്ണൻ, ജ്യോതി ലക്ഷ്മി, ഷൈലാ ബാനു എന്നിവർ പ്രസംഗിച്ചു.

ഭരണങ്ങാനം പഞ്ചായത്തുമായുള്ള സൗഹൃദ പങ്കാളിത്ത ഉടമ്പടി പ്രഖ്യാപനം അമേരിക്കയിലെ കൂപ്പർസിറ്റിയിൽ നടത്തി

പാലാ/ കൂപ്പർസിറ്റി : അമേരിക്കയിലെ ഫ്‌ളോറിഡാ സംസ്ഥാനത്തുള്ള ബ്രോവാർഡ് കൗണ്ടിയിലെ മുനിസിപ്പൽ നഗരമായ കൂപ്പർ സിറ്റിയും കേരളത്തിലെ അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി പ്രഖ്യാപനം കൂപ്പർസിറ്റി നഗരസഭാ ഹാളിൽ വൈസ് മേയർ ജെഫ് ഗ്രീൻ നിർവ്വഹിച്ചു. ചരിത്രപരമായ തീരുമാനമാണ് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. ഇരു സ്ഥാപനങ്ങൾക്കും പങ്കാളിത്തം ഗുണകരമാകുമെന്നും ജെഫ് ഗ്രീൻ പറഞ്ഞു. മലയാളികളടക്കമുള്ള ക്ഷണിപ്പെട്ട അതിഥികളെ സാക്ഷി നിറുത്തിയാണ് വൈസ് മേയർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇരു സ്ഥാപനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാൻ നേതൃത്വം നൽകിയ ഭരണങ്ങാനം സ്വദേശി ജോയി കുറ്റിയാനി ഭരണങ്ങാനത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം പ്രഖ്യാപനരേഖ ഭരണങ്ങാനം പഞ്ചായത്തിന് കൈമാറാനായി ജോയി കുറ്റിയാനിക്കു വൈസ് മേയർ കൈമാറി.

പങ്കാളിത്ത ഉടമ്പടിയിലൂടെ ഭരണങ്ങാനത്തിന്റെ ഖ്യാതി കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കാനാവുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ചരിത്രപരമായ പങ്കാളിത്ത ഉടമ്പടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു.

അമേരിക്കയിലെ ഒരു നഗരവുമായി കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായിട്ടാണ് സൗഹൃദപങ്കാളിത്വ ഉടമ്പടി പ്രഖ്യാപിച്ചത്. കൂപ്പർസിറ്റി നഗരസഭയുടെ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് പ്രോഗം വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

സാംസ്‌കാരികം, വിദ്യാഭ്യാസം, വിവരസാങ്കേതികം, വ്യാപാരം, ടൂറിസം മേഖലകളിൽ ആഗോള ബന്ധങ്ങൾ സൃഷ്ടിക്കാൻ പദ്ധതി സഹായിക്കും. കല, വിപണനം, ഇന്റർനാഷണൽ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി വികസനം തുടങ്ങിയവ പ്രാദേശികതലത്തിൽ ഇരുകൂട്ടർക്കും നടപ്പാക്കാനാവും. ആജീവനാന്ത സൗഹൃദങ്ങൾ വളർത്തിയെടുത്തു സമൂഹത്തിനു സമൃദ്ധിയും സമാധാനവും സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇരു സ്ഥാപനങ്ങളും തമ്മിൽ സംസ്‌കാരിക വിനിമയത്തിനുള്ള നടപടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ, സാംസ്‌കാരിക, വ്യവസായിക, ടൂറിസം, ബിസിനസ് മേഖലകൾക്കു ഗുണകരമാകും വിധം ഭരണങ്ങാനത്തിന്റെ സാധ്യതകൾ കൂപ്പർസിറ്റി അമേരിക്കയിൽ വിളംബരം ചെയ്യും. ഇരു സ്ഥാപനങ്ങൾക്കും സാമ്പത്തിക ബാധ്യത ഇല്ലാതെയും ഇടനിലക്കാരില്ലാതെയും കൂപ്പർസിറ്റിയും ഭരണങ്ങാനം ഗ്രാമ പഞ്ചായത്തും നേരിട്ടാണ് പദ്ധതികൾ നടപ്പാക്കുന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സീലിങ് തകർന്ന സംഭവത്തിൽ എം എൽ എ റിപ്പോർട്ട് തേടി

പാലാ: എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തോടു ചേർന്നു സംസ്ഥാന നിർമ്മിതി കേന്ദ്രം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സീലിംഗാണ് തകർന്നു വീണ സംഭവത്തിൽ മാണി സി കാപ്പൻ എം എൽ എ റിപ്പോർട്ട് തേടി. വള്ളിച്ചിറയിൽ പ്രവർത്തിക്കുന്ന നിർമ്മിതികേന്ദ്രത്തിന്റെ യൂണിറ്റിനായിരുന്നു നിർമ്മാണച്ചുമതല.

തകരാർ അടിയന്തിരമായി പരിഹരിച്ചു റിപ്പോർട്ട് നൽകാൻ നിർമ്മിതികേന്ദ്രത്തിന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും എം എൽ എ അറിയിച്ചു. എം എൽ എ റിപ്പോർട്ടു തേടിയതോടെ നിർമ്മിതികേന്ദ്രം അധികൃതർ ഇടപെട്ടു 11 മണിയോടെ തകർന്നു വീണ സീലിങ് പുനഃസ്ഥാപിച്ചു.

റോയി എലിപ്പുലിക്കാട്ട് അനുസ്മരണം 30 ന്

പാലാ: ഇന്ത്യൻ കോഫീ ഹൗസ് സൗഹൃദ കൂട്ടയ്മയുടെ നേതൃത്വത്തിൽ കൂട്ടായ്മയിൽ അംഗമായിരുന്ന അന്തരിച്ച റോയി മാത്യു എലിപ്പുലിക്കാട്ടിനെ അനുസ്മരിക്കുന്നു.
30 ന് വൈകിട്ട് 5 ന് മിൽക്ക് ബാർ എസി ഓഡിറ്റോറിയത്തിലാണ് അനുസ്മരണം. തിരക്കുകൾക്കിടയിലും വൈകുന്നേരങ്ങളിലെ ഇന്ത്യൻ കോഫീ ഹൗസിലെ സൗഹൃദ കൂട്ടായ്മയിൽ മിക്കപ്പോഴും റോയി പങ്കെടുക്കുമായിരുന്നു. റോയിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാനാണ് കൂട്ടായ്മ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സഹകരണ, ഗ്രന്ഥശാലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP