Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യെമന്റെ അതിർത്തിയോട് ചേർന്ന് സഞ്ചരിച്ചത് പ്രകോപനമായി; വെടിയുണ്ടയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇന്ത്യക്കാരെന്ന് അറിഞ്ഞപ്പോൾ വലിയ മതിപ്പ്: നടുക്കുന്ന ഓർമ്മ പങ്കുവെച്ച് അഖിൽ രഘുനാഥ്

യെമന്റെ അതിർത്തിയോട് ചേർന്ന് സഞ്ചരിച്ചത് പ്രകോപനമായി; വെടിയുണ്ടയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇന്ത്യക്കാരെന്ന് അറിഞ്ഞപ്പോൾ വലിയ മതിപ്പ്: നടുക്കുന്ന ഓർമ്മ പങ്കുവെച്ച് അഖിൽ രഘുനാഥ്

സ്വന്തം ലേഖകൻ

കായംകുളം: ചരക്കു കപ്പലിലെ ജോലിക്കിടെ യെമനിൽ വെച്ച് ഹൂതി വിമതർ തടവിലാക്കിയ മലയാളികൾ കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്. ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖിൽരഘുവിന്(26) ഇനിയും ആ ഓർമ്മകളുടെ നടുക്കത്തിൽ നിന്നും മോചനം ലഭിച്ചിട്ടില്ല. ചീറിപാഞ്ഞെത്തിയ വെടിയുണ്ടകളും തോക്കും വാളും ഏന്തിയ ഹൂതികളും അത്ര പെട്ടെന്നൊന്നും ഓർമ്മകളെ മായിക്കില്ലെന്ന് അഖിൽ പറയുന്നു.

അഖിലും സംഘവും സഞ്ചരിച്ചിരുന്ന ചരക്കു കപ്പൽ ചെങ്കടലിലൂടെ 20 കിലോ മീറ്റർ വേഗതയിൽ നീങ്ങുമ്പോഴാണ് ഹൂതി വിമതർ കപ്പലിലേക്ക് ഇരച്ചു കയറിയത്്. ജനുവരി രണ്ടിന് രാത്രി 12നായിരുന്നു ആ സംഭവം. കാതടപ്പിക്കുന്ന വെടിയുണ്ടകളുടെ ശബ്ദമാണ് ആദ്യം കേട്ടത്. കപ്പലിന്റെ ഗ്ലാസുകൾ വെടിവച്ച് തകർക്കുന്ന ശബ്ദം കേട്ടതോടെ ഞെട്ടലായി. ഇതിനിടെ കപ്പലിൽ അപായ സൈറൺ മുഴങ്ങി. വിശ്രമ മുറിയിൽ ചീഫ് ഓഫിസറുടെ സമീപത്തേക്ക് ഓടി വരുമ്പോൾ തോക്കേന്തിയ ഹൂതി സംഘത്തെയാണ് അഖിൽ കണ്ടത്. ഓഫിസറുടെ മുറിയിൽ കയറി കതകടച്ചു.

ഉടൻ കതക് ലക്ഷ്യമാക്കി വെടിവെച്ചു. അഖിലും കോട്ടയം സ്വദേശി ശ്രീജിത്തും മുറിക്കകത്തേക്ക് തുളച്ചു കയറിയ വെടിയുണ്ടയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കതക് തുറക്കാതെ വന്നതോടെ തുരുതുരാ വെടിവച്ചു. കതകിന്റെ പൂട്ടുഭാഗം ബുള്ളറ്റ് തുളച്ചുകയറി ഞെരുങ്ങിയതിനാൽ തുറക്കാൻ സാധിച്ചില്ല.ഇതിനിടെ മുറിയിലുണ്ടായിരുന്നവർ എമർജൻസി വാതിൽ വഴി പുറത്തു ചാടിയെങ്കിലും ചെന്ന് പെട്ടത് ഹൂതി വിമതരുടെ മുന്നിലായിരുന്നു. എല്ലാവരും തലകുനിച്ചു വണങ്ങി. തുടർന്ന് എല്ലാവരെയും കപ്പലിൽ നിന്ന് ബോട്ടിലേക്ക് കയറ്റി.

രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷം ഒരു തുറമുഖത്ത് എത്തിച്ച അവിടെനിന്ന് യെമനിലെ ഹുദൈദ എന്ന സ്ഥലത്ത് ഒരു ഹോട്ടൽ മുറിയിലേക്ക് 11 പേരെയും മാറ്റി. മൂന്ന് മലയാളികൾ 7 ഇന്ത്യക്കാർ, ഈജിപ്റ്റ്, മ്യാന്മർ, ഫിലിപ്പീൻസ്, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോൾ വലിയ മതിപ്പായിരുന്നുവെന്ന് അഖിൽ പറഞ്ഞു. വേഗം മോചിപ്പിക്കാമെന്ന് ഉറപ്പു നൽകിയെന്നും അഖിൽ പറയുന്നു.

പക്ഷെ, ഹോട്ടലിലെ താമസം ജയിൽ ജീവിതത്തിന് തുല്യമായിരുന്നു. വാതിൽ അവർ പൂട്ടയിടും. ഭക്ഷണം കൃത്യ സമയത്ത് എത്തിച്ചിരുന്നു. ഹൂതി സംഘത്തിന്റെ അരയിൽ എപ്പോഴും കത്തി ഉണ്ടാകും. ഇത് ആ നാട്ടിലെ ആചാരത്തിന്റെ ഭാഗമാണെന്ന് അഖിൽ പറയുന്നു. മോചനത്തിൽ അഖിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ജിബൂട്ടിയിലെ ഇന്ത്യൻ അംബാസിഡർ ചന്ദ്രമൗലിയോടാണ്. ഒട്ടേറെ പ്രാവശ്യം വിമത സംഘവുമായി ചർച്ച നടത്തിയത് ചന്ദ്രമൗലിയാണെന്ന് അഖിൽ പറഞ്ഞു. ചെങ്കടലിൽ യെമന്റെ അതിർത്തിയോട് ചേർന്ന് കപ്പൽ സഞ്ചരിച്ചതാണ് ഹൂതികളെ പ്രകോപിപ്പിച്ചതെന്ന് അവർ പിന്നീട് വെളിപ്പെടുത്തിയതായി അഖിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP