Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആ പെൺകുട്ടിയുടെ കണ്ണുനീർ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു; പൊലീസിലെ അഴിച്ചുപണി പ്രതികൾ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നു'; തുറന്നടിച്ച് ഉമാ തോമസ് പൊതുവേദിയിൽ

'ആ പെൺകുട്ടിയുടെ കണ്ണുനീർ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു; പൊലീസിലെ അഴിച്ചുപണി പ്രതികൾ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നു'; തുറന്നടിച്ച് ഉമാ തോമസ് പൊതുവേദിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണായ ഘട്ടത്തിൽ നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ്.ശ്രീജിത്തിനെ സ്ഥാനത്ത് നിന്നും മാറ്റിയത് പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നുവെന്ന് പി ടി തോമസ് എംഎൽഎയുടെ ഭാര്യ ഉമാ തോമസ്.

നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച് ഫ്രണ്ട്‌സ് ഓഫ് പി ടി ആൻഡ് നേച്ചർ എറണാകുളം ഗാന്ധി സ്‌ക്വയറിൽ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ഉമാ തോമസ്. തൃക്കാക്കര സ്ഥാനാർത്ഥി നിർണായ ചർച്ചകൾ കോൺഗ്രസിൽ സജീവമായിരിക്കെയാണ് ഉമാ തോമസ് പൊതു വേദിയിലെത്തിയത്.

പിടി തോമസ് കേസിൽ സത്യസന്ധമായാണ് ഇടപെട്ടതെന്ന് ഉമ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പുലർച്ചെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘർഷത്തിന് താൻ മാത്രമായിരുന്നു സാക്ഷിയെന്നും ഉമ പറഞ്ഞു.

'നടിയെ ആക്രമിച്ച കേസിൽ പി ടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവർക്കുമറിയാം. എന്നാൽ പി ടി അന്ന് പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അനുഭവിച്ച മാനസിക സമ്മർദ്ദം ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ. ആ പെൺകുട്ടിയുടെ കണ്ണുനീർ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു. പിന്നീട് നീതി ഉറപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം സത്യസന്ധമായാണ് പോരാടിയത്. പൊലീസിലെ അഴിച്ചുപണി പ്രതികൾ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നു.

ഇപ്പോൾ കേസ് നടക്കുമ്പോൾ പി ടി ഇല്ലാത്ത ദുഃഖം വല്ലാതെ അലട്ടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോരാട്ടം തുടരുമ്പോൾ ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇവിടെ എത്തിയത്- ഉമ തോമസ് പറഞ്ഞു.

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി നടൻ രവീന്ദ്രൻ നടത്തിയ സമരത്തിന്റെ വേദിയിൽ പിന്തുണയുമായാണ് ഉമ എത്തിയത്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് ഉമ തോമസ് പറഞ്ഞു. കൊച്ചിയിൽ ജില്ലാ കോൺഗ്രസ് നേതൃസംഗമം നടക്കുന്നതിനിടെയാണ് പൊതുവേദിയിലേക്കുള്ള ഈ വരവ് എന്നതു കൂടി ശ്രദ്ധിക്കേണ്ടതാണ്.

മത്സരിക്കാനില്ലെന്ന പഴയ നിലപാടിൽ നിന്നുള്ള പ്രകടമായ മാറ്റമാണ് ഉമയുടേത്. മൽസരിക്കുമെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന ഒറ്റ വാചകത്തിലൂടെ ചിത്രം വ്യക്തമാകുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായി ഹൈക്കമാൻഡും കെപിസിസി നേതൃത്വവും ദിവസങ്ങൾക്ക് മുമ്പ് ഉമാ തോമസിനെ നേരിൽ കണ്ട് അറിയിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് കോൺഗ്രസ് നേതൃത്വം മുൻകൈയെടുത്ത് ഉമാ തോമസിനെ പൊതു വേദിയിലെത്തിച്ചത്.

പി ടി തോമസ് പ്രധാന സാക്ഷിയായ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ സമരത്തിലാണ് ഉമാ തോമസ് എത്തിയത് എന്നതും. ഇതുവഴി പിടി തോമസി ശ്രദ്ധേയം. സ്മരണ സജീവമാക്കുക മാത്രമല്ല സ്ത്രീ അവകാശ പോരാട്ടങ്ങളുടെ ഭാഗമായിക്കൂടി ഉമാ തോമസിനെ പൊതുമണ്ഡലത്തിൽ അവതരിപ്പിക്കുകയാണ് കോൺഗ്രസ്.

എല്ലാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനോപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. കഴിഞ്ഞ വർഷം പി ടി തോമസിന് തൃക്കാക്കരയിൽ ലഭിച്ചത് 14,329 വോട്ടിന്റെ ഭൂരിപക്ഷം. പൂർണ്ണമായും നഗര സ്വഭാവമുള്ള മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. വിജയം ആവർത്തിക്കാൻ പിടിയുടെ ഭാര്യ ഉമ തോമസ് മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ താത്പര്യം.

ഉമ തോമസ് തയ്യാറല്ലെങ്കിൽ മാത്രം മറ്റ് പേരുകൾ പരിഗണിക്കുമെന്നായിരുന്നു കോൺഗ്രസിലെ നിലപാട്. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് മുതൽ ജയ്‌സൺ ജോസഫ് വരെയുള്ള അര ഡസൻ നേതാക്കൾ സീറ്റിനായി രംഗത്തുണ്ട്. തർക്കം ഒഴിവാക്കാൻ ഉമയെ മത്സരിപ്പിക്കുന്നതാണ് അഭികാമ്യമെന്ന നിലപാട് കെപിപിസി നേതൃത്വത്തിനുണ്ടെങ്കിലും സീറ്റിനായുള്ള വിവിധ ഗ്രൂപ്പുകളുടെ സമ്മർദ്ദവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP