Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസഫ് മാത്യുവിനെ സർക്കാർ മാറ്റിയതോടെ പണി പാളി; അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും കെ റെയിൽ സംവാദത്തിൽ നിന്ന് പിന്മാറി; സർക്കാരിൽ നിന്ന് ക്യത്യമായ മറുപടി കിട്ടിയില്ലെന്ന് അലോക് വർമ; ഈ തീരുമാനത്തിന് ഒപ്പം നിൽക്കുന്നുവെന്ന് ശ്രീധറും; സംവാദം അനിശ്ചിതത്വത്തിൽ

ജോസഫ് മാത്യുവിനെ സർക്കാർ മാറ്റിയതോടെ പണി പാളി; അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും കെ റെയിൽ സംവാദത്തിൽ നിന്ന് പിന്മാറി; സർക്കാരിൽ നിന്ന് ക്യത്യമായ മറുപടി കിട്ടിയില്ലെന്ന് അലോക് വർമ; ഈ തീരുമാനത്തിന് ഒപ്പം നിൽക്കുന്നുവെന്ന് ശ്രീധറും; സംവാദം അനിശ്ചിതത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട സർക്കാർ സംവാദം അനിശ്ചിതത്വത്തിലായി. പദ്ധതിയെ എതിർക്കുന്നവരുടെ പാനലിൽ നിന്നും അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പിന്മാറി. ഇതോടെ ഈ പാനലിൽ ആർ.വി.ജി.മേനോൻ ഒറ്റയ്ക്കായി. സംവാദം നടത്തുമെന്നു അറിയിച്ചിരുന്നത് സർക്കാരാണെന്നും ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത് കെ റെയിൽ കോർപ്പറേഷനാണെന്നും ഉൾപ്പടെയുള്ള വിയോജിപ്പുകൾ ചൂണ്ടിക്കാട്ടി രാവിലെ അലോക് വർമ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സർക്കാർ ഔദ്യോഗികമായി തന്നെ സംവാദത്തിലേക്ക് ക്ഷണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഉച്ചയ്ക്ക് മുൻപ് മറുപടി ലഭിക്കണമെന്ന അലോക് വർമയുടെ ആവശ്യം സർക്കാർ അവഗണിച്ചതോടെ അദ്ദേഹം സംവാദത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു. അലോക് വർമയുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ശ്രീധർ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു.
എന്നാൽ എതിർക്കുന്നവരുടെ പാനലിലെ മൂന്നാമനായ ആർ.വി.ജി.മേനോൻ സംവാദത്തിനുള്ള അവസരം കളയരുതെന്ന നിലപാടിലാണ്. അതിനാൽ അദ്ദേഹം സംവാദത്തിൽ പങ്കെടുക്കും.

ഇടതു വിമർശകനായ ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതോടെയാണ് വ്യാഴാഴ്ച നടത്താനിരിക്കുന്ന കെ റെയിൽ സംവാദത്തിൽ കല്ലുകടി തുടങ്ങിയത്. എതിർപ്പുന്നയിച്ചവരുടെ പാനലിൽ ജോസഫ് സി. മാത്യുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് കാരണമൊന്നും പറയാതെ ഒഴിവാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധർ രാധാകൃഷ്ണനെ എതിർപ്പുന്നയിക്കുന്നവരുടെ പാനലിൽ ഉൾപ്പെടുത്തിയത്.

'സംവാദത്തിൽ പങ്കെടുക്കാത്തത് സർക്കാരിൽ നിന്ന് കൃത്യമായ മറുപടി കിട്ടാത്തതുകൊണ്ടാണ്. ഡിപിആറിലെ പിഴവുകൾ തിരുത്താൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ ശ്രമം ഉണ്ടാകുന്നില്ല. ഇനിയൊരു സംവാദത്തിന് താൻ തയ്യാറല്ല. ബദൽ സംവാദത്തിനെക്കുറിച്ച് ആലോചിച്ചിട്ടില്ല'', അലോക് വർമ പറയുന്നു.

സർക്കാറിന് പകരം കെ റെയിൽ ക്ഷണിച്ചതിനെയും പദ്ധതിയെ പുകഴ്‌ത്തിയുള്ള ക്ഷണക്കത്തിലെ ഭാഷയെയും വിമർശിച്ച് അലോക് വർമ ചീഫ് സെക്രട്ടറി വി പി ജോയിക്ക് കത്ത് നൽകിയിരുന്നു. ഉച്ചക്കുള്ളിൽ സർക്കാർ പുതിയ ക്ഷണക്കത്ത് നൽകിയില്ലെങ്കിൽ സംവാദത്തിൽ നിന്നും പിന്മാറുമെന്ന് അലോക് വർമ പറഞ്ഞിരുന്നു. വർമ്മയുടെ ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ സംവാദത്തിനില്ലെന്ന് പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാധാകൃഷ്ണനും പറഞ്ഞിരുന്നു. അതേ സമയം സംവാദത്തിൽ പങ്കെടുക്കുമെന്നാണ് ആർവിജി മേനോന്റെ നിലപാട്. സർക്കാർ പുതിയ ക്ഷണക്കത്ത് നൽകാനുള്ള സാധ്യത കുറവായിരിക്കെ പാനൽ മാറ്റാനുള്ള നീക്കങ്ങളും സജീവമാണ്.

അനുകൂലിച്ചും എതിർത്തുമുള്ള വാദങ്ങൾ അവതരിപ്പിക്കാനുള്ള വേദി എന്ന തോന്നലുണ്ടാക്കി സർക്കാർ പിന്നീട് താല്പര്യങ്ങൾ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് അലോക് വർമയുടെയും ശ്രീധറിന്റെയും വിമർശനം. വർമ്മയുടെയും ശ്രീധറിന്റെയും നിലപാടുകളോട് യോജിപ്പാണെങ്കിലും സംവാദത്തിൽ വാതിൽ അടയ്‌ക്കേണ്ടെന്നാണ് പദ്ധതിയെ എതിർക്കുന്ന പാനലിലെ മൂന്നാമനായ ആർവിജി മേനോന്റെ അഭിപ്രായം. സംവാദത്തിന്റെ സാധ്യത ഉപയോഗിച്ച് വിമർശനം ഉന്നയിക്കാമെന്ന ആർവിജിയുടെ നിലപാട് സർക്കാറിനും കെ റെയിലിനും പിടിവള്ളിയാണ്.

അലോക് വർമ്മക്ക് പുതിയ ക്ഷണക്കത്ത് കെ റെയിൽ നൽകാനുള്ള സാധ്യത വളരെ കുറവാണ്. കത്തിലെ ഭാഷയുടെ സാങ്കേതികത്വത്തെക്കാൾ സംവാദത്തിന്റെ അവസരം വിമർശകർ പ്രയോജനപ്പെടുത്തണമെന്നാണ് സർക്കാർ നിലപാട്. സംവാദത്തിന് ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തിയതനുസരിച്ചാണ് ക്ഷണക്കത്ത് അയച്ചതെന്നാണ് കെ റെയിൽ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP