Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ബാങ്കുവിളിയും നിസ്‌കാരവും; അന്വേഷണം തുടങ്ങി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ; സർവ്വകലാശാലയിൽ മതപരമായ ചടങ്ങുകൾ ചട്ട ലംഘനമെന്ന് പ്രാഥമിക നിഗമനം; റിപ്പോർട്ട് ഗവർണ്ണർക്ക് നൽകിയേക്കും; വിസി മറുപടി പറയേണ്ടി വരും; കാലടിയിൽ രാജ് ഭവന് പുതിയ ആയുധം

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ബാങ്കുവിളിയും നിസ്‌കാരവും; അന്വേഷണം തുടങ്ങി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ; സർവ്വകലാശാലയിൽ മതപരമായ ചടങ്ങുകൾ ചട്ട ലംഘനമെന്ന് പ്രാഥമിക നിഗമനം; റിപ്പോർട്ട് ഗവർണ്ണർക്ക് നൽകിയേക്കും; വിസി മറുപടി പറയേണ്ടി വരും; കാലടിയിൽ രാജ് ഭവന് പുതിയ ആയുധം

സായ് കിരൺ

കൊച്ചി : നിയമസഭ ഹാളിൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാങ്കുവിളിയും നിസ്‌കാരവും നോമ്പുതുറയും നടത്തിയ വിവാദം കെട്ടടങ്ങും മുൻപ് കാലടി സംസ്‌കൃത സർവ്വകലാശാലയിലും ബാങ്ക് വിളിയും നിസ്‌കാരവും ഇഫ്താർ വിരുന്നും. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഇതേക്കുറിച്ച് അന്വേഷണവും ആരംഭിച്ചു. സർവ്വകലാശാല വി സി നാരായണന്റെ വിശദീകരണം ഉടൻ തേടുമെന്നാണ് വിവരം.

സർവ്വകലാശാലയുടെ മുഖ്യ കാമ്പസായ കാലടി കാമ്പസിലെ ക്യാന്റീനോട് ചേർന്നുള്ള സ്റ്റേഡിയത്തിൽ ഈമാസം 20ന് വൈകിട്ട് 6.30നാണ് മതപരമായ ചടങ്ങുകൾ നടത്തിയത്. കാലടിയിലെ വിവാദങ്ങളാണ് ഗവർണ്ണറും സർക്കാരും തമ്മിലെ ഏറ്റുമുട്ടലിലേക്ക് പോലും കാര്യങ്ങളെത്തിച്ചത്. രാജ്ഭവന്റെ പല തീരുമാനങ്ങളും കാലടി വിസി അംഗീകരിക്കാത്തതും മാധ്യമങ്ങളിൽ ചർച്ചയായി. ഇതിനിടെയാണ് പുതിയ വിവാദം. ഐബി തയ്യാറാക്കുന്ന റിപ്പോർട്ട് ഗവർണ്ണർക്കും കിട്ടിയേക്കും. അങ്ങനെ വന്നാൽ വിഷയത്തിൽ രാജ് ഭവനും ഇടപെടും.

സർവ്വകലാശാല വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും കാലടി കാമ്പസിന്റെ ചുമതലയുള്ള സ്റ്റുഡന്റ് സർവ്വീസസ് ഡയറക്ടറുടെയും അനുമതിയോടെയാണ് പരിപാടി പാർട്ടി നടന്നത്. കാമ്പസിലെ മുഴുവൻ അദ്ധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും ക്ഷണിച്ചിരുന്നു. ആദ്യം ക്ഷണിക്കാനെത്തിയവർ കാമ്പസിന് പുറത്തുള്ളവരായിരുന്നു. പിന്നീട് സർവ്വകലാശാലയിലെ സി പി എം സംഘടനകൾ ചടങ്ങിന് പിന്തുണ നൽകി.

സർവ്വകലാശാലയിലെ സി പി എം അനുകൂല അനധ്യാപക യൂണിയൻ ട്രഷററായ വനിത സെക്ഷൻ ഓഫീസറാണ് സർവ്വകലാശാല ഗ്രൂപ്പുകളിൽ ക്ഷണക്കത്ത് പോസ്റ്റ് ചെയ്തത്. ഓണവും ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കാതെയുള്ള സർവ്വകലാശാലയിലെ റംസാൻ ആഘോഷങ്ങൾ വിവാദമായതോടെ കേന്ദ്രം ഉടക്കിട്ടാൽ ശമ്പളം പോലും കൊടുക്കാൻ ബുദ്ധിമുട്ടുന്ന സർവ്വകലാശാലയുടെ യുജിസി റൂസ പോലുള്ള ധനസഹായങ്ങളെയും ബാധിക്കുമോ എന്ന് അക്കാദമിക സമൂഹത്തിന് ആശങ്കയുണ്ട്.

റൂസയുടെ രണ്ടാം ഗഡു ഇതുവരെയും സർവ്വകലാശാലയ്ക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമായിരിക്കും യുജിസിയുടെ തുടർ നടപടികളെന്നാണ് വിവരം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമസഭയിൽ ഇഫ്താർ സംഗമത്തിനിടെയാണ്, പായ വിരിച്ച് നിസ്‌കരിക്കുകയും ബാങ്ക് വിളിക്കുകയും ചെയ്തത്. ഇതേക്കുറിച്ച് ഐ.ബി അന്വേഷണം നടത്തിയിരുന്നു. ഇനി ഇത്തരം മതപരമായ ചടങ്ങുകൾ ആവർത്തിക്കരുതെന്ന് സ്പീക്കർക്ക് നിർദ്ദേശവും നൽകി.

സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ മഞ്ഞുരുകിയിട്ടും നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ അതൃപ്തിയിൽ തുടരുകയാണ്. സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണ അധികാരം ഗവർണറിൽനിന്ന് മാറ്റി സർക്കാറിൽ നിക്ഷിപ്തമാക്കുന്ന നിയമഭേദഗതിയും സ്വയംഭരണ കോളജുകളുമായി ബന്ധപ്പെട്ട നിയമഭേദഗതിയുമാണ് നിയമസഭ പാസാക്കിയിട്ടും ഗവർണർ ഒപ്പിടാതെ തടഞ്ഞത്. ഇതിന് പുറമെ മികച്ച സർവകലാശാലക്കുള്ള ചാൻസലേഴ്‌സ് അവാർഡിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒരുമാസം മുമ്പ് സമർപ്പിച്ച ശിപാർശയിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല.

സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണത്തിൽനിന്ന് ഹൈക്കോടതിയെ ഒഴിവാക്കിയും അധികാരം ഗവർണറിൽനിന്ന് മാറ്റി സർക്കാറിലേക്കാക്കിയുമായിരുന്നു നിയമഭേദഗതി. നിയമനം ഹൈക്കോടതിയുമായി ആലോചിച്ചായിരിക്കണമെന്ന മുൻ വ്യവസ്ഥയും ഒഴിവാക്കിയിരുന്നു. നേരത്തേ കണ്ണൂർ, കാലടി വി സി നിയമനങ്ങളിൽ സർക്കാർ നടത്തിയ ഇടപെടലിനെ തുടർന്നും രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനുള്ള നിർദ്ദേശം കേരള സർവകലാശാല തള്ളിയതുമായി ബന്ധപ്പെട്ടും ഗവർണർ സർക്കാറിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് കാലടിയിൽ പുതിയ വിവാദവും എത്തുന്നത്.

കണ്ണൂർ, കാലിക്കറ്റ് വി സി നിയമന വിവാദവും രാഷ്ട്രപതിയുടെ ഡി.ലിറ്റ് വിവാദവുമെല്ലാം അടങ്ങിയിട്ടും കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. കാലടി വി സിയായി സർക്കാർ നോമിനിയെതന്നെ പിന്നീട് ഗവർണർ നിയമിച്ചു. ട്രിബ്യൂണലുമായി ബന്ധപ്പെട്ട സമാന വ്യവസ്ഥകൾ ഉൾപ്പെട്ടതിനാൽ സ്വയംഭരണ കോളജുകളുടെ സർവകലാശാല നിയമഭേദഗതിയും ഗവർണർ ഒപ്പിടാതെ തടഞ്ഞിരിക്കുകയാണ്. ഏറെ വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഉൾപ്പെടെ ഗവർണർ ഒപ്പുവെക്കുകയും ചെയ്തു.

കഴിഞ്ഞ അമേരിക്കൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി നേരിൽ കണ്ട് സംസാരിച്ചശേഷമാണ് സർവകലാശാല ചാൻസലറുടെ ചുമതലകൾ നിർവഹിക്കാൻ ഗവർണർ തയാറായത്. സർവകലാശാല ഫയലുകൾ ഇതിന് ശേഷമാണ് ഗവർണർ പരിശോധിച്ചുതുടങ്ങിയത്. ചാൻസലേഴ്‌സ് അവാർഡുമായി ബന്ധപ്പെട്ട ശിപാർശ സമർപ്പിച്ചശേഷം അവാർഡ് മാനദണ്ഡം ഉൾപ്പെടെ വിശദാംശങ്ങൾ ഗവർണർ ഉന്നത വിദ്യാഭ്യാസ കൗൺസിലിൽനിന്ന് ആരാഞ്ഞിരുന്നു. ഗവർണറുമായി ഇടഞ്ഞ സർവകലാശാലകളിലൊന്ന് അവാർഡ് പട്ടികയിൽ ഉൾപ്പെട്ടതാണ് തീരുമാനം വൈകാൻ കാരണമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP