Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

4 ഓവറിൽ 25 റൺസിന് 5 വിക്കറ്റ്; ഉംറാൻ മാലിക്കിന്റെ അവിസ്മരണീയ സ്‌പെല്ലിനും തടയിടാനായില്ല; അവസാന ഓവറിൽ 22 റൺസടിച്ച് ഗുജറാത്തിനായി മത്സരം തട്ടിയെടുത്ത് തെവാട്ടിയയും റാഷിദ് ഖാനും; 5 വിക്കറ്റിന്റെ അവിശ്വസനീയ ജയത്തോടെ ഗുജറാത്ത് വീണ്ടും ഒന്നാമത്

4 ഓവറിൽ 25 റൺസിന് 5 വിക്കറ്റ്; ഉംറാൻ മാലിക്കിന്റെ അവിസ്മരണീയ സ്‌പെല്ലിനും തടയിടാനായില്ല; അവസാന ഓവറിൽ 22 റൺസടിച്ച് ഗുജറാത്തിനായി മത്സരം തട്ടിയെടുത്ത് തെവാട്ടിയയും റാഷിദ് ഖാനും; 5 വിക്കറ്റിന്റെ അവിശ്വസനീയ ജയത്തോടെ ഗുജറാത്ത് വീണ്ടും ഒന്നാമത്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ഉംറാൻ മാലിക്കിന്റെ തീയുണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കാതെ പൊരുതിയ രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും ചേർന്ന് ഗുജറാത്ത് ടൈറ്റൻസിന് സമ്മാനിച്ചത് അവിശ്വസനീയ വിജയം. 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് അവസാന പന്തിലാണ് ജയത്തിലെത്തിയത്. 25 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഉംറാന്റെ പേസിന് മുന്നിൽ തോൽവി ഉറപ്പിച്ചിടത്തുനിന്നാണ് അവസാന രണ്ടോവറിൽ 35 റൺസ് അടിച്ചെടുത്ത് തെവാട്ടിയയും റാഷിദും ചേർന്ന് ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചത്.

മാർക്കോ ജാൻസൺ എറിഞ്ഞ അവസാന ഓവറിൽ 22 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തി തെവാട്ടിയ ഗുജറാത്തിന് പ്രതീക്ഷ നൽകി. രണ്ടാം പന്തിൽ തെവാട്ടിയയുടെ സിംഗിൾ. മൂന്നാം പന്തിൽ റാഷിദ് ഖാന്റെ സിക്‌സ്, നാലാം പന്തിൽ റണ്ണില്ല. ഗുജറാത്തിന് ജയിക്കാൻ രണ്ട് പന്തിൽ ഒമ്പത് റൺസ്. അഞ്ചാം പന്തിൽ വീണ്ടും റാഷിദിന്റെ സിക്‌സർ. ഒരു പന്തിൽ ജയിക്കാൻ വേണ്ടത് മൂന്ന് റൺസ്. അവസാന പന്തിൽ ഫൈൻ ലെഗ്ഗിന് മുകളിലൂടെ റാഷിദിന്റെ രണ്ടാം സിക്‌സർ. ഗുജറാത്തിന് അവിശ്വസനീയ ജയം. സ്‌കോർ സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 195-6, ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 199-5.

196 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഓപ്പണർ വൃദ്ധിമാൻ സാഹയും (68) ശുഭ്മൻ ഗില്ലും (22) ചേർന്ന് മിന്നുന്ന തുടക്കം നൽകി. ഹൈദരാബാദ് ബോളർമാർ പതിവിന് വിപരീതമായി തളരുന്ന കാഴ്ചയാണ് പവർപ്‌ളേ ഓവറുകളിൽ ദൃശ്യമായത്. ഇതിന് ചുക്കാൻ പിടിച്ചത് മുൻ ഹൈദരാബാദ് താരമായ സാഹയാണെന്നത് തികച്ചും യാദൃശ്ചികമായി. 28 പന്തിലാണ് സാഹ അർധശതകം തികച്ചത്. എന്നാൽ ആദ്യ ഓവർ എറിയാനെത്തിയ പേസർ ഉംറാൻ മാലിക്കിന്റെ പന്തിൽ പേസ് തിരിച്ചറിയാനാകാതെ ശുഭ്മാൻ ഗിൽ പുറത്തായി. മൂന്നാമതായി ക്രീസിലെത്തിയ നായകൻ ഹാർദിക് പാണ്ഡ്യ നന്നായി തുടങ്ങിയെങ്കിലും (10) ഉംറാൻ മാലിക്കിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

തുടർന്ന് ക്രീസിലെത്തിയ ഡേവിഡ് മില്ലറും സാഹയും ചേർന്ന് സ്‌കോർബോർഡ് ചലിപ്പിക്കവേ മറ്റൊരു തകർപ്പൻ യോർക്കറിലൂടെ മാലിക് സാഹയെ മടക്കിയയച്ചു. ഇതോടെ രാഹുൽ തെവാത്തിയയും ഡേവിഡ് മില്ലറും ക്രീസിൽ ഒത്തുചേർന്നു. രണ്ടു ബൗണ്ടറികളോടെ തെവാത്തിയ ഇന്നിങ്സ് തുടങ്ങി. എന്നാൽ നാലാം ഓവർ എറിയാനെത്തിയ മാലിക്ക് മില്ലറിനെ (17) ക്‌ളീൻ ബൗൾഡ് ചെയ്തു. തുടർന്ന് ക്രീസിലെത്തിയ അഭിനവ് മനോഹറിനെ (0) ആദ്യപന്തിൽ തന്നെ പുറത്താക്കി മാലിക്ക് അഞ്ചുവിക്കറ്റ് നേട്ടം തികച്ചു. ഇതോടെ ഗുജറാത്ത് പതറി. എന്നാൽ ഒരറ്റത്ത് രാഹുൽ തെവാത്തിയ പൊരുതിനിന്നു.

ബോളിങ്ങിൽ നിരാശപ്പെടുത്തിയ റാഷിദ് ഖാൻ ബാറ്റുകൊണ്ട് പൊരുതിനോക്കി. ഇതോടെ ഗുജറാത്ത് നേരിയ പ്രതീക്ഷ കാത്തുസൂക്ഷിച്ചു. അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് എന്ന നിലയിൽ മത്സരം അവസാന ഘട്ടത്തിൽ പ്രവേശിച്ചു. അവസാന ഓവർ എറിയാനെത്തിയ മാർകോ ജാൻസന്റെ ആദ്യ പന്ത് ഗാലറിയിലെത്തിച്ച് തെവാത്തിയ മത്സരത്തിന്റെ ആവേശം കൂട്ടി. തുടർന്ന് മൂന്നാം പന്ത് സിക്‌സർ പായിച്ച് റാഷിദ് സൺറൈസേഴ്സിന്റെ പിരിമുറുക്കം കൂട്ടി. അവസാന രണ്ടു പന്തിൽ ഒൻപത് റൺസ് എന്ന നിലയിലെത്തി. അഞ്ചാം പന്തും സിക്സർ പായിച്ച് റാഷിദ് ആവേശം അവസാനപന്തു വരെ എത്തിച്ചു. അവസാനപന്തും സിക്‌സർ പായിച്ചതോടെ ഗുജറാത്ത് അവിശ്വസനീയ വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റിന് 195 റൺസെടുത്തു. അർദ്ധസെഞ്ച്വറിയോടെ ഓപ്പണർ അഭിഷേക് ശർമ (65), ദക്ഷിണാഫ്രിക്കൻ യുവതാരം എയ്ഡൻ മാർക്രം (56)എന്നിവരാണ് ഹൈദരാബാദ് സ്‌കോറിങ് ഉയർത്തിയത്. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ലയൺസ് ആദ്യ അഞ്ച് ഓവറിൽ ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസണിനെയും (5) രാഹുൽ ത്രിപാഠിയെയും വീഴ്‌ത്തി. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയാണ് ഇരു വിക്കറ്റുകളും സ്വന്തമാക്കിയത്. മറുവശത്ത് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ അടിച്ചുതകർക്കുകയും എയ്ഡൻ മാർക്രം പിന്തുണയോടെ ക്രീസിൽ നിലയുറപ്പിക്കുകയും ചെയ്തതോടെ ഹൈദരാബാദ് മത്സരത്തിൽ തിരിച്ചുവന്നു. 33 പന്തിലാണ് ശർമ അർധശതകം തികച്ചത്. മുൻ സൺറൈസേഴ്സ് താരവും അഫ്ഗാൻ സ്പിന്നറുമായ റഷീദ് ഖാന്റെ 4 ഓവറിൽ സൺറൈസേഴ്സ് താരങ്ങൾ 45 റൺസ് വാരിക്കൂട്ടി. റാഷിദിന് വിക്കറ്റൊന്നും ലഭിച്ചതുമില്ല.

മധ്യ ഓവറുകളിൽ വിക്കറ്റ് പോവാതെ ആഞ്ഞടിച്ച ഏയ്ഡൻ മാർക്രം - അഭിഷേക് ശർമ കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ കരുത്തുറ്റ ടോട്ടലിന് അടിത്തറ പാകിയത്. പതിനാറാം ഓവറിൽ അൽസാരി ജോസഫ് അഭിഷേകിനെ യോർക്കറെറിഞ്ഞു കീഴ്പ്പെടുത്തിയപ്പോഴേക്കും ഹൈദരാബാദ് മത്സരത്തിൽ ശക്തമായ നിലയിലെത്തിയിരുന്നു. അഭിഷേക് പുറത്തായതിനെ തുടർന്ന് ക്രീസിലെത്തിയ നിക്കോളാസ് പുരാനും (3) കാര്യമായ സംഭാവനയില്ലാതെ ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണത് ഹൈദരാബാദിന്റെ സ്‌കോറിങ് നിരക്കിനെ ബാധിച്ചു. ഗുജറാത്ത് ബോളർമാർ കൃത്യമായ പദ്ധതിയോടെ ബോൾ ചെയ്തതും ഹൈദരാബാദ് റൺനിരക്ക് കുറയാൻ സഹായകമായി. എന്നാൽ അവസാന 2 ഓവറുകളിൽ ശശാങ്ക് സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ് (ആറ് പന്തിൽ 25 റൺസ്) കരുത്തേകിയതോടെ ഹൈദരാബാദ് മികച്ച ടോട്ടലിൽ ഫിനിഷ് ചെയ്തു. നാല് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ യഷ് ദയാലിന്റെ പ്രകടനവും ശ്രദ്ധേയമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP