Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൂരദർശൻ സീരിയലുകളിലൂടെ വരവറിയിച്ചു; പ്രേക്ഷകരെ ഞെട്ടിച്ചത് കമൽഹാസൻ, മോഹൻലാൽ, വിജയ് സിനിമകളിലെ വില്ലനായി; താഴ്‌വാരത്തിലെ രാഘവൻ ഇനി ഓർമ്മ; സലീം ഘൗസിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിൽ

ദൂരദർശൻ സീരിയലുകളിലൂടെ വരവറിയിച്ചു; പ്രേക്ഷകരെ ഞെട്ടിച്ചത് കമൽഹാസൻ, മോഹൻലാൽ, വിജയ് സിനിമകളിലെ വില്ലനായി; താഴ്‌വാരത്തിലെ രാഘവൻ ഇനി ഓർമ്മ; സലീം ഘൗസിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രശസ്ത നടൻ സലീം അഹമ്മദ് ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമ, സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. സിനിമയ്ക്ക് പുറമെ നാടക നടനും, നാടക സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ മുപ്പതിൽ അധികം സിനിമകളിൽ അഭിനയിച്ചു.

എങ്കിലും മലയാളികൾക്ക് ഇദ്ദേഹം സുപരിചിതനായത് താഴ്‌വാരത്തിലെ വില്ലൻ വേഷത്തിലുടെയായിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നായിരുന്നു താഴ്‌വാരത്തിലെ രാഘവൻ. ഒരേ സമയം പ്രേക്ഷകരിൽ ദേഷ്യം നിറയ്ക്കുകയും ഭയം ജനിപ്പിക്കുകയും ചെയ്ത പാത്രസൃഷ്ടി. രാഘവൻ എന്ന വില്ലൻ കഥാപാത്രമായി താഴ്‌വാരത്തിൽ എത്തിയത് തമിഴ് നടൻ സലിം അഹമ്മദ് ഘൗസ് ആണ്. സലീം ഘൗസ് എന്ന നടന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു താഴ്‌വാരം. സലീം ഘൗസിന് ശബ്ദം നൽകിയത് നടൻ ഷമ്മി തിലകൻ ആയിരുന്നു. ആ ശബ്ദം കുറച്ചൊന്നുമല്ല നടന്റെ അഭിനയത്തെ സഹായിച്ചിരിക്കുന്നത്.മറ്റൊരു മലയാള സിനിമയിൽ കൂടി വർഷങ്ങൾക്ക് ശേഷം സലീം ഘൗസ് അഭിനയിച്ചു.അതും മോഹൻലാലിന്റെ വില്ലനായി തന്നെ.

ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ ആയിരുന്നു ആ സിനിമ. മോഹൻലാൽ ഇരട്ട വേഷത്തിലെത്തിയ സിനിമയിൽ വില്ലൻ പെരുമാളായി തിളങ്ങിയത് സലീം ഘൗസ് ആയിരുന്നു. മലയാളത്തിൽ രണ്ട് സിനിമകളിൽ മാത്രമേ സലീം ഘൗസ് എന്ന നടൻ വന്നിട്ടുള്ളു എങ്കിലും അന്യഭാഷ സിനിമകളിൽ നിരവധി നല്ല വേഷങ്ങൾ നടൻ ചെയ്തിട്ടുണ്ട്. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗ്രാജുവേഷൻ പൂർത്തിയാക്കി സലീം ഘൗസ് നാടകങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'സുഭഹ്' എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ഭരത് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ബംഗാളി ടിവി സീരീസായ 'ഭാരത് ഏക് ഖോജിൽ' ടിപ്പു സുൽത്താന്റെ വേഷം ചെയ്തതും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ദൂരദർശനിൽ തന്നെ സംപ്രേഷണം ചെയ്ത ഭാരത് ഏക് ഘോജ് എന്ന സീരിയലിൽ ശ്രീരാമനായും നടൻ ജനകീയനായി.ഈ മികച്ച വേഷങ്ങളാണ് സിനിമാലോകത്തേക്ക് അദ്ദേഹത്തിന് വഴിതുറക്കുന്നത്.

സലീം ഘൗസിന്റെ സിനിമ അഭിനയത്തിന് തുടക്കം കുറിക്കുന്നത് 1989ലാണ്. 1990ലാണ് മലയാള ചിത്രം 'താഴ്‌വാരത്തി'ലെക്ക് ക്ഷണമെത്തുന്നത്.തുടർന്ന് വിവിധ ഭാഷകളിലും അദ്ദേഹം അഭിനയിച്ചു.പ്രതാപ് പോത്തൻ സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വെട്രിവിഴ സിനിമയിൽ വില്ലൻ കഥാപാത്രമായിട്ടാണ് തമിഴിൽ ആദ്യമായി നടൻ എത്തുന്നത്. മണിരത്നത്തിന്റെ 'തിരുടാ തിരുടയി'ലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. '

കൊയ്ല എന്ന ഷാരുഖ് ഖാൻ ചിത്രത്തിലും പ്രധാന വേഷത്തിൽ സലീം ഘൗസ് എത്തി. അവസാനമായി ശ്രദ്ധിക്കപ്പെട്ട വേഷം വിജയ് നായകനായി എത്തിയ വേട്ടൈക്കാരൻ എന്ന സിനിമയിലെ വില്ലൻ വേഷമായിരുന്നു. വേദനായകം എന്ന കഥാപാത്രമായിട്ടാണ് സലീം ഘൗസ് വേട്ടൈക്കാരനിൽ എത്തിയത്.'ഹീ ഡിസീവേഴ്സ്', 'പെർഫക്ട് മർഡർ' എന്നിവയാണ് സലീം ഘൗസ് അഭിനയിച്ച ഇംഗ്ലീഷ് സിനിമകൾ.മലയാളം,തമിഴ്,തെലുങ്കു,ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ സലിം ഘൗസ് അഭിനയിച്ചു.

1952ൽ ചെന്നൈയിലാണ് സലീം അഹമ്മദ് ഘൗസ് ജനിച്ചത്. ചെന്നൈയിലെ ക്ലൈസ്റ്റ് ചർച്ച് സ്‌കൂളിലും പ്രസിഡൻസി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ബിരുദം സ്വന്തമാക്കി. അനിത സലീമാണ് ഭാര്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP